Image

സി എൻ എന്നിനെതിരെ $475 മില്യനു ട്രംപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു 

Published on 04 October, 2022
സി എൻ എന്നിനെതിരെ $475 മില്യനു ട്രംപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു 

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സി എൻ എൻ ടെലിവിഷന് എതിരെ മാനനഷ്ട കേസ് കൊടുത്തു. അപകീർത്തിപ്പെടുത്തുന്ന ദുരാരോപണങ്ങൾ തനിക്കെതിരെ നടത്തിയ സി എൻ എൻ $475 മില്യൺ നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം. 

രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്താൻ സി എൻ എൻ അവരുടെ സ്വാധീനം ഉപയോഗിച്ചെന്നു ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡേൽ യു എസ് ഡിസ്‌ട്രിക്‌ട് കോടതിയിൽ സമർപ്പിച്ച 29 പേജുള്ള പരാതിയിൽ പറയുന്നു. 

സി എൻ എൻ പ്രതികരിച്ചിട്ടില്ല. 

എക്കാലവും തന്നെ വിമർശിച്ചിട്ടുള്ള സി എൻ എൻ അടുത്തകാലത്ത് ആക്രമണം കടുപ്പിച്ചുവെന്നു ട്രംപ് പറയുന്നു. 2024ൽ താൻ വീണ്ടും മത്സരിക്കും എന്ന ആശങ്ക അവർക്കുണ്ട്. 

രാഷ്ട്രീയ പോരാട്ടം ഇടതു പക്ഷത്തിനു അനുകൂലമാക്കാൻ സി എൻ എൻ മുൻപൊരിക്കലും ഉണ്ടാവാത്ത വിധം ചീഞ്ഞുനാറുന്ന, വ്യാജമായ, അപകീർത്തിപരമായ ആരോപണങ്ങൾ അഴിച്ചു വിട്ടു. വർഗീയവാദി, റഷ്യയുടെ വിധേയൻ, കലാപകാരി, ഹിറ്റ്ലർ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് ഉപയോഗിക്കുന്നത്. 

നിരവധി നിയമയുദ്ധങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും 2024 ൽ മത്സരിക്കുമെന്നു വേണ്ടത്ര സൂചനകൾ നൽകിയിട്ടുണ്ട് ട്രംപ്. 

പ്രതികാര ദാഹം 

പ്രസിഡന്റ് ജോ ബൈഡനോടും മാധ്യമങ്ങളോടും മറ്റു പലരോടും ഉള്ള പ്രതികാരമാണ് 2024ൽ മത്സരിക്കാൻ ട്രംപ് ശ്രമിക്കുന്നതിന്റെ കാരണമെന്നു അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകൾ ദീർഘകാലം റിപ്പോർട്ട് ചെയ്തിട്ടുള്ള 'ന്യൂ യോർക്ക് ടൈംസി'ന്റെ  മാഗി ഹാബെർമാൻ പറയുന്നു. മത്സരത്തിന്റെ പേരിൽ പണം പിരിക്കാനും ജനശ്രദ്ധ പിടിച്ചു പറ്റാനും ട്രംപിനു തിടുക്കമാണ്. മത്സരിച്ചില്ലെങ്കിൽ ഇത് രണ്ടും നടക്കില്ല. 

'കോൺഫിഡൻസ് മാൻ' എന്ന തന്റെ പുതിയ  പുസ്തകത്തിൽ ഹാബെർമാൻ പറയുന്നത് പ്രസിഡൻറ് ആയിരിക്കെ ലഭിച്ച പകിട്ടും നിയമപരിരക്ഷകളും തിരിച്ചു കിട്ടാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്നാണ്. 

ഹാബെർമാനോട് പുസ്‌തകം വിലയിരുത്തിയ ഡേവിഡ് ലെറ്റർമാൻ ചോദിച്ച ചോദ്യങ്ങളിലൊന്ന് ട്രംപ് ഒട്ടേറെ നുണ പറയുമെന്ന അവരുടെ 1990കളിലെ അഭിപ്രായത്തെ കുറിച്ചാണ്. ട്രംപ് പറയുന്ന പല കാര്യങ്ങളും 'അദ്ദേഹത്തെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങളിൽ നിന്നു വ്യത്യസ്തമാണ്' എന്നു ഹാബെർമാൻ വിശദീകരിക്കുന്നു. "ചിലപ്പോഴൊക്കെ മനഃപൂർവമല്ലാത്ത നിഷ്‌കളങ്കതയും പ്രകടമാവാറുണ്ട്." 

ഒരിക്കലൂം സത്യസന്ധ്യമായി സംസാരിക്കണം എന്നു നിർബന്ധമുള്ള ആളല്ല ട്രംപ്. ഉത്തര കൊറിയൻ ഏകാധിപതി കിം യോങ്-ഉൻ അയച്ച ഒരു കത്ത് വൈറ്റ് ഹൗസ് വിടുമ്പോൾ കൂടെ കൊണ്ടുപോയോ എന്ന് അദ്ദേഹത്തോടു ഹാബെർമാൻ ചോദിച്ചിരുന്നു. അതു  കൈയിലുണ്ടാവാം എന്ന് എങ്ങും തൊടാതെ മറുപടി പറഞ്ഞ ട്രംപ് പക്ഷെ വൻ തോതിൽ ഔദ്യോഗിക രേഖകൾ കടത്തിയ കാര്യം പറഞ്ഞില്ല. ഇന്ന് അക്കാര്യം പരസ്യമാണ്. 

നിഗൂഢതകൾ ഉറപ്പാക്കാൻ ട്രംപിന് അറിയാമായിരുന്നു. ജനുവരി 6 നു എലിപ്‌സിൽ തടിച്ചു കൂടിയ അനുയായികളോട് സമാധാനപൂർവവും ദേശഭക്തിയോടെയും പെരുമാറാൻ ട്രംപ് ആദ്യം പറഞ്ഞു. എന്നാൽ താൻ തോറ്റ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ മഹാദുരന്തം വിതയ്ക്കുന്നതായി. "അദ്ദേഹത്തിന്റെ അനുയായികൾക്ക് ആ ഭാഷ മനസിലാവും," ഹാബെർമാൻ പറഞ്ഞു. 

Trump sues CNN for alleged shaming 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക