കോൺഗ്രസിന് തീർച്ചയായും സംഘടനാ പ്രശ്നങ്ങൾ ഉണ്ട്; പക്ഷെ സോഷ്യൽ മീഡിയയിലെ വരേണ്യ വർഗക്കാരും, അർബൻ എലീറ്റുകളും, മാധ്യമ പ്രവർത്തകരുമൊക്കെ കരുതുന്നത് പോലെ ശശി തരൂർ അതിനൊക്കെ പരിഹാരമാകാവുന്ന ഒരു 'ഒറ്റമൂലി' അല്ലാ
കഴിഞ്ഞ ദിവസം മേഴ്‌സിഡസ് ബെൻസിൽ സഞ്ചരിച്ചുകൊണ്ട് ശശി തരൂർ ഹൈദരാബാദിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോ ടൈമ്സ് ഓഫ് ഇന്ത്യയിൽ കണ്ടു. ഇങ്ങനെ അർബൻ എലീറ്റുകളുടെ പിന്തുണയോടെ ഇന്ത്യയിൽ ഒരാൾ നേതാവാകുമോ? നേതാവാകില്ല എന്നതാണ് പച്ചയായ യാഥാർഥ്യം. സോഷ്യൽ മീഡിയയിലെ എലീറ്റുകളുടെ പ്രിയ താരമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. അർബൻ എലീറ്റുകളിൽ പലരും പുള്ളി 2024-ൽ പ്രധാനമന്ത്രിയാകുന്നത് വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷെ എന്താണ് നഗ്നമായ യാഥാർഥ്യം? കഴിഞ്ഞ ഉത്തർ പ്രദേശ് നിയമ സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 400 സീറ്റിലും ആം ആദ്മി പാർട്ടിക്കാരുടെ കെട്ടിവെച്ച പണം പോയി; അതുപോലെ തന്നെ ഗോവയിലെ 40 സീറ്റിൽ കെട്ടിവെച്ച പണം പോയി; ഉത്തരാഖന്ധിൽ 70 സീറ്റിലും കെട്ടിവെച്ച പണം പോയിക്കിട്ടി. ഗുജറാത്തിൽ നിന്നിപ്പോൾ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ വന്നു കഴിഞ്ഞു. ഗുജറാത്തിൽ ആം ആദ്മി പാർട്ടിക്ക് ദയനീയ തോൽവിയാണ് പല അഭിപ്രായ വോട്ടെടുപ്പുകളും പ്രവചിക്കുന്നത്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഉത്തർ പ്രദേശ്, മധ്യ പ്രദേശ്, പശ്ചിമ ബംഗാൾ - ഇവയിലൊരിടത്തും ആം ആദ്മി പാർട്ടിക്ക്കാര്യമായ ഒരു സ്വാധീനവും ഇല്ലാ. എന്നിട്ടും നമ്മുടെ ലിബറലുകളും എലീറ്റുകളും 2024-ൽ അരവിന്ദ് കേജ്‌രിവാൾ പ്രധാനമന്ത്രിയാകും; മോഡിയും കേജ്‌രിവാളും തമ്മിലാകും യഥാർഥ പോരാട്ടം എന്നൊക്കെ എഴുതി വിടുകയാണ്.
"തരൂരിനെ അഴിച്ചുവിട്ടിരുന്നെങ്കിൽ ഇംഗ്ലീഷിൽ നാലു കാച്ചു കാച്ചിയെങ്കിലും മോദിയെ പിന്നിലാക്കിയെനേ. അറിവും ആർജവവും കൊണ്ട് മിന്നിയേനേ." - ഇതാണ് മലയാളത്തിലെ ഒരു പ്രമുഖ പത്രലേഖകൻ കഴിഞ്ഞ ദിവസം എഴുതിയത്. സത്യം പറഞ്ഞാൽ ഈ എഴുത്തിൽ തന്നെ ഇയാളുടെ യാഥാർഥ്യ ബോധമില്ലായ്മാ എന്നത് പ്രതിഫലിക്കുന്നുണ്ട്. മോഡി എങ്ങനെയാണ് പ്രധാനമന്ത്രി ആയത്? നൂറോളം വർഷത്തെ വളരെ 'ഡെഡിക്കേറ്റഡ്' ആയ സംഘ പരിവാർ പ്രവർത്തനമുണ്ട് അതിൻറ്റെ പിന്നിൽ. സംഘ പരിവാർ 'പ്രചാരകർ' ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചു സാധാരണക്കാരെ സംഘടിപ്പിച്ച് അനേക വർഷങ്ങൾ നടത്തിയ പ്രചാരണങ്ങളുടെ ആകെ തുകയാണ് മോഡിയുടെ പ്രധാനമന്ത്രി പദവി. ചുരുക്കം പറഞ്ഞാൽ, ഇംഗ്ലീഷിൽ നാലു കാച്ചു കാച്ചിയിരുന്നെങ്കിൽ, ബി.ജെ.പി. ഈ തിരഞ്ഞെടുപ്പ് വിജയങ്ങൾ ഒന്നും സ്വന്തമാക്കുമായിരുന്നില്ലാ.
മതബോധം, തീവ്ര ദേശീയത, പാക്കിസ്ഥാൻ വിരോധം, മുസ്‌ലീം വിരോധം - ഇവയെല്ലാം സംഘ പരിവാറുകാരുടെ പ്രവർത്തനങ്ങളോടൊപ്പം തന്നെ ബി.ജെ.പി.-യുടെ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്നിൽ പ്രതിഫലിക്കുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബി.ജെ.പി. -യും മോഡിയും പ്രതിനിധീകരിക്കുന്നത് 'പോസ്റ്റ് മണ്ഡൽ' യുഗത്തിലെ 'പോളറൈസേഷനാണ്. ഗ്രാമീണ മേഖലകളിൽ നിന്ന് അർബൻ ഏരിയകളിലേക്ക് കുടിയേറിയ 'റൂർബൻ' വോട്ടേഴ്‌സ്' ബി.ജെ.പി.-ക്ക് ശക്തി പകരുന്നുണ്ട്. സംഘ പരിവാറിൻറ്റെ പ്രധാന മുദ്രാവാക്യമാണ് 'ഹിന്ദു; ഹിന്ദി; ഹിന്ദുസ്ഥാൻ' എന്നുള്ളത്. ഇതിൽ പ്രതീക്ഷ അർപ്പിക്കുന്ന ഒത്തിരി 'റൂർബൻ വോട്ടേഴ്‌സ്' ഉത്തരേന്ത്യയിൽ ഇന്നുണ്ട്. കേന്ദ്ര സർക്കാരിൻറ്റെ ഭരണ ഭാഷ ഇന്ന് പലയിടത്തും ഹിന്ദിയായി കഴിഞ്ഞു. മോഡിയുടെ ഹിന്ദി തന്നെ നോക്കൂ: അത് വാജ്പേയിയുടെ പോലെ 'സാൻസ്ക്രിറ്റയ്സ്ഡ് ഹിന്ദി' അല്ലാ. ഗ്രാമീണ മേഖലകളിൽ നിന്ന് അർബൻ ഏരിയകളിലേക്ക് കുടിയേറിക്കഴിഞ്ഞ ഉത്തരേന്ത്യയിലെ ജനങ്ങളെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്കായി കയ്യിലെടുക്കേണ്ടതുണ്ട്. ഇന്നത്തെ ഈ കാലഘട്ടത്തിൻറ്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭരണവർഗവും അവരുടെ ഭാഷ ഇപ്പോൾ മാറ്റുകയാണ്. ആ ഭാഷ ജനങ്ങൾ അംഗീകരിക്കുന്നതാണ് ഹിന്ദി ബെൽറ്റിൽ ഒരു വലിയ നേതാവാകാൻ മോഡിയെ സഹായിക്കുന്ന ഒരു പ്രത്യേക ഘടകം. ഇംഗ്ലീഷിൽ നാലു കാച്ചു കാച്ചി സാധാരണ ജനങ്ങളുടെ ഇടയിൽ പണ്ടത്തെ പോലെ നേതാവാകാൻ സാധിക്കുകയില്ലെന്നു ചുരുക്കം.
ഇംഗ്ളീഷ് എന്നുള്ളത് ഇന്ത്യയിൽ വെറും ഒരു ഭാഷ മാത്രമല്ലാ; മറിച്ച് ഇവിടെ അതൊരു പ്രത്യേക 'ക്ലാസ് ഫാക്റ്റർ' ആണ്. നന്നായി ഇംഗ്ളീഷിൽ സംസാരിക്കാൻ കഴിയുക എന്നത് അർബൻ എലീറ്റുകളെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ഈ 'എലീറ്റസത്തിന്' എതിരെ പൊരുതിയാണ് ലാലു പ്രസാദ് യാദവിനെ പോലുള്ളവർ വലിയ നേതാക്കളായത്. ലാലു പ്രസാദ് യാദവിൻറ്റെ പ്രസംഗം കേട്ടിട്ടുള്ളവർക്ക് അത് അറിയാം. തികച്ചും ഗ്രാമീണമായ ഹിന്ദി ഉപയോഗിച്ച് തന്നെയാണ് അദ്ദേഹം ബീഹാറിലെ ജനഹൃദയങ്ങൾ കീഴടക്കിയത്.
ഇന്ത്യയുടെ നഗരങ്ങളിലും ടൗണുകളിലും കേന്ദ്രീകരിച്ചിരിക്കുന്ന മാധ്യമ പ്രവർത്തകർ ശശി തരൂരിനേയും, അരവിന്ദ് കേജ്‌രിവാളിനേയുമൊക്കെ പൊക്കിപിടിക്കും. ആ കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷെ ഇന്ത്യയിലെ സാധാരണ ജനങ്ങളിൽ നിന്ന് അവർ വളരെ അകലെയാണെന്നുള്ളതാണ് സത്യം. പണ്ട് ‘Everyone Loves a Draught’ എഴുതിയ സായിനാഥ് വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. പുസ്തകം പുറത്തുവരുന്നതിന് മുമ്പ് ഗ്രാമീണമായ വിഷയങ്ങൾ ഇന്ത്യൻ പത്രപ്രവർത്തകർ എന്തുകൊണ്ട് അവഗണിക്കുന്നൂ എന്നന്വേഷിച്ചപ്പോൾ സായിനാധിന് വെളിപ്പെട്ടത് ഇന്ത്യയുടെ പ്രമുഖ പത്രങ്ങളിൽ രണ്ടു പേർക്ക് മാത്രമേ 'റൂറൽ റിപ്പോർട്ടേഴ്‌സ്' ഉള്ളൂ എന്നുള്ള വസ്തുതയായിരുന്നു. ഈ രണ്ടു പത്രങ്ങളിലേയും റൂറൽ റിപ്പോർട്ടേഴ്‌സ് പോലും ടൗണുകളിലും നഗരങ്ങളിലും കേന്ദ്രീകരിച്ച് ജീവിക്കുന്നവർ ആയിരുന്നൂ. ഗ്രാമീണ മേഖലകളിൽ എന്തെങ്കിലും ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രമേ ഈ റൂറൽ റിപ്പോർട്ടേഴ്‌സ് അവിടങ്ങൾ സന്ദർശിച്ചിരുന്നുള്ളൂ.
ഇത്തരത്തിലുള്ള മാധ്യമ പ്രവർത്തകർക്ക് എങ്ങനെ ഇന്ത്യയെ മനസിലാക്കുവാൻ സാധിക്കും? ഇന്നിപ്പോൾ, ബി.ജെ.പി.-യുടെ തീവ്ര ദേശീയതക്കും, മതവൽക്കരണത്തിനും എതിരെ ഒരു പാർട്ടിയെ കെട്ടിപ്പടുക്കുക എന്നത് നിസാര പ്രക്രിയയല്ലാ. ബി.ജെ.പി.-ക്ക് കോൺഗ്രസിനേക്കാളും പ്രാദേശിക പാർട്ടികളെക്കാളും ഫണ്ടിങ്ങും നല്ലതുപോലെയുണ്ട്. കോൺഗ്രസിന് തീർച്ചയായും സംഘടനാ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ സോഷ്യൽ മീഡിയയിലെ എലീറ്റുകളും, മാധ്യമ പ്രവർത്തകരും കരുതുന്നത് പോലെ ശശി തരൂർ അതിനൊക്കെ പരിഹാരമാകാവുന്ന ഒരു 'ഒറ്റമൂലി' അല്ലാ.
ഒരു പഞ്ചായത്തിൽ നിന്ന് പോലും സ്വന്തം നിലക്ക് ശശി തരൂരിന് വിജയിക്കാൻ സാധിക്കില്ല. കോൺഗ്രസ് വോട്ടുകൾ ആണ് പുള്ളിക്ക് കിട്ടുന്നത്. എന്നിട്ട് കോൺഗ്രസ്സ് എന്ന പാർട്ടിയോട് കൂറാണെങ്കിൽ ആണെങ്കിൽ ഒട്ടുമേ ഇല്ലാ താനും. ശശി തരൂർ എടുക്കുന്ന പല നിലപാടുകളും തികഞ്ഞ അവസരവാദമാണ് കാണിക്കുന്നത്. പാർട്ടിയേയും കോൺഗ്രസ് എന്ന സംഘടനയേയും മറന്നുകൊണ്ട് പുള്ളി പുള്ളിയുടെ ക്യരിയർ വികസിപ്പിക്കാൻ നോക്കുന്നു. രാഷ്ട്രീയത്തെ വെറും ക്യരിയർ ആയി മാത്രമാണ് ശശി തരൂരിനെ പോലുള്ളവർ കാണുന്നത്. "എനിക്ക് മറ്റ് ഓപ്ഷനുകൾ ഉണ്ട് " എന്ന ഒറ്റ പ്രസ്താവന മതി തരൂരിൻറ്റെ ക്യരിയറിസ്‌റ്റ് മനോഭാവം മനസിലാക്കുവാൻ. കോൺഗ്രസ് അല്ലെങ്കിൽ വേറെ ഓപ്ഷൻസ് തനിക്ക് ഉണ്ട് എന്ന് പരസ്യമായി പറഞ്ഞു അദ്ദേഹം അദ്ദേഹത്തിനു വേണ്ടി പണിയെടുത്ത കോൺഗ്രസ് പ്രവർത്തകരെ വഞ്ചിക്കുകയാണ്. മറ്റ് കേഡർ പാർട്ടികളിലൊന്നും ലിബറൽ മനോഭാവമുള്ള ശശി തരൂരിനെ പോലുള്ളവർക്ക് പ്രവർത്തിക്കുവാൻ ആവില്ല. അതുകൊണ്ട് മാത്രമാണെന്നു തോന്നുന്നു, പുള്ളി കോൺഗ്രസിൽ തുടരുന്നത്. പ്രശാന്ത് ഭൂഷനേയും, യോഗേന്ദ്ര യാദവിനേയും പോലുള്ളവരെ ആം ആദ്മി പാർട്ടി പുറത്താക്കിയിരുന്നു. അതുകൊണ്ട് ശശി തരൂരിനെ പോലുള്ള ലിബറൽ മനോഭാവമുള്ളവർക്ക് വേറെ എവിടെയാണ് പ്രവർത്തിക്കുവാൻ സാധിക്കുക? നിലവിൽ ഒരു പാർട്ടിയുടെ നയങ്ങളെ വിമർശിച്ചു കൊണ്ടുകൂടി, സ്വതന്ത്രമായി ഒരുവന് നിലനിൽക്കാൻ സാധിക്കുന്ന ഒരേയൊരു പാർട്ടി ഇന്ത്യയിൽ കോൺഗ്രസ് മാത്രമാണ്.
പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിന് ശേഷം ശശി തരൂരിനേയും ഉൾക്കൊണ്ടുകൊണ്ട് കോൺഗ്രസ് മുന്നോട്ടു പോവുകയാണ് അഭികാമ്യം. അധിറഞ്ചൻ ചൗധരിക്ക് പകരം ശശി തരൂർ വരട്ടെ. ഇതിനോടകം തന്നെ, പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിന് ശേഷം ശശി തരൂരിൻറ്റെ ജനസമ്മിതി ഉപയോഗപ്പെടുത്തുവാൻ ലോക്സഭയിൽ ശശി തരൂരിനെ കോൺഗ്രസ് പാർട്ടിയുടെ നേതാവാക്കും എന്ന് കേൾക്കുന്നുണ്ട്.
സത്യം പറഞ്ഞാൽ, സോഷ്യൽ മീഡിയ ശശി തരൂരിനെ സ്തുതിക്കുമ്പോൾ, ഔദ്യോഗിക സ്ഥാനാർഥി എന്ന് വിശേഷിക്കപ്പെടുന്ന മല്ലികാർജുൻ ഖാർഗെയെ തീർത്തും അവഗണിക്കുകയാണ് ഇന്നിപ്പോൾ ചെയ്യുന്നത്. സോഷ്യൽ മീഡിയയിലെ എലീറ്റുകളും, മാധ്യമ പ്രവർത്തകരും കരുതുന്നത് പോലെ മല്ലികാർജുൻ ഖാർഗെ മോശക്കാരനല്ലാ. 2014 മുതൽ 2019 വരെ ലോക്സഭയിൽ മല്ലികാർജുൻ ഖാർഗെ ആയിരുന്നു കോൺഗ്രസ് പാർട്ടിയുടെ നേതാവ്. പുള്ളി പോയിൻറ്റ് ബൈ പോയിൻറ്റ് ആയി പല കാര്യങ്ങളും പ്രസംഗങ്ങളിൽ ഉയർത്തി മോഡിയേയും ബി.ജെ.പി.-യേയും അന്നൊക്കെ നേരിട്ടിട്ടുണ്ട്. അന്നത്തെ ഖാർഗെയുടെ പ്രസംഗങ്ങൾ കേട്ടിട്ടുള്ള പലർക്കും അത് അറിയാം. പ്രായം മാത്രമാണ് മല്ലികാർജുൻ ഖാർഗെക്ക് എതിരായ ഒരു കാര്യം. പക്ഷെ ഇന്ത്യയുടെ സവിശേഷമായ സാഹചര്യത്തിൽ, ഖാർഗെക്ക് അത് അനുകൂല ഘടകമായി മാറ്റിയെടുക്കാൻ സാധിക്കും. കാരണം മുതിർന്നവരെ ബഹുമാനിക്കുന്ന ഒരു സംസ്കാരം ഇന്ത്യയിലുണ്ട്. അതുകൊണ്ട് മല്ലികാർജുൻ ഖാർഗെയെ ശ്രവിക്കാൻ പാർട്ടി പ്രവർത്തകർ തയാറാകും. കോൺഗ്രസിലിപ്പോൾ മറ്റെന്തിനേക്കാളും ഉപരി അച്ചടക്കമാണ് ആവശ്യം. തരൂരിനെ പോലെ ഡിബേറ്റ് നടത്തി മാത്രം പാർട്ടി പ്രവർത്തകരെ ഏകോപിപ്പിക്കുവാൻ ആവില്ല എന്നത് പ്രത്യേകം ഓർമ്മിക്കണം.
വെള്ളാശേരി ജോസഫ്
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)