Image

കോണ്‍ഗ്രസ് കേള്‍ക്കാത്ത സന്ദേശം (പി എസ് ജോസഫ്‌)

Published on 09 October, 2022
കോണ്‍ഗ്രസ് കേള്‍ക്കാത്ത സന്ദേശം (പി എസ് ജോസഫ്‌)

കുടുംബമോ കോണ്‍ഗ്രസോ -തെരഞ്ഞെടുപ്പു കാല ചിന്തകള്‍ 

അടുത്ത പൊതു തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കലാണ് നാമിപ്പോള്‍ .ഒരു വലിയ അഴിച്ചു പണി നടത്തിയാല്‍ പോലും അധികാരത്തിന്റെ നാലയല്‍വക്കത്ത് കോണ്‍ഗ്രസ്‌ എത്തില്ല .മാത്രമല്ല ഇന്നത്തെ പോലെ ഒരു വികാരവും ജനിപ്പിക്കാത്ത പോരാട്ടമാണെങ്കില്‍ ഉള്ള ഇടത്തെ വരമ്പ് കൂടി ഒലിച്ചു  പോകും .നാണം കെട്ട,തുടര്‍ച്ചയായ  രണ്ടു ലോകസഭ തെരഞ്ഞെടുപ്പു തോല്‍വികള്‍ക്ക്  ശേഷം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി ഇനിയും ആ സ്ഥാനത്തേക്ക് ഇല്ലെന്നു പറഞ്ഞു മാതൃക കാട്ടിയെങ്കിലും നിര്‍ബന്ധിച്ചാല്‍ ഇപ്പോഴത്തെ പോലെ പരോക്ഷമായി അധികാരം കൈയാളാമെന്ന സൂചനയാണ് നല്‍കുന്നത് .ഭരണവിരുദ്ധ വികാരം അനുകൂലമാകുന്നതും കാത്തിരിക്കുകയാണ് പാര്‍ട്ടിയിലെ മുന്സിംഘങ്ങള്‍ .കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എം പി കളത്തില്‍ ഇറങ്ങിയതോടെ പരിഭ്രാന്തരായ സംഘടന മല്ല്കാര്‍ജുന്‍ ഖാര്‍ഗെ എന്ന വൃദ്ധസിംഹത്തിന്റെ തണലില്‍  ഗാന്ധികുടുംബത്തിനു വേണ്ടി ഒരു അപരനെ  മുന്നില്‍ നിര്‍ത്തി മത്സരിക്കുന്നു .കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന് കര്‍ട്ടന്‍ ഉയരുമ്പോള്‍ തന്നെ കന്യാകുമാരിയില്‍ നിന്ന് കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ പര്യടനത്തിലാണ് വയനാട് എം പി യായ ഈ മുന്‍ പ്രസിഡന്റ്‌ .പഞ്ചാബില്‍ പാര്‍ട്ടിയെ ആപ്പിനു അടിയറ വെയ്ക്കുകയും ഗോവയില്‍ ദൈവനാമത്തില്‍ സത്യം ചെയ്തവര്‍ ബി ജെ പിയില്‍ ചേരുകയും ചെയ്ത സമീപകാല രാഷ്ട്രീയത്തില്‍ തേഞ്ഞു മൂര്‍ച്ച പോയ ഒരു യാത്ര കൊണ്ടു എന്ത് സന്ദേശം നല്‍കും  എന്ന് അടുത്ത അനുയായികള്‍ പോലും കരുതുന്നുണ്ടാകാം .ഗുജറാത്തിലും തെരഞ്ഞെടുപ്പിന്‍റെ ആരവങ്ങള്‍ ഉയരുമ്പോള്‍ അവിടെ പോലും ആപ്പ് കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ബി ജെപിക്ക് മറ്റൊരു വാക്കോവറിനു കോണ്‍ഗ്രസ്‌ യാത്ര സഹായിച്ചേക്കും .ഇത്തരം രാഷ്ട്രീയ യാത്രകള്‍ നിലവിലുള്ള ഭരണകൂടങ്ങളെ അട്ടിമറിച്ച് രാഷ്ട്രീയമായി തന്‍റെ മുദ്ര പതിപ്പിക്കാന്‍ രാഹുലിനെ സഹായിക്കേണ്ടതാണ് .പക്ഷെ കോണ്‍ഗ്രസില്‍ പ്രസിഡന്റ്‌ സ്ഥാനത്തെ ചൊല്ലി തന്നെ പോരാട്ടംനടക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ ഫലം സൃഷ്ട്ടിക്കാത്ത ഇമേജ് ബില്ടിംഗ് എക്സസൈസ്‌ ആയിഅവസാനിക്കാന്‍ ആണിട.

ഗാന്ധി കുടുംബത്തെ എതിര്‍ത്തു പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ അവസാനം വരെ ശശി തരൂര്‍ നില്‍ക്കുമെന്ന് ഗാന്ധി കുടുബവും ഭക്തന്മാരും കരുതിയിരിക്കില്ല .കുടുംബത്തിന്‍റെ അനുഗ്രഹാശിസ്സുകള്‍ തേടി കളത്തില്‍ ഇറങ്ങിയ തര്രൂര്‍ പോരാ തങ്ങളുടെയും പാര്‍ട്ടിയുടെയും താല്പര്യം സംരക്ഷിക്കാന്‍ എന്ന ഭീതി കൊണ്ടാകാം എണ്‍പതുകാരനായ ഖാര്‍ഖേയില്‍ അഭയം തേടാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത് . അല്ലെങ്കില്‍ തരൂര്‍ പ്രസിഡന്റ്‌ ആയാല്‍ പിന്‍സീറ്റ്‌ ഡ്രൈവിംഗ് നടക്കില്ല എന്ന് പാര്‍ട്ടി നേതൃത്വവും ഭക്തന്മാരും കരുതുന്നു .ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെങ്കിലും പഴയം ചെമ്പും ഉരുളിയും ഒക്കെ വീതം വെയ്ക്കാതെ കൊണ്ടു പോകാന്‍ ഇനിയും ഉണ്ട് എന്ന് ഭക്തന്‍മാര്‍ക്കറിയാം .ഇല്ലെങ്കില്‍ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ കിട്ടാന്‍ സാധ്യത ഈ തല്സ്ഥിതി തുടരുമ്പോഴാണ് എന്നവര്‍ക്കറിയാം .തരൂര്‍ അധികാരത്തില്‍ വന്നാല്‍ സമൂലമാറ്റം വരാം എന്ന ഭീതി കുടുംബത്തെക്കാള്‍ അവരെയാണ് ഭരിക്കുന്നത്‌ . 

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു യന്ത്രം പൊതുവേ ഗന്ധികുടുംബത്തെയും അവരുടെ വൈതാളികന്മാരെയും പിന്തുണയ്ക്കുന്ന രീതിയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .എണ്ണായിരത്തോളം വരുന്ന വോട്ടര്‍മാരില്‍ പലരുടെയും വിവരങ്ങള്‍ വ്യക്തമല്ലെന്ന് ശശി തരൂര്‍ പറയുന്നു .മിക്കവാറും പി സി സികള്‍ കുടുംബത്തോടു ആഭിമുഖ്യം പുലര്‍ത്തുന്നവരും .ഈ നിലക്ക് തരൂര്‍ ഒരു ഹിമാലയന്‍ ദൌത്യമാണ് ഏറ്റെടുത്തിരിക്കുന്നത് .ഒരു പക്ഷെ ജയിക്കാനാവാത്ത ഒരു പോരാട്ടത്തില്‍ സ്വയം ബലിയര്‍പ്പിക്കുകയാകാം ശശി തരൂര്‍ .ഇത്തരം ഒരു മത്സരം പാര്‍ട്ടിക്ക് കുടുതല്‍ പ്രസക്തി സൃഷ്ടിക്കുമെന്ന അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് ഒരര്‍ഥത്തില്‍ ശരിയാകാം .

ജയത്തെക്കാള്‍ തോല്‍വിയാകും താന്‍ നേരിടേണ്ടി വരിക എന്ന് വ്യക്തമായി അറിയാവുന്ന ശശി  തരൂര്‍ പക്ഷെ മത്സരരംഗത്തു വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു .അറുപത്തിയാറുകാരനായ ഈ വിശ്വപൌരന്‍ ശക്തമായ നിലപാട് കൊണ്ടും എഴുത്ത് കൊണ്ടും പാണ്ഡിത്യം കൊണ്ടും ഭരണശേഷി കൊണ്ടും ഖര്‍ഗെയെക്കാള്‍ ഏറെ മുന്നിലാണ് .ഇനിയും മാറ്റ് ഉരയ്ക്കപ്പെടാത്ത ഈ നേതാവ് ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന മധ്യവര്‍ഗ്ഗത്തെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വവുമാണ് .പക്ഷെ ഗാന്ധി  കുടുംബത്തിനു അദ്ദേഹം ഭീഷണി ആകുമെന്ന് ചിലരെങ്കിലും കരുതുന്നു .

കുടുംബത്തെ അവഗണിച്ചു ഒറ്റയടിക്ക് നേതൃത്വത്തില്‍ മാറ്റം  വരുത്താന്‍ തരൂരിന് കഴിയില്ല .അധികാരവും പാര്‍ട്ടിയും കൈപ്പിടിയില്‍ ഉണ്ടായിരുന്നിട്ടും പി വി നരസിഹറാവുവിനു കഴിയാതെ പോയതാണ് അത് .കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശീയ പ്രതിച്ചായ നിലനില്‍ക്കുന്നത് ഇന്നും ഗാന്ധി കുടുംബത്തെ ആശ്രയിച്ചാണ്‌ .രാഹുല്‍ ഗാന്ധിയുടെ ദുര്‍ബലമായ നേത്രുത്വം പോലും ഇന്നും അവഗണിക്കാനാവുന്നതല്ല.രാഷ്ട്രീയ  ചാതുര്യവും അധികാരത്തിന്‍റെ തിളക്കവും ഇല്ലാതിരുന്നിട്ട് പോലും കുടുംബത്തിന്‍റെ പേരില്‍ രാഹുല്‍ ഒരു പരോക്ഷ ശക്തിയായി തുടരുന്നു .പക്ഷെ തെറ്റായ രാഷ്ട്രീയ തീരുമാനങ്ങള്‍ പാര്‍ട്ടിക്ക് ഓരോ ഇടവും നഷ്ടപ്പെടുത്തുന്നു .പഞ്ചാബ് പോയെങ്കില്‍ രാജസ്ഥാനും പോകേണ്ടതായിരുന്നു എന്നെ പറയാനുള്ളൂ കോണ്‍ഗ്രസ്‌ കോട്ടകള്‍ എന്നന്നേക്കുമായി നഷ്ടപ്പെടുത്തുന്ന തീരുമാനങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ കൈക്കൊള്ളുന്നത് . ആ നിലക്ക് കുടുംബവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തരൂരിനെ പോലെ വ്യത്യസ്തനായ ഒരാള്‍ പാര്‍ട്ടിക്ക് നല്ലതാണ് .ഒരു റിയാലിറ്റി ചെക്കിനുള്ള അവസരമാണ് തരൂര്‍ നല്‍കുക .

മാത്രമല്ല യുവാക്കളിലും മിഡില്‍ ക്ലാസിലും തരൂര്‍ വലിയ സ്വാധീനം ചെലുതത്തും ..നേതൃത്വം എതിരാണ് എന്നറിഞ്ഞിട്ടും ഹൈബിഈഡനും  ശബരീ നാഥും  കേരളത്തില്‍ പരസ്യമായി അദ്ദേഹത്തെ പിന്തുണച്ചു എന്നത് അതിന്റെ തെളിവാണ് .പക്ഷെ അതൊക്കെ ദേശീയതലത്തില്‍ വോട്ട് ആയി മാറാന്‍ പോകുന്നില്ലെന്ന് മാത്രം .

എങ്കിലും  കോണ്‍ഗ്രസില്‍ ഒരു കോളിളക്കം സൃഷ്ടിക്കാന്‍ തരൂരിന്റെ പോരാട്ടത്തിനു കഴിഞ്ഞിരിക്കുന്നു .അനുഭവിച്ച അധികാരത്തിന്‍റെ രസമുകുളങ്ങള്‍ ഇനിയും മറക്കാത്ത പഴയകൂറ്റുകാര്‍ കുടുംബം കുടുംബം എന്ന് ആണയിടുന്നുവെങ്കിലും ഒരു വട്ടം കൂടി നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിലെങ്കില്‍ അവര്‍ മറു വഴി തേടും എന്ന് ഉറപ്പാണ് .

ആ നിലക്ക് കോണ്‍ഗ്രസിന്‌ പുനര്ജീവനം നല്‍കാന്‍ കഴിവുള്ള ഒരു പുതിയ നേതാവിനെയാണ് ഇന്ന് ആവശ്യം.ദേശീയതലത്തില്‍ പാര്‍ട്ടിയുടെ വലിയ കരുത്തു ഇന്നും നെഹ്‌റു -ഗാന്ധി കുടുംബം തന്നെയാണ് .പാര്‍ട്ടിയുടെ വോട്ട് ശതമാനം ഇരുപതു ആയി താഴ്ന്നിട്ടുണ്ട് എങ്കിലും രാഷ്ട്രത്തില്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് ലഭിക്കുന്ന വോട്ട് പങ്കാണ് അതെന്നു ഓര്‍ക്കണം.അത് കുടുംബത്തില്‍ വിശ്വസിക്കുന്ന വോട്ടര്‍മാരുടെ പിന്തുണ കൂടിയാണ് .അധികാരത്തിന്റെ പിന്‍ബലമില്ലാത്ത ഒരു കാലത്ത് ,പണത്തിന്‍റെ കൊഴുപ്പ് ഇല്ലാത്ത ഒരു കാലത്ത് ഒറ്റക്കെടായി നില്‍ക്കുന്ന ഒരു ഭരണപക്ഷത്തിന് നേരെ ഇത്രയും പ്രതിരോധം തീര്കാനായി എന്നത് ചെറിയകാര്യമല്ല .

പക്ഷെ ദേശീയതലത്തില്‍ വലിയ സ്വാധീനമായി നില്‍ക്കുമ്പോള്‍ തന്നെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി പാര്‍ട്ടി കൈ വിടുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ് .അധികാരവും അവസരവാദവും പല നേതാക്കളുടെ യും വ്യക്തിത്വത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്‌ എന്നത് വാസ്ടവം പക്ഷെ ജനവികാരത്തിലുള്ള മാറ്റവും അവര്‍ കാണാതിരിക്കുന്നില്ല എന്ന് മറക്കരുത് .അടിസ്ഥാനപരമായി കോണ്‍ഗ്രസിന്റെ ശക്തമായ ആദര്‍ശ മന്ത്രങ്ങള്‍ കൊണ്ടു ജനങ്ങളെ സ്വാധീനിക്കാവുന്ന നേതാക്കളുടെ എണ്ണം പാടെ കുറഞ്ഞിരിക്കുന്നു  .ഒരു ഖര്ഘെയോ അന്റോണിയോ അല്ല അവിടെ പര്ര്‍തിക്ക് നേതൃത്വം നല്‍കേണ്ടത് .സാമാജികരില്‍ പോലും സ്വാധീനം ചെലുത്താന്‍ കഴിയാത്ത സച്ചിന്‍ പൈലറ്റ്റോ ചന്നിയോ സന്ധുവോ കാമത്തോ അല്ല പാര്‍ട്ടിയുടെ തുറപ്പ് ശീട്ട് ..അധികാരമോഹവും ധനമോഹവുമുള്ള നേതാക്കന്മാര്‍ ഒരു പഴങ്കഥയായ പാര്‍ട്ടിയില്‍  അല്‍പ്പമെങ്കിലും കോണ്‍ഗ്രസ്‌  വികാരം ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ജനലക്ഷങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു നേതൃത്വമാണ് പാര്‍ട്ടിക്ക് ഇന്ന് ആവശ്യം.അവര്‍ ബി ജെ പിയുടെ ബി ടീം ആണെന്ന സൂചന നല്‍കുന്നവരാകരുത് .മണ്ടലം കൈ വശപെടുത്തനും സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനും കഴിയുന്ന ഒരു നേതൃത്വം ആണ് പാര്‍ട്ടിക്ക് വേണ്ടത് അത് വൈതാളികന്മാരിലല്ല  കണ്ടെത്തേണ്ടത് . 

ബി ജെപിയുടെ തുടര്‍ച്ചയായ  വിജയം കോണ്‍ഗ്രസിന്റെ നയപരവും രാഷ്ട്രീയവുമായ പാളിച്ചകളില്‍ നിന്ന് കൂടിയായിരുന്നു എന്നോര്‍ക്കണം 

അങ്ങനെ ബി ജെപി വീഴാന്‍ കാത്തിരുന്നു രാഷ്ട്രീയ തപസ് ഇരുന്നാല്‍ അത് ഫലിക്കുന്ന കാലമൊന്നുമല്ല ഇത് .മുന്‍കാലത്തെ പോലെ ഭരണ വിരുദ്ധ വികാരം രൂപപ്പെടാവുന്ന ഒരു സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത് .അത് പലവിധത്തില്‍ അട്ടിമറിക്കുന്ന ശക്തമായ ഒരു രാഷ്ട്രീയ യന്ത്രം ഇന്ന് നിലവില്‍ ഉണ്ട് .കോണ്‍ഗ്രസിലെ പോലെ അസംതൃപ്തരായ ആല്‍മാക്കള്‍ നിലവിളിക്കുന്ന പാര്‍ട്ടിയല്ല അത് .അവരെ നേരിടുന്നവരെ എതു വിധേനെയും സ്വാധീനിക്കാന്‍ അവര്‍ക്കറിയാം .ആ നിലക്ക് വലിയ നേതാക്കളെ അനുനയിപ്പിക്കുന്നതിനു പകരം  പാര്‍ട്ടി വിഴുങ്ങാത്ത നേതാക്കള്ളെ ആകര്‍ഷിക്കുക എന്നതാണ് പ്രധാനം ..

അതിനു മുന്‍പ് പാര്‍ട്ടി സൈദ്ധാന്തികമായി ഒരു പുനരെഴുത്തിനു വിധേയമാകണം.തരൂര്‍  ഒരു സാധ്യതയാണ്. എല്ലാവരെയും ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍  ഖാര്‍ഗെ പോലും മാറ്റത്തിന്റെ സൂചനയാകാം പക്ഷെ വൈതാളികന്മാരെ കൈ വിട്ടു പാര്‍ട്ടിക്ക് ജീവനുണ്ടാകുമോ?

പരാജയം മുന്‍നിര്‍ത്തി തരൂര്‍ നടത്തുന്ന ഈ പോരാട്ടം കോണ്‍ഗ്രസിന്റെയും കുടുംബത്തിന്റെയും കണ്ണ് തുറപ്പിക്കേണ്ടതാണ് .ആര് ജയിച്ചാലും കോണ്‍ഗ്രസില്‍ ഇതൊരു മാറ്റത്തിന് വഴി മരുന്നിട്ടില്ലെങ്കില്‍ ഒരു സന്ദേശ യാത്രയും ഗുണം ചെയ്യില്ല..ഗുജറാത്തിനെ തൊടാത്ത ഒരു സന്ദേശം ഏതു കോണ്‍ഗ്രസിന്റെ  സാന്നിധ്യമാണ് ഉറപ്പാക്കുന്നത് ?     

# INDIAN NATIONAL CONGRESS ELECTION

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക