Image

തഥാഗതൻ (കിനാശ്ശേരിക്കാലം -6: റാണി.ബി.മേനോൻ)

Published on 13 October, 2022
തഥാഗതൻ (കിനാശ്ശേരിക്കാലം -6: റാണി.ബി.മേനോൻ)

കിനാശ്ശേരി വാസികളായ ചില കഥാപാത്രങ്ങളെ നടേ പറഞ്ഞ ഭൂമികയിലേയ്ക്ക് കുടിയിരുത്തുകയാണിനി
വായിക്കൂ

തഥാഗതൻ ഒരു പെരുമഴക്കാലത്ത് കിനാശ്ശേരിപ്പുഴയിലൂടൊഴുകി വന്നൊരാൺകുഞ്ഞാണ്.മഴക്കാറുകളകന്ന ഒരു കർക്കിടക പൗർണ്ണമി നാളിൽ ഏതാണ്ട് അഞ്ചോ, ആറോ വയസ്സ് പ്രായമുള്ളൊരു കുട്ടി വെള്ളത്തിലൂടൊഴുകി വരുന്നതും, തിരത്തല്ലേറ്റ് കരയ്ക്കടുത്തെത്തുന്നതും ചിന്തകൻ പക്ഷി കണ്ടിരുന്നു. അത്ഭുതകരമായ മെയ് വഴക്കത്തോടെ അവൻ നീന്തി കര പറ്റുന്നതു കണ്ട ചിന്തകൻ പക്ഷി സമാധാനപൂർണ്ണനായി ചിരിച്ചു. ആലിലകളും അമൃത വള്ളിയും, കർക്കിടക നിലാവും മാത്രം കണ്ട ചിരി.

അവൻ കരയുകയോ ഭയപ്പെടുകയോ ചെയ്തില്ല.
കിനാശ്ശേരിക്കാർ, വന്നു ചേരുന്ന മറ്റെന്തിനേയുമെന്ന പോൽ അവനെയും തങ്ങളുടേതാക്കി സ്നേഹിക്കുകയും ഒരു പൊതു സ്വത്തായി വളർത്തുകയും ചെയ്തു.
അവൻ ആരുടെയും വീടുകൾ സന്ദർശിക്കാനോ അവിടെ പാർക്കാനോ ഇഷ്ടപ്പെടാതിരുന്നതിനാൽ ആളുകൾ ആൽത്തറയിലേക്ക് ഭക്ഷണമയച്ചു. സ്വന്തം മകനെയെന്നപോൽ കിനാശ്ശേരിയിലെ അമ്മമാർ അവനെ ഊട്ടി.
പാഠശാലയിൽ പോവാനോ പഠിക്കാനോ അവൻ  താൽപര്യം കാണിച്ചില്ല. സാധാരണ ആൺകുട്ടികളെപ്പോലെ കളിക്കാനും നീന്താനും തലകുത്തി മറിയാനും ഇഷ്ടപ്പെടാതിരുന്ന അവനെ മറ്റു കുട്ടികളും ഒഴിവാക്കി.
വയസ്സന്മാരെയും അമ്മമാരെയും,  അവനിഷ്ടമായിരുന്നു. അവരുടെ കഥ കേൾക്കാൻ അവൻ താല്പര്യം പ്രകടിപ്പിച്ചു. അല്ലാത്തപ്പോൾ തനിയെ കണ്ണടച്ചിരുന്നു, ചിലപ്പോൾ പിറുപിറുത്തു.

എവിടെ നിന്നോ വേരു നീട്ടി വന്നെത്തിയൊരു കോളാമ്പിച്ചെടി അവന്റെ സ്ഥിരം ഇരിപ്പിടത്തിനരികിൽ വളരെ പേലവമായ തന്റെ തണ്ടുകൾ നീട്ടി വളരാൻ തുടങ്ങി. അവനോടു സംസാരിക്കുന്നവരും, അവനെ, തങ്ങൾക്കു പിറക്കാതെ പോയ പൊന്നുണ്ണിയായിക്കണ്ട് ലാളിക്കാനും ആഹാരം കഴിപ്പിക്കാനും എത്തിയ കിനാശ്ശേരിയിലെ അമ്മമാരും, എന്തിനെന്നില്ലാതെ, കാണുമ്പോഴെല്ലാം ആ കളച്ചെടിയെ നുള്ളിയെറിഞ്ഞു കൊണ്ടിരുന്നു. പരിഭവലേശമില്ലാതെ പിറ്റേന്നു മുതൽ അവൾ വീണ്ടും പുതുനാമ്പുകൾ നീട്ടാൻ ശ്രമമാരംഭിച്ചു. ഒടുവിൽ, ആഴത്തിലുള്ള വേരുകളും, ദുർബ്ബലമായ തണ്ടുകളുമുള്ളൊരു ചെടിയായവൾ രൂപം പ്രാപിച്ചു. പതിയെ, ഒരു പാഴ് ശ്രമമെന്നറിഞ്ഞ്, ആളുകൾ അവളെ നുള്ളിയെറിയുന്നതിനുള്ള ശ്രമമുപേക്ഷിച്ചു. അവന്റെ ധ്യാനാവസ്ഥകളിൽ, അവനെച്ചുറ്റി വളർന്ന പ്രണയവല്ലികളെല്ലാം അവന്റെ ഉൾച്ചൂടിനാൽ വാടുകയും, പതിയെ  കരിഞ്ഞുണങ്ങി വീഴുകയും ചെയ്തു. കോളാമ്പിച്ചെടി, ഒരു ചെറുമിപ്പെണ്ണിനെപ്പോൽ അവനെ തീണ്ടാതെ, അവനു ചുറ്റുമൊരു കുടീരമായ് വളരുകയും, അവളുടെ, ഭംഗിയില്ലാത്ത മഞ്ഞപ്പൂക്കൾ വിടർത്തി  ആ കുടീരം അലങ്കരിച്ചു വെയ്ക്കുകയും, മഴയും, വെയിലും ഇടിമിന്നലും അവനെ തളർത്താതെ തന്റെ ശിരസ്സിലേറ്റു വാങ്ങുകയും ചെയ്തു. 

ധ്യാനത്തിൽ നിന്നുണർന്നപ്പോഴെല്ലാം, തഥാഗതൻ കോളാമ്പിച്ചെടിയെ നോക്കി അതിമനോഹരമായി പുഞ്ചിരിക്കുകയും, അതവളെ സന്തോഷത്തിലാറാടിക്കുകയും ചെയ്തു'.
'എത്ര ചെറിയ കാര്യങ്ങളേ വേണ്ടൂ ചിലരെ തൃപ്തിപ്പെടുത്താനെന്നത് അത്ഭുതകരമായിരിക്കുന്നു.' തഥാഗതൻ സ്വയം പറഞ്ഞു. 
'അവർ അവരുടെ ജീവിതം താലത്തിൽ വച്ചു നീട്ടും ഒരു ചെറുപുഞ്ചിരിത്തുണ്ടിനു വേണ്ടി.'
യുവാവായ തഥാഗതനു ചുറ്റും സ്നേഹവും പ്രണയവും കാമവും തുളുമ്പിയ പല ചെടികളും വളരുകയും, പ്രണയ സുഗന്ധത്താലവനെ പൊതിയുകയും ചെയ്തു. അവൻ അവയെയെല്ലാം നോക്കി സ്നേഹവായ്പ്പോടെ പുഞ്ചിരിക്കുകയും, അവയുടെ പ്രണയപൂർണ്ണമായ ആലിംഗനത്തിലമർന്നുനിൽക്കുകയും ചെയ്തു. മണമില്ലാത്ത മഞ്ഞപ്പൂക്കൾ വിടർത്തുന്ന കോളാമ്പിച്ചെറുമി, അതു നിശ്ശബ്ദം നോക്കി നിന്നു. വികാരരഹിതയായി. അവളുടെ മരവിച്ച നോട്ടം കണ്ട ആലിലകൾക്കും അമൃത വള്ളിയിലകൾക്കും ഉള്ളുനൊന്തു.

പക്ഷെ ആഴത്തിലുള്ള ചിന്തകൾക്കും മനനത്തിനും അവൻ എപ്പോഴും കോളാമ്പിച്ചെറുമിയൊരുക്കിയ കുടീരത്തിൽ വന്നിരിക്കുകയും, അതേസമയം അവളെ സ്പർശിച്ച് അശുദ്ധമാക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുമ്പോലെ ചിന്തകൻ പക്ഷിക്കു തോന്നി. 
ഒരു വസന്തകാല പൗർണ്ണമിയിൽ, പൊടുന്നനെ ധ്യാനത്തിൽ നിന്നുണർന്ന തഥാഗതൻ , കോളാമ്പിച്ചെറുമിയൊരുക്കിയ പർണ്ണകുടീരത്തിൽ നിന്നും പുറത്തിറങ്ങി. ചെറുതായൊന്നു മയങ്ങിപ്പോയ കോളാമ്പിച്ചെറുമി വിറച്ചുണർന്നു നോക്കുമ്പോഴേക്കും, തഥാഗതൻ അങ്ങകലെയെത്തിയിരുന്നു. അവളോടൊരു യാത്രാമൊഴി ചൊല്ലാതെ, പിൻതിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ, പുഴയുടെ നെഞ്ചിൽ നീണ്ടു കിടന്ന മണൽപ്പാടം താണ്ടി,  പുഴ കടന്ന് തഥാഗതൻ പോയി. 
പൊടുന്നനെ പതിച്ചൊരിടിമിന്നൽ, കോളാമ്പിച്ചെറുമിപ്പെണ്ണിനെ ഒരോർമ്മ പോലുമല്ലാതെ മായ്ച്ചു. പിറകെ പെയ്തൊരു മഴയിൽ ചെറുമിപ്പെണ്ണിന്റെ ചാരം അലിഞ്ഞൊഴുകി. കിനാശ്ശേരിപ്പുഴ അതു  താങ്ങി ഒഴുകിപ്പരന്നു. അതിനും ചിന്തകനും ആലിലകളും അമൃത വള്ളിയും സാക്ഷി, പിന്നെ ആലിന്റെ തെക്കേക്കൊമ്പിൽ ഉറക്കം തൂങ്ങിയപോലിരുന്നൊരു മൂങ്ങയും.

'ഊം.. ഊം... ഊം... '
മൂങ്ങ തന്റെ ഭീഷണമായ സ്വരത്തിൽ ചിന്തകൻ പക്ഷിയോട് കാരണമന്വേഷിച്ചു. ചിന്തകൻ പക്ഷിയായിരുന്ന ആൺകുയിൽ മറുപടിയോതാനെന്നവണ്ണം സ്വര ശുദ്ധി വരുത്തി,  പിന്നെ എന്തോ ഓർത്ത്,  കണ്ണുകളടച്ച്,  ധ്യാനത്തിലമർന്നെന്ന പോലിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക