Image

മടക്കയാത്രയിലെ കദനാക്ഷരങ്ങൾ (മനക്കലന്‍ )

Published on 13 October, 2022
മടക്കയാത്രയിലെ കദനാക്ഷരങ്ങൾ (മനക്കലന്‍ )

ജനുവരി ഒന്നിലെ തണുത്ത പ്രഭാതം. പാടത്തും പറമ്പിലും പച്ചിലത്തലപ്പുകളിൽതുഷാരബിന്ദുക്കള്‍ വെള്ളിപ്പരവതാനി വിരിച്ചിരിക്കുന്നു. ഉദയസൂര്യന്‍റെ പൊന്‍കിരണങ്ങള്‍ ആ തുഷാരത്തെ തഴുകി വീടിന്‍റെ ഉമ്മറത്തേക്ക് സുന്ദരശോണിമ കടത്തിവിട്ടുകൊണ്ടിരിക്കുന്നു.
മനക്കലെ വരാന്തയിലിരുന്ന് ആ വര്‍ണരാജികള്‍ ആസ്വദിക്കുകയായിരുന്നു അബൂയാസീന്‍. അരുമ മകന്‍ യാസീൻ അടുത്ത് വന്ന് ചോദിച്ചു. ഉപ്പാ... ഇനി എത്ര ദിവസമുണ്ട് ഉപ്പാക്ക് തിരിച്ച് പോവാന്‍? ആം... ഹാ... ഊം... ഹും... ഉപ്പ പോവ്വണില്ലേ?ഉപ്പ പോവാൻ മോനെന്താണ് ഇത്ര തിടുക്കം?വികൃതികളിക്കാനാണല്ലേ.. ചുടുചായയുമായികടന്നുവന്ന ഉമ്മു യാസീന്‍ ചോദിച്ചു. അപ്പോള്‍ ഉമ്മ പറഞ്ഞപോലെ ഉപ്പ പോവുന്നതാണ് മോനിഷ്ടം അല്ലേ!അയാള്‍ ചോദിച്ചു. യാസീന്‍ ഇളം പല്ല് കാട്ടി ചിരിച്ച്  ഉപ്പാ അസ്സലാമുഅലൈക്കും, ഉമ്മാ വഅലൈകുമുസ്സലാം എന്ന് ഇരുവരെയും കളിയാക്കി സ്കൂള്‍ബാഗെടുത്ത് ഒരൊറ്റ ഓട്ടം. അല്ലെങ്കിലും എന്നാണ് ഈ പോക്ക് അവസാനിക്കുക?ശ്രീമതി സങ്കടപെട്ടു. അയാള്‍ പ്രതികരിച്ചു ഉടനെ,  ഒരുവര്‍ഷംകൊണ്ട്.  അയാള്‍ കയ്യിലിരുന്ന ചായകോപ്പയിലേക്ക് കണ്ണോടിച്ചു. ചായകോപ്പയിൽ കൊടുങ്കാറ്റ്. അങ്ങനെയെത്രയെത്ര ഒരു വര്‍ഷം..

പുതുവര്‍ഷപ്പുലരിയിൽ ഏറെ നേരം മനക്കലെ പൂമുഖത്തിരുന്ന് അയാള്‍ തന്‍റെ തിരിച്ചുപോക്കിനെ കുറിച്ച് വേപഥു പൂണ്ടു. അയാളുടെ ചിന്ത മനക്കലൂരിലെത്തി.  മനക്കലൂര്‍! വര്‍ഷാവര്‍ഷവും സൈബീരിയയിൽ നിന്ന് ദേശാടനക്കിളികള്‍ കൂട്ടത്തോടെ വഴി തെറ്റാതെ പറന്നെത്തുന്ന ഒരു ദേശമുണ്ട് കേരളത്തിന്‍റെ പടിഞ്ഞാറേ കരയിൽ. കടലുണ്ടി നഗരം. അവിടെയാണ്  മനക്കലൂര്‍. അയാളും അയാളുടെ അഞ്ച് സഹോദരങ്ങളും നാല് സഹോദരികളും കളിച്ചും കലഹിച്ചും  വളര്‍ന്ന തറവാട്.
ഗൃഹാതുരത്വത്തിന്‍റെ മുറിപ്പാടുകളിൽ മുളക് പുരട്ടുന്ന ഒരു അനുഭവമാണതിന്. അധികകാലം ആ പേര് തദ്ദേശവാസികള്‍ ഓര്‍ക്കാനിടയില്ല. കാരണം മനക്കലൂര്‍ ഇന്നവിടെയില്ല. കാലപ്രയാണത്തിൽ മനക്കലൂരും  പ്രയാണം നടത്തി. ഭൂരിപക്ഷവും ചേക്കേറിയത് ചാലിയാറിന്‍റെ തീരത്തേക്കാണ്.

കടലുണ്ടിപ്പുഴയോരത്തുനിന്ന്  ചാലിയാറിന്‍റെ തീരത്തേക്കുള്ള പ്രയാണം പക്ഷേ സ്വൽപം പുരോഗമനാത്മകം തന്നെയായിരുന്നു. ഇന്നിപ്പോള്‍ ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വലിയ മുട്ടില്ല. അല്ലാഹുവിന് സ്തോത്രം.
അങ്ങനെയാണ്  മനക്കലൂര്‍ മനക്കൽ ആയി മാറിയത്.  മനക്കലൂര്‍ എന്ന പേര് എന്തേ കൂടെ പോരാഞ്ഞു? അതൊരു പ്രതീകാത്മകതയായിരിക്കുമോ?  അതെ... അതൊരു പ്രദേശത്ത് ആഞ്ഞു വീശിയ കൊടുങ്കാറ്റിന്‍റെ മായാത്ത ഓര്‍മ്മയാണ്. അത് ആ പ്രദേശത്തിന് മാത്രം അവകാശപ്പെട്ടത് തന്നെ. അവിടെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നു. ഒരൊറ്റയാന്‍. അദ്ദേഹത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ പ്രതീകമാണ് മനക്കലൂര്‍. ആവശ്യത്തിന് അറിവും ആര്‍ജവവും ഉണ്ടായിരുന്ന, മാലാറ കെട്ടിയ പഴഞ്ചന്‍ മാമൂലുകളോട് വല്ലാതെ കലഹിച്ച, ആരെയും ചോദ്യം ചെയ്യുന്ന, കണ്ണടയിട്ട് തലയുയര്‍ത്തി നടന്ന വഹാബി.  അമ്പായത്തിങ്ങൽ അഹമ്മദ് കുട്ടിയെന്ന ധനാഢ്യന്‍റെ ഇളയമകനായി ജനിച്ച ആ സര്‍ക്കാര്‍ ഗുമസ്ഥന്‍ പിന്‍കാലത്ത് മുതലാളിത്വത്തോടും പൗരോഹിത്യത്തോടും ഒരുപോലെ പടവെട്ടി.
ബ്രിട്ടീഷുകാരന്‍റെ കാരാഗൃഹത്തിൽ  കിടന്നാണ് അമ്പായത്തിങ്ങൽ   അഹമ്മദ് കുട്ടി മരണമടയുന്നത്. സുദീര്‍ഘമായ ജയിൽ  വാസത്തിനൊടുവിൽ.  ആ ജയിൽ പ്രവേശം ഒരു കുടിപ്പകയുടെ ഫലമാണത്രേ. 

ജയിൽ  ജീവിതകാലത്ത് തന്‍റെ സ്വത്തുവഹകള്‍ മുച്ചൂടും അന്യാധീനപ്പെട്ട് പോയതും ആ കഥയുടെ ബാക്കി പത്രമാകുമോ, പിൻകാലത്ത് മുതലാളിത്വത്തോട് സന്ധിയില്ലാതെ പൊരുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും..?
എന്നും ആള്‍കൂട്ടത്തിൽ  ഏറെ തനിച്ചായിരുന്ന അദ്ദേഹത്തിന്‍റെ നയപരിപാടികളിൽ പലതിനോടും മക്കള്‍ക്ക് വിയോജിപ്പായിരുന്നുവെങ്കിലും ആ നിശ്ചയദാര്‍ഢ്യത്തിന്‍റെയും തലയെടുപ്പിന്‍റെയും  സ്ഥൈര്യത്തിന്‍റെയും അവകാശബോധത്തിന്‍റെയും മുന്നിൽ അവരെല്ലാവരും പകച്ചു പോയിട്ടേ ഉള്ളൂ. അതെ അദ്ദേഹത്തിന്‍റെ ആര്‍ജവത്തിന്‍റെയും ആദര്‍ശത്തിന്‍റെയും ആത്മാവിഷ്കാരമായി മനക്കലൂര്‍ അവിടെത്തന്നെ അമൂര്‍ത്തമായി നിൽകട്ടെ. പ്രൗഢ്യമായ ഭൂതകാല യാഥാർഥ്യങ്ങളുടെ നിത്യസ്മരണയുടെ പൊന്‍തൂവലായി.
അബൂയാസീന്‍ ഓര്‍ത്തു- തന്‍റെ പ്രവാസത്തിന്‍റെ പ്രാരംഭത്തിലാണത് സംഭവിച്ചത്.  ആ ദീപം അണഞ്ഞു. രണ്ട് ദശകം മുമ്പ്. ചാലിയാര്‍പുഴ പിന്നെയും ഒരു പാടൊഴുകി. കടലുണ്ടിപ്പുഴയുടെ തീരത്തേക്ക് ദേശാടനക്കിളികള്‍ 23 തവണ പര്യടനം നടത്തി. ഏതാണ്ട് അത്രതന്നെ മടക്കയാത്രകളും. ഏതാണ്  യാത്ര ഏതാണ് മടക്കയാത്ര എന്ന് വകതിരിവില്ലാത്ത ഒരു പരുവത്തിലാണ് ഇന്ന് മനസ്സ്.
മഞ്ഞുകണങ്ങള്‍ തൊങ്ങലിട്ട  പ്രഭാതത്തെ വകഞ്ഞുമാറ്റികൊണ്ട് പകലോന്‍ കടന്നുകയറ്റം നടത്തുന്നതിനനുസരിച്ച് അയാളുടെ  ചിന്തയും തീക്ഷണമായിക്കൊണ്ടിരുന്നു. വീട്ടുമുറ്റത്തെ ചെമ്പകപ്പൂവിന്‍റെ രക്തബന്ധമുള്ള ഒരിതള്‍ അടര്‍ന്നുവീണത് അയാള്‍ ശ്രദ്ധിച്ചു.
അയാളുടെ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു. കഴിഞ്ഞ വര്‍ഷം ഗള്‍ഫിലേക്ക് തിരിച്ച് പോരുമ്പോള്‍ ഉമ്മ പറഞ്ഞ വാചകം.
അടുത്ത തവണ നീ വരുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല. അതക്ഷരം പടി പുലര്‍ന്നു.
കൃത്യമായി  69 പൗര്‍ണമി രാവുകളും അത്ര തന്നെ ലൈലതുൽ ഖദ്റുകളും കണ്ട ആ മാതൃസ്വരൂപം കാലയവനികക്കുള്ളിൽ തിരോധാനം  ചെയ്തു. ഒരു നോക്ക് കാണാന്‍ അവസരം തരാതെ, ഒരു വാക്ക് പറയാതെ, ഒന്ന് മാപ്പിരക്കാന്‍ അവസരമൊരുക്കാതെ, അവര്‍ അള്ളാഹുവിന്‍റെ കാരുണ്യത്തിലേക്ക് തിരിച്ച് പോയി.

നാട്ടിലിറങ്ങിയപ്പോള്‍ കാലിടറി കൊണ്ടാണ് ഉമ്മയുടെ ഖബറിടത്തിൽ സന്ദര്‍ശനം നടത്തിയത്. ഇരുകൈകളും ഉയര്‍ത്തി സര്‍വാധിനാഥനോട് പ്രാര്‍ഥിച്ചു- അവരുടെ ഖബറിടം വിശാലമാകാന്‍, അവരുടെ പാപങ്ങള്‍ പൊറുക്കാന്‍, അവരെ സ്വര്‍ഗാവകാശികളിൽ  ഉള്‍പെടുത്താന്‍, അവരെയും ഞങ്ങളെയും സ്വര്‍ഗത്തിന്‍ ഒരുമിപ്പിക്കാന്‍.  അയാളുടെ കവിള്‍തടത്തിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകി.
ആനക്കെടുപ്പത് പൊന്നിന്‍റെയോ  ആയിരംപറ നെല്ലിന്‍റെയോ ഉടമയായിരുന്നെങ്കിലും പ്രതാപവാനായ ഒരു സ്വര്‍ണകച്ചവടക്കാരനായിരുന്ന പൊന്നുകാരന്‍ മമ്മയീറ്റിയാക്കയുടെ  മകളായി ജനിച്ച ഈ സ്ത്രീ രത്നം, പിൽകാലത്ത് ജീവിതത്തിൽ ഒരുപാട് ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ചിരപുരാതനമായ പരപ്പനങ്ങാടി പട്ടണത്തിലെ ഇന്ന് അന്യം നിന്ന് പോയ മേലേവീട്ടിൽ തറവാട്ടിലായിരുന്നു അവരുടെ ബാല്യം തിളങ്ങിയത്.    അറിവിന്‍റെ ആദ്യാക്ഷരം അറബി മലയാളത്തിലായിരുന്നു ആദ്യ ഗുരുവോ?. സ്വന്തം ഉമ്മയും. ഉമ്മ അവർക്ക് മാതാവ് മാത്രമായിരുന്നില്ല. ഗുരുനാഥയും കൂടിയായിരുന്നു. അറബി അക്ഷരങ്ങളും അറബിമലയാളവും പഠിപ്പിച്ചതവരായിരുന്നു.    അവര്‍ നിരക്ഷരയായ ഒരു കൊച്ചുപണ്ഡിതയായിരുന്നു. സാങ്കേതികമായി അവര്‍ നിരക്ഷരയായിരുന്നു. വളരെ നിഷ്കളങ്കവും പ്രൗഢവുമായ  നിരക്ഷര. മാതൃഭാഷയുടെ വരമൊഴി അറിയാത്തവളായിരുന്നെങ്കിലും  അറബി മലയാള പുസ്തകങ്ങളിലൂടെ ഒരു പാട് പാഠങ്ങള്‍ അവര്‍ മക്കളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ പിന്‍കാലത്ത് സാങ്കേതികമായി അവര്‍ സാക്ഷരതയിലേക്ക് എടുത്തുചാടിയത് രസാവഹമായ ഒരു കാര്യമാണ്. വാചകമടിയിൽ ഒട്ടും പിറകിലല്ലാത്ത സ്വന്തം ഭര്‍ത്താവും മക്കളും അനുഭവലോകത്തും അറിവിന്‍റെ ലോകത്തും വാചാലമാവുന്നതും തര്‍ക്കവിതര്‍ക്കങ്ങളിൽ ഏര്‍പ്പെടുന്നതും കണ്ടപ്പോള്‍ അവരെടുത്ത ഒരു ദൃഢപ്രതിജ്ഞയുടെ ഫലമായിരുന്നു അത്. എനിക്കും വേണം പത്രം വായിച്ച് ലോകവിവരമുണ്ടാക്കുക.
 
എനിക്കും വേണം നല്ല നല്ല പുസ്തകങ്ങള്‍ വായിച്ച് അറിവിന്‍റെ ലോകത്ത് വിലസുക- അതൊരു വിപ്ലവമായിരുന്നു. വലിയ അറിവുള്ളവളോ പരന്ന വായനക്കാരിയോ ആയില്ലെങ്കിലും അവര്‍ നമ്മുടെ കൊച്ചുകേരളം നൂറ് ശതമാനം സാക്ഷരത നേടുന്നതിന് തൊട്ടുമുമ്പ് തന്നെ ആ ലക്ഷ്യം നേടിക്കഴിഞ്ഞിരുന്നു.
 ഓര്‍മ്മയുടെ തുരുത്തുകളിൽ ഒഴുകി നടന്ന അയാളുടെ മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്നുണ്ടായിരുന്നു. അയാള്‍ക്ക് അടക്കാനാവാത്ത നഷ്ടബോധം തോന്നി. ഉമ്മ വര്‍ത്തമാനത്തോട് വിടപറഞ്ഞ് ചരിത്രത്തിലേക്ക് ഉള്‍വലിഞ്ഞു. അവര്‍ക്കിനി വര്‍ത്തമാനമില്ല. ഭൂതത്തെ സൃഷ്ടിക്കാനുമാവില്ല. അവര്‍ക്കിനി ഭാവിയേ ഉള്ളൂ. വര്‍ണ്ണ മനോഹരവും ഭാസുരവുമായ ഒരു ഭാഗധേയം- അല്ലാഹു അനുഗ്രഹിച്ചാൽ.
ഒരു കഥാകാരന്‍റെ സ്നിഗ്ധ സുന്ദരമായ വഴികളിലൊതുങ്ങാത്ത, ഒരു കവിയുടെ കാവ്യ ഭാവനക്കുള്‍കൊള്ളാനാവാത്ത പരമ പുഷ്കലമായ ഒരു ഭാവിയാണത്. നാല്  ഭാഗത്തുകൂടെ അരുവികളൊഴുകുന്ന, മാലാഖമാര്‍  മന്ദസ്മികം തൂകുന്ന സ്വര്‍ഗപ്പൂങ്കാവനം. ഭൂതവും വര്‍ത്തമാനവും ഭാവിയും സംയോജനം ചെയ്യുന്ന ഒരു ലോകം.

പ്രിയപ്പെട്ട ഉമ്മയുടെ ഹൃദയരോഗങ്ങളുടെ സംഗീതമായിരുന്നു എന്നും സ്വര്‍ഗത്തിലെ ഹൗദുൽ കൗസര്‍. ആ തെളിനീര്‍ തടാകത്തിന്‍റെ കരകളിൽ അവര്‍ തന്‍റെ പ്രിയതമനെ- എന്‍റെ ഉപ്പയെ- കണ്ടുമുട്ടിയെങ്കിൽ. അവരെ വിഭര്‍തൃമതിയാക്കി 23 വര്‍ഷം മുമ്പ് പിരിഞ്ഞു പോയ അവരുടെ ഭര്‍ത്താവ്. തനിക്ക് സമ്മാനിച്ച നീണ്ട വര്‍ഷങ്ങളുടെ വൈധവ്യത്തിന്‍റെ കണക്ക് തീര്‍ക്കുന്ന നിത്യഹരിത യൗവനത്തിൽ അവര്‍ കണ്ടുമുട്ടിയെങ്കിൽ. ആ അന്യഗൃഹീത ലോകത്ത് അവര്‍ തീര്‍ക്കുന്ന അരുമ പൂവാടിയിലെ മന്ദാര മലരുകളായി വിരിയാന്‍ ഞങ്ങള്‍ക്കും സൗഭാഗ്യമുണ്ടായെങ്കിൽ.
സര്‍വേശനായ നാഥാ,  അതാണ് സ്വര്‍ഗമെന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്.
നിന്‍റെ ഗ്രന്ഥത്തിൽ. മുത്തു നബിയുടെ തിരുമൊഴികളിലും.
അയാളുടെ മടക്കയാത്രയിലെ
കദനാക്ഷരങ്ങളെ കണ്ണുനീര്‍ മുത്തുകള്‍ കാവ്യാത്മകമാക്കി. നീലാകാശത്തേക്ക് കണ്ണയച്ചുകൊണ്ടയാള്‍ ഓര്‍മ്മയുടെ തിരുമുറ്റത്ത്  നിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക