Image

മുലായം സിംങ്ങ് യാദവിന്റെ സോഷ്യലിസ്റ്റ് മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയം. (പി.വി.തോമസ് :  ദല്‍ഹികത്ത് )

ദല്‍ഹികത്ത് Published on 15 October, 2022
മുലായം സിംങ്ങ് യാദവിന്റെ സോഷ്യലിസ്റ്റ് മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയം. (പി.വി.തോമസ് :  ദല്‍ഹികത്ത് )

ഒക്ടോബര്‍ പത്താം തീയതി ദല്‍ഹിയില്‍ അന്തരിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംങ്ങ് യാദവ് ദേശീയ രാഷ്ട്രീയത്തിലെ ഒരു അതികായന്‍ ആയിരുന്നു. ഹിന്ദിഹൃദയഭൂമിയുടെ അഥവാ 'കൗ ബെല്‍റ്റി'ന്റെ  ഹൃദയസ്പന്ദനം അറിയാമായിരുന്ന ഒരു അത്ഭുത രാഷ്ട്രീയ പ്രതിഭാസം ആയിരുന്നു മുലായം. ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു മൂന്നു തവണ ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പത്തു തവണ എം.എല്‍.എ.യും ഏഴു പ്രാവശ്യം എം.പി.യും ഒരു പ്രാവശ്യം കേന്ദ്രപ്രതിരോധ വകുപ്പുമന്ത്രിയും ആയിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍. മുലായം ദേശീയ രാഷ്ട്രീയത്തിന്റെ ഗോദായില്‍ എത്തുന്നത് അക്ഷരാര്‍ത്ഥത്തില്‍തന്നെ ഒരു ഗുസ്തിമത്സരത്തില്‍ പങ്കെടുത്തുകൊണ്ടാണ്. ഇന്ദിരാഗാന്ധിയുടെ കുപ്രസിദ്ധമായ അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം 19 മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ വോട്ടുബാങ്കു രാഷ്ട്രീയത്തില്‍  പ്രസിദ്ധമായ 'എം.വൈ' എന്നു വച്ചാല്‍ മുസ്ലീം-യാദവ് എന്നാണ്. അദ്ദേഹം 1992-ല്‍ സ്ഥാപിച്ച സമാജ് വാദി പാര്‍ട്ടി ഇതുവരെ നാലുപ്രാവശ്യം ഉത്തര്‍പ്രദേശ് ഭരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ്. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും കോണ്‍ഗ്രസും മൂന്നും നാലും സ്ഥാനങ്ങളില്‍ ബഹുദൂരം പിന്നില്‍ ആണ്. ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ബി.ജെ.പി.ക്ക് സമാജ് വാദി പാര്‍ട്ടി ഒരു വെല്ലുവിളിയാണ്. ഒട്ടേറെ പാര്‍ട്ടികളില്‍ മുലായം പ്രവര്‍ത്തിച്ചിട്ടുണ്ട്. തികഞ്ഞ മതേതരവാദിയും മുസ്ലീങ്ങളുടെ രക്ഷകനും ആയ മുലായം 1989-ല്‍ ജനതാദളിന്റെ നേതാവായി മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബി.ജെ.പി.യുടെ പിന്തുണയോടെ ആയിരുന്നു. അതേ മുലായം തന്നെയാണ് 1990-ല്‍ ബാബരി മസ്ജിദ് തകര്‍ക്കുവാനായി എത്തിയ കര്‍ സേവകരെ വെടിവയ്ക്കുവാന്‍ ഉത്തരവിട്ടത്. 28 കര്‍ സേവകര്‍ ആണ് വെടിവെയ്പ്പില്‍ മരിച്ചത്. ഇത് ബി.ജെ.പി.യുടെ വളര്‍ച്ചയെ വളരെയധികം സഹായിച്ചു. അടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മുലായത്തിനെ പാര്‍ട്ടി ദയനീയമായി തോല്‍ക്കുകയും ചെയ്തു. ഈ വെടിവയ്‌പ്പോടെ അദ്ദേഹത്തിന് 'മുള്ളാ മുലായം' എന്ന വിളിപേരും ലഭിച്ചു. മതേതരവാദിയായ മുലായം ബി.ജെ.പി.യുമായി ചിലപ്പോള്‍ അടുക്കുകയും ചിലപ്പോള്‍ അകലുകയും ചെയ്തിരുന്നു. ഏ.ബി. വാജ്‌പേയും എല്‍.കെ.അദ്വാനിയും ആയി അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ച സമയവും ഉണ്ട്. 1998-ല്‍ പ്രധാനമന്ത്രി പദത്തിന് അരികെ എത്തിയ സോണിയ ഗാന്ധിയെ അവരുടെ വിദേശ പൗരത്വത്തിന്റെ പേരില്‍ തടഞ്ഞത് മുലായം ആയിരുന്നു. 1998-ല്‍ വാജ് പേയ് ഗവണ്‍മെന്റ് ഒരു വോട്ടിന് അവിശ്വാസപ്രമേയം തോറ്റുഅധികാരത്തിന് വെളിയില്‍ പോയപ്പോള്‍ സോണിയഗാന്ധി ഗവണ്‍മെന്റ് രൂപീകരിക്കുവാനുള്ള അവകാശവും ആയി രാഷ്ട്രപതിയെ സമീപിച്ചു. സോണിയയുടെ കൈവശം 272 എം.പി.മാരുടെ പിന്തുണ അവകാശപ്പെട്ടു കൊണ്ടുള്ള ഒരു കുറിപ്പ് ഉണ്ടായിരുന്നു. അതില്‍ സഖ്യകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ 26 എം.പി.മാരുടെ പേരും ഉള്‍പ്പെട്ടിരുന്നു. പക്ഷേ, മുലായം സോണിയയെ പിന്തുണക്കുവാന്‍ വിസമ്മതിച്ചു.

മുലായം സോഷ്യലിസ്റ്റ് നേതാവായ രാം മനോഹര്‍ ലോഹ്യയുടെയും സമ്പൂര്‍ണ്ണ വിപ്ലവകാരിയായ ജയ്പ്രകാശ് നാരായന്റെയും ശിഷ്യന്‍ ആയിരുന്നു. ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാരിയും ഠാക്കൂര്‍മാരെ കൂട്ടക്കൊല ചെയ്ത ദളിതും ആയിരുന്ന ഫൂലന്‍ദേവിയെ പാര്‍ലിമെന്റ് അംഗം ആക്കിയതും മുലായത്തിന്റെ പാര്‍ട്ടി ആയിരുന്നു. എം.പി.ആയിരുന്ന ഫൂലന്‍ദേവിയെ അവരുടെ വസതിക്കു മുമ്പില്‍ വച്ച് ഠാക്കൂര്‍ യുവാക്കള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. വി.പി.സിംങ്ങിന്റെ മണ്ഡല്‍ സംവരണ രാഷ്ട്രീയത്തിന്റെ നെടുനായകനായി മുലായം അവതരിച്ചുകൊണ്ട് പിന്നോക്ക വിഭാഗത്തിന്റെ മിശിഹാ ആയി. ഇതിനെതിരെയാണ് ബി.ജെ.പി.യും സംഘപരിവാറും മണ്ഡല്‍(മത) രാഷ്ട്രീയം പ്രയോഗിച്ചത്. അദ്വാനിയുടെ സോമനാഥ് മുതല്‍ അയോദ്ധ്യവരെയുള്ള അഗ്നിരഥത്തിന്റെ ഐതിഹാസികമായ യാത്ര ചരിത്രമാണ്. മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയം ഉത്തര്‍പ്രദേശിനെ കലുഷിതമാക്കി. മുലായം ഇതു സൃഷ്ടിച്ച രാഷ്ട്രീയ പത്മവ്യൂഹത്തിന്റെ നടുവില്‍തന്നെ ഉണ്ടായിരുന്നു. ലോഹ്യയുടെയും ജെ.പി.യുടെയും ചരണ്‍സിംങ്ങിന്റെയും മരണത്തിനുശേഷം മുലായം കോണ്‍ഗ്രസ് വിരുദ്ധം രാഷ്ട്രീയത്തിന്റെ നായക സ്ഥാനത്തെത്തി. മുല്യാം കര്‍സേവകരുടെ വെടിവയ്പ്പിലൂടെ കാത്തുസൂക്ഷിക്കുവാന്‍ ശ്രമിച്ച ബാബരി മസ്ജിദ് രണ്ടു വര്‍ഷങ്ങളുക്കു ശേഷം ബി.ജെ.പി. മുഖ്യമന്ത്രി കല്യാണ്‍ സിംങ്ങിന്റെ  ഭരണ കാലത്ത് കര്‍ സേവകര്‍ തകര്‍ത്തു. 1990 ഒക്ടോബര്‍ 30-ലെ വെടിവെയ്പ്പിനെക്കുറിച്ച് 2017-ല്‍ മുലായം പരിതപിച്ച് പ്രതികരിക്കുകയുണ്ടായി. കര്‍സേവകരെ വെടിവയ്ക്കുവാനുള്ള ഉത്തരവ് ഇറക്കിത് വളരെ വേദനയോടെ ആയിരുന്നു. പക്ഷേ, ദേശീയ താല്‍പര്യം സംരക്ഷിക്കുവാന്‍ അത് ആവശ്യം ആയിരുന്നു, അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് ഭേദനത്തിലെ വില്ലന്‍ ആയിരുന്ന കല്യാണ്‍സിംങ്ങും ആയിട്ട് മുലായം 2009-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഒന്നായി. അതായിരുന്നു മുലായത്തിന്റെ രാഷ്ട്രീയം. മുസ്ലീം സമുദായം മുള്ള മുലായത്തിന് എതിരും ആയി.

ഇട്ടാവയിലെ സെയ്ഫായ്(ഗ്രാമം)ഗുസ്തിക്കാരന്‍ ഫയല്‍വാന്‍ രാഷ്ട്രീയത്തിന്റെ ഗോദായിലേക്ക് പ്രവേശിച്ച കഥ രസകരം ആണ്. മുലായം ഇട്ടാവയിലെ നാഗലഗ്രാമത്തില്‍ ഒരു ഗുസ്തി മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. മത്സരത്തിന്റെ മുഖ്യാതിഥിയായി സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവും ജസവന്ത് നഗറിലെ സ്ഥാനാര്‍ത്ഥി ആയ നാഥ് സിംങ്ങ് എത്തിയിരുന്നു. ഗുസ്തി മത്സരത്തില്‍ നിഷ്പ്രയാസം മുലായം എതിരാളിയെ മലര്‍ത്തിയടിച്ചു അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'ചക്കാ'ദാവിലൂടെ. നാഥ്‌സിംങ്ങ് മുലായത്തില്‍ തല്‍പരനായി. അദ്ദേഹം മുലായത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചു. മുലായം ക്ഷണം സ്വീകരിച്ചു. ഇതായിരുന്നു മുലായത്തിന്റെ രാഷ്ട്രീയത്തിലെ പല്ല് മുളയ്ക്കല്‍. മുലായത്തിന് രാഷ്ട്രീയം ഒരു ഹരം ആയി. അതോടൊപ്പം അദ്ദേഹം പഠനവും തുടര്‍ന്നു. അദ്ധ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നേടി അദ്ധ്യാപകനും ആയി. നാഥ്‌സിംങ്ങിന്റെ സഹായത്തോടെ മുലായം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവം ആയി. ജസവന്ത് നഗര്‍ അസംബ്ലി മണ്ഡലത്തിലെ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചു ജയിച്ചു. പിന്നെ തിരഞ്ഞു നോക്കിയിട്ടില്ല.

മുലായം സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകന്‍ മാത്രം ആയിരുന്നില്ല. അദ്ദേഹം ബി.കെ.ഡി(1974), ബി.എല്‍.ഡി.(1977), ലോക്ദള്‍(1989), എസ്.ജെ.പി.(1991) എന്നീ പാര്‍ട്ടികളിലും ഉണ്ടായിരുന്നു. അദ്ദേഹം കുടുംബ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഒട്ടും പിറകില്‍ ആയിരുന്നില്ല. മകന്‍, മുഖ്യമന്ത്രി ആയിരുന്ന, അഖിലേഷ് യാദവ് ആണ് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ അനന്തരാവകാശി. രാം ഗോപാല്‍ യാദവ്, ശിവപാല്‍ യാദവ്, ഡിമ്പിള്‍, ധര്‍മ്മേന്ദ്ര എന്നിവര്‍ കുടുംബാംഗങ്ങളും മന്ത്രിമാരും എം.എല്‍.എ. മാരും എം.പി.മാരും ആയിട്ടുണ്ട്. 

ബി.ജെ.പി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി അദ്ദേഹത്തിന് സഖ്യം ഉണ്ടായിരുന്നെങ്കിലും മുലായം ഹിന്ദി ഹൃദയഭൂമിലെ പ്രതിപക്ഷ സഖ്യത്തിന്റെ നെടും തൂണ്‍ ആയിരുന്നു.

English Summary: Mulayam Singh Yadav greatly contributed to the politics of empowerment of backward castes in UP.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക