ഒരു പാക്കനാർ കഥയുണ്ട്- ആളെക്കൊല്ലി എന്ന പേരിൽ....ആളെക്കൊല്ലി എന്ന് ആ കഥയിൽ വിശേഷിപ്പിച്ചിരിക്കുന്നത് പണത്തിനെയാണ്...മനുഷ്യർ തമ്മിൽ ഉള്ള സ്നേഹത്തെയും, സൗഹൃദത്തെയും, വിശ്വാസത്തെയും ഒക്കെ അനായാസമായി തകർത്തു കളഞ്ഞു കൊണ്ട് പണം എങ്ങനെയാണ് മനുഷ്യരെ ശത്രുക്കളും, കള്ളന്മാരും, കൊലപാതകികളും ഒക്കെയായി പരിണമിപ്പിക്കുന്നതെന്ന് ഈ കഥ പറയുന്നു.
പണം ആളെക്കൊല്ലി ആണെങ്കിൽ, ആളുകളുടെ ആനന്ദത്തെ നിമിഷ നേരം കൊണ്ട് തകർത്തു കളയാൻ കെൽപ്പുള്ള ആനന്ദം കൊല്ലികളെ കുറിച്ച് കുറച്ചു വർത്തമാനം പറയാം.
ജെ.കെ.റൗളിങ്ങിന്റെ ഹാരി പോട്ടർ കഥകളിൽ 'ഡിമെന്റർ" എന്ന ഒരു മാന്ത്രിക ജീവിയെ കുറിച്ചു പറയുന്നുണ്ട്.അസ്കബാൻ എന്ന മാന്ത്രിക തടവറയുടെ കാവൽ ജോലിയാണ് ഇവർക്ക്.കറുത്ത നിഴൽ പോലെ നീങ്ങുന്ന ഇവർ എത്തുന്നിടത്തു നിന്നെല്ലാം വെളിച്ചം ഊർന്നു പോകും, മരവിപ്പിക്കുന്ന തണുപ്പ് നിറയും.അവരുടെ സാന്നിധ്യത്തിൽ മനുഷ്യരിൽ നിന്ന് ആഹ്ലാദം, പ്രത്യാശ, പ്രതീക്ഷ തുടങ്ങിയ വികാരങ്ങൾ ഒക്കെ അപ്രത്യക്ഷമായി ഭയവും, മരവിപ്പും മാത്രം നിറയും....
റൗളിങ്ങിന്റെ മാന്ത്രിക ലോകത്ത് മാത്രമല്ല, മനുഷ്യർക്കിടയിലും ഇങ്ങനെ ആനന്ദത്തെ വലിച്ചു കുടിക്കുന്ന, ജീവിതാശകളെ കെടുത്തി കളയുന്ന,ചെല്ലുന്നിടത്ത് ഒക്കെ ഇരുട്ടും, വേദനയും നിറയ്ക്കുന്ന വ്യക്തികൾ ഉണ്ട്...
ഒരു നല്ല ദിവസം രാവിലെ, നിങ്ങൾ നിങ്ങൾക്ക് ഏറെ പ്രിയമുള്ള ഒരു വസ്ത്രം ഉടുത്ത് , നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് പോലെ ഒരുങ്ങി ,സന്തോഷത്തോടെ ഒരു വഴിക്ക് പോകുമ്പോൾ ഒരു കാര്യവും ഇല്ലാതെ നിങ്ങളുടെ അടുത്ത് വന്ന് നിങ്ങളുടെ വസ്ത്രത്തിന് ഭംഗി പോരാ എന്നോ, നിങ്ങൾ അത് ധരിച്ച രീതി ശരിയായിട്ടില്ല എന്നോ, അല്ലെങ്കിൽ ഈയടുത്ത് ആയി നിങ്ങൾ വണ്ണം കൂടി എന്നോ കുറഞ്ഞു എന്നോ, നിങ്ങളുടെ മുടി ധാരാളം കൊഴിഞ്ഞു എന്നോ, നിങ്ങൾ നരച്ചു എന്നോ....അങ്ങനെ എന്തൊക്കെയോ പറഞ്ഞു കൊണ്ട്, നിങ്ങളുടെ ഒരു നല്ല ദിവസത്തിന്റെ ഊർജവും, ആഹ്ലാദവും ഒക്കെ വെറുതെ തല്ലി കെടുത്തുന്നത് അനുഭവിച്ചിട്ടുണ്ടാകും, മിക്കവരും.
ഒരു വ്യക്തിയുടെ ഏറ്റവും വ്യക്തി നിഷ്ഠമായ കാര്യങ്ങളിൽ പോലും, ഒരു സാമാന്യ ബോധവും ഇല്ലാതെ, ക്ഷണിക്കാതെ കേറി ഇടപെട്ട് ,ഒരു നല്ല സമയത്തിന്റെ കുഞ്ഞു സന്തോഷങ്ങൾ അപ്പാടെ ഹനിച്ചു കളയുന്നവർ.ഉദാഹരണത്തിന് ഒരു ഹോട്ടലിൽ കയറി നിങ്ങൾ ഒരു കാപ്പിക്ക് പറയുമ്പോൾ, "അയ്യേ !! കാപ്പിയാണോ കുടിക്കുന്നത് ? കാപ്പിയിലെ കഫീൻ ആരോഗ്യത്തിന് മോശമല്ലേ ? കാപ്പി അധികം കുടിക്കാൻ പാടില്ല.ഞാൻ എപ്പോഴും പഴച്ചാർ ആണ് കുടിക്കുന്നത്. അതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം" എന്നൊക്കെ പറഞ്ഞ് നല്ലൊരു ഫിൽട്ടർ കോഫി കുടിക്കാൻ ഉള്ള നമ്മുടെ ആഗ്രഹത്തിന് പോലും കുറ്റബോധം ജനിപ്പിക്കുന്നവർ.
വിജ്ഞാനം മനുഷ്യർ വിരൽ തുമ്പിൽ ഒരുക്കുന്ന ഈ ഗൂഗിൾ കാലത്ത്, ഈ ലോകത്ത് എന്തിന്റെയും ഗുണവും, ദോഷവും ഒക്കെ ക്ഷണ നേരം കൊണ്ട് സ്വയം തിരഞ്ഞു കണ്ടെത്താൻ ഓരോ വ്യക്തിക്കും ശേഷിയുള്ള കാലത്ത്, ഒരാളുടെ തിരഞ്ഞെടുപ്പുകളിൽ കയറി അനാവശ്യമായി ഇടപെട്ട് അഭിപ്രായം പറയുന്നതിൽ നിന്ന് വിവേകത്തോടെ ഒഴിഞ്ഞു നിൽക്കാനുള്ള ക്ഷമത പോലും ഇല്ലാത്ത മനുഷ്യർ ആണ് ഫിൽട്ടർ കോഫിക്ക് കുറ്റം കണ്ടെത്തുന്നത് !
ഏതൊരു ചടങ്ങിന് ഇടയ്ക്കും ഇങ്ങനെ ഒരാളെ, ഒരു ആനന്ദം കൊല്ലിയെ, നമുക്ക് കണ്ടെത്താം.ഒരു കല്യാണത്തിന് പോയാൽ പെണ്ണും, ചെറുക്കനും തമ്മിൽ ചേർച്ചയില്ലെന്നത് തൊട്ട്, സദ്യക്ക് വിളമ്പിയ കാബേജ് തോരനിൽ കറിവേപ്പില കൂടി എന്നു വരെ പറഞ്ഞു കളയുന്നവർ.ഒരു വീട് കൂടലിന് ചെന്നാൽ മുൻവാതിൽ പണിത തേക്കിന് കാതൽ കുറവാണ് എന്ന് തൊട്ട്, അടുക്കള പുറത്ത് അമ്മി ഇട്ടത് ശരിയായില്ല എന്ന് വരെ കണ്ടെത്തുന്നവർ.ഒരു മരണ വീട്ടിൽ എത്തിയാൽ അവിടെയുള്ള ഉറ്റ ബന്ധുക്കളുടെ സങ്കടം ദുഃഖ മാപിനി വച്ച് അളന്നു നോക്കി , അവരുടെ പെരുമാറ്റ രീതികളെ കുറിച്ച് അഭിപ്രായം പാസാക്കി കളയുന്നവർ.രോഗീ സന്ദർശന വേളകളിൽ പോലും ഒരു ഔചിത്യവും തൊട്ട് തീണ്ടാതെ വായിൽ തോന്നിയത് വിളിച്ചു കൂവുന്നവർ.
ഇത്തരം ചില മനുഷ്യർ വീട്ടകങ്ങളിൽ ഉണ്ടാകാം ചിലപ്പോൾ....രാവിലെ ഉണ്ടാക്കിയ ഇഡ്ലിക്ക് മയം പോരെന്ന് തുടങ്ങി, രാത്രിക്കലെ ചപ്പാത്തി കടുപ്പം കൂടി പോയി എന്ന് വരെ തൊട്ടതിനും, പിടിച്ചതിനും ഒക്കെ കുറ്റം കണ്ടെത്തി പറയുന്നവർ.ഒരു വീടിന്റെ മുഴുവൻ സ്വാസ്ഥ്യത്തെയും നിരന്തരമായി കെടുത്തുന്നവർ.ഇത്തരകാർക്ക് എതിരെ വളരെ ഫലവത്തായ ഒരു പ്രതിരോധ തന്ത്രം കണ്ടെത്തി നടപ്പാക്കിയില്ലെങ്കിൽ ഒരു വീടിനെ നിത്യ നരകം ആക്കി മാറ്റാൻ ഇക്കൂട്ടർക്ക് സാധിക്കും.
ഇത്തരം ആനന്ദം കൊല്ലികളുടെ കൂടെ ജോലി സ്ഥലം പങ്കു വയ്ക്കുന്ന മനുഷ്യരോടും നമുക്ക് സഹാനുഭൂതി തോന്നേണ്ടതാണ്.പ്രത്യേകിച്ചും ചില ഉയർന്ന വിശേഷ കസേരകളിൽ ഇരുന്ന് കൊണ്ട്, കൂടെ ജോലി ചെയ്യുന്ന മുഴുവൻ പേരുടെയും നിത്യ ജീവിതം ദുരിത പൂർണമാക്കാൻ ഉള്ള അധികാരം ഇവർക്ക് സിദ്ധിച്ചിട്ടുണ്ടെങ്കിൽ പിന്നെ പറയാൻ ഇല്ല...ഒരു മൈക്രോസ്കോപ്പും, ടെലിസ്കോപ്പും ഇവർ സദാ കൂടെ കൊണ്ടു നടക്കും.മേശപുറത്ത് ഇട്ട വിരിപ്പിനെ മുതൽ , നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിനെ വരെ വിമർശിച്ചു കളയും.വന്നു, കണ്ടു, കീഴടക്കി എന്ന വിഖ്യാതമായ ഷേക്സ്പിയർ വചനം , ഇവരുടെ കാര്യത്തിൽ വന്നു, കണ്ടു, കുറ്റപ്പെടുത്തി എന്നാക്കി മാറ്റാം. ആളുകൾ കസേരകളിൽ നിന്ന് എഴുന്നേറ്റ് ഓടി ശുചി മുറികളിൽ ഒളിക്കുന്നത് ഇങ്ങനെയുള്ള ആളുകളെ കാണുമ്പോൾ ആണ്.
സദുദ്ദേശ പരമായും, സ്നേഹത്തോടെയും , നമ്മുടെ അഭിവൃദ്ധിയേയും, ഉന്നതിയെയും ലക്ഷ്യമാക്കി കൊണ്ട് നൽകുന്ന ക്രിയാത്മക നിർദ്ദേശങ്ങളെ ,ഞാൻ തെറ്റായി ധരിച്ച് പർവതീകരിച്ചും, വക്രീകരിച്ചും മോശമാക്കി കാണിക്കുകയല്ലേ എന്നൊരു ന്യായമായ സംശയം തോന്നാം നിങ്ങൾക്ക്....
ഉപദേശമായാലും, നിർദ്ദേശമായാലും അത് വാരി വിതറുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം... ആദ്യത്തേത് ആ ഉപദേശം നൽകാൻ ഉള്ള നമ്മുടെ അറിവും, അർഹതയും ആണ്...സ്വന്തമായി ഒരു ചമ്മന്തി അരയ്ക്കാൻ അറിയാത്ത ആൾ, പാലട പായസ നിർമാണത്തെ പറ്റി ആധികാരിക രീതിയിൽ അഭിപ്രായം പറഞ്ഞാൽ എങ്ങനെ ഇരിക്കും ? ഉപദേശം നൽകുന്നതിന് മുൻപ് ആ കാര്യം വ്യക്തതയോടെ, വെടുപ്പോടെ നമുക്ക് ചെയ്യാൻ കഴിയും എന്ന ബോധ്യം വേണം.അങ്ങനെ ഉള്ളവർ നൽകുന്ന ഉപദേശങ്ങൾ ആദരവോടെ സ്വീകരിക്കപ്പെടും.
രണ്ടാമത്തേത് ഉപദേശം നൽകുന്ന സമയവും, രീതിയും ആണ്.എല്ലാവരുടെയും സ്വന്തം അപ്രമാദിത്വം തെളിയിച്ച്, ആത്മരതി പൂകാൻ വേണ്ടി നൽകുന്നതല്ലല്ലോ ആത്മാർത്ഥമായ ഉപദേശം. ഒരാളുടെ ആത്മാഭിമാനത്തെ മുറിവേല്പിക്കാതെയും മാർഗ നിർദേശം നൽകുന്നതിൽ തെറ്റില്ലല്ലോ അല്ലേ ?
മൂന്നാമത്തേതും, ഏറ്റവും പ്രധാനപ്പെട്ടതും ഉപദേശം നൽകുന്ന ആൾക്ക് അത് നമ്മളിൽ നിന്ന് സ്വീകരിക്കാൻ ആഗ്രഹമുണ്ടോ എന്നറിയൽ ആണ് .ഒരു വ്യക്തിയും ആയി നമ്മൾ പങ്കിടുന്ന വൈകാരിക ഊഷ്മളത, ആശയപരമായും, ആദർശപരമായും ഉള്ള ചേർച്ച,മുൻ കാല അനുഭവങ്ങളിലൂടെ നമുക്ക് ആ വ്യക്തിയെ കുറിച്ചുള്ള കാഴ്ചപ്പാട് ഇതെല്ലാം ഒരാളുടെ അഭിപ്രായത്തെ സ്വീകരിക്കാനോ, തള്ളി കളയാനോ നമുക്ക് ഉള്ള പ്രേരണയാണ്.ചുരുക്കത്തിൽ ഫേസ്ബുക്കിനെ പറ്റി എനിക്ക് ഉപദേശം തരാൻ സാക്ഷാൽ മാർക്ക് സക്കർബർഗ് തന്നെ തയ്യാർ ആണെങ്കിലും, അദ്ദേഹത്തിൽ നിന്ന് അങ്ങനെ ഒരു ഉപദേശം എനിക്ക് വേണ്ട എന്നാണ് എന്റെ പക്ഷമെങ്കിൽ അത് മാനിക്കപ്പെടേണ്ടിയിരിക്കുന്നു....
ദീർഘകാലം ആത്മ സൗഹൃദം പങ്കിട്ടവർ ആയിട്ടും, അർജുനൻ ആവശ്യമായി ചോദിക്കുന്നത് വരെ ഗീതാജ്ഞാനം ഉപദേശിച്ചില്ല എന്നതാണ് കൃഷ്ണനെ ശ്രേഷ്ഠനായ ഗുരുവാക്കുന്നത്.ലോകം മുഴുവൻ ആദരവോടെ കേട്ടിരുന്ന മഹാത്മാ ഗാന്ധിജിയുടെ വാക്കുകൾ കേൾക്കാൻ അദ്ദേഹത്തിന്റെ മകൻ എപ്പോഴും വിസമ്മതിച്ചു.
ഡിമെന്റർ ആക്രമണത്തെ ചെറുക്കാനുള്ള വഴിയായി തന്റെ കഥയിൽ റൗളിങ് പറയുന്നത് ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ ഒരു സമയത്തെ മുഴുവൻ ശക്തിയുടെയും ഓർത്തെടുത്ത്, മനസിൽ നിറക്കുക എന്നതാണ്. അപ്പോൾ ഒരാളിൽ നിറയുന്ന ആനന്ദത്തിന്റെ പ്രഭാവം കൊണ്ട് ,സന്തോഷം കൊല്ലുന്ന ആ മായാരൂപികൾ മറഞ്ഞു പോകും.
ആനന്ദം ഊറ്റി കുടിക്കാൻ തക്കം പാർത്തു നടക്കുന്നവർ നമുക്ക് ഒപ്പവും ഉണ്ട്.അവരെ തിരുത്തുക എന്നത് സാധ്യമല്ല. പക്ഷെ നമ്മുടെ ഉള്ളിൽ ആരാലും ഊറ്റി വറ്റിക്കാൻ പറ്റാത്ത ആഹ്ലാദത്തിന്റെ ഉറവകൾ തീർക്കാൻ നമുക്ക് സുസാധ്യമാണ്.