Image

പ്രണയത്തിന്റെ ചാറ്റൽ മഴയിൽ നനഞ്ഞു കുതിരാൻ (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

Published on 19 October, 2022
പ്രണയത്തിന്റെ ചാറ്റൽ മഴയിൽ നനഞ്ഞു കുതിരാൻ (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

പ്രണയം മധുരമാണ്. അക്ഷരങ്ങൾ അനശ്വരവും. അപ്പോൾ പ്രണയാക്ഷരങ്ങൾ എന്നും മധുരതരമായിരിക്കും. ശ്രീമതി നജിത പുന്നയൂർക്കുളത്തിന്റെ "പ്രണയാക്ഷരങ്ങൾ" എന്ന പുസ്തകം ഇയ്യിടെ പ്രകാശനം ചെയ്യുകയുണ്ടായി. മലയാളസാഹിത്യത്തിലേക്കുള്ള അവരുടെ പ്രഥമോപഹാരമാണ് ഈ പുസ്തകം. ഇതിന്റെ പേര് സൂചിപ്പിക്കുന്നപോലെ ഇതിൽ അടങ്ങിയിരിക്കുന്ന നാൽപ്പതോളം കവിതകളിൽ ചിലതിലെല്ലാം പ്രണയവർണ്ണങ്ങൾ അല്ലെങ്കിൽ പ്രണയത്തിന്റെ തിരുമധുരം പുരണ്ടിട്ടുണ്ടു.  ആധുനികതയുടെ തട്ടിപ്പുകൾ ഒന്നുമില്ലാതെ സുഗമമായി വായിച്ച് മനസ്സിലാക്കാവുന്ന നാൽപ്പതു കവിതകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സർഗാത്മകഭാവനകൾ വ്യാപാരം നടത്തുമ്പോൾ കൂടുതലും വിറ്റഴിയുന്നതു കാല്പനികതയാണ്. കാല്പനികതക്ക് (Romanticism) ഇംഗളീഷിൽ റൊമാന്റിസിസം എന്ന് പറയുമ്പോൾ അതിനെ പ്രണയവർണ്ണനയായി (romance) കാണരുത്. റൊമാന്റിസിസം എന്ന് പറയുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്പിൽ പടർന്ന ഒരു പ്രസ്ഥാനമാണ്. കലാപരമായ, സാഹിത്യപരമായ, സംഗീതവിഷയകമായ, ബുദ്ധിപരമായ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 


പ്രണയമെന്ന വികാരം തീവ്രമാണ്. അത് മറ്റു വികാരങ്ങളെ വകഞ്ഞുമാറ്റി വ്യക്തിയെ ഓരോ ദിശകളിലേക്ക് നയിക്കുന്നു. അത്ഭുതമെന്നു പറയാം കവികൾക്ക് ആ വഴികൾ പരിചയമാണ്. അവർ വഴിയോരത്ത് പ്രണയമൊരുക്കുന്ന പ്രകൃതിദൃശ്യങ്ങളിൽ (landscape) മതിമറന്നു ചരട് പൊട്ടിയ പട്ടം പോലെ പാറിപ്പറക്കുന്നു. അവരുടെ കണ്ണിൽപ്പെടുന്ന സുകുമാരദൃശ്യങ്ങളിൽ മോഹിതരായി വർണ്ണകുമിളകൾ പോലെ വാക്കുകൾ ഊതി പറപ്പിക്കുന്നു. അവയെല്ലാം മുന്നിലെ കടലാസ് താളുകളിൽ വീണു ഒരു കാവ്യരൂപം ഉടലെടുക്കുന്നു. മനോജ്‌ഞമായ ആ അനുഭൂതിയിൽ ലയിച്ചുകൊണ്ടു അങ്ങനെ പകർന്നു തരുന്ന വരികൾ നമ്മെയും മോഹിപ്പിക്കുന്നു. പ്രണയകവിതകളുടെ പ്രത്യേകത അവ ഐന്ദ്രികമായ ഒരു വശ്യത (sensuous appeal) വായനക്കാരനിൽ ഉളവാക്കുന്നുവെന്നാണ്. "പ്രണയമേ നിനക്കായ്" എന്ന കവിത അത്തരം അനുഭൂതികൾ പകരുന്നുണ്ട്. ചാറ്റൽ മഴയിൽ കുതിരാൻ മോഹിക്കുന്ന കാമുകഹൃദയത്തിലെ മഴനൂൽ ഇഴകൾ അടുപ്പത്തോടെ പാകി കവി നെയ്യുന്ന പ്രണയപുടവ കണ്ടു നമ്മൾ വിസ്മയാധീനരാകുന്നു. ചാറ്റൽ മഴയിൽ (drizzling) സാധാരണ നമ്മൾ നനഞ്ഞു കുതിരാറില്ല പക്ഷെ കവയിത്രി ഉദ്ദേശിക്കുന്നത് പ്രണയമഴച്ചാറ്റലാണ്. അത് കവികളുടെ സ്വാതന്ത്ര്യം (poetic license) ഒത്തിരി മോഹങ്ങളുടെ ഒരു കൊളാഷ് അതിലുണ്ട്. ഹൃദയമിടിപ്പ് നിലച്ചാലും പ്രിയനോടുള്ള പ്രണയം മരിക്കുകയില്ലെന്നു കവയിത്രി എഴുതുമ്പോൾ കെടാത്ത പ്രണയചൈതന്യം നമ്മുടെ മുന്നിൽ മിന്നിത്തിളങ്ങുന്നു.
വികാരങ്ങളെ ഭാവനയിൽ കൂടി കാണുമ്പോൾ കവിതകൾ പിറക്കുന്നു. ഒരൊറ്റ മരമെന്ന കവിത തീവ്രമായ വികാരങ്ങൾക്ക് മൂർത്തമായ ബിംബങ്ങൾ നൽകി അവയിലൂടെ പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ട് രണ്ടു ഹൃദയങ്ങൾക്ക് ഒരു മരമായി പൂത്തുനിൽക്കാമെന്ന നിർണ്ണയത്തിൽ എത്തിച്ചേരുന്നത് നിസ്സന്ദേഹം നിർവഹിച്ചിട്ടുണ്ട്. പ്രണയകവിതകളെ ലൈംഗികമോഹങ്ങൾ അല്ലെങ്കിൽ കാല്പനികപ്രണയവിഷയങ്ങൾ ഉൾകൊള്ളുന്ന എന്നൊക്കെ  നിരൂപകർ വിധിച്ചാലും അവയാണ് മാനുഷികവികാരങ്ങളുടെ ശുദ്ധമായ പകർപ്പുകൾ. അതിരുകടന്ന അഭിലാഷങ്ങളുടെ പിടിയിൽ അമരുമ്പോൾ മനസ്സിൽ അനുരാഗവീണകൾ മീട്ടുകയായ്. ഓർമ്മകൾ മരിക്കുന്നില്ല എന്ന കവിതയിൽ ഇങ്ങനെ കാണുന്നു." നീ എന്റെ രാഗമാണ്, നീ എന്റെ താളമാണ്." എങ്ങനെയാണ് ഒരാൾ രാഗവും താളവുമാകുന്നത്. പ്രണയമുണ്ടെങ്കിൽ അങ്ങനെയൊക്കെ സംഭവിക്കാമെന്നു കവയിത്രി സ്ഥാപിക്കുന്നു.


വിശിഷ്ട കവിതകൾ വിശിഷ്ടമായ ആത്മാവിൽ നിന്ന് മാത്രമേ ഉറവെടുക്കു എന്ന്  ജോൺ മിൽട്ടൺ പ്രസ്താവിച്ചിട്ടുണ്ട്. ശ്രീമതി നജിതയുടെ ഹൃദയത്തെ അദമ്യമായി പ്രചോദിപ്പിക്കുന്ന വികാരങ്ങളിൽ ഒന്നായി പ്രണയവും വന്നുചേരുന്നു. അത്തരം വികാരങ്ങൾ  ഉളവാക്കുന്ന പ്രതികരണങ്ങൾ മനോഹരമായി ആവിഷ്കരിക്കാൻ ശ്രമിക്കയാണ് അവർ. അപ്പോൾ അവർക്കുണ്ടാവുന്ന ആത്മചൈത്യന്യത്തിൽ നിന്നും ഒരു സൗന്ദര്യദർശനം രൂപപ്പെടുന്നു ഭാവനയും ഭാഷയും കൂട്ടിക്കലർത്തി ആ ദർശനം കവിതയാക്കി ഒഴുക്കുകയാണവർ..
കവികൾ ചുറ്റിലും കാണുന്ന വസ്തുക്കളിൽ, സംഭവങ്ങളിൽ സാഹചര്യങ്ങളിൽ നിന്നെല്ലാം കവിത പകർത്തുന്നു. ഇതിനെ ടി എസ്  ഏലിയാട്ട് objective correlative എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മഴയാത്ര എന്ന കവിതയിൽ ഇത് കാണാം. കാമുകികാമുകന്മാർ പ്രണയാർദ്രയായി യാത്രപോകുമ്പോൾ അതിനനുസൃതമായ പശ്ചാത്തലം സൃഷ്ടിക്കുന്നുണ്ട്. “വയലുകൾക്കിപ്പുറം വാകപൂത്ത വഴിയിലൂടെ, ചിരിമലരുകൾ വിതറി, ഓർമ്മകാടുകൾ പൂക്കാൻ മഴക്കാട്  താണ്ടിയൊരു യാത്ര”.  കമിതാക്കളുടെ മാനസികാഹ്ലാദത്തിമിർപ്പുകൾ വായനക്കാരനിലും എത്താൻ സഹായിക്കുന്ന വർണ്ണന. 
പ്രണയത്തെ മഴയായും, മഴ ചാറ്റലായും, പ്രളയമായും   കവയിത്രി ചിത്രീകരിക്കുന്നുണ്ട്. ഒരു ആഫ്രിക്കൻ ചൊല്ലുണ്ട് " പ്രണയം ഒരു കോടമഴയെപോലെ (Misty Rain) മന്ദം മന്ദം വരട്ടെ എന്നാൽ പുഴയിൽ വെള്ളപ്പൊക്കം ഉണ്ടാക്കട്ടെ. ആത്മപ്രണയത്തിലെ വരികൾ ഇങ്ങനെ " “പ്രണയമൊരു പ്രളയമായ്, കനവായ് കവിതയായ്, മഴച്ചാറ്റലായ്”. പ്രണയമെന്ന വികാരത്തെ ആവിഷ്‌കരിക്കാൻ തിരഞ്ഞെടുക്കുന്ന ബിംബങ്ങളിൽ മഴ നിറഞ്ഞുനിൽക്കുന്നുണ്ട്.  ഈ കവിതയിൽ  കാമുകനായി ഒരു ആകാശം തീർക്കുന്നു കാമുകി. അവളെ അവനിലേക്ക് മാത്രമായി ചുരുക്കുന്നു. ആകാശം പെയ്തുകൊണ്ടിരിക്കട്ടെ എന്ന് മോഹിക്കുന്ന കാമുകി. നമുക്ക് ചുറ്റുമുണ്ട് അവർ,  അതുകൊണ്ട് കവിതയിൽ അതിഭാവുകത്വമില്ല. റഷ്യൻ അമേരിക്കൻ നോവലിസ്റ്റ് വ്ളാദ്മിർ നോബോക്കോവ് മഴയെപ്പറ്റി എഴുതിയത് ശ്രദ്ധിക്കുക. "മഴയെ വെറുക്കരുത്, മഴയ്ക്ക് മേലോട്ട് പെയ്യാൻ അറിയില്ല".പ്രണയസാഫല്യത്തിനായി കാത്തിരിക്കുന്ന വേഴാമ്പലുകൾ എന്ന് പറയുമ്പോഴും മഴ തന്നെയാണ് ആശ്വാസമായി വരുന്നത്. മഴ ഭൂമിയിലേക്ക് പതിക്കുന്നു. മഴയെ പ്രണയിച്ച് കൊതിതീരാതെ ഒരു മഴത്തുള്ളിക്കായി അടങ്ങാത്ത ദാഹത്തോടെ കാത്തിരുന്നുവെന്നും “മഴത്തുള്ളിക്കായി” എന്ന കവിതയിൽ പറയുന്നുണ്ട്.
കവിതാസമാഹാരത്തിൽ പ്രണയാക്ഷരങ്ങൾ എന്ന ശീർഷകത്തിൽ ഒരു കവിതയുണ്ട്. "എന്റെ മൗനങ്ങളുടെ ഗർഭപാത്രത്തിൽ പിറവിയെടുക്കാനായ് വെമ്പൽകൊള്ളുന്നുണ്ട് അപൂർണ്ണമാക്കപ്പെട്ട ഒരായിരം അക്ഷരങ്ങൾ" .....”എവിടെയോ തുടങ്ങി എങ്ങോ അവസാനിപ്പിക്കുന്ന പ്രണയാക്ഷരങ്ങളെ”.. ഇവയെക്കുറിച്ച് വർണ്ണിച്ച് എഴുതുമ്പോൾ അവർക്ക് ആത്മനിർവൃതി ലഭിക്കുന്നുവെന്ന്. ഇതിലും മഴയോർമ്മകളും ഓർമച്ചെപ്പിലെ വളപ്പൊട്ടും കടന്നുവരുന്നുണ്ട്.
കാമുകചിത്രം വരക്കാനും അവർ മഴവിൽ നിറങ്ങളെ ആശ്രയിക്കുന്നു. മഴ പ്രണയത്തിന്റെ പ്രതീകമാണ്. “പ്രണയമെന്നാൽ” എന്ന കവിതയിൽ "പ്രണയമെന്നാൽ വന്യമായ കാമവികാരമല്ല അത് വിശുദ്ധമായ മൃദുലവികാരമാണ്" എന്ന് നമ്മൾ വായിക്കുന്നു. പ്രണയത്തിനു വർണ്ണമേകാൻ കുടചൂടുന്നതെപ്പോഴും പ്രകൃതിയാണ് മഴയും, നിലാവും, പനിനീർപ്പൂക്കളും പ്രണയത്തിനു മനോഹാരിത ചാർത്തുന്നു. ഇങ്ങനെ സൗന്ദര്യമുള്ള വസ്തുക്കൾ നിരത്തുന്നതിലൂടെ അനുവാചകമനസ്സുകളെ ആകർഷിക്കാൻ കഴിയുന്നു. സൗന്ദര്യമുള്ള വസ്തു എപ്പോഴും ആനന്ദം പകരുന്നു എന്ന കവിവാക്യം ഇവിടെ ഓർക്കുക. കമനീയകാഴ്ചകൾ നമ്മുടെ മനസ്സിൽ അനവധി കാലം മായാതെ നിലനിൽക്കുന്നു.

 പ്രണയാക്ഷരങ്ങളിലെ കവിതകളിലെല്ലാം വാക്കുകളുടെ സൗന്ദര്യം തുടിക്കുന്നുണ്ട്. പ്രണയകവിതകളിൽ അത് സാധാരണയെങ്കിലും ഈ സമാഹാരത്തിലെ കവിതകൾ അവയ്ക്കിണങ്ങുന്നവിധം മനോഹാരിത പ്രദർശിപ്പിക്കുന്നു. ഒമ്പതുവരികളിൽ ഒതുങ്ങാതെ കിടക്കുന്ന "പ്രണയവസന്തം" എന്ന കവിത  വായനക്കാർക്കായി പൂർണ്ണമായി താഴെ ഉദ്ധരിക്കുന്നു.

പ്രണയമേ നീ പൂത്തുലഞ്ഞപ്പോഴാണ് 
എന്നിൽ വസന്തം വിരിഞ്ഞത് 
നിന്റെ നിശ്വാസത്തിലാണ് 
ഞാൻ ഉരുകിയുണർന്നത് 
നിന്റെ നേർത്ത തലോടലിലാണെന്റെ 
മുരടിച്ച സ്വപ്നങ്ങളെല്ലാം വർണ്ണങ്ങളായത് 
എന്നിലേയ്ക്ക് നീ രാഗങ്ങളായി പെയ്തപ്പോഴാണ് 
ഞാനൊരു  തംബുരുവായത് .

പ്രണയാക്ഷരങ്ങൾക്കൊപ്പം കാലികപ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും, പ്രകൃതിയെക്കുറിച്ചും, മനുഷ്യജീവിതാവസ്ഥകളെക്കുറിച്ചും, പ്രവാസത്തെ ക്കുറിച്ചുമൊക്കെ കവിതകൾ ഉണ്ട്. അതിലെല്ലാം അസമതത്തിനെതിരെയുള്ള പ്രതിഷേധങ്ങളും, നന്മനിറഞ്ഞ ലോകത്തിന്റെ ആവശ്യകതയും വളരെ ലളിതമായി പ്രതിപാദിക്കുന്നുണ്ട്.  കവിയുടെ ധർമ്മം മനസ്സിലാക്കി അവർ പ്രതികരിക്കുന്നു. ആശുപത്രിക്ക് ഒരു നല്ല നിർവചനം "മരണം മണക്കുന്ന ആശുപത്രീകൾ" എന്ന കവിതയിൽ  കാണാം." ദൈവത്തെ കൂടുതൽ ഓർമ്മിക്കുന്നതും ഓർമ്മിപ്പിക്കുന്നതും അവിടങ്ങളിലാണ്". പ്രണയം മുഖപുസ്തകത്താളുകളിൽ കയറിപ്പറ്റി അവിടെയും പൂക്കുകയും, തളിർക്കുകയും പിന്നെ നോവോടെ കൊഴിയുകയും ചെയ്യുന്നവെന്ന നിരീക്ഷണം പ്രസക്തമാണ്. കവിതകൾ മനുഷ്യരുടെ കാഴ്ച്ചപ്പാടുകൾ വികസിപ്പിക്കുകയും മാർഗ്ഗദര്ശനങ്ങൾ നൽകുകയും ചെയ്യുന്നു. ശ്രീമതി നജിത കവി എന്ന നിലക്ക് അവർക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത കവിതകളിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. 
ഇനിയും ധാരാളം കാവ്യസമാഹാരങ്ങൾ കൈരളിക്ക് സമർപ്പിക്കാൻ കാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ.
(പുസ്തകത്തിന്റെ വില നൂറു രൂപയാണ്. കോപ്പികൾ ആവശ്യമുള്ളവർ മജ്ഞരി ബുക്സ്, കോതമംഗലം ഫോൺ 8111989132 ബന്ധപ്പെടുക.)
ശുഭം

# book review-PRENAYAKSHARANGAL

Join WhatsApp News
Abdul Punnayurkulam 2022-10-19 13:18:30
Very interestingly and easily readable fashion written Sudheer its review, but missed mention seldom spelling error.
Ninan Mathullah 2022-10-19 16:06:49
Thanks for the review Mr. Sudhir. Appreciate your ability to read and review poems in Malayalam for readers. I don't have the patience or time sometimes to analyse poems. Best wishes to Najitha. Is she related to Mr. Punnayurkulam?
Zac Joseph 2022-10-20 17:55:00
കവിതയും നിരൂപണവുമാണ് അമേരിക്കൻ മലയാളികൾക്ക് താൽപ്പര്യവും അതിലാണ് അവർ കഴിവുപ്രകടമാക്കുന്ന്തും. വായനക്കാർ ആ കഴിവിനെ അംഗീകരിക്കുന്നില്ലെന്നുള്ളത് വേറെ കാര്യം. എന്നാലും അമേരിക്കൻ മലയാളികളിൽ അധികവും കവികളും നിരൂപകരുമാണ്. ഒരു പുതിയ കവയിത്രിയെ കണ്ടതിൽ സന്തോഷം. അഭിനന്ദനങൾ.
Sudhir Panikkaveetil 2022-10-26 19:04:28
പ്രിയ വായനക്കാർക്കും അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തിയ സമനസ്സുകൾക്കും പ്രണാമം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക