Image

സാമൂഹ്യ മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ   (സന്തോഷ് പിള്ള)              

Published on 19 October, 2022
സാമൂഹ്യ മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ   (സന്തോഷ് പിള്ള)              

ശ്രീദേവി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പ്രേമാഭിഷേകം എന്ന സിനിമയിലെ,

“നീലവാന ചോലയിൽ, നീന്തിടുന്ന ചന്ദ്രികേ,

ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടുഞാൻ "

എന്ന ഗാനരംഗമാണ്. വളരെ ഹൃദ്യമായ ശ്രീദേവിയുടെ അഭിനയം.

"ദേവി ശ്രീദേവി തേടിവരുന്നു ഞാൻ

നിൻ ദേവാലയ വാതിൽ തേടി വരുന്നു ഞാൻ"

എന്ന മറ്റൊരു ഗാനവും ഇപ്പോൾ അറുപതിനോടടുത്ത വയസ്സുകളിൽ  എത്തിനിൽക്കുന്നവർ ഓർക്കുവാൻ സാദ്ധ്യതയുണ്ട്.

ശ്രീയെന്നാൽ ഐശ്വര്യം, ദേവിയെന്നാലോ? ഭഗവൽ സ്വരൂപത്തിൻ്റെ സ്ത്രൈണ ഭാവം ഉൾകൊണ്ട രൂപം. സമ്പൽ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ലക്ഷ്മി ഭാവമായി സങ്കല്പിക്കാം. അപ്പോൾ ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് കണ്ടാൽ സംശയിക്കേണ്ട കാര്യം ഇല്ല. പക്ഷെ ആളുടെ ചിത്രം ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടില്ല, പകരം മനോഹരമായ ഒരു പുഷ്പമാണ് പ്രൊഫയിൽ ചിത്രം. അതൊരല്പം ആശങ്ക ഉളവാക്കുന്നു,  എങ്കിലും, കുലീനയായ ഒരു മഹിളാരത്‌നം തൻറെ ചിത്രം,  മാലോകരെല്ലാം കാണേണ്ട എന്ന ചിന്തയോടെ ചെയ്ത ഒരു നല്ല പ്രവർത്തിയായും ഇതിനെ വ്യാഖാനിക്കാം. പിന്നെ പുഷ്പം, സ്നേഹത്തിനേയും, സ്വാന്തനത്തിനെയും ഒക്കെയാണല്ലോ സൂചിപ്പിക്കുന്നത്.

 കവിതയിലും, അതിലുപരി സമ്പൽ സമൃദ്ധിയിലും താല്പര്യമുള്ള ഒരു ദേവന്,  ശ്രീദേവി എന്ന ഫേസ്ബുക്കിൽ നിന്നും ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ നിരസിക്കുവാൻ സാധിക്കുമോ?. ഭഗവൽ എന്ന നാമത്തിന്റെ പര്യായമായി ദേവൻ എന്നും പറയാം. അങ്ങനെ ഭഗവൽ സിങ്ങും ശ്രീദേവിയും തമ്മിൽ വളരെ അടുപ്പത്തിലായി. ശ്രീദേവി പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന അത്രക്കടുപ്പം.  ശ്രീദേവി സിദ്ധനെ പരിചയപ്പെടുത്തുന്നു, സിദ്ധനുമായി ചേർന്ന്  രണ്ടുസ്ത്രീകളെ കശാപ്പുചെയ്ത്, ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ഇതുവരെ കേട്ടുകേൾവിപോലുമില്ലാത്ത വിധത്തിൽ പൈശാചിക പ്രവർത്തികൾ ചെയ്തുകൂട്ടുന്നു..

കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ ആണ് ഭഗവൽ സിങ് അറിയുന്നത്, ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിലൂടെ ബന്ധപെട്ടിരുന്നത് മുഹമ്മദ് ഷാഫി എന്ന റഷീദ് ആയിരുന്നു എന്ന്. ശ്രീദേവിയായും, സിദ്ധനായും ഇനിയും അറിയാപെടാനിരിക്കുന്ന ഒട്ടനവധി വേഷങ്ങളും അഭിനയിച്ചിരിക്കുന്ന  ഒരു പ്രഗൽഭനായ കുറ്റവാളിയാണ് റഷീദ്..

കൂടത്തായി സംഭവപരമ്പരക്കു ശേഷം,  മാധ്യമങ്ങൾക്ക് വീണുകിട്ടിയ ചാകരയായി ഇലന്തൂർ നരബലി ഇപ്പോൾ കളം നിറഞ്ഞു നിൽക്കുമ്പോൾ,  നമ്മൾ ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു പ്രധാന വിഷയം, ഈ കുറ്റകൃത്യത്തിൽ ഫേസ്ബുക്കിനുള്ള പങ്ക് എത്രത്തോളമുണ്ട് എന്നതാണ്.

ഗൂഗിളിൽ, ഫേസ്ബുക്കിൽ, യു ട്യൂബിൽ ഒക്കെ നമ്മൾ പ്രവേശിക്കുമ്പോൾ നമ്മളുടെ ഓരോ നീക്കങ്ങളും സസൂഷ്മം വീക്ഷിക്കുന്ന മൂന്നുനാലു നെറ്റ്‌വർക്ക് എഞ്ചിനീയേഴ്‌സ്  നമ്മൾ ഉപയോഗിക്കുന്ന,  ഉപകരണത്തിന്റെ സ്ക്രീനിനു പിന്നിൽ  പതുങ്ങിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ  നമ്മളുടെ ഉപയോഗങ്ങൾ മനസ്സിലാക്കി,  ഓരോ വ്യക്തിയുടെയും  സ്വഭാവങ്ങൾ ക്രോഡീകരിച്ച്,  അനേകം സൂപ്പർ കമ്പ്യൂട്ടറുകൾക്ക് നമ്മളെ സംബന്ധിച്ച വിവരങ്ങൾ ഇവർ പകർന്നുകൊടുക്കുന്നു. അൽഗോരിതം ഉപയോഗിച്ച് സൂപ്പർകമ്പ്യൂട്ടറുകൾ  ഓരോ ഉപഭോക്താവിന്റെയും സാങ്കല്പിക സ്വഭാവം നിർമ്മിച്ചെടുക്കുന്നു. ഇങ്ങനെ നിർമ്മിച്ചെടുക്കുന്ന രൂപം (Virtual) സാങ്കല്പികമാണെങ്കിലും ഒരു വ്യക്തി എങ്ങനെയൊക്കെ പ്രവർത്തിക്കാൻ സാദ്ധ്യതയുണ്ട് എന്ന് കൃത്യമായി പ്രവചിക്കുവാൻ വിവര സാങ്കേതിക കമ്പനികൾക്ക് സാധിക്കുന്നു. ഉപഭോക്താവിന്റെ സ്വഭാവത്തെ സ്വാധീനിച്ച് ഇന്റർനെറ്റ് ഭീമന്മാരുടെ സാമ്പത്തിക ലാഭത്തിനു വേണ്ടുന്ന പ്രവർത്തികൾ  നമ്മളെകൊണ്ട്  ചെയ്യിപ്പിക്കാൻ വരെ  ഇവർക്കു സാധിക്കുന്നു.

മനുഷ്യരാശിയുടെ തിരോധാനത്തിന് കാരണമാകാവുന്ന  ഒരു പ്രതിഭാസം കൃത്രിമ ബുദ്ധി (artificial intelligence)  ആണെന്ന് ശാസ്ത്രജ്ഞൻമാർ പ്രവചിച്ചിട്ടുണ്ട്. നമ്മളുടെ സങ്കല്പത്തിലുള്ളത്, വലിയ ഒരു റോബോട്ട് പോലെയുള്ള ഉപകരണം വന്ന് മനുഷ്യരെ എല്ലാം അടിമകളാക്കുന്നു എന്നതാണല്ലോ. പക്ഷെ ഇപ്പോൾ തന്നെ സാമൂഹ്യ മാധ്യമങ്ങൾ,  കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഉപഭോക്താക്കളെ അടിമകൾ ആക്കിക്കഴിഞ്ഞിരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ളവർ നെറ്റ് ഫ്ലിക്സിലെ  "The Social Dilemma"  കാണുക.

മലയാളികൾക്കെല്ലാം തലകുനിച്ച് നടക്കേണ്ടി വന്ന ഈ സംഭവത്തിന് സാങ്കേതിക വിദ്യയെ മാത്രം  പഴിചാരനല്ല ശ്രമിക്കുന്നത്. എന്നാൽ "സൈബർ സെല്ല്" പോലയുള്ള കുറ്റാന്വേഷണ ഏജൻസികൾ പ്രൊഫൈൽ പിക്ച്ചർ ഉപയോഗിക്കാതെ തുടങ്ങിയിരിക്കുന്ന ഫേസ്ബുക് പേജുകളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയാൽ അനേകം  മനുഷ്യ ജീവനുകൾ ഭാവിയിൽ  രക്ഷപെടുത്തുവാൻ  സാധിക്കും.

#  Social Media Addiction some serious repercussions to your physical and mental health

Join WhatsApp News
Saji Kumar 2022-10-20 06:02:16
ഇലന്തൂർ സംഭവം മൂന്നു സൈക്കോപാത്തുകളുടെ സമാഗമത്തിൽ സംഭവിച്ച കൊടും ക്രൂരതയാണ്. ആ വീടിരിക്കുന്ന സ്ഥലത്തിന്റെ സവിശേഷസാഹചര്യവും ഈ സൈക്കോപാത്തുകൾക്ക് അനുഗ്രഹമായി. നമ്പർ വൺ, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ പറഞ്ഞാലും ശരാശരി കേരളീയൻ ഇന്നും അന്ധവിശ്വാസിയും ആഭിചാരപ്രിയനുമാണ്. ഇത്തരക്കാർക്ക് ഹിന്ദു-ക്രൈസ്തവ- ഇസ്ലാം വേർതിരിവില്ല എന്നതും ഇലന്തൂർ സംഭവം ബോധ്യപ്പെടുത്തുന്നു. ഡിസാസ്റ്റർ ടൂറിസത്തിൽ നിന്ന് ക്രിമിനൽ ടൂറിസത്തിലേക്ക് പ്രബുദ്ധകേരളത്തിൻ്റെ വളർച്ചയും ഇലന്തൂരിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. വിർച്വൽ റിയാലിറ്റിയും റിയാലിറ്റിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. എങ്കിലും ഈ ത്രിമൂർത്തി സൈക്കോപാത്തുകളെ ഒന്നിപ്പിച്ചതിൽ ഫെയ്സ്ബുക്കിൻ്റെ പങ്ക് എടുത്തുപറയാതെവയ്യ. ആർട്ടിഫിഷ്യൽ ഇൻറലിജൻസും സോഷ്യൽ മീഡിയ അൽഗോരിഥവും മനുഷ്യനെ എങ്ങനെ അടിമകളാക്കുന്നു എന്ന ലേഖനത്തിലെ വിവരണവും ഏറെ പ്രസക്തം.
Ninan Mathulla 2022-10-21 13:57:55
The dangers of social media pointed out in the article is good. At the same time, trying to white wash a criminal is not right. 'ഭഗവൽ എന്ന നാമത്തിന്റെ പര്യായമായി ദേവൻ എന്നും പറയാം' (quote from the article). Due to propaganda from social media, TV channel discussions, news paper columns etc now the full responsibility for the crime is on Shafi. Is the problem here is that one is a Muslim and the other is a Hindu? Racism can influence human mind without our knowledge. If the culprit is from a group we identify with as the same gender, race or religion, then we can ignore his/her shortcomings and exaggerate on the shortcomings of the other person. Rare to see nowadays anybody associate, ഭഗവൽ സിങ് with the crime. Now he is a innocent victim as per this article. 'കൂടത്തായി സംഭവപരമ്പര' is mentioned here in the article. In USA also if the crime is by a Black person or a foreigner the media and channel discussions will continue for more than a month on the person, his psychology, parents family etc. If the culprit is a White person, police and media are reluctant to even publish his photo and news and channel discussions will end in a few days as importance is given to other news. Racism is a phenomenon hard to understand. It is possible that a Hindu, Christian or Muslim can change names through court and use it for media propaganda and discussions. I once changed my name in USA. It is simple. Although, I changed my name, still I am the same person inside. Beware of such things!! It is possible when crooked minded people exploit it for political purposes. It is impossible to prove the faith of a person legally. Organized efforts to infiltrate into any faith based organization or community is possible with a motive to tarnish the image of an organization or community as RSS/BJP has infiltrated Congress party. Truth will not come out immediately in such cases.
Santhosh 2022-10-23 22:48:41
ലേഖനത്തിലെ അവസാന ഭാഗം ഒരിക്കൽ കൂടി കൊടുത്തിരിക്കുന്നു. "മലയാളികൾക്കെല്ലാം തലകുനിച്ച് നടക്കേണ്ടി വന്ന ഈ സംഭവത്തിന് സാങ്കേതിക വിദ്യയെ മാത്രം  പഴിചാരനല്ല ശ്രമിക്കുന്നത്. എന്നാൽ "സൈബർ സെല്ല്" പോലയുള്ള കുറ്റാന്വേഷണ ഏജൻസികൾ പ്രൊഫൈൽ പിക്ച്ചർ ഉപയോഗിക്കാതെ തുടങ്ങിയിരിക്കുന്ന ഫേസ്ബുക് പേജുകളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയാൽ അനേകം  മനുഷ്യ ജീവനുകൾ ഭാവിയിൽ  രക്ഷപെടുത്തുവാൻ  സാധിക്കും".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക