തികച്ചും ഉത്തരവാദരഹിതമായ മോഹൻലാൽ ഷോയിൽ തുടങ്ങി തൊട്ടാൽ പൊള്ളുന്നൊരു പ്രമേയത്തിന്റെ തിളച്ചു മറിയുന്ന ക്ളൈമാക്സിലേക്ക് പ്രേക്ഷകരെ നടുക്കും വിധം എടുത്തെറിയുന്ന സിനിമാ വ്യത്യസ്തതയാണ് മോൺസ്റ്റർ . സൂപ്പർതാരത്തിന്റെ സാന്നിധ്യം സിനിമയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുക്കുന്നു എന്ന നിലയ്ക്ക് അംഗീകരിക്കാമെന്നല്ലാതെ സിനിമയുടെ തുടക്കം മോഹൻലാലിന്റെ ബോറൻ കോമഡി പരിശ്രമത്തിലൂടെയും സ്ത്രീത്വത്തെ കൊഞ്ഞനം കാട്ടുന്ന ദ്വയാർത്ഥ സംഭാഷണങ്ങളിലൂടെയും നമ്മെ മനം മടുപ്പിക്കുന്നതാണ്. ഇടവേളയോടടുത്തും തുടർന്നും റോഷാക്കിലെ പോലെ നിഗൂഢ പ്രതികാരമാണോ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് സംശയം ജനിപ്പിക്കുന്നു മുണ്ട്. എന്നാൽ കഥ അദ്ഭുതകരമായ ഒരു ട്വിസ്റ്റിലൂടെ ഒരു കുറ്റാന്വേഷണമായി പരിണമിക്കുകയും അതിന്റെ പരിണാമ ഗുപ്തി ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രമേയത്തിലേക്ക് വളരുകയാണ്. ഈ പ്രമേയത്തിന്റെ കാര്യത്തിൽ ഉദയകൃഷ്ണ കൈയടി അർഹിക്കുന്നു. എന്നാൽ അർഹിക്കുന്ന പരിചരണത്തിലൂടെ മോൺസ്റ്ററിനെ ഗംഭീരമായ ഒരു ചലച്ചിത്രാനുഭവമാക്കി വികസിക്കാൻ തടസ്സമായത് ഉദയകൃഷ്ണയുടെ പതിവ് തിരക്കഥാശൈലിയാണ്. എയർപോർട്ടിൽ വന്നിറങ്ങുന്ന ഒരു ലക്കി സിംഗിനെ കൂട്ടിക്കൊണ്ടു വരാൻ കഥാനായികയായ ഭാമിനി കാറുമായി പോകുന്നതും ആ സിംഗ് ഭർത്താവും കുഞ്ഞുമൊത്തുള്ള ഭാമിനിയുടെ വെഡ്ഡിങ്ങ് ആനിവേർസറിയിലേക്ക് ഇടിച്ച് കയറുന്നതും ഓർഡർ ചെയ്തെത്തിയ കേയ്ക്ക് തട്ടിത്തെറിപ്പിക്കുന്നതും ആകാംക്ഷാ ജനകം തന്നെ. എന്നാൽ കോമഡി ട്രീറ്റ്മെന്റ് വല്ലാതെ ചെടിപ്പിച്ച് കളയുന്നു. ഭാമിനിയുടെ ഭർത്താവിനെ വെടിവച്ച് കൊന്ന് ശവം ഭാമിനിയുടെ കാറിന്റെ ഡിക്കിയിൽ നിക്ഷേപിച്ച് കടന്നു കളയുന്ന ലക്കി സിങ്ങ് പ്രതികാരദാഹിയായ നായകനാണ് എന്ന് ഉറപ്പിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതാണ് ഇടവേള . എന്നാൽ അയാളല്ല കഥാകേന്ദ്രം എന്ന് വ്യക്തമാക്കുന്നതാണ് തുടർഭാഗം . വലിയ പോളിസി ഇൻഷുറൻസ് എടുത്ത വിഭാര്യപുരുഷന്മാരെ രണ്ടാം വിവാഹം ചെയ്ത് അവരെ ഒന്നാം വിവാഹ വാർഷികത്തിന് തന്നെ കേയ്ക്കിൽ വിഷം കലർത്തി കൊല്ലുന്ന ഭാമിനിക്ക് ഒരു ഗാംഗുണ്ട് എന്നറിയുമ്പോൾ പ്രേക്ഷകർ തീർച്ചയായും ഞെട്ടുന്നു. പല സംസ്ഥാനങ്ങളിൽ ആവർത്തിച്ച അത്തരം കൊലപാതകങ്ങളുടെ ചുരുൾ നിവർത്താൻ വന്ന ശിവസുബ്രഹ്മണ്യം എന്ന കുറ്റാന്വേഷകൻ ( ലക്കിസിങ്ങ് ) പാർശ്വ കഥാപാത്രമാവുകയാണ് പിന്നീട് . ഭാമിനിക്ക് ഒരു പ്രണയപങ്കാളിയുണ്ട് - അത് കുഞ്ഞിനെ നോക്കാൻ അവളുടെ വീട്ടിലെത്തുന്ന ദുർഗയാണ് എന്ന് വെളിവാകുന്നത് ക്ളൈമാക്സ് . ഒരു അനാഥാലയത്തിൽ നിന്ന് തമ്മിൽ പ്രണയിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട - വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ പുറപ്പെട്ട ആദ്യരാത്രി പൊതു സമൂഹത്താലും നിയമപാലകരാലും ക്രൂരമായി പീഢിപ്പിക്കപ്പെട്ട രണ്ട് പാവം യുവതികളുടെ കഥയിലേക്കാണ് നമ്മുടെ ഉള്ളുലയ്ക്കും വിധം മോൺസ്റ്റർ എത്തിച്ചേരുന്നത്. ജനുവരി 27 ആണ് ആ വിവാഹദിനം - റിപ്പബ്ളിക്കിന്റെ തൊട്ടടുത്ത ദിനം ! പരസ്പരം സ്നേഹിച്ച് ജീവിക്കാൻ വിടാത്ത റിപ്പബ്ളിക്ക് !! തകർത്തെറിയപ്പെട്ട തങ്ങളുടെ ജീവിതത്തിന് പകവീട്ടാൻ അവർ കച്ചകെട്ടിയിറങ്ങിയതാണ്. ജനുവരി 27 ന് തന്നെ ഒരു വലിയ പോളിസിക്കാരനെ കല്യാണം കഴിച്ച് ഒന്നാം വാർഷികത്തിൽ അവരെ കൊന്ന് പണം സ്വന്തമാക്കുക . അങ്ങനെ നേടിയ വലിയ തുകയുമായി സ്വവർഗാനുരാഗികൾക്ക് സ്വച്ഛമായി ജീവിക്കാൻ കഴിയുന്ന ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിൽ പൗരത്വം നേടുക. ആ ലക്ഷ്യം നശിപ്പിക്കാൻ വന്ന കുറ്റാന്വേഷകനെ ദുർഗ അടിച്ച് നിലം പരിശാക്കി ബന്ധിതനാക്കുന്ന ഒരു ദൃശ്യമുണ്ട് മോൺസ്റ്റർ . മോഹൻലാൽ ഇന്നു വരെ പല സിനിമകളിലായി ചെയ്ത ആണധികാര ഹുങ്കിനുള്ള പ്രായശ്ചിത്തമാണ് അത്. ( പണ്ട് പത്മരാജന്റെ ദേശാടനക്കിളി കളിൽ ശാരിക്കും കാർത്തിക ക്കും ഇടയിലേക്ക് പ്രണയം നടിച്ച് വന്ന് ആ പാവങ്ങളെ ആത്മഹത്യയിലേക്ക് നയിച്ചതും ലാൽ നായകൻ തന്നെ !)
ശരിക്കും കോരിത്തരിച്ചു പോയി ദുർഗയെ അവതരിപ്പിച്ച ലക്ഷ്മി മഞ്ജുവിനെ കണ്ടിട്ട്. നായികയായ ഭാമിനി / റോസി എന്ന റബേക്കയെ അവതരിപ്പിച്ച ഹണി റോസാണെങ്കിൽ വിസ്മയാഭിനയമാണ് കാഴ്ച്ച വച്ചത്. ഇവരുടെ രണ്ടു പേരുടെയും സിനിമയാണ് മോൺസ്റ്റർ . അല്ലാതെ മോഹൻലാലിന്റേതല്ല. ഈ ശക്തമായ പ്രമേയം പ്രേക്ഷകരിലേക്കെത്തിക്കാൻ സംവിധായകൻ വൈശാഖ് കണ്ടെത്തിയ സൂത്രമാണ് ലാൽനായകത്വം.
ഈ യുവതികളോടുള്ള സഹാനുഭൂതി വെടിഞ്ഞ് അവരെ നിയമപരമായി ശിക്ഷിക്കാൻ മോൺസ്റ്റർ ഒരു പരസ്യ വാചകം ഉന്നയിക്കുന്നുണ്ട്. Justice with out mercy! ദയ കൂടാതെയുള്ള നീതി !!
ദയയില്ലെങ്കിൽ അത് പിന്നെങ്ങനെ നീതിയാവും ? അതിനേക്കാൾ വലിയൊരു വേദനാജനകചോദ്യമാണ് സിനിമ മനസ്സിൽ അവശേഷിപ്പിക്കുന്നത് -
നിയമപരമായി പരിരക്ഷ ലഭിക്കാത്തവരെ നിയമപരമായി ശിക്ഷിക്കാൻ നിയമത്തിന് എന്തവകാശം ?
MONSTER PRAKASHAN KARIVELLOOR