അമേരിക്കയിലെ കൊച്ചുകേരളം എന്നു വിശേഷിക്കപ്പെടുന്ന ഫ്‌ളോറിഡായില്‍ താമസിക്കാന്‍ ആഗ്രഹമില്ലാത്ത അമേരിക്കന്‍ മലയാളികള്‍ ചുരുക്കമായിരിക്കും. മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു ഒരു 'അലൂവിയല്‍ ഫാന്‍ ' പോലെ കിടക്കുന്ന ഒരു പെനിന്‍സുല ആണല്ലോ ഫ്‌ളോറിഡ. ഈ ദേശത്തിനു ഇങ്ങനെ ഒരു പേരു ലഭിച്ചതിനപ്പറ്റി പല കഥകളും കേട്ടിട്ടുണ്ട്. എന്നാല്‍ സസ്യശ്യാമളമായ, ധാരാളം പൂക്കള്‍ നിറഞ്ഞ ഒരു ലാന്‍ സ്‌ക്കേപ്പായതിനാലാണ് ഇങ്ങനെയൊരു പേരു വന്നത് എന്ന ഒരു വാദത്തോടു യോജിക്കാനാണു ഈയുള്ളവനും താല്‍പര്യം. ഈ ദേശത്തെ 'സണ്‍ഷൈന്‍ സ്‌റ്റേറ്റെന്നും'വിശേഷിപ്പിക്കാറുണ്ട്. മഞ്ഞും, തണുപ്പും, ബ്ലിസ്സഡും പരിചയമില്ലാത്ത മലയാളികള്‍ മാറി താമസിക്കാനാഗ്രഹിക്കുന്ന 'കൊച്ചു കേരളം'! കേരളം പോലെ തന്നെ നീണ്ടു നിവര്‍ന്നു കിടക്കുന്ന നാട്. അങ്ങനെ ഈ ലേഖകനും ആഗ്രഹിച്ചു.
ഫ്‌ളോറിഡായെപ്പറ്റി പറഞ്ഞാല്‍ കന്നുകാലി വളര്‍ത്തലില്‍ അമേരിക്കയിലെ പതിമൂന്നാമത്തെ സ്ഥാനവും ബീഫ് ഉല്‍പാദനത്തില്‍ പത്താമത്തെ സ്ഥാനവുമാണ്. ഫാമിംഗിനും, വിശിഷ്യാ ഓറഞ്ച് ഉല്‍പാദനത്തില്‍ കാലിഫോര്‍ണിയ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓറഞ്ച് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം. എന്നാല്‍ ഓറഞ്ച് ജ്യൂസ് ഉല്‍പാദനത്തില്‍ ഫ്‌ളോറിഡ തന്നെ മുന്നില്‍ നില്‍ക്കുന്നു. ഓറഞ്ചിന്റെ ഉറവിടം ഇന്ത്യായാണെന്ന് പറയപ്പെടുന്നു. നാരുള്ള കായ, നാരന്‍കാ ആയെന്നും അതു ലോപിച്ചോ, പരിണമിച്ചോ നാരങ്ങ (എല്ലാ സിട്രസ് പഴങ്ങളും) ആയന്നും , പിന്നീട് അറബികള്‍ / മൂഴ്‌സ് ഇന്ത്യയില്‍ നിന്നും അടിച്ചുമാറ്റി അറബി ദേശത്തു കൊണ്ടുപോയി അവര്‍ അതിനെ നറാഞ്ച് എന്നു പേര്‍വിളിച്ചു.അവിടെ നിന്നും മൂഴ്‌സ് സ്‌പെയിനില്‍ അധിനിവേശം നടത്തിയപ്പോള്‍ നറാഞ്ചാ ആയന്നും, ആയിരത്തി അഞ്ഞൂറാമാണ്ടില്‍ സ്‌പെയിന്‍കാര്‍ ഫ്‌ളോറിഡായിലേക്കു അധിനിവേശം നടത്തിയപ്പോള്‍ അവര്‍ നറാഞ്ചാ കൂടെ ഈ പ്രദേശത്തേക്കു കൊണ്ടുവന്നു. പിന്നീട് ഇംഗീഷ് കാരന്‍ കോളനൈസ് ചെയ്തപ്പോള്‍ നറാഞ്ചാ ഇന്നത്തെ നമ്മുടെ ഓറഞ്ചായി മാറി എന്നുമാണ് ഒരിക്കല്‍ ഒരു മലയാളി മാസികയില്‍ വായിച്ചത്.
ഈ ദേശത്തിനുള്ള മറ്റൊരു പ്രത്യേകത ലോകത്തിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള പരമ പ്രധാനമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ മൂലക ഘടകമായ ഫോസ്ഫറൈറ്റു മിനറലിന്റെ സമ്പുഷ്ടതയാണ്. അമേരിക്കയുടെ ഫാമിങ്ങിനാവശ്യമായ ഫോസ്‌ഫേറ്റില്‍ എഴുപത്തഞ്ചു ശതമാനവും ഫ്‌ളോറിഡായില്‍ തന്നെയാണു ഉല്‍പാദിപ്പിക്കുന്നത് എന്നു പറയുന്നതില്‍ അതിശയോക്തി ഇല്ല; കൂടാതെ ലോകത്തിന്റെ ഇരുപത്തഞ്ചു ശതമാനം ഫോസ്‌ഫേറ്റും ഫ്‌ളോറിഡായുടെ സംഭാവന തന്നെ. ഈ പ്രദേശത്തിനു എടുത്തു പറയത്തക്ക വേറൊരു പ്രത്യേകത കൂടെയുണ്ട് - ഹറിക്കേന്‍ !
അമേരിക്കയില്‍ പ്രകൃതി ക്ഷോഭങ്ങളും തന്മൂലമുള്ള ദുരിതങ്ങളും അടിക്കടി ഉണ്ടാകാറുണ്ട് എന്നു ചെറുപ്പകാലം മുതലേ വായിച്ചതു എത്രയോ ശരിയാണെന്നു സ്വ അനുഭവത്തിലുണ്ടായപ്പോളാണു അതിന്റെ തീവ്രതയും, ഭീകരതയും മനസ്സലായത്. പറഞ്ഞു വരുന്നതു സെപ്റ്റംബര്‍ ഇരുപത്തി എട്ടിനു ആഞ്ഞു വീശിയ ഇയാന്‍ (കമി) എന്ന കൊടുംകാറ്റിനെപ്പറ്റിയാണ്.
അമേരിക്ക 'സുരക്ഷിതം' ആണു എന്ന് പറയുമ്പോഴും അത്ര സുരക്ഷിതം അല്ല. സുരക്ഷിതം എന്നു വിശ്വസിച്ചു താമസിക്കുന്ന പലയിടങ്ങളിലും യാതൊരു മുന്നറിയിപ്പും കൂടാതെ വരുന്ന റ്റൊര്‍ണേടോ, ഫ്‌ളാഷ് ഫ്‌ളെഡ്, ഉരുള്‍ പൊട്ടല്‍, തീപിടുത്തം, സിങ്ക് ഹോള്‍, നിരുപദ്രവകാരിയെന്നു കരുതുന്ന മഞ്ഞും അധികമായാല്‍ സ്‌നോ ബ്ലിസ്സഡുംആയി ജന സാമാന്യത്തിന്റെ ജീവിതത്തെ സ്തംഭിപ്പിക്കുന്ന ഘടകങ്ങളാണ്.
രണ്ടാഴ്ചക്കാലമായി പത്രദൃശ്യ വാര്‍ത്താ മാധ്യമങ്ങളിലൂടെ ഇയാന്‍ എന്നൊരു കൊടുങ്കാറ്റു രൂപം കൊള്ളുന്നതായി കാണുന്നുണ്ടായിരുന്നു. ഫ്‌ളോറിഡയില്‍ താമസിക്കുന്നവനു ഹറിക്കേന്‍ ജീവിതത്തിന്റെ ഒരു ഭാഗമാണല്ലോ ? സാധാരണ ഹറിക്കേന്‍ വരുമ്പോള്‍ തെക്കു കിഴക്കന്‍ ഭാഗങ്ങളിലൂടെ ആയിരുന്നു അതിന്റെ സഞ്ചാര പഥം. മെക്‌സിക്കന്‍ ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നവര്‍ക്കു പഴയകാല ചരിത്രം വച്ചു നോക്കുമ്പോള്‍ ഒരു ഹരിക്കേന്റെ പ്രശ്‌നം അത്ര കാര്യമായിട്ടെടുക്കാനില്ല ; കൂടാതെ പണ്ടൊക്കെ ഹരിക്കേന്‍ സീസണ്‍ അടുക്കുമ്പോള്‍ ഫ്‌ളോറിഡായിലെ സെമിനോള്‍ ഇന്ത്യന്‍സ് സുരക്ഷിതമെന്നു കരുതി ഈ ഗള്‍ഫ് ഏരിയായിലായിരുന്നു തമ്പടിച്ചിരുന്നത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
ഈ കൊടുങ്കാറ്റ് ക്യാറ്റഗറി ഒന്നില്‍ തുടങ്ങി അഞ്ചുവരെയായി തീരാറുണ്ട്. ഗ്രേഡ് കൂടുന്തോറും പ്രഹരശേഷിയും കൂടുകയാണ്. അത് കണ്ണില്‍ കണ്ടതിനെയെല്ലാം വാരിയെറിഞ്ഞു നശിപ്പിച്ചുകൊണ്ടു കറങ്ങുകയാണ്. ഒരു കൗണ്ടര്‍ ക്ലോക്കുവൈസായുള്ള കറക്കം...! നോര്‍ത്തേണ്‍ ഹെമിസ് ഫിയറില്‍ ഉണ്ടാവുന്ന ഹരിക്കേനെല്ലാം കൗണ്ടര്‍ ക്ലോസ് വൈസായിട്ടാണ് കറങ്ങുന്നത്. ക്യാറ്റഗറി അഞ്ചില്‍ കൂടുതല്‍ ഉള്ളതായി സഫീര്‍-സിംപ്‌സണ്‍ സ്‌കേയിലില്‍ പറയുന്നില്ല. അഞ്ച് തന്നെ കൂടുതലാണ്.
ഈ ഹറിക്കേന്‍ ഈയുള്ളവന്റെ മൂന്നാമത്തെ അനുഭവമാണ്. അതേ, ഇതൊരു അനുഭവം തന്നെയാണ്. സാധാരണ ഹറിക്കേന്‍ ശക്തമായ മഴയുടെ അകമ്പടിയോടു കൂടി ചുരുങ്ങിയ ഏതാനും മണിക്കൂറുകള്‍ കൊണ്ടു നീങ്ങിപ്പോവാറാണു പതിവ്. എന്നാല്‍ ഒരു നാലാം ക്യാറ്റഗറിയായ ഇയാന്‍ വളരെ നേരം ഫ്‌ളോറിഡായുടെ ഗള്‍ഫ് തീരത്തുള്ള ഫോര്‍ട് മയേഴ്‌സില്‍ കറങ്ങി നിന്നു വീശിയടിച്ചു. ഈ കൊടുങ്കാറ്റ് സാധാരണ പോലെയല്ല ; ഒരു അഞ്ഞൂറു മൈല്‍ വ്യാസമുള്ളതായിരുന്നു. അതിന്റെ പ്രഹര ശേഷിയെപ്പറ്റിയും, മറ്റു സുരക്ഷിത തലങ്ങളിലേയ്ക്കു മാറി പോവേണ്ടതിന്റെ ആവശ്യ കതയെപ്പറ്റിയും ഗവര്‍ണര്‍ മുതല്‍ മറ്റ് ഗവ : ഉപദേഷ്ടാക്കള്‍, കാലാവസ്ഥാ നിരിക്ഷകര്‍ വരെ തല്‍സമയങ്ങളില്‍ ആവോളം പറഞ്ഞുകൊണ്ടേയിരുന്നു. നേപ്പിള്‍സ് മുതല്‍ റ്റാമ്പാ വരെ ഇതിന്റെ പ്രൊജക്ടഡ് ലാന്‍ഫോളായിരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ചില തീരപ്രദേശങ്ങളിലെ, വൈദ്യുതിയും, വെള്ളവും അധികാരികള്‍ നിര്‍ത്തല്‍ ചെയ്തിരുന്നു. ഇതൊന്നും വക വയ്ക്കാതെ അവിടം വിട്ടു മാറാന്‍ മടികാണിച്ച ചില മര്‍ക്കട മുഷ്ടിക്കാര്‍ ഉണ്ടായിരുന്നു ; അവരില്‍ ചിലര്‍ ഇന്നു ജീവിച്ചിരിപ്പില്ല. ഇയാന്‍ ഫോര്‍ട്ട് മയേഴ്‌സില്‍ ലാന്‍ഫോള്‍ നടത്തി, വലിയ നാശ നഷ്ടം വരുത്തി. ഫോര്‍ട് മയേഴ്‌സില്‍ തന്നെയല്ല അതിന്റെ ചുറ്റുവട്ടത്തില്‍ അനേകം മൈലുകളിലേക്കും വന്‍പിച്ച നാശം വരുത്തി. ഞങ്ങള്‍ താമസിക്കുന്ന സിറ്റിയുടെ മുകളിലൂടെ പറക്കാന്‍ ഇയാന്‍ പദ്ധതി ഇട്ടിരുന്നു ; അങ്ങനെയായിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ലേഖനവും പിറക്കുകയില്ലായിരുന്നേനെ....!!! ഇതെഴുതുമ്പോള്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സാധാരണ ഹറിക്കേനുകള്‍ ഞങ്ങളുടെ ഗള്‍ഫ് തീരത്തോടു മുന്‍പൊക്കെ ഒരു മൃദു സമീപനമായിരുന്നു നടത്തിയിരുന്നത്, എന്നാല്‍ ഇന്ന്....
ഒരു ഹറിക്കേന്‍ വരുന്നതിനു മുമ്പ് ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ഒന്നുമില്ലാത പക്ഷി ജന്തു മൃഗാദികള്‍ എല്ലാം തന്നെ അവരുടെ സുരക്ഷിത താവളങ്ങളിലെവിടെയോ അഭയം പ്രാപിച്ചിരുന്നു. അതാണ് പ്രകൃതി സ്വദസിദ്ധമായി അവര്‍ക്കു കൊടുത്തിരിക്കുന്ന സുരക്ഷാ ബോധം ! എന്നാല്‍ ഒരു മുന്നറിയിപ്പും കൂടാതെ വരുന്ന ഫ്‌ളാഷ് ഫ്‌ളഡ്ഡും, റ്റൊര്‍നേഡോയും , സിങ്കോളും വച്ചു നോക്കുമ്പോള്‍ ആവശ്യത്തിലധികം ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ഒരു ഹരിക്കേനെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ സഹായകരമാണ്.
സെപ്റ്റംബര്‍ മാസം ഇരുപത്തിയെട്ടാം തീയതി ബുധനാഴ്ച സാധാരണ പോലെ നേരം പുലര്‍ന്നു, എന്നാല്‍ മണിക്കൂറുകളോളം നേരം വെളുക്കാതെ വൈമനസ്യം കാട്ടി മടിച്ചു, മടിച്ചു നിന്നപോലെ തോന്നി. മരച്ചില്ലകളൊക്കെ പതിവില്‍ കൂടുതല്‍ അലക്ഷ്യമായി കാറ്റിലുലയുന്നതും മറ്റും കാണാമായിരുന്നു. ആ കാറ്റ് ഉച്ചയായപ്പോഴേക്കും ശക്തിയാര്‍ജ്ജിച്ചു, ശക്തമായ മഴയും അനുഭവപ്പെട്ടു. മിന്നലും ഇടിയും സാധാരണ ഹറിക്കേനുകളില്‍ കാണുന്നതായി കണ്ടിട്ടില്ല.
കാറ്റ് ഒരു ശീല്‍ക്കാര ശബ്ദത്തോടു കൂടി ആഞ്ഞു വീശാന്‍ തുടങ്ങി. ഇപ്പോള്‍ ഞങ്ങള്‍ ഇയാന്റെ ബലിഷ്ടമായ കരവലയത്തിനുള്ളിലായി. ശീല്‍ക്കാര ശബ്ദം ഭയാനകരമായി, ഇടയ്ക്കിടെയുള്ള ചൂളം വിളിയും, കാറ്റിന്റെ കൂടെ രണ്ടുമൂന്നു സെക്കന്റു ഇടവിട്ടുള്ള മഴയുടെ ശക്തമായ ഭിത്തിമേലും, ജനാല മേലുമുള്ള പ്രഹരവും, ഇരമ്പലും കൂടി ചേര്‍ന്ന ഈ സംഭവം ഒരു അനുഭവം തന്നെയാണ്. ഏറ്റവും രസകരമായ കാഴ്ച മഴയുടെ ഗതി ചെരിഞ്ഞല്ലായിരുന്നു; പ്രത്യുത ഭൂമിയ്ക്കു സമാന്തരമായി കാറ്റിന്റെ വേഗതയില്‍ പറക്കുന്നതു പോലെ തോന്നി. അല്പം ഭയം അകമെയുണ്ടെങ്കിലും, ഭയത്തിന്റെയും, തന്റേടത്തിന്റെയും ഒരു സമ്മിശ്ര ഉന്മാദലഹരിയും, ഇടയ്ക്കിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒരു കാരണം, രണ്ടായിരാമാണ്ടിനു ശേഷം നിര്‍മ്മിക്കുന്ന വീടുകളൊക്കെയും ഒരു നൂറ്റമ്പതു മൈല്‍ വരുന്ന കാറ്റുകളെ അതിജീവിക്കാന്‍ സംഗതമായ രീതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് വീടുപണിഞ്ഞ ബില്‍ഡര്‍ പറഞ്ഞതു ധൈര്യമേകി. എങ്കിലും എന്റെ ചെടിച്ചട്ടികളില്‍ ഞാന്‍ മക്കളെപ്പോലെ താലോലിച്ചു വളര്‍ത്തുന്ന ചെടികള്‍, ഭിത്തിയില്‍ ഉറപ്പിച്ചിരുന്ന വള്ളിച്ചെടികള്‍...എന്റെ ആശങ്കയുടെ ആക്കം കൂടി !
അഞ്ചുമണിയായപ്പോള്‍ സെല്‍ഫോണിലൂടെ റ്റെക്സ്റ്റുകള്‍ വരാന്‍ തുടങ്ങി ; വീടിന്റെ സുരക്ഷിത ഭാഗത്തേക്കു നീങ്ങുവാന്‍ വീണ്ടും, വീണ്ടും റ്റെക്സ്റ്റുകള്‍ വന്നു കൊണ്ടേയിരുന്നു. രാത്രി പതിനൊന്നായപ്പോള്‍ കാറ്റിന്റെ ഫ്രീക്വന്‍സിയും, ശക്തിയും കുറയുന്നതായി തോന്നി. എട്ട്, ഒന്‍പത് മണിക്കൂര്‍ നേരത്തെ ഇയാന്റെ ഒരു ക്രൂര വിനോദം ! 'കാറ്റുവന്നു കള്ളനെപ്പോലെ .....' കള്ളനെപ്പോലെയുമല്ല, കാമുകനേപ്പോലെയുമല്ലായിരുന്നു. ഈ കാറ്റ് ഒരു ഒന്നൊന്നര കാറ്റ് തന്നെ ആയിരുന്നു.... ഇതാണ് കാറ്റ്...!!!
ഒരോരോ പ്രതിസന്ധികളിലുമാണ് അതിനെ മറി കടക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതും, അതിനുള്ള പ്രതിവിധി തേടുന്നതും. ഇന്ന് സാധാരണ എല്ലാവര്‍ക്കും സാദാ ഫ്രിഡ്ജ് കൂടാതെ ഒരു ഫ്രീസര്‍ കൂടെ ഉണ്ടായിരിക്കും. പവ്വര്‍ കട്ട് വരുമ്പോള്‍ ഫ്രീസറിലെ ഭക്ഷ്യ സാധനങ്ങള്‍ നശിച്ചു പോവാതിരിപ്പാന്‍ കുറേ വാട്ടര്‍ ജെഗ്ഗുകളിലും, സിപ്ലോക്ക് ബാഗുകളിലും, നേരത്തെ വെള്ളം നിറച്ചു വച്ചിരിക്കുന്നതിനാല്‍ പവ്വര്‍ പോയപ്പോള്‍ പ്രയോജനകരമായി. ഫ്‌ളാസ്‌കില്‍ ചായയും, കോഫിയും കരുതിയിരുന്നതും പ്രയോജനം ചെയ്തു. ജനറേറ്റര്‍, ഗ്യാസ് ബേണര്‍ ഒക്കെയും ഒരു പരിധി വരെ പ്രയോജനപ്പെട്ടു. ഇന്നും അമേരിക്കയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് മരിക്കുന്നവരുണ്ടെന്നാണ് വാര്‍ത്ത.
ഫ്‌ളോറിഡായുടെ മണ്ണ് മണലും, സില്‍റ്റും ചേര്‍ന്നുള്ള ഒരു മിശ്രിതമാണ്. വളരെയധികം പൊറോസിറ്റിയുള്ള ഒരു മാട്രിക്‌സ്, കടലില്‍ നിന്നും പൊന്തിവന്നതാണ് ഫ്‌ളോറിഡാ എന്നാണ് സങ്കല്പം. ഒരുകാലത്ത് പോളാര്‍ മേഖലയിലെ പെര്‍മാഫ്രോസ്റ്റ് അത്യുഗ്രമായ ചൂടുണ്ടായി ഉരുകി വീണ്ടും കടലിലെ ജലനിരപ്പുയരുകയും, തദ്വാരാ ഈ പ്രദേശം കടലിലേയ്ക്ക് താഴുകയും ചെയ്യപ്പെടാമെന്നു പറയപ്പെടുന്നു. കടലില്‍ നിന്നും പൊന്തിവന്നതാണ് എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവ് ഇപ്പോഴും മുപ്പതടി വരെ കുഴിച്ചാല്‍ ലഭിക്കുന്ന സ്രാവുകളുടെ ഫോസിലൈസ്ഡ് പല്ലുകളാണ്.
വളരെയധികം പൊറോസിറ്റിയുള്ള ഈ മണ്ണിലെ ജലാംശത്തിന്റെ സാന്ദ്രത കൂടുകയും തന്മൂലം കാറ്റ് വരുമ്പോള്‍ തായ് വേരുകളുള്ള മരങ്ങള്‍ പോലും പിടിച്ചു നില്‍പ്പാന്‍ ശേഷിയില്ലാതെ മറിഞ്ഞു കടപുഴകി വീണു പോകുന്നതും കാണാം. ഫോര്‍ട്ട് മയേഴ്‌സ് ഏറിയായിലെ നാശ നഷ്ടങ്ങള്‍ വളരെയാണ്, അതോടനുബന്ധിച്ചുള്ള ജനങ്ങളുടെ കഷ്ടപ്പാടും. ഞങ്ങളുടെ സിറ്റിയില്‍ ചില ചില്ലറ നാശനഷ്ടങ്ങള്‍ വന്നതല്ലാതെ അധികം പരാതിപ്പെടാന്‍ ഉള്ളതായി ഒന്നും കണ്ടില്ല.
ഒരു ഹറിക്കേന്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഗ്രോസറി സ്‌റ്റോറിലെ വെള്ളവും, ടിഷ്യുപേപ്പറും മറ്റ് അത്യാവശ്യ സാധനങ്ങളും തീര്‍ന്നിരിക്കും. അല്ല തീര്‍ത്തിരിക്കും ! അതുപോലെ തന്നെ ജനറേറ്റര്‍, മറ്റ് വീട്ടുപണിക്കാവശ്യമായ ഒട്ടു മുക്കാല്‍ അത്യാവശ്യ സാധനങ്ങളും ...! റ്റീവീക്കാരും ഈ സ്‌റ്റോറുകളും തമ്മില്‍ ഏതോ ഒരു 'അണ്ടര്‍ സ്റ്റാന്റിംഗ്' അല്ലെങ്കില്‍ 'ഒരു അവിശുദ്ധ ബന്ധം' ഉണ്ടോ എന്നു ചിലപ്പോള്‍ സംശയിച്ചു പോയിട്ടുണ്ട്. അത് ഈയുള്ളവന്റെ വെറുമൊരു സംശയം മാത്രമായിരിക്കട്ടെ !
ഒരിക്കല്‍ റ്റൈറ്റില്‍ കമ്പനിയിലെ നീണ്ട നിര കണ്ടപ്പോള്‍ അവിടുത്തെ ഒരു ഉദ്ദ്യോഗസ്ഥ പറഞ്ഞതോര്‍ക്കുന്നു 'ല്‌ലൃ്യ യീറ്യ ംമിെേ മ ുശലരല ീള വേശ െുമൃമറശലെ' എന്ന്. ഇത്രയധികം ശക്തമായ കാറ്റ് വീശുന്നുവെങ്കിലും ഇരുപത്തി രണ്ടു മില്യന്‍ ജന സാമാന്യങ്ങള്‍ ഇവിടെ സ്ഥിരതാമസമുറപ്പിച്ചിട്ടുണ്ടെന്നുള്ളതും ഒരു പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.6% ആണ് ഇവിടുത്തെ ഡെമോഗ്രാഫിയുടെ വളര്‍ച്ച. എവിടെ നോക്കിയാലും ബില്‍ഡിംഗുകള്‍ നിര്‍മ്മിച്ചു കൂട്ടുകയാണ് - പലര്‍ക്കും സണ്‍ഷൈനും, സമുദ്രവും ഒരു ഹരമാണ്. അതു, ഇവിടെ ഫ്‌ളോറിഡായില്‍ സുലഭം.
ഒക്ടോബര്‍മാസം മുതല്‍ മെയ് മാസം വരെയുള്ള സൂര്യപ്രകാശത്തിന് സ്വര്‍ണ്ണ നിറം ! അറ്റ്‌ലാന്റിക്ക് സമുദ്രത്തിനെ തൊട്ടു തലോടി വരുന്ന കാറ്റിന് വശ്യമായ ഒരു കുളിര്‍മ്മ ! കപ്പയും, തേങ്ങയും, മാങ്ങയും ഒക്കെ മലയാളിക്കു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു അന്തരീക്ഷം ! കേരളത്തെ പോലെ തന്നെ സഞ്ചാരികളുടെ പറുദീസ !
എന്നും പുലരി പൊട്ടിവിരിയുമ്പോള്‍ ജനാലയില്‍ കൂടെ മാന്തളിരും, കറിവേപ്പിലയും, തെറ്റിയും, മുല്ലയും ഒക്കെ ആടുകയും കുഴയുകയും ചെയ്യുന്നത് കാണാമെങ്കിലും, മോനേ ദിനേശാ, ജൂണ്‍ മുതല്‍ നവംബര്‍ വരെ ആറുമാസക്കാലം ഹറിക്കേന്‍ സീസനാണെന്നു ദൃശ്യവാര്‍ത്താ മാധ്യമങ്ങള്‍ ഒര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. അവര്‍ക്കും ഇതൊരു ക്രൂര വിനോദം പോലെ !
ഇവിടെ ഹറിക്കേനുണ്ടായിരിക്കാം, സിങ്കോളുണ്ടായിരിക്കാം, ലൗബഗ്‌സ് ഉണ്ടായിരിക്കാം, ചൂടുണ്ടായിരിക്കാം. ഇതെല്ലാം ബോധപൂര്‍വ്വം സമ്മതിക്കുന്നു. എങ്കിലും ഈ പ്രദേശം വിട്ടു ഈ കൊച്ചു കേരളത്തില്‍ നിന്നും എങ്ങോട്ടും പോവുന്നില്ല.... മരിക്കും വരെ !!!!
# Hurricane Ian in Florida