ഒരാളുടെ ഞരമ്പുകളിലൂടെയുള്ള ചോരയോട്ടമായി വീടിനെയും നാടിനെയും കാത്തുവെക്കുന്നത് അയാളുടെ ഭാഷയാണ്.
ചിന്തയ്ക്കുമോർമ്മയ്ക്കും മനസ്സിനും സ്വപ്നത്തിനും മറ്റൊരു ഭാഷ സാധ്യമല്ല. ആർക്കും സ്വന്തം ഭാഷയിലേ കരയാനും ചിരിക്കാനും കഴിയൂ. ഹൃദയം മിടിക്കുന്നത് ആ ഭാഷയിലാണ്. ആവേശങ്ങൾ തുടിച്ചുണരുന്നതും നിരാശകൾ വന്ന് ഇരുൾ മൂടുന്നതും ആ ഭാഷയിലൂടെ മാത്രം. എന്നെ സംബന്ധിച്ച് ഭാഷാബോധം ഞാൻ ജനിച്ചു വളർന്ന ആലക്കാടുമായി ബന്ധപ്പെട്ട് കിടക്കുന്നു.
പയ്യന്നൂർ കാങ്കോലിന് കിഴക്കുള്ള ആ ഗ്രാമം എനിക്ക് അമ്മനാട് മാത്രമല്ല , അമ്മ ഭാഷയുമാണ്.
എട്ടു വയസ്സു വരെ ഞാൻ ജീവിച്ചത് ആലക്കാട്ടാണ്. നിറുകയിൽ കുറേ മൊട്ടപ്പാറകൾ ചൂടിയ ഒരു കാട്ടുകുന്നിൻ ചരിവായിരുന്നു ഏക്കറു കണക്കിനുള്ള ഞങ്ങളുടെ വളപ്പ് . വീടിന്റെ ഓരത്തു തന്നെ വലിയൊരാലയും അതിൽ എന്നും മൂന്ന് നാല് കാലികളുമുണ്ടായിരുന്നു. കാലികളെ മേയാൻ വിട്ടിരുന്നത് പാറക്കേ ക്കായിരുന്നു.
പറമ്പിന് താഴെ നോക്കെത്താ ദൂരത്തോളം കണ്ടങ്ങളും കണ്ടത്തിൻ കര നീളെ തെങ്ങുകവുങ്ങിൻ തോട്ടങ്ങളുമായിരുന്നു.
ആലയും കാടും - ആ വാക്ക് മാനവ സംസ്കൃതിയെ അടയാളപ്പെടുത്തുന്നു. കാട്ടിൽ നിന്ന് നാട്ടിലേക്ക് പരിണമിച്ചപ്പോഴാണല്ലോ മനുഷ്യൻ വീട് കെട്ടാനും ഇണക്കി വളർത്തുന്ന കാലികൾക്ക് പാർക്കാൻ ആലകൾ ഉണ്ടാക്കാനും തുടങ്ങിയത്. കാലിക്ക് തിന്നാൻ വല്ലം നിറയെ ഉണങ്ങിയ നെപ്പുല്ല്. നെല്ലിന്റെ പുല്ലിനെ അങ്ങനെയും പറയുമായിരുന്നു. കിഴക്കേറയത്തെ വലിയ പത്തായത്തിലും മച്ചുമ്മലറയിലും നിറയെ നെല്ല് . ദേശത്തിന്റെ സ്വാഭാവിക പ്രകൃതിയിൽ മനുഷ്യർ ചാലിച്ചു ചേർത്ത കാർഷിക പ്രകൃതിയായിരുന്നു എന്റെ ബാല്യത്തിലെ ആലക്കാട് .
ആലക്കാട്ട് കാക്ക കരഞ്ഞതിലും അമ്മമ്മ പറഞ്ഞതിലും നിറയെ നാട്ടുഭാഷയായിരുന്നു. നാട്ടുമ്പുറത്തെ ഏതൊരു കുഞ്ഞിന്റെയും ആദ്യ കേൾവികളിൽ ഏറെക്കുറേ സാമാന്യമായി കടന്നു വരാനുള്ള രണ്ട് കാര്യങ്ങൾ അമ്മപ്പറച്ചിലും കാക്കക്കരച്ചിലും തന്നെ. അമ്മ പറഞ്ഞ വാക്കുകളേക്കാൾ വേഗം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവുക സ്വന്തം പേര് പറഞ്ഞ് കരയുന്ന കാക്കയെയായിരിക്കണം.
എന്തെ കാക്കേ കരയ്ന്ന്
നന്നെങ്കിലേറെക്കര
പൊട്ടങ്ങ് പാറിപ്പറന്ന് പോ
കൊടും വേനലിലും ചുറ്റിലുമുളള മാവിന്റെയും പ്ളാവിന്റെയും പറിങ്ക്യാ വിന്റെയും മുരിക്കിന്റെയും പച്ചിലക്കുളിർ ചൂടി നിന്ന ആ തറവാടും ഒരു നാട്ടുഭാഷാ പൂർണതയായിരുന്നു. വടക്കിനിയും പടിഞ്ഞാറ്റിയും കൊട്ടിലാവും കിഴക്കിനിയും ഇറയവും വടക്കിനിപ്പുറത്ത് ഒരു ഒലക്കോടും . വാക്കുകളുണർത്തുന്ന ഗൃഹാതുരതയിലൂടെയാണ് നിത്യവും ഞാനെന്റെ ആലക്കാട്ടേക്ക് മടങ്ങിയെത്താറുള്ളത്.
കേട്ടും പറഞ്ഞും വായിച്ചും എഴുതിയും നേടിയ ഈ ജീവിതത്തിന്റെ വേരുകൾ ഇന്നും ആ മണ്ണിലാണ്. മൂന്നാം ക്ളാസ് വരെ പഠിച്ച സരസ്വതീ വിലാസം സ്കൂളിലെ ഉപ്പുമാവ് പുരയിലെ മണലിൽ കുറിച്ച ആദ്യക്ഷരത്തിന്റെ പുണ്യം. കഥ കേട്ടും കവിത ചൊല്ലിയും അമ്പിളി അമ്മാവൻ വായിച്ചും അന്നത്തെ ബാല്യത്തിന് പ്രിയ കൂട്ടാവാൻ ഭാഷ മാത്രമായിരുന്നു.
കുളുത്തും കുടിച്ച് കാട്ട് പ്പോവാൻ അത്തളി ഇത്തളി പാടുന്ന കളിപ്പാട്ടിലും കൊളത്ത്ന്ന് പിടിക്കുന്ന മുശുവിന്റെ വഴുവഴുക്കലിലും കവുങ്ങും പാള വലിച്ചുള്ള വണ്ടിയാക്കിക്കളിയിലും എന്തിന് കൊത്തങ്കല്ല് കളിക്കാൻ പെറുക്കിയ മിനുസക്കല്ലിലും വരെ ആലക്കാടിനെ ഭാഷയായി കൊത്തി വച്ചിരിക്കുന്നു .
കണ്ടത്ത്ന്ന് പറക്കിക്കൊണ്ടന്ന അട്ടക്കുടു എണ്ണീല് കുര് മൊളും കൂട്ടി പൊരിച്ചിറ്റ് ശ്വാസം മുട്ട്ന് മരുന്നായി തന്ന വല്യമ്മയുടെ ഓർമ്മയ്ക്കും ആ നാട്ടുഭാഷയുടെ മണമുണ്ട്. അടിയന്തിരാവസ്ഥ അറബിക്കടലിൽ എന്ന് കാളീശ്വരത്തങ്ങാടിയിൽ ചുമരെഴുതാൻ നാരാണമ്മാവന്റെ കയ്യക്ഷരത്തിൽ നിന്ന് പകർന്നു കിട്ടിയ രാഷ്ട്രീയബോധവും ആലക്കാടൻ ഭാഷയ്ക്കൊരനുബന്ധമാണ്.
പെറ്റമ്മയും പിറന്ന മണ്ണും ഭാഷയായി മാറുന്ന അനുഭൂതി വിശേഷമാണ് എനിക്കെന്റെ ആലക്കാട് . വീട്ടുകളത്തിന്റെ തുമ്പിന് തൊട്ടടുത്തായി പന്തലിച്ച ആ മുല്ലവള്ളിപ്പടർപ്പിൽ നിന്നും പൂക്കളുടെ സുഗന്ധം രാത്രിക്കത്തെ കാറ്റിൽ എന്നെത്തേടി കരിവെള്ളൂരേക്കെത്താറുണ്ട് ഇപ്പോഴും !
AMMANAADU - PRAKASHAN KARIVELLOOR ABOUT AALAKKADU