Image

CC 8/AD 36  ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍- അധ്യായം: 2: സലിം ജേക്കബ്‌)

Published on 02 November, 2022
CC 8/AD 36  ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍- അധ്യായം: 2: സലിം ജേക്കബ്‌)

  'പിതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ഫാദര്‍ ജോണ്‍സണെ കാണണം'
    തന്റെ വിസിറ്റിംഗ് കാര്‍ഡ് നല്‍കിയശേഷം ഡി.വൈ.എസ്.പി കൃഷ്ണന്‍ ഹോംസ് തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. നിഷ്‌കളങ്കയായ ആ കന്യാസ്ത്രീ അതു വാങ്ങിയശേഷം തെല്ലൊരാശ്ചര്യത്തോടെ മൊഴിഞ്ഞു. 'ഫാദര്‍ ജോണ്‍സണ്‍ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കുകയുള്ളു. മാത്രവുമല്ല, ഇന്ന് പരിശുദ്ധ പുണ്യവാളന് ബലിയര്‍പ്പിക്കുന്ന ദിവസം കൂടിയാണ്. അതുകൊണ്ട്.....' ഹോംസിന്റെ രൂക്ഷമായ നോട്ടം കന്യാസ്ത്രീയെ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല.

    'ഞാന്‍ കാത്തിരിക്കാം. എന്റെ കാര്‍ഡ് അച്ചനെ കാണിച്ചാല്‍ മതി'.

    ഭവ്യതയോടെ കന്യാസ്ത്രീ അകത്തേക്കു പോയി. സന്ദര്‍ശകമുറിയില്‍ ഇരിപ്പുറപ്പിച്ച ഹോംസ് തന്റേതായ ചിന്താലോകത്തേക്കും. JBI യുടെ (Jerusalem Bureau of Investigation) ഡയറക്ടര്‍ ആകണം എന്നത് ഹോംസിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷേ  JPS (Jerusalem Police Service) ഇല്ലാത്ത ഏതൊരാള്‍ക്കും അത് അപ്രാപ്യം. യാദൃശ്ചികമായിട്ടാണ് ഇസ്‌കാരിയോത്തിനെ കിട്ടുന്നത്. താന്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍........ നീങ്ങിയാലേ പറ്റൂ. 

    നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മുന്നണി പടയാളിയായി റോമാസാമ്രാജ്യത്തിന്റെ സേനയില്‍ ചേരുമ്പോള്‍ ഹോംസിന് കേവലം 18 വയസ്സ്. തന്റെ സാമര്‍ത്ഥ്യത്താല്‍ ഒന്നൊന്നായി ഉദ്യോഗക്കയറ്റം ലഭിച്ച ഹോംസിന്റെ ഏറ്റവും വലിയ നേട്ടം അന്ന് റോമാ സാമ്രാജ്യത്തിന്റെ തലവേദനയായിരുന്ന ഒരു ജനകീയ വിപ്ലവത്തിന്റെ നേതാവിനെ ക്രൂശിച്ചതായിരുന്നു. പക്ഷേ, വിപ്ലവം അതോടെ ആരംഭിക്കുന്നതേയുള്ളു എന്ന് തന്റെ ആറാം ഇന്ദ്രിയത്തിലൂടെ അറിഞ്ഞ ഹോംസ്, റോമാ സാമ്രാജ്യം നിലംപതിക്കും എന്ന് തീര്‍ച്ചയായപ്പോള്‍ ജനകീയ വിപ്ലവത്തിന് അനുകൂലമായ നിലപാടെടുത്തു. നേതാവില്ലാതിരുന്ന ജനങ്ങള്‍ അദ്ദേഹത്തെ തങ്ങളുടെ രക്ഷിതാവായി കണ്ടു. പാവം ജനങ്ങള്‍ വിശ്വസിച്ചത് ഹോംസ് പിന്തുണച്ചതുകൊണ്ടാണ് അവരുടെ വിപ്ലവം വിജയിച്ചതെന്നാണ്. ഹോംസിന്റെ ബുദ്ധിപരമായ നീക്കമാണ് അതെന്ന് ആര്‍ക്കും സംശയം തോന്നിയില്ല.

    ഹോംസ് ഒരു സിഗരറ്റിന് തീ കൊളുത്തി.
    ഫാദര്‍ ജോണ്‍സണ്‍ കടന്നുവന്ന് ഹോംസിന്റെ മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. തങ്ങളെ സാകൂതം നോക്കിനിന്ന കന്യാസ്ത്രീയോടായി അച്ചന്‍ പറഞ്ഞു: 'സിസ്റ്റര്‍ റോസിറ്റോ, രണ്ടു ചായ കൊണ്ടുവരൂ'.

    അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഏതോ പാവപ്പെട്ട വീട്ടിലെ ആ പെണ്‍കുട്ടി തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ അച്ചന്‍ വീണ്ടും പറഞ്ഞു: 'റോസിറ്റോ, ചായ സിസ്റ്റര്‍ തന്നെ ഉണ്ടാക്കിയാല്‍ മതി'. 

    തന്റെ കഴിവിനെ അംഗീകരിക്കുന്നതിലുള്ള സന്തോഷവുമായി സിസ്റ്റര്‍ റോസിറ്റോ അരമനയുടെ അകത്തളത്തിലേക്കു പോയി. 

    സിസ്റ്റര്‍ പോയതിനു ശേഷമേ അച്ചന്‍ ഹോംസിന്റെ മുഖത്തേക്കു നോക്കിയുള്ളു. ദീര്‍ഘനേരം അന്യോന്യം നോക്കിയിരുന്ന അവര്‍ സംസാരിക്കാതെ തന്നെ ആശയവിനിമയം നടത്തി.
    'ഞാന്‍ ഇന്നലെയറിഞ്ഞു'. നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് അച്ചന്‍ സംഭാഷണം തുടങ്ങി. ഹോംസിന്റെ കണ്ണുകളില്‍ യാതൊരു ഭാവവ്യത്യാസവും വന്നില്ല.

    'എല്ലാവരും അന്നു പറഞ്ഞതുപോലെ തന്നെ പറയുമല്ലോ അല്ലേ?'
ഹോംസിന്റെ ചോദ്യത്തിന് ശബ്ദം താഴ്ത്തി അച്ചന്‍ മറുപടി പറഞ്ഞു: 
'പത്രോസിനെ മാത്രമേ എനിക്കു പേടിയുള്ളു. അന്നു തന്നെ he had a mental breakdown.    
    'പത്രോസാണ് ഒരു weak link.  സിഗരറ്റ് വലിച്ചുകൊണ്ട് ഹോംസ് പറഞ്ഞു. 'പത്രോസിനെ ഒടുവില്‍ വിസ്തരിച്ചാല്‍ ചിലപ്പോള്‍ തിരിച്ചടിച്ചെന്നിരിക്കും. പ്രതിഭാഗം വക്കീലിന് കേസ് ശരിക്കും പഠിക്കാനുള്ള സമയം കിട്ടുന്നതിനു മുന്‍പുതന്നെ പത്രോസിനെ വിസ്തരിക്കുന്നതായിരിക്കും നല്ലത്. ഒരുപക്ഷേ രണ്ടാം സക്ഷിയായി. പബ്ലിക് പ്രോസിക്യൂട്ടറിന് അതൊന്നും മനസ്സിലാവില്ല. പക്ഷേ, അവന്‍ ഞാന്‍ പറയുന്നതുപോലെ അനുസരിക്കും'.

'പത്രോസിനെ ഞാന്‍ വേണമെങ്കില്‍ കാണാം'. തന്റെ കുരിശില്‍ കൈവച്ചുകൊണ്ട് അച്ചന്‍ മൊഴിഞ്ഞു. 

    'അതുവേണ്ട, അവനെ വേണ്ട രീതിയില്‍ ഞാന്‍ തന്നെ കണ്ടോളാം. മറ്റുള്ളവരുമായി താന്‍ ഉടന്‍ ബന്ധപ്പെടുക. ഒരു കാരണവശാലും ആരും മൊഴിയില്‍ മാറ്റം വരുത്താതെ സൂക്ഷിക്കണം. അതു തന്റെ ചുമതലയാ, മനസ്സിലായോ?' അനിഷ്ടഭാവത്തോടെ ഹോംസ് പറഞ്ഞു. ആത്മഹഗതം പോലെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 'അതു തന്റെ ആവശ്യം കൂടിയാണെന്ന് അറിയാമല്ലോ?'

    ചായയുമായി വന്ന സിസ്റ്ററിനെ കണ്ട് അച്ചന്‍ ദയനീയമായി ഹോംസിനെ നോക്കി. വീണ്ടും ആ മുറി നിശ്ശബ്ദമായി. കോപ്പയില്‍ നിന്നും ചായ ഒഴിച്ചു കൊടുത്തശേഷം വീണ്ടും ഒരാജ്ഞയ്ക്കുവേണ്ടി ആ ദൈവപുത്രി അവിടെ കാത്തുനിന്നു.

    'പത്രോസിന്റെ ഇപ്പോഴത്തെ സ്ഥലം?' പതിഞ്ഞ ശബ്ദത്തില്‍ അച്ചന്‍ ഹോംസിനോട് തിരക്കി. ഹോംസ് ചിരിച്ചു. 'അതൊക്കെയെനിക്കറിയാമെടോ, അല്ലെങ്കില്‍ തന്നെ ഖആക -യെ സംബന്ധിച്ച് അതൊക്കെ വെറും കുട്ടിക്കളിയല്ലേ?' ചായക്കോപ്പ മേശപ്പുറത്തു വച്ചശേഷം എണീറ്റ ഹോംസിനോട് അടുത്തുചെന്ന് അച്ചന്‍ ചോദിച്ചു: 'കുഴപ്പമെന്തെങ്കിലും?' 
    അതുകേള്‍ക്കാത്ത ഭാവത്തില്‍ വാതിലിലേക്കു നടന്ന ഹോംസ് തിരിഞ്ഞ് സിസ്റ്ററിനോടായി പറഞ്ഞു, 'വളരെ നല്ല ചായ, നന്ദി'.

    കഴിഞ്ഞകാല ഓര്‍മ്മകളും വരാന്‍ പോകുന്ന കാര്യങ്ങളും ചിന്തിച്ച് സ്തബ്ധനായി അച്ചന്‍ നിന്നപ്പോള്‍ ഹോംസ് പുറത്തേക്ക് നടന്നു. ചായക്കപ്പുകളെടുത്ത്, ഒരു മൂളിപ്പാട്ടും പാടി സിസ്റ്റര്‍ അകത്തേക്കും. ഈ അഭിനന്ദനത്തിന്റെ കുളിര്‍മ്മ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും. മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം.

# novel CC 8/AD 36   by: salim jacob

Join WhatsApp News
വി.പി. ഏലിയാസ് 2022-11-05 05:04:20
അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക