Image

മുന്നോക്ക സംവരണം കൊണ്ട്  ജോലി കിട്ടുമോ? സുപ്രീം കോടതി വിധി കൊണ്ട്  കൊണ്ട് ആർക്കാണ് പ്രയോജനമുള്ളത്? (വെള്ളാശേരി ജോസഫ്)

Published on 07 November, 2022
മുന്നോക്ക സംവരണം കൊണ്ട്  ജോലി കിട്ടുമോ? സുപ്രീം കോടതി വിധി കൊണ്ട്  കൊണ്ട് ആർക്കാണ് പ്രയോജനമുള്ളത്? (വെള്ളാശേരി ജോസഫ്)

സംവരണം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ്. ബ്രട്ടീഷുകാർ പോലും സംവരണത്തെ ചൊല്ലി നമ്മുടെ രാഷ്ട്രീയക്കാർ ഉണ്ടാക്കുന്നതുപോലുള്ള ഭിന്നിപ്പ് അവർ ഭരിച്ചപ്പോൾ ഉണ്ടാക്കിയിട്ടില്ല. ഇതൊക്കെ തുറന്നു പറയാനുള്ള ധൈര്യം പലർക്കുമില്ല. കാരണം കാര്യമറിയാതെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി എന്ന മട്ടിൽ വാദിക്കുന്ന കുറെയേറെ പേർ തെറി വിളിക്കാൻ വരും. ഇപ്പോഴിതാ മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ കൊണ്ടുവന്ന 10 ശതമാനം സംവരണം സുപ്രീം കോടതി ശരി വെച്ചിരിക്കുന്നു. ജനറൽ കാറ്റഗറിയിൽ പെട്ടവർ - നായർ, ക്രിസ്ത്യൻ, നമ്പൂതിരി ഇവർക്കൊക്കെ ഇനി ജോലി കിട്ടുമെന്ന് പറഞ്ഞു കുറെയേറെ പേർ ആർമാദിച്ചേക്കാം. ഇങ്ങനെ സന്തോഷിക്കുന്നവർക്ക് നമ്മുടെ തൊഴിൽ മേഖലയെ കുറിച്ച് വെല്ലോ വിവരവുമുണ്ടോ?

2018 - ൽ നടന്ന ഒരു പഠനത്തിലൂടെ പുറത്തുവന്ന കാര്യങ്ങൾ നോക്കൂ: 2018 സെപ്റ്റെംബർ - ഡിസംബർ കാലയളവിൽ 35.3 ലക്ഷം സ്ത്രീ ബിരുദ ധാരികൾക്കും, 9.9 ലക്ഷം പുരുഷ ബിരുദ ധാരികൾക്കും ഇന്ത്യയിൽ ജോലിയില്ലാ. പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ 2.9 മില്യൺ ആളുകൾക്കും ഇന്ത്യയിൽ ജോലിയില്ലാ. സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) -യുടെ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. നാലു വർഷം മുമ്പ് ഇന്ത്യയിൽ തൊഴിലിനെ കുറിച്ചുള്ള നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് 2018 ഡിസംബറിൽ പൂർത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും മോഡി സർക്കാർ ആ റിപ്പോർട്ട് പുറത്തിറക്കിയില്ലാ. അതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ ആക്റ്റിങ് ചെയർമാനും മലയാളിയുമായ പി. സി. മോഹനൻ രാജി വെക്കുക വരെ ചെയ്തു.

ഏതാണ്ട് 30 ലക്ഷം ബിരുദാനന്തര ബിരുദ ധാരികളായ യുവതീ - യുവാക്കൾ തൊഴിലില്ലാതെ അലയുന്ന ഈ രാജ്യത്ത് അതാണ് ഏറ്റവും വലിയ സാമൂഹിക പ്രശ്നം എന്ന് കാണാൻ വലിയ ഗവേഷണം ഒന്നും വേണ്ടാ. തൊഴിലില്ലാതെ യുവതീ - യുവാക്കളിൽ വലിയ തോതിൽ 'ഫ്രസ്റ്റ്രേഷൻ' വ്യാപിക്കുന്നു എന്ന് വെളിവാക്കുന്ന പല റിപ്പോർട്ടുകളും രാജ്യത്തിൻറ്റെ പല ഭാഗങ്ങളിൽ നിന്ന് വരുന്നുണ്ട്. 'വൺ നൈറ്റ് അറ്റ് ദി കോൾ സെൻറ്റർ' (One Night @ the Call Center) പോലുള്ള നിരവധി നോവലുകൾ എഴുതുകയും, ബി.ജെ.പി. രാഷ്ട്രീയത്തിന് വലിയ തോതിൽ പിന്തുണ കൊടുക്കുകയും ചെയ്തിരുന്ന ചേതൻ ഭഗത്ത് പോലും ഈ തൊഴിലില്ലായ്മ രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള യുവതീ - യുവാക്കളുടെ ആശയും പ്രതീക്ഷയും കെടുത്തുകയാണ് എന്ന് ഒരിക്കൽ  എഴുതിയിരുന്നൂ.

കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാഭ്യാസമുള്ള യുവതീ - യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടാൻ എന്താണ് കാരണം? 2018 - ൽ മാത്രം10 മില്യൺ തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) -യുടെ പഠനത്തിൽ ഉള്ളത്. നോട്ട് നിരോധനവും, ജി.എസ്.ടി. - യും സൃഷ്ടിച്ച ആശയകുഴപ്പം തൊഴിൽ മേഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. പക്ഷെ അത് മാത്രമല്ല പ്രശ്നം. ആമസോൺ, ഫ്ളിപ്പ്കാർട്ട്, സ്നാപ്പ്ഡീൽ - പോലുള്ള ഓൺലയിൻ ഏജൻസികൾ ഇന്ത്യയിൽ മുഴുവൻ കത്തി കയറുമ്പോൾ സാധനങ്ങൾ പാക്ക് ചെയ്യാനും, ഡെലിവറി നടത്താനുമുള്ള ജോലികൾക്ക് സാധ്യതയുണ്ട്. വലിയ വിദ്യാഭ്യാസമുള്ളവരെ ആർക്കും അപ്പോൾ വേണ്ടാ. ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസും, റോബോട്ടിക്ക് ടെക്നോളജിയും പല ഫാക്റ്ററി ജോലികളും അപഹരിച്ചു. ഒരു 10 - 12 വർഷം മുമ്പ് എൻജിനീയർമാർക്കും, എം.ബി.എ. ബിരുദ ധാരികൾക്കും ഇൻഡ്യയുടെ തൊഴിൽ രംഗത്ത് നല്ല സ്കോപ്പുണ്ടായിരുന്നു. പക്ഷെ ഇന്നിപ്പോൾ എൻജിനീയർമാരേയും, എം.ബി.എ. ബിരുദ ധാരികളേയും പല കമ്പനികൾക്കും വേണ്ടാ.

ഏതാനും വർഷം മുമ്പ് 2 . 5 കോടി യുവതീ - യുവാക്കളാണ് റെയിൽവേയിലെ താഴെക്കിടയിലുള്ള 90,000 ജോലികൾക്ക് അപേക്ഷിച്ചത്. ഉത്തർ പ്രദേശ് പൊലീസിലെ 'മെസേഞ്ചർ' പോസ്റ്റിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്  അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും അപേക്ഷിച്ച വാർത്ത പത്രങ്ങളിൽ വന്നിരുന്നു.

ലെതർ, ടെക്സ്റ്റയിൽസ് പോലുള്ള ചെറുകിട വ്യവസായങ്ങൾ, കാർഷിക രംഗം, കൺസ്ട്രക്ഷൻ മേഖല, ഐ. ടി., റെയിൽവേ, എയർ പോർട്ടുകൾ, റോഡ് വികസനം, തുറമുഖ വികസനം - ഇവയൊക്കെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നത്. സാധാരണ ജനത്തിനേറ്റവും കൂടുതൽ തൊഴിൽ നൽകുന്ന തുകൽ, ടെക്സ്റ്റയിൽസ്, കൺസ്ട്രക്ഷൻ മേഖല - ഇവയുടെയൊക്കെ വളർച്ചയിലെ മാത്രമേ ഇവിടെ തൊഴിൽ സൃഷ്ടിക്കപ്പെടുകയുള്ളൂ. ഇന്നും 90 ശതമാനത്തിനടുത്ത് തൊഴിൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നത് അസംഘടിത മേഖലയിലാണ്. അത് മനസിലാക്കാതെ, സംവരണം കൊണ്ട് തൊഴിൽ കിട്ടും എന്നുള്ളത് വെറും മിഥ്യാ സങ്കൽപം മാത്രമാണ്. 2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും കൃത്യമായി പറയുന്നത്. ബി.ജെ.പി. സർക്കാർ അവരുടെ അവരുടെ തലതിരിഞ്ഞ പോളിസികളിലൂടെ അത് വേഗത്തിലാക്കുകയാണ് 2014 മുതൽ ചെയ്തത്. പിന്നെ, ഈ മുന്നോക്ക സംവരണം കൊണ്ട് ആർക്കെന്തു പ്രയോജനമാണുള്ളത്?

പാൽ, പാലുൽപന്നങ്ങൾ, പോത്തിറച്ചിയുടെ കയറ്റുമതി, തുകൽ വ്യവസായം - എന്നിവയിലൂടെ ഉത്തർ പ്രദേശ്, ബീഹാർ - തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമല്ല; ഹിന്ദി ബെൽറ്റിൽ മുഴുവൻ സമ്പത് വ്യവസ്ഥ 2014 മുതൽ കരുത്താർജിക്കുകയായിരുന്നു. പക്ഷെ ബി.ജെ.പി. - യുടെ അന്ധമായ പശുസ്നേഹം ആ സാധ്യത കൊട്ടിയടച്ചു. ഒപ്പം കർഷകർക്കും ന്യൂനപക്ഷ സമുദായങ്ങളിലെ വലിയൊരു വിഭാഗത്തിനും ഈ പശുസ്നേഹം വലിയ സാമ്പത്തിക തിരിച്ചടികൾ നൽകി. കർഷക പ്രക്ഷോഭം ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തി പ്രാപിക്കുന്നതിന് കാരണവും കറവ വറ്റിയ കന്നുകാലികളെ വിൽക്കാൻ പറ്റാത്തതിനാലാണ്. കയറ്റുമതിയിലും കാര്യമായ വർദ്ധനവ് ഉണ്ടാക്കാനും ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല.

ഇന്ത്യയെ ലോകത്തിൻറ്റെ 'മാനുഫാക്ചറിങ്ങ് ഹബ്ബാക്കും'; ആഭ്യന്തര കമ്പനികളേയും ആഭ്യന്തര ഉൽപന്നങ്ങളേയും പ്രോൽസാഹിപ്പിക്കും; ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നിർമ്മിക്കും; ആഗോള തലത്തിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ സ്വീകാര്യത കൂട്ടും - അങ്ങനെ ഒരുപിടി വാഗ്ദാനങ്ങളാണ് കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള 'മെയ്ക്ക് ഇൻ ഇന്ത്യ' - പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ചത്. സോഷ്യൽ മീഡിയയിലൂടെ ഏറ്റവുമധികം സ്വീകാര്യത നേടുന്ന പദ്ധതിയായി 'മെയ്ക്ക് ഇൻ ഇന്ത്യ' - യെ മാറ്റാനും കേന്ദ്ര സർക്കാരിന് കഴിഞ്ഞു. "2020 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; രാജ്യത്തെ ഇറക്കുമതി രഹിതമാക്കും - അതാണ് 'മെയ്ക്ക് ഇൻ ഇന്ത്യ' - യുടെ പ്രധാന ലക്ഷ്യം" - എന്നൊക്കെയാണ് ബി.ജെ.പി. സർക്കാരിലെ പലരും നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 'മെയ്ക്ക് എൻ ഇന്ത്യ' പദ്ധതി വൻ പൊള്ളത്തരമായി മാറുകയാണ് - പ്രതിരോധ മേഖലയിലും മറ്റു നിർമാണ മേഖലകളിലും. ബി.ജെ.പി. സർക്കാർ വന്നതിൽ പിന്നെ റാഫേൽ വിമാനങ്ങളുടെ കാര്യത്തിൽ പൂർണ സജ്ജമായ വിമാനങ്ങൾ വാങ്ങുമ്പോൾ 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റ കരാർ പ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൻറ്റെ (എച്ച്.എ.എൽ.) ബാങ്ളൂരുവിലെ പ്ലാൻറ്റിൽ നിർമ്മിക്കുമെന്നുള്ള മുൻ സർക്കാരുമായി ഉണ്ടാക്കിയ ധാരണ ബലികഴിക്കപ്പെടുകയാണ്. ഇത്തരം കരാറുകളിലെല്ലാം വിദേശ രാജ്യങ്ങൾക്കും, വിദേശ കമ്പനികൾക്കുമാണ് മുൻതൂക്കം. ചുരുക്കം പറഞ്ഞാൽ തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നില്ലാ.

തൊഴിൽ ദാതാക്കൾ ഓരോ തൊഴിലിനും വേണ്ട 'സ്കിൽസ്' ആണ് ഉദ്യോഗാർഥിയിൽ ഉറ്റു നോക്കുന്നത്. സാങ്കേതിക മേഖലയിൽ ഐ.ഐ.ടി., എൻ .ഐ.ടി. - എന്നീ സ്ഥാപനങ്ങളിൽ നിന്ന് വരുന്നവർക്ക് നല്ല ജോലി സാധ്യതയും, ശമ്പളവും മുൻപരിചയം ഒന്നും നോക്കാതെ ഇപ്പോഴും ഉണ്ട്. പോളിടെക്നിക്കുകളിൽ നിന്ന് വരുന്ന സൂപ്പർവൈസർമാർ ഐ.ടി.ഐ., ഐ.ടി.സി എന്നിവയിൽ നിന്ന് വരുന്ന ടെക്നീഷ്യന്മാർ/ക്രഫ്റ്റ്മാന്മാർ, എൻജിനീയറിംഗ് കോളേജുകളിൽ നിന്ന് വരുന്ന എൻജിനീയർമാർ, വൊക്കേഷനൽ ഡിഗ്രീ, ഡിപ്ലോമ നേടിയവർ എന്നീ വിവിധങ്ങളായ തട്ടിലുള്ളവരെയും ഇന്നത്തെ ലേബർ മാർക്കറ്റിൽ ആവശ്യമുള്ളതായി കണ്ടിട്ടുണ്ട്. പക്ഷെ പ്രശ്നം ഇവിടെയൊന്നും അല്ല. ഇനി ഇന്ത്യയിൽ 'സ്കിൽസ്' നേടുന്നതാണ് പ്രധാനം. ഇന്ത്യയിൽ ഇപ്പോൾ തന്നെ എൻജിനീയർമാർ ആവശ്യത്തിലധികം ആണ്. പത്തു വർഷങ്ങൾക്ക് മുമ്പ് ഗ്രെയിറ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിൽ ഇൻഡസ്ട്രിയൽ സർവേ നടത്തിയപ്പോൾ അവിടെ 'സ്കിൽഡ് തൊഴിലാളിക്ക്' തുടക്കത്തിൽ തന്നെ 40,000 രൂപയായിരുന്നു ശമ്പളം. ഇന്നിപ്പോൾ ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലെല്ലാം ഇത്തരത്തിൽ ശമ്പളം കൂടിയിട്ടുണ്ട്. കമ്പനികൾക്ക് 'സ്കിൽഡ്' തൊഴിലാളികൾ കൊഴിഞ്ഞു പോകുന്നതിലാണ് ഉൽക്കണ്ഠ മുഴുവനും. L&T ഒക്കെ 'അപ്പ്രെൻറ്റീസ് ട്രെയിനിങ്' കഴിയുന്ന എല്ലാവരെയും ജോലിക്കെടുക്കും. ഡൽഹി മെട്രോയും അങ്ങനെയാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് ഇനിയുള്ള കാലം ശരിക്കും 'സ്കിൽഡ്' ആകാൻ നമ്മുടെ ചെറുപ്പക്കാരും ഉദ്യോഗാർത്ഥികളും ശ്രമിക്കുകയാണ് വേണ്ടത്; അല്ലാതെ വെറുതെ എൻജിനീയർമാരെ സൃഷ്ടിച്ചിട്ട് കാര്യമൊന്നും ഇല്ലാ; സംവരണത്തിന് പുറകെ പോയിട്ടും വലിയ കാര്യമൊന്നും ഇല്ലാ. ഓരോ തൊഴിലിനും വേണ്ട 'സ്കിൽസ്' ഉണ്ടെങ്കിൽ അവർക്കു നല്ല 'നെഗോഷിയേറ്റിങ് പവറും', നല്ല ജോലിയും, ശമ്പളവും ലഭിക്കും.

ഇന്ന് നമ്മുടെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്ത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യൻ ജനസംഖ്യയിലെ ഈ യുവത്ത്വത്തെയാണ് ഇംഗ്ളീഷിൽ 'ഡെമോഗ്രാഫിക് ഡിവിഡൻറ്റ്' എന്ന് പറയുന്നത്. ചൈനയിൽ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയിൽ കാണിച്ചു തരാനില്ലാ. അവിടെ ജോലി ചെയ്യുന്ന ആളുകൾ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വർഷം ഇന്ത്യയുടെ വളർച്ചയെ സംബന്ധിച്ച് നിർണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കർമശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ രാജ്യത്തെ നയിക്കാൻ ദീർഘ വീക്ഷണമുള്ളവർ ഉണ്ടാവണം. ഇന്ത്യക്ക് നിർഭാഗ്യവശാൽ അത്തരം നല്ല രാഷ്ട്ര ശിൽപികൾ ഇപ്പോൾ ഇല്ലാ. അതാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നവും.

മോഡിയാണെങ്കിൽ നോട്ട് നിരോധനം, സമ്പൂർണ ലോക്ക്ഡൗൺ പോലുള്ള സെൽഫ് ഗോളുകൾ അടിച്ച് ഒള്ള തൊഴിലും കൂടി നഷ്ടപ്പെടുത്തി. സമ്പൂർണ ലോക്ക്ഡൗൺ തൊഴിലില്ലായ്‌മ മൂന്നിരട്ടിയാക്കി എന്നാണ് അന്ന് സെൻറ്റർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) പഠനത്തിലൂടെ കണ്ടെത്തിയത്. അർബൻ മേഖലയിലുള്ള 30 ശതമാനം തൊഴിൽ ഇല്ലാത്തവരായി കഴിഞ്ഞെന്നും സി.എം.ഐ.ഇ. - യുടെ പഠനത്തിൽ പറഞ്ഞിരുന്നു. 'ജോബ് ക്രീയേഷൻ' രംഗത്ത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വലിയ പരാജയമാണ്. ആ പരാജയം മൂടി വെക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ കുറച്ചു കാലമായി ചെയ്യുന്നത്. ഫ്ലോപ്പ് ആയി പോകുന്ന സർക്കാർ വാഗ്ദാനങ്ങളും, തൊഴിൽ ഇല്ലാത്ത യുവജനങ്ങളുടെ ഫ്രസ്ട്രേഷനുമാണ് കുറച്ചു നാൾ മുമ്പ് 'അഗ്നിപഥ്' പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ രൂപത്തിൽ പുറത്തു വന്നത്. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെൻറ്റ് പോളിസിയൊക്കെ ഒരു 'ഇമീഡിയേറ്റ് റീസൺ' മാത്രമേ ആയിരുന്നുള്ളൂ. തൊഴിലും രാജ്യത്തുള്ള തൊഴിലില്ലായ്മയുമാണ് അന്ന് നടന്ന പ്രക്ഷോഭത്തിൻറ്റെ പിന്നിലുള്ള അടിസ്ഥാനപരമായ കാരണം.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

# ARTICLE FOR PUBLICATION BY JERRY JOSEPH

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക