ഡൽഹി: കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സിവിൽ കോടതി ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിക്കാന്‍ കോൺഗ്രസ്. നിലവിൽ പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് ബംഗളൂരു സിറ്റി സിവിൽ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം.
ഇനി വീണ്ടും കേസ് പരിഗണിക്കുന്നത് വരെ ഈ സ്ഥിതി തുടരണമെന്ന നിർദ്ദേശമാണ് ട്വിറ്ററിന് കോടതി നൽകിയിരുന്നത്.
ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധി പങ്കെടുത്ത പരിപാടിയുടെ വീഡിയോ രാഹുലിനെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ കെജിഎഫ് 2 സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തല സംഗീതം കൂടി ചേർത്ത് കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകളിലൂടെയും ജയറാം രമേശ് അടക്കമുള്ളവരുടെ ട്വിറ്ററിലൂടെയും ഒക്കെ പങ്കുവെക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി മ്യൂസിക് കംപോസർമാർ തന്നെയാണ് കോടതിയിൽ ഹർജി നൽകിയത്.