സുമലത കിനാശ്ശേരിക്കാരിയല്ല. സാവിത്രിയമ്മയുടെ മകൻ ശിവരാമന്റെ ഭാര്യയായി കിനാശ്ശേരിയിലെത്തിയതാണ്.
പട്ടണത്തിൽ ജനിച്ചു വളർന്ന അവൾക്ക്, താനീ ഓണം കേറാ മൂലയിൽ വന്നത് "കിനാശ്ശേരിക്കാരായ നിങ്ങൾക്ക് ഞാൻ തന്നൊരൗദാര്യമാ"ണെന്ന ഭാവമുണ്ടായിരുന്നു.
പക്ഷെ അവളുടെ അമ്മായിമ്മയായ സാവിത്രിയമ്മയുടെ അഭിപ്രായം മറ്റൊന്നായിരുന്നു
"കാക്ക കൊത്താത്ത ശൂർപ്പണ(ഖ)" എന്നാണവർ സുമലത വിവാഹം കഴിഞ്ഞെത്തിയ ആദ്യ നാളുകളിൽ രഹസ്യമായും, പിന്നീട് അമ്മായിയമ്മയും മരുമകളുമായുള്ള വാഗ്വാദങ്ങൾ മൂർച്ഛിച്ചപ്പോൾ പരസ്യമായും അവളെക്കുറിച്ച് പറഞ്ഞത്. തന്റെ"പൊന്നും കുടം" പോലുള്ള മകന്
"ഈ ഭൈരവിയെയാണല്ലോ എന്റെ ശ്രീഭൂതനാഥാ നീ കൊടുത്ത"തെന്ന് അവർ ഭഗവാനോടും പരിഭവിച്ചു.
പൊന്നുംകുടമൊന്നുമല്ലെങ്കിലും, ശിവരാമൻ നല്ലൊരു കള്ളിൻ കുടമായിരുന്നു എന്നതാണ് നേര്. വയറ് (മൺ)കുടം പോലിരുന്നു. മൂക്കറ്റം തിന്നും കുടിച്ചും മുടിച്ചു നടന്നൊരുത്തൻ. പ്രത്യേകിച്ച് തൊഴിലൊന്നുമില്ല.
സുമലതയ്ക്കും ശിവരാമനും, വിവാഹം കഴിഞ്ഞേറെയായിട്ടും കുട്ടികളുണ്ടായിരുന്നില്ല. അതിന്റെ കുറ്റവും സാവിത്രിയമ്മ സുമലതയുടെ തലയിൽ കെട്ടിവച്ചു.
കിനാശ്ശേരി മടുക്കുമ്പോൾ സുമലത ആ "നശിച്ച നാടു" വിട്ട് പട്ടണത്തിലെ സ്വന്തം വീട്ടിൽ പോയി പാർത്തു. അവിടെ നാത്തൂന്റെ ഭരണം മൂക്കുമ്പോൾ, വണ്ടി തിരിച്ച് കിനാശ്ശേരിക്കു വിട്ടു.......
അങ്ങിനെയൊരു പോക്കുവരവിലാണ് ഒരു പുതിയ ദേവിയേയും കൊണ്ട് അവൾ കിനാശ്ശേരിപ്പുഴ കടന്നെത്തിയത്. ഈ ദേവി കിനാശ്ശേരിയിൽ കേട്ടുകേൾവിപോലുമില്ലാതിരുന്നൊരു "നൈഷധീ മാ" ആയിരുന്നു.
ചുവന്ന പട്ടുടുത്ത, സീമന്തരേഖയിൽ ചുവപ്പണിഞ്ഞ, ഈ അപരിചിത ദേവീ അവതാരത്തെ കിനാശ്ശേരിക്കാരും, അവരുടെ സ്വന്തം ദേവതകളായിരുന്ന കാളിക്കുട്ടിയും പാറൂട്ടിയും അൽപ്പം സംശയദൃഷ്ടിയോടെയാണ് നോക്കിയത്.
പന്തിയല്ലാത്ത രീതിയിൽ പുതിയ "നിഷേധി" പൂത്തുലഞ്ഞാൽ കൈകോർത്തു നിന്നെതിരിടണമെന്ന ഒരു എഗ്രിമെന്റിൽ പാറൂട്ടിയും കാളിക്കുട്ടിയും നോട്ടത്താൽ ഒപ്പുവച്ചു. ഭഗവാനതിലൊന്നും താൽപര്യം കാണിച്ചില്ല. താൽപര്യമില്ലാഞ്ഞിട്ടല്ല, എന്തെങ്കിലും അന്വേഷിച്ചാൽ പിന്നെ പാറൂട്ടിയുടെ നീൾമിഴിത്തുമ്പിന്റെയും, നീണ്ട നാവിന്റെയും താഡനമേൽക്കണം. എന്തിനാ വെറുതെ വേലിയിരിക്കുന്ന മൂർഖനെ..... (കഴുത്തിൽ ചുറ്റിയ ഒന്നിനെക്കൊണ്ടുള്ള പൊറുതികേടു തന്നെ വയ്യ) എന്നോർത്തിട്ടാണ്.
സുമലത, പുതിയ ദേവിയെ അറയിൽ പ്രതിഷ്ഠിക്കാൻ നോക്കിയെങ്കിലും സാവിത്രിയമ്മ വട്ടം ഉടക്കി.
"ഇവിടെ കാരണവന്മാരായിട്ട് നിത്യം വിളക്കു വച്ചു തൊഴുതിരുന്ന ദൈവങ്ങളിരിക്കുന്ന ഇടമാണ്. അവിടെ കണ്ണിൽക്കണ്ട പുത്തൻകൂറ്റു ദൈവങ്ങളൊന്നും വേണ്ട" എന്നു അവർ തീർത്തു തന്നെ പറഞ്ഞു.
പുത്രലബ്ധി സംബന്ധിയായ വിഷയത്തിൽ സ്പെഷലൈസേഷനുള്ള ആളാണ് ആയമ്മ എന്നു പറഞ്ഞിട്ടും സാവിത്രിയമ്മയുടെ മനസ്സലിഞ്ഞില്ല.
"ഓരെന്താ പതിച്ചിയാ?" എന്നൊരു ഭാവം. അവരുടെ പരിചയത്തിൽ തറവാട്ടിൽ പിറന്ന ദൈവങ്ങളാരും ഇത്തരം സ്പെഷലൈസേഷനൊന്നും പോയിട്ടില്ല, അവരെല്ലാം കിനാശ്ശേരിക്കാരുടെ ഏതൊരാവശ്യത്തിനും സഹായം നൽകി കൂട്ടുനിന്നിരുന്ന 'ജനറൽ പ്രാക്റ്റീഷണേഴ്സ്' ആയിരുന്നു.
ശിവരാമനാകട്ടെ ദൈവങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചങ്ങിനെ അഭിപ്രായങ്ങളൊന്നുമുണ്ടായിരുന്നുമില്ല. അങ്ങിനെയാണ് "നൈഷധീ മാ" സുമലതയുടെയും ശിവരാമന്റെയും കിടപ്പുമുറിയിൽ ഇരിപ്പു പിടിച്ചത്.
താമസിയാതെ, അവിടെ ഏതോക്കെയോ മന്ത്രങ്ങളും പൂജകളും നിറഞ്ഞു. ആ ഒച്ചയും ബഹളവും ഗന്ധവും സഹിയാതെ ശിവരാമൻ കിടപ്പ് ഉമ്മറത്തിണ്ണയിലേക്കു മാറ്റി.
സുമലത രാപകലില്ലാതെ "നൈഷധീ മാ'' യെ ഉപാസിച്ചു. മണിക്കൂറുകൾ നീണ്ട പൂജകൾ, വ്രതങ്ങൾ..... സുമലതയ്ക്ക് ഒന്നിനും നേരമില്ലാതായി.
ശിവരാമൻ കള്ളുകുടങ്ങളെ മുൻപിലത്തേക്കാളധികം ആർദ്രമായി സ്നേഹിക്കാൻ തുടങ്ങി.
അങ്ങനെ ഒരു വീട്ടിലെ മൂന്നു തുരുത്തുകയായി ആ മൂന്നു മനുഷ്യജീവികൾ മാറി.
ഒരുനാൾ ഉച്ചയ്ക്ക് പൂജ കഴിഞ്ഞിറങ്ങി വന്ന സുമലത ചെമ്പട്ടുടുത്തിരുന്നു. നെറ്റിയിൽ നിറയെ ഭസ്മ ചന്ദനാദികളും സീമന്തരേഖയിൽ കുങ്കുമവും അണിഞ്ഞിരുന്നു. അവൾ നേരെ സാവിത്രിയമ്മയുടെ മുന്നിൽ വന്നു നിന്ന് ഉറക്കെ പ്രഖ്യാപിച്ചു,
"മേ നൈഷധീ മാ ഹും" (ഹേ ഹൈ ഹോ ഹൗ ഹൗ)
സാവിത്രിയമ്മ മീൻ കൂട്ടാൻ കൂട്ടി ഊണുകഴിക്കുകയായിരുന്നു. അവർക്കൊന്നും മനസ്സിലാവാതിരുന്നതിനാൽ മരുമകളെ ഒന്നു നോക്കിയിട്ട് അവർ വീണ്ടും ഊണു തുടർന്നു.
"ഞാൻ നൈഷധിമാ ആണ്" (തള്ളേ) എന്ന് കിനാശ്ശേരി (ഭാഷ) വിവർത്തനവും കൂടി വന്നപ്പോൾ സാവിത്രിയമ്മയ്ക്ക് കലി കയറി
"എടി എന്തരവളേ നീ നിഷേധിയമ്മയാണെങ്കിൽ ഞാൻ സാവിത്രിയമ്മയാടീ" എന്ന് അവർ എച്ചിൽക്കൈ നീട്ടി ആ നിഷേധിയുടെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിച്ചു.
അടിയുടെ ഊക്കിൽ, "വ്രതശുദ്ധി"യിലായിരുന്ന സുമലത ആടിയുലഞ്ഞ്, ബോധംകെട്ടു വീണു. അവളുടെ ദേഹത്തു നിന്നും
"നൈഷധീ മാ" പ്രാണനും കൊണ്ടിറങ്ങിയോടി, നിറഞ്ഞു കിടന്ന കിനാശ്ശേരിപ്പുഴയിൽ ചാടുന്നതു കണ്ട കാളിക്കുട്ടിയും, പാറൂട്ടിയും തലയറഞ്ഞു ചിരിച്ചതായാണ് റിപ്പോർട്ടുകളിൽ കാണുന്നത്.
# Kinasserikkalam Article by Rani B Menon