വാശിയേറിയ ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നവംബര്‍ ആദ്യവാരം നടന്ന ഉപതെരഞ്ഞെടുപ്പുഫലങ്ങള്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്നവയാണ്. കാരണം ഇവ ഹിമാചല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുവാനും അവയെ സ്വാധീനിക്കുവാനും ഉള്ള സാദ്ധ്യത ഏറെയാണ്. ഹിമാചലിലും ഗുജറാത്തിലും അധികാരം നിലനിറുത്തി തുടര്‍ഭരണം ഉറപ്പുവരുത്തുവാന്‍ ബി.ജെ.പി.ക്ക് സാധിച്ചാല്‍ അത് അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും കാവി പാര്‍ട്ടിക്ക് മേല്‍ക്കൈ നല്‍കും. ഇവയില്‍ രാജസ്ഥാനും ഛത്തീസ്ഘട്ടും ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പി. ആണ്. രാജസ്ഥാനും ഛത്തീസ്ഘട്ടും ആകട്ടെ കോണ്‍ഗ്രസും. കോണ്‍ഗ്രസിന്റെ അവസാനിക്കുന്ന രണ്ടു ഭരണസംസ്ഥാനങ്ങളാണ് ഇവ. പിന്നീടാണ് 2024-ലെ അവസാന അങ്കം.
ഈ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത് ആറു സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭ സീറ്റുകളില്‍ ആണ്. ഉപതെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങള്‍ രാഷ്ട്രീയ പ്രാധാന്യമേറിയ ബീഹാര്‍, ഉ്ത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ഹരിയാന, ഒഡീഷ എന്നിവയാണ്. ഏഴു സീറ്റുകളില്‍ നാലു സീറ്റുകളും ബി.ജെ.പി. നേടിയെന്നത് ഭരണ കക്ഷിക്ക് ആശ്വാസപ്രദമാണ്. നാലിന്‍ മൂന്നും സീറ്റുകളും ബി.ജെ.പി. നിലനിറുത്തുകയാണുണ്ടായത്. ഒരു സീറ്റ് അധികമായി അത് കോണ്‍ഗ്രസിനെ തോല്‍പിച്ചു നേടി. ഇത് ഹരിയാനയിലെ ആദംപൂര്‍ സീറ്റ് ആണ്. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയ ഒരു ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആണ് ഇവിടെ ജയിച്ചത്. ബീഹാറിലെ ഗോപാല്‍ ഗജ്ജ് സീറ്റ് ബി.ജെ.പി. ജെ.ഡി.(യു) സഖ്യത്തില്‍ നിലനിറുത്തി. ഈ ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നഷ്ടം കോണ്‍ഗ്രസിന് ആയിരുന്നു. ഒരു സീറ്റ പോലും ഈ പ്രധാന പ്രതിപക്ഷ പാര്‍ട്ടി ജയിച്ചില്ല. ഹരിയാനയിലെ ആദംപൂര്‍ ബി.ജെ.പി.ക്ക് അടിയറവെച്ചതു കൂടാതെ തെലുങ്കാനയിലെ മുനുഗോഡ് സീററ് തെലുങ്കാന രാഷ്ട്രസമിതിക്കും വച്ചു കീഴടങ്ങി. മസഗോഡ് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വളരെ വാശിയേറിയതായിരുന്നു. തെലുങ്കാന രാഷ്ട്രസമിതിയും രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി.യും ഇവിടെ പണവും മദ്യവും ധാരാളം ഇറക്കി. തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതുക്കിയ ചെലവുപരിധിയായ 40 ലക്ഷം രൂപയിലേറെ ഇവിടെ ഈ പാര്‍ട്ടികള്‍ ചെലവഴിച്ചെന്നത് ഇരുകൂട്ടരും പരസ്പരം ആരോപിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി.യും തെലുങ്കാന രാഷ്ട്രസമിതിയും കൂടെ 200 കോടിയിലേറെ രൂപയുടെ മദ്യം മുനുഗോഡിവിനെ സമ്മതിദായകര്‍ക്കായി വിളമ്പിയത്രെ! ഇതുകൂടാതെ നൂറുകണക്കിനു കോടിരൂപ പണമായും വോട്ടര്‍മാര്‍ക്കു നല്‍കി. കോണ്‍ഗ്രസ് ഇവിടെ വളരെ പിറകില്‍ മൂന്നാമതായി മത്സരം പൂര്‍ത്തിയാക്കി. ഇവിടെയാണ് ഈ ഉപതെരഞ്ഞെടുപ്പ് തെലുങ്കാന രാഷ്ട്രീയം തിരുത്തി എഴുതിയത്. കോണ്‍ഗ്രസിനെ പിന്‍തള്ളി ബി.ജെ.പി. തെലുങ്കാനയിലെ പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നു വന്നിരിക്കുകയാണ്. ഇതു പുതിയ ഒരു രാഷ്ട്രീയ പ്രതിഭാസം ആണ്. ഒരു കാലത്ത് കോണ്‍ഗ്രസ് അടക്കിവാണിരുന്ന ആന്ധ്രയുടെ ഭാഗം ആണ് തെലുങ്കാന. ബി.ജെ.പി. പ്രധാന പ്രതിപക്ഷകക്ഷി ആയിട്ടു മാത്രമല്ല രംഗപ്രവേശനം ചെയ്തിരിക്കുന്നത്. അത് ഭാവിയിലെ ഒരു ഭരണകക്ഷികൂടെ ആയേക്കാം. ബി.ജെ.പി.യുടെ ഓപ്പറേഷന്‍ കമലിനും പണക്കൊഴുപ്പിനും വര്‍ഗ്ഗീയധ്രൂവീകരണത്തിനും സാധിക്കാത്തതായി ഒന്നും ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ ഇന്ന് ഇല്ല. മുനുഗോഡ് സീറ്റില്‍ വിജയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെ ദയനീയമായ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി.യാണ് ഈ ഉപതെരഞ്ഞെടുപ്പുകളില്‍ നല്‍കുന്ന ശക്തമായ സന്ദേശം. ഇത് തെലുങ്കാന രാഷ്ട്രസമിതിക്കും ഉള്ള ഒരു മുന്നറിയിപ്പ് ആണ്. തെലുങ്കാന രാഷ്ട്രസമിതിയുടെ കെ. ചന്ദ്രശേഖറാവു 2014-19 കാലങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറ്റം ആസൂത്രണം ചെയ്തു ആപാര്‍ട്ടിയെ ദുര്‍ബ്ബലമാക്കിയതുപോലെ ഇ്‌പ്പോള്‍ ബി.ജെ.പി.യും അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്. കര്‍ണ്ണാടക കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. ഒരു സംസ്ഥാനത്ത് പ്രധാന കക്ഷിയോ ഭരണകക്ഷിയോ ആകുന്നുണ്ടെങ്കില്‍ അത് തെലുങ്കാന ആയിരിക്കും. ആന്ധ്രയും തമിഴ്‌നാടും കേരളവും എല്ലാം ഇന്നും ബി.ജെ.പി.ക്ക് ബാലികേറാമലയാണ്.
ഈ ഉപതെരഞ്ഞെടുപ്പിന്റെ പരീക്ഷണശാല ബീഹാര്‍ ആയിരുന്നു. ബി.ജെ.പി. ജെ.ഡി.(യു) സഖ്യം വിട്ടതിനുശേഷമുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. അതുപോലെ തന്നെ രാഷ്ട്രീയ ജനതദള്‍-ജെ.ഡി.(യു) സഖ്യത്തിന്റെയും ആദ്യതെരഞ്ഞെടുപ്പ്. ഗോപാല്‍ ഗജ്ജ് ബി.ജെ.പി. നിലനിറുത്തിയെങ്കിലും 2020-ലെ ഭൂരിപക്ഷമായ 36,000 വോട്ടില്‍നിന്നും അത് 1800 വോട്ട് ആയി കുത്തനെ കുറഞ്ഞു. ജെ.ഡി.(യു) സഖ്യത്തിനു വെളിയില്‍ ബി.ജെ.പി.ക്കു ബീഹാറില്‍ വലിയ ഭാവി ഇല്ല എന്നതിന്റെ സൂചനയാണ് ഇത്. 2024-ല്‍ ബി.ജെ.പി.ക്ക് ബീഹാര്‍ അത്ര സുഗമം ആയിരിക്കുകയില്ല. ജെ.ഡി.(യു)യും അത്ര ശ്കതമല്ല ബി.ജെ.പി. സഖ്യം അവസാനിപ്പിച്ച് രാഷ്ട്രീയ ജനതദള്‍ കൂട്ടുകെട്ടില്‍ ചേര്‍ന്നതിനുശേഷം.
രാഷ്ട്രീയ ജനതദള്‍ 2020-ല്‍ മൊകാമ സീറ്റില്‍ 36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അത് ഇപ്രവാശ്യം 16,000 ആയി കുറഞ്ഞു. ഇതിന്റെ അര്‍ത്ഥം ജെ.ഡി.(യു)-രാഷ്ട്രീയ ജനതദള്‍ സഖ്യത്തിന്റെ ആരോഗ്യവും അത്ര നല്ലതല്ല. പരമ്പരാഗത വൈരികള്‍ ആയ അണികള്‍ക്ക് സഖ്യ അത്ര ദഹിച്ചിട്ടുണ്ടാവില്ല സ്വാഭാവികമായും. സഖ്യം വോട്ടു കൈമാറ്റമായി മാറിയെങ്കില്‍ തെരഞ്ഞെടുപ്പ് വിജയിക്കുകയുള്ളൂ. ഒരു പരിധി വരെ അത് ജെ.ഡി(യു) രാഷ്ട്രീയ ജനതദള്‍ സഖ്യത്തിന്റെ കാര്യത്തില്‍ നടന്നിട്ടുണ്ടെങ്കിലും മൊകാമ ഉപതെരഞ്ഞെടുപ്പു തെളിയിക്കുന്നത് പരസ്പരം വിശ്വാസം പരിപൂര്‍ണ്ണമായിട്ടില്ല എന്നതാണ്.
ഒരു സീറ്റു പോലും ജയിക്കാതെ ഉണ്ടായിരുന്ന രണ്ടു സീറ്റുകളിലും ബി.ജെ.പി.യോടും തെലുങ്കാന രാഷ്ട്രസമിതിയോടും തോറ്റ കോണ്‍ഗ്രസിന് ഗൗരവമായ ഒരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിനുള്ള വോട്ടുകളെ ഒന്നിപ്പിച്ചില്ല എന്നു വേണം അനുമാനിക്കുവാന്‍. അല്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ ഭാരത് ജോഡോ യാത്രയുടെ ഒരു പ്രതിഫലനവും കണ്ടില്ല. രാഹുലിന്റെ യാത്ര തെലുങ്കാനയിലൂടെ കടന്നുപോയതും ആണ്.
ഹിമാചല്‍, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പു നടന്ന ഈ ഉപതെരഞ്ഞെടുപ്പുഫലങ്ങള്‍ ബി.ജെ.പി.ക്ക് ഒരു ബൂസ്റ്റ് നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ നില ഒരു പരിധിവരെ കാത്തുസൂക്ഷിച്ചെങ്കിലും അവരുടെ കോട്ടയില്‍ വിള്ളല്‍ ഉണ്ട്. ഈ ഉപതെരഞ്ഞെടുപ്പുകളും വരുവാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളും ബി.ജെ.പി.യും പ്രാദേശിക പാര്‍ട്ടികളും തമ്മിലായിരിക്കും. ദേശീയ പ്രതിപക്ഷമായ കോണ്‍ഗ്രസും പ്രാദേശിക കക്ഷികളുടെ കൂടെ വരും. പ്രാദേശിക കക്ഷികള്‍ അവരുടെ സംസ്ഥാനങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ അവ ബി.ജെ.പി. കുത്തൊഴുക്കില്‍ ഒലിച്ചുപോകും.
The By-Election Results Implications for BJP and Opposition.