Image

ചീരപ്പന്‍ചിറയില്‍ മകരജ്യോതി; കളരിയില്‍ അഗ്‌നിസാക്ഷിയായി സുശീലയും മണിയും : (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 15 November, 2022
ചീരപ്പന്‍ചിറയില്‍ മകരജ്യോതി; കളരിയില്‍ അഗ്‌നിസാക്ഷിയായി സുശീലയും മണിയും : (കുര്യന്‍ പാമ്പാടി)

മറ്റൊരു മണ്ഡല മകരവിളക്ക് സീസണുമായി ശബരിമല നട ബുധനാഴ്ച തുറക്കുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്ന ഒരു തറവാട് ആലപ്പുഴ ജില്ലയിലെ മുഹമ്മയിലുണ്ട്--ചീരപ്പന്‍ ചിറ. അയ്യപ്പനെ കളരിപഠിപ്പിച്ച പണിക്കര്‍മാരുടെ തറവാട് ആണത്.  ശബരിമല ക്ഷേത്രത്തില്‍ ഈ തറവാടിനു പ്രത്യേക അവകാശങ്ങള്‍ ഉണ്ട്.

പന്തളം രാജാവിന്റെ പുത്രന്‍ മണികണ്ഠന്‍ ചീരപ്പന്‍ചിറ കളരിയില്‍ പഠിച്ച്  സമര്‍ഥനായ യോദ്ധാവായെന്നും ആ തറവാട്ടിലെ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു വിവാഹം ചെയ്തുവെന്നും ആ പെണ്‍കുട്ടിയെയാണ് ശബരിമലയില്‍ മാളികപ്പുറത്തമ്മയായി പ്രതിഷ്ഠിച്ചതെന്നുമാണ് ഐതിഹ്യം. ആ യോദ്ധാവാണ് ജനലക്ഷങ്ങളുടെ ആരാധനാമൂര്‍ത്തിയായ ശബരിമല ശാസ്താവ്.

(തറവാട്ടിലെ മണിച്ചിത്രത്താഴ്) 

അവകാശങ്ങള്‍ക്കു വേണ്ടി ദേവസ്വം ബോര്‍ഡുമായി ഇടഞ്ഞു സുപ്രീം കോടതി വരെ പോരാടിയ  വീര്യം ഒട്ടും തണുത്തു പോയിട്ടില്ല മുന്‍ നാവികസേനാംഗം സി. കെ. മണിക്ക്. ഐഎന്‍എസ് കല്‍വരി എന്ന ആദ്യത്തെ അന്തര്‍ വാഹിനിയില്‍ സേവനം ചെയ്തു. മൂന്ന് തവണ  റഷ്യയില്‍ പോയി. ഒരു തവണ പോയത് എട്ടാമത്തെ അന്തര്‍വാഹിനി ഐഎന്‍എസ് വക് ഷീര്‍ വാങ്ങുന്നതിനുള്ള  അഞ്ചംഗ സംഘത്തില്‍ അംഗമായി. 20 വര്‍ഷം  അബുദാബിയിലും സേവനം ചെയ്തു.

അഞ്ഞൂറോളം കുടുംബങ്ങള്‍  അടങ്ങിയ ചീരപ്പന്‍ചിറ തറവാട്ടിലെ ഏറ്റവും പ്രായമുള്ള വ്യക്തി  82  എത്തിയ മണിയാണ്.  ചീരപ്പന്‍ചിറ വംശാവലി യുടെ രേഖാചിത്രങ്ങള്‍ കാണിച്ചുകൊണ്ട് മണി കോടതിയുദ്ധത്തിന്റെ നാള്‍വഴികള്‍ എന്റെ മുമ്പില്‍  അനാവരണം ചെയ്തു.  ചീരപ്പന്‍ചിറ കാരണവര്‍ സികെ കേശവപ്പണിക്കരുടെ ഏക മകനാണ് മണി. അമ്മ കര്‍ഷകത്തൊഴിലാളി നേതാവ് കൈനകരി ചെറുകാലില്‍ ജാനകി.

(കളരിത്തറയുള്ള ചീരപ്പൻചിറ തറവാട്)

തിരുവിതാകൂറില്‍ ആദ്യത്തെ കര്‍ഷത്തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ചതു  ജാനകിയുടെ അധ്യക്ഷയില്‍  ചെറുകാലില്‍ നടന്ന സമ്മേളനത്തില്‍ വച്ചാണ്. മൂവ്വായിരപ്പറ പാടശേഖരത്തിന്റെ ഉടമകള്‍ ആയിരുന്നു ആ കുടുംബം. യൂണിയന്‍ പ്രസിഡന്റ് ആയി വര്‍ഗീസ് വൈദ്യനും വൈസ് പ്രസിഡണ്ട് ആയി വിഎസ് അച്യുതാനന്ദനും സെക്രട്ടറിയായി എസ്‌കെ ദാസും ദാസും തെരഞ്ഞെടുക്കപ്പെട്ടു. 

കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിന്റെ അജയ്യ നേതാവും ലോക് സഭയില്‍  പ്രതിപക്ഷ നേതാവും ആയിരുന്ന എകെ  ഗോപാലനെ  വിവാഹം ചെയ്ത, ലോക് സഭാ മെമ്പറും കേരള വ്യവസായ മന്ത്രിയുമായിരുന്ന    സുശീലയുടെ തറവാടുകൂടിയാണ് ചീരപ്പന്‍ചിറ.  സുശീലയുടെ ജ്യേഷ്ട്ടത്തി സരോജിനിയുടെ മകള്‍ ഷീലയാണ് മണിയുടെ  ജീവിത പങ്കാളി.

(സുശീലാ-ഗോപാലൻ വിവാഹ നാളിൽ)

രാഷ്ട്രീയ സമരങ്ങള്‍ക്ക് നടുവില്‍ ഒളിവില്‍ താമസിക്കാന്‍ വന്ന 'പാവങ്ങളുടെ പടത്തലവന്‍' എ.കെ. ഗോപാലന് അഭയം അരുളിയ തറവാട് ആനു ചീരപ്പന്‍ചിറ.  ഇകെ നായനാര്‍ ഉള്‍പ്പെടയുള്ളവര്‍ അവിടെ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. തറവാട്ടിലെ നാല് കുരുന്നുകളില്‍ ഏറ്റവും ഇളയ പെണ്‍കുട്ടി സുശീല ആയിരുന്നു. അവളെ  'കൊച്ചു കുഞ്ഞു' എന്നാണ് എകെജി വിളിച്ചിരുന്നത്. ഒളിച്ചു കഴിയുന്ന ആള്‍ക്ക് ചായയും പലഹാരങ്ങളും എത്തിച്ച് കൊടുത്തിരുന്നു സുശീല.

അവള്‍ക്കു എകെജിയോട് ആരാധന. അത് പ്രണയമായി വളര്‍ന്നു. ഒമ്പതുവര്‍ഷങ്ങള്‍ക്കു  ശേഷം അവര്‍ വിവാഹിതരായി. സുശീലയെക്കാള്‍ 25 വയസ് പ്രായക്കൂടുതല്‍ ഉണ്ട് അന്ന് എകെജിക്ക്. വീട്ടിലെ എതിര്‍പ്പുകള്‍ അവള്‍ വകവച്ചില്ല.  ടിവി തോമസ്-കെ ആര്‍ ഗൗരി വിവാഹത്തെക്കാള്‍ ആരെയും രോമാഞ്ചം കൊള്ളിക്കുന്ന പ്രണയകഥ.

'എന്റെ ജീവിതകഥ' എന്ന പേരില്‍ എകെജി എഴുതിയ 39 അദ്ധ്യായങ്ങളും 472പേജുമുള്ള ആത്മകഥയില്‍ 'വിവാഹം' എന്ന പത്തൊമ്പതാം അദ്ധ്യായം അതിനെപ്പറ്റിയാണ്. '1952 സെപ്റ്റംബര്‍ 10 നാണ് എന്റെ വിവാഹം നടന്നത്.ചേര്‍ത്തല താലൂക്കില്‍ മുഹമ്മ വില്ലേജില്‍ ചീരപ്പന്‍ചിറയിലെ സഖാവ് കരുണാകര പണിക്കരുടെ  അനന്തിരവള്‍  സുശീലയെയാണ് ഞാന്‍ വിവാഹം കഴിച്ചത്,' അദ്ദേഹം പറയുന്നു.

'സുശീല ഗോപാലന്‍ ജീവിത കഥ'എന്നപേരില്‍ ഡോ. ടി.. ഗീനാകുമാരി എഴുതിയ പുസ്തകത്തില്‍ സമര തീഴ്ഷ്ണ, യൗവനം, നിശബ്ദ പ്രണയം, പെരളശേരിയുടെമരുമകള്‍, ലൈലമോള്‍, മാതൃകാദാമ്പത്യം എന്നീ അദ്ധ്യായങ്ങളും 25 വര്‍ഷംനീണ്ട സുശീല-ഗോപാലന്‍ ദാമ്പത്യത്തിലേക്കു വെളിച്ചം വീശുന്നവയാണ്.

(എകെജിയുടെ  ആത്മകഥ, സുശീലയുടെ  ജീവിത കഥ)

കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍ മാവിലായിയിലുള്ള മക്രേരിവില്ലേജില്‍ 1904 ഒക്ടോബര്‍ 1നു ജനിച്ച ആളാണ് ആയില്യത്ത് കൂറ്റിയേരിഗോപാലന്‍ നമ്പ്യാര്‍ എന്ന എ. കെ. ഗോപാലന്‍. അച്ഛന്‍വെള്ളുവക്കോണത്തു രൈരു നായര്‍, അമ്മ ആയില്യത് കുറ്റിയേരി മാധവി അമ്മ. എകെജി തലശ്ശേരി ബാസല്‍ മിഷന്‍ ഹൈ സ്‌കൂള്‍, ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് അധ്യാപകനായി. പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു.

തൃശൂര്‍ തൃപ്രയാര്‍ പഴുവില്‍ ഇഞ്ചിമുടി കണ്ണോളി വീട്ടില്‍ വേലുക്കുട്ടിതണ്ടാരുടെയും മുഹമ്മ ചീരപ്പന്‍ ചിറ മാധവി അമ്മയുടെയും മകളായി 1929ഡിസംബര്‍ 13നു മുഹമ്മയില്‍ സുശീല ജനിച്ചു.

അക്കാലത്തെ അറിയപ്പെടുന്ന സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനും ശ്രീമൂലം പ്രജാസഭ മെമ്പറും ആയിരുന്ന കൃഷ്ണ പണിക്കരുടെ മകള്‍ ആയിരുന്നു മാധവി അമ്മ. സുശീലക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ അച്ഛനമ്മമാര്‍ വേര്‍പിരിഞ്ഞു. ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടറിഞ്ഞ മാധവി അമ്മ പറക്ക പറ്റാത്ത നാല് കുട്ടികളുമായി സ്വന്തം തറവാട്ടിലേക്ക് മടങ്ങുകയായിരുന്നു. സൗഹാര്‍ദ്ദ പൂര്‍വം പരസ്പര സമ്മതത്തോടെയായിരുന്നു വേര്‍പിരിയല്‍. 1981ല്‍ 89 ആം വയസില്‍ അന്തരിക്കും വരെ അവര്‍   കുട്ടികളെ അല്ലലില്ലാതെ വളര്‍ത്തി.

മാധവി അമ്മക്ക്  നാല് മക്കള്‍. സുരേന്ദ്രന്‍, മിതാശയന്‍,  സരോജിജി. സുശീല. സുശീലയെക്കാള്‍  മൂന്ന് വയസ് മൂപ്പുള്ള സരോജിനിയാണ് സുശീലയെ പൊന്നുപോലെ നോക്കി വളര്‍ത്തിയത്. സുശീലയുടെ 'അക്കന്‍' അങ്ങിനെ അമ്മസ്ഥാനിയായി.

പുന്നപ്ര -വയലാര്‍ സമരത്തിലെ നേതാക്കളില്‍ ഒരാളായിരുന്നു സുശീലയുടെഅമ്മാവന്‍ സി കെ കരുണാകര പണിക്കര്‍. ഒളിവില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഗവര്‍മെന്റ് കണ്ടുകെട്ടി. അതില്‍ അദ്ദേഹത്തിന്റെ കയര്‍ ഫാക്ടറിയും ഉണ്ടായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം ഫാക്ടറി ഒഴിച്ചുള്ള സ്വത്തുക്കള്‍ തിരികെ ലഭിച്ചു. സ്‌കൂള്‍ ഫൈനല്‍ പാസായ സരോജിനിക്ക് കൊല്ലം പോലീസ് സൂപ്രണ്ട് ഓഫീസില്‍ ജോലി ലഭിച്ചെങ്കിലും  പാര്‍ട്ടിപ്രവര്‍ത്തനത്തിനു വേണ്ടി അവര്‍ ജോലി രാജി വച്ചു. 

സുശീല മുഹമ്മ ഗവ. ഏല്‍പിസ്‌കൂള്‍, കെപിഎം  യുപി  സ്‌കൂള്‍. എസ് ഡി വി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. ആലപ്പുഴയിലും തിരുവനന്തപുരത്തുമായിരുന്നു ഉപരിപഠനം. രാഷ്ട്രീയ ബന്ധങ്ങള്‍ മൂലം പലതവണ  മുടങ്ങിയെങ്കിലും ബിരുദപഠനം പൂര്‍ത്തിയാക്കി. 

ചീരപ്പന്‍ചിറ തറവാട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ എകെജിയും സുശീലയുമായി അടുത്തു. 'ഞങ്ങള്‍ തമ്മില്‍ എഴുത്തുകള്‍ കൈമാറി.അറസ്റ്റിലായി കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോള്‍ സുശീല എന്നെ കാണാന്‍വന്നു. ജയിലില്‍ നിന്ന് പുറത്തുവന്നാലുടന്‍ വിവാഹിതരാകണമെന്നു അന്ന്തീരുമാനിച്ചു,' എകെജി എഴുതുന്നു.

'ഞാനുമായുള്ള എഴുത്തു കുത്തുകള്‍ സിഐഡി ഉദ്യോഗസ്ഥന്മാര്‍കണ്ടെത്തിയതിനാല്‍ അവര്‍ പലപ്രാവശ്യം കോളേജില്‍ നിന്ന് ഡിസ്മിസ്‌ചെയ്യപെട്ടു. അവള്‍ ആലപ്പുഴ കോളജില്‍ ബിഎക്കുപഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ജയിലില്‍ നിന്ന് പുറത്തു വന്നത്.

'ആലപ്പുഴ യൂണിയനാപ്പീസില്‍ വച്ച് സഖാവ് കെസി ജോര്‍ജിന്റെ കാര്‍മ്മികത്വത്തില്‍ ഞങ്ങളുടെ വിവാഹം നടന്നു. സഖാക്കള്‍നിര്‍മ്മിച്ച രക്ത മാല്യങ്ങള്‍ കൈമാറിയതൊഴിച്ചാല്‍ യാതൊരു  വിധ വിവാഹച്ചടങ്ങുകളും ഉണ്ടായിരുന്നില്ല. ഒമ്പതു വര്‍ഷം  നീണ്ടു നിന്ന കാത്തിരിപ്പ് ഞങ്ങളുടെ  ജീവിതത്തില്‍ മാധുര്യം കൂട്ടി.'

സമര ജീവിതവും പാര്‍ലമെന്ററി ജീവിതവും സമാന്തരമായി നീങ്ങി. എകെജി ലോക്സഭയില്‍ നെഹ്രുവിനു പ്രിയപ്പെട്ട പ്രതിപക്ഷ നേതാവായി. അഞ്ചുതവണ എകെജി കണ്ണൂരിനെയും കാസര്‍ ഗോഡിനെയും പാലക്കാടിനെയും ലോക് സഭയില്‍പ്രതിനിധാനം ചെയ്തു. ഒന്നാം ലോക് സഭ  മുതല്‍ അഞ്ചാം ലോക് സഭ വരെ. 1977ല്‍ അന്തരിക്കുമ്പോഴും അംഗമായിരുന്നു. സുശീല മൂന്ന് തവണ ലോക് സഭയിലെത്തി. അമ്പലപ്പുഴ, ആലപ്പുഴ, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ നിന്ന്അംഗമായി.

അമ്പലപ്പുഴയില്‍ നിന്ന് കേരള നിയമ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സുശീല ഇകെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ്മന്ത്രിയായി സേവനം ചെയ്തു. ടെക്നോപാര്‍ക് സ്ഥാപിച്ചതും  വനിതാ കമ്മീഷന്‍ രൂപീകരിച്ചതും അവരുടെ നേട്ടങ്ങളാണ്. ആദ്യത്തെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി സുഗത കുമാരിയെ നിയമിച്ചതും അവര്‍ തന്നെ.

'സുശീല അമ്പലപ്പുഴയില്‍ ജയിച്ചപ്പോള്‍ വിഎസ് അച്യുതാനന്ദന്‍ മാരാരിക്കുളത്തു മത്സരിച്ച് തോറ്റിരുന്നു. സുശീല മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍  ശക്തമായി. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സുശീലയുടെ മേല്‍ ഇകെ നായനാര്‍ ഒരു വോട്ടിന്റെ അട്ടിമറി വിജയം നേടി എന്ന് ദേശാഭിമാനി ഒഴിച്ച് എല്ലാപത്രങ്ങളും റിപ്പോര്‍ട്‌ചെയ്തു,' (സുശീല ഗോപാലന്‍ ജീവിതകഥ, പേജ് 151).

കാല്‍ നൂറ്റാണ്ടു മാത്രമേ നീണ്ടു നിന്നുള്ളുവെങ്കിലും എകെജി-സുശീല ദാമ്പത്യംസ്‌നേഹസമ്പൂര്ണവും മാതൃകാപരവും ആയിരുന്നു. ഇടുക്കിജില്ലയിലെകര്‍ഷക കുടിയിറക്കിനെതിരെ കുമളിക്കടുത്ത് അമരാവതിയില്‍  സത്യാഗ്രഹംനടത്തുബോള്‍ എകെജി തീര്‍ത്തും അവശനായിരുന്നു. അടുത്തിരുന്നു ശുശ്രൂഷിക്കാന്‍ ഓടിയെത്തി സുശീല.

ചികിത്സക്കായി ഭര്‍ത്താവ് റഷ്യയില്‍ കഴിഞ്ഞകാലത്തും ചൈനയില്‍ പോയപ്പോഴും അവര്‍ കൂടെയുണ്ടായിരുന്നു.  എകെജി ഏറ്റെടുത്ത സമരങ്ങളില്‍  എല്ലാം അവര്‍ ഭാഗഭക്കായി. സ്വന്തമായി സമരങ്ങള്‍ നടത്തുകയും ചെയ് തു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി ഇന്ത്യമുഴുവന്‍ സഞ്ചരിച്ചു.

(അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോ. ജനറൽ സെക്രട്ടറി)

'വര്‍ഗ സമരങ്ങളുടെ പ്രാഥമിക പാഠങ്ങളില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കാതെ തൊഴിലെടുക്കുന്നവരുടെയും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ ഒരുവിട്ടുവീഴ്ചയും ഇല്ലാതെ സുശീല എന്നും പോരാട്ടങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിച്ചു,' വൃന്ദാ കാരാട്ട് രേഖപ്പെടുത്തുന്നു.

(തൊണ്ണൂറെത്തിയപ്പോൾ സരോജിനിക്കാദരവ്)

ലോക് സഭാംഗമായി സേവനം ചെയ്ത പി. കരുണാകരനാണ് സുശീലയുടെമകള്‍ ലൈലയെ വിവാഹം ചെയ്തത്. സുശീല അര്‍ബുദബാധിതയായിരുന്നു. 2001 ഡിസംബര്‍ 19നു തിരുവനന്തപുരത്തു അന്തരിക്കുമ്പോ ള്‍  പ്രായം 71.

(ലൈലയും ഭർത്താവ് പി. കരുണാകരനുമൊപ്പം)

നിയമസഭയിലേക്ക് മത്സരിക്കുന്ന വേളയില്‍ സുശീല അടുത്ത മുഖ്യമന്ത്രി എന്നെഴുതിയ പോസ്റ്ററുകള്‍ അമ്പലപ്പുഴയിലും സംസ്ഥാനത്തിന്റെ ഇത്ര മണ്ഡലങ്ങളിലും ഉയര്‍ന്നു. അത് എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി അണികള്‍ക്ക് പ്രത്യേകിച്ച്  സ്ത്രീ വോട്ടര്‍മാര്‍ക്ക് ആവേശം നല്‍കി.

(സരോജിനിയെ ഉമ്മവയ്ക്കുന്ന മകൻ വേണുഗോപാൽ)

എന്നാല്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റി മുഖ്യമന്ത്രിയായി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനു നായനാരെ തെര ഞ്ഞെടുത്തപ്പോള്‍ 'അതൊന്നും എനിക്കറിഞ്ഞു കൂടാ. അങ്ങിനെയൊരു സംഭവമേ ഉണ്ടായിട്ടില്ല' എന്നാണ് സുശീല  പ്രതികരിച്ചത്.  ഒരുകാലത്ത് ഭര്‍ത്താവ് ഏകെ ഗോപാലന്‍ സെക്രട്ടറി ആയിരുന്ന  പാര്‍ട്ടിയോട് സുശീലക്കു ഉണ്ടായിരുന്ന പ്രതിബദ്ധതയുടെയും കൂറിന്റെയും  അടയാളമായിരുന്നു ഈ നിലപാട്.

(ജ്യേഷ്ടത്തി സരോജിനിയുടെ മകൾ ഷീലയും ഭർത്താവ് സി.കെ മണിയും)

സുശീലയും ഗോപാലനും മാധവിഅമ്മയും  സരോജിനിയും കുമാര പ്പണിക്കരും കരുണാകര പണിക്കരും എല്ലാം കടന്നു പോയി. പഴയു പ്രതാപത്തിന്റെ ബാക്കിപത്രമായി ചീരപ്പന്‍ചിറ തറവാടും അവരുടെ കളരിയും ഇന്നുമുണ്ട്.  വീണ്ടുമൊരു അങ്കത്തിനു ബാല്യമുണ്ട് എന്ന മട്ടില്‍ യോദ്ധാവിന്റെ വീര്യവുമായി മണിയും ഒപ്പം ഷീലയും.  ഐടി ഉദ്യോഗസ്ഥയായ്ര ന്മകള്‍  മോണിക്ക ദുബായിലാണ്. ഐടിക്കാരനായ മകന്‍ ദീപക് പുനെയിലും. .

കുര്യന്‍ പാമ്പാടി

Join WhatsApp News
George mampara 2022-11-15 12:44:38
Kurian Some of your stories should be put into an anthology and sold as a book. A good sexy cover jacket would make the book sell well. Your language flow, its lyrical notes are all commendable. Now I know a little how you have that journalists eye always awake and alert in you. You sublimate your base animal instincts thereby. Plenty of research skills add charm to your facts and story line. Gm
കോരസൺ 2022-11-16 02:04:18
ഗവേഷകകുതുകിയുടെ ചാരുതയോടെ, ആകാംഷ ശൃഷ്ഠിക്കുന്ന ചിത്രങ്ങളോടെ, ലാസ്യഭാവങ്ങളോടെ അക്ഷരങ്ങൾക്ക് ചിറകുകൾ നൽകുന്ന ശ്രീ. കുര്യൻ പാമ്പാടി എഴുത്തുകാർക്ക് ഒരു പാഠപുസ്തകം. - കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക