MediaAppUSA

പ്രണയക്കുരുതികൾ (എഴുതാപ്പുറങ്ങൾ  - 96:ജ്യോതിലക്ഷ്മി നമ്പ്യാർ)

Published on 17 November, 2022
പ്രണയക്കുരുതികൾ (എഴുതാപ്പുറങ്ങൾ  - 96:ജ്യോതിലക്ഷ്മി നമ്പ്യാർ)

അഭൗമമായ പ്രണയത്തിന്റെ സാക്ഷാത്കാരം കത്തിയോ തോക്കോ ആസിഡുബൾബുകളോ കൊണ്ടല്ല. പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന, വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്ന മനസ്സുകളാലാണ് ആ ദിവ്യസമാപനം.. കമിതാക്കൾ ജീവനൊടുക്കി, പ്രണയിച്ചവൾക്ക് വേണ്ടിയുള്ള കാമുകന്റെ ത്യാഗം, അല്ലെങ്കിൽ കാമുകിയുടെ ത്യാഗം എന്നൊക്കെ പത്രങ്ങളിൽ വന്നിരുന്ന സ്ഥാനത്ത് ഇന്ന് കാമുകൻ കാമുകിയെ കൊലപ്പെടുത്തി അല്ലെങ്കിൽ കാമുകി കാമുകനെ കൊലപ്പെടുത്തിയെന്നൊക്കെയുള്ള വാർത്തകളാണ് നമ്മൾ വായിക്കുന്നത്.

ഒരാളെ പ്രണയിക്കുക, ജീവിതാവസാനം വരെ അയാളോടൊത്ത് ജീവിക്കുക എന്ന സദാചാരസങ്കല്പം നല്ലതെങ്കിലും, ഒരിക്കലും ഒരുമിച്ച് പോകാൻ കഴിയാത്ത വ്യത്യസ്തമനസ്സുള്ളവർ പിരിയുന്നത് തന്നെയല്ലേ ഉത്തമം? പ്രണയിച്ചവളോട് പ്രതികാരം തീർക്കുക, പ്രണയിച്ചവളെ കൊലപ്പെടുത്തുക, അതിനുള്ള ശിക്ഷ ഏറ്റെടുത്ത് ജീവിതം നശിപ്പിക്കുക എന്നത് ശരിയായ പ്രണയത്തിന്റെ പ്രതിഫലനമാണോ? ഒരുവന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചുകഴിഞ്ഞാൽ സ്ത്രീ അവന്റെ ഇഷ്ടത്തിനനുസരിച്ച് വലിച്ചെറിഞ്ഞു ഉടച്ചുകളയാവുന്ന ഒരു കളിപ്പാട്ടമാണോ? 

പ്രണയം അതുല്യമായ ഒരു മനോവികാരമാണ്. മനസ്സിന്റെ അന്തർഗതങ്ങളിൽ മഞ്ഞുപെയ്യുന്ന ഒരു സുഖമാണ് പ്രണയം ഉളവാക്കുന്നത്. മനസ്സിന്റെ ഉൾകോണിൽ ഉളവാകുന്ന ഒരു സുഖമുള്ള വികാരമാണ് പ്രണയം. പ്രണയം പൂക്കളോടാകാം, പ്രകൃതിയോടാകാം, അക്ഷരങ്ങളോടാകാം, മനുഷ്യരോടാകാം. എന്തിനെയും പ്രണയിക്കാൻ ഉതകുന്ന സൗമ്യമായ ഒരു മനോവികാരം മനുഷ്യനിൽ അന്തർലീനമാണ്. ഇതൊരു സാഫല്യമാണ്. എന്നാൽ ഈ പ്രണയം സ്ത്രീപുരുഷ മനസ്സുകൾ തമ്മിലായാലോ അതൊരു സ്വർഗ്ഗീയ അനുഭൂതിയായി മാറുന്നു. പ്രണയം പലപ്പോഴും പൂവ്വണിയാറുണ്ട്. എന്നാൽ  പലപ്പോഴും മൊട്ടിട്ടതിനു ശേഷം  കരിഞ്ഞുപോകുന്നു. ഈ സാഹചര്യത്തിൽ പ്രണയ നൈരാശ്യങ്ങൾ    ജന്മമെടുക്കുന്നു.  

പ്രണയം പ്രതികാരമായി മാറിയ പല കഥകളും നമ്മൾ നിരവധി കേട്ടിട്ടുണ്ട്. പ്രണയം അന്ധമായി മാറുന്ന അവസ്ഥയിൽ മനസ്സിന്റെ താളം തെറ്റുകയും പ്രവചിക്കാനാവാത്തവിധം തീവ്രവികാരങ്ങൾ അവരെ അടിമപ്പെടുത്തുകയും ചെയ്യും. അതിൽ പ്രധാനമാണ് സംശയം (doubt), ഉടമസ്ഥതാബോധം (possessiveness), ആധിപത്യം (domination) എന്നിവ. ഇത് സാധാരണയായി പുരുഷനിലാണ് കൂടുതലായി കാണാറുള്ളത്. ഇതുമൂലം പല പ്രണയങ്ങളും   പ്രതികാരങ്ങളായി മാറുന്നു. ആത്മാർത്ഥമായ പ്രണയ ബന്ധങ്ങൾ പരാജയമാകുമ്പോഴാണ് ഇത് സംഭവിക്കാറുള്ളത്. ഷെയ്‌ക്‌സ്‌ഫിയരുടെ ഒഥല്ലോ എന്ന പ്രശസ്ത നാടകത്തിൽ നായകൻ ആഫ്രിക്കയിലെ അറബിശങ്കരവംശജനായ ഒഥെല്ലോയെ ഡെസ്ഡിമോണ എന്ന വെളുത്ത സുന്ദരി പ്രണയിക്കുന്നു.  വെണ്ണക്കല്ലിലെ ശ്വാശ്വത സുന്ദരശില്പം പോലെ എന്നൊക്ക കവി എന്നിട്ടും സംശയ രോഗം പിടിപെട്ട അയാൾ അവളെ സംശയിക്കുന്നു. അവളെ കൊല്ലാൻ തീരുമാനിക്കുന്നു. അവളുടെ കിടപ്പുമുറിയിൽ വന്നു അവളുടെ പാപത്തിനായി പ്രാർത്ഥിക്കാൻ അവസരം കൊടുക്കുന്നു. അവൾ കെഞ്ചി പറയുന്നു അവൾ വിശ്വസ്തയാണ്, അവനെ ജീവനുതുല്യം സ്നേഹിക്കുന്നവളാണ്.   എന്നിട്ടും സംശയ രോഗം പിടിപെട്ട അയാൾ അയാൾ അവളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നു. സ്ത്രീയെ പുരുഷന് സംശയിക്കാം. അവളെ കൊല്ലാം ,  എന്നുതന്നെയാണ്  കാലങ്ങൾക്കു മുൻപുള്ള ഈ നാടകം പോലും സമൂഹത്തോട് പറയുന്നത്. 

 കാലചക്രത്തിന്റെ പ്രയാണത്തിൽ പ്രണയമെന്ന അനശ്വര മനുഷ്യവികാരത്തിൽ പലതരത്തിലുള്ള ഭീകരമുഖങ്ങളും പ്രകടമായി കാണാൻ തുടങ്ങി.  ഇന്ന് പ്രണയം ഏതു രീതിയിലുള്ള ഭീകരരൂപവുമായാണ് വരുന്നതെന്ന് പറയാൻ കഴിയില്ല. പണ്ടു കാലം മുതലേ പ്രണയ നൈരാശ്യംകൊണ്ട് ജീവനൊടുക്കുന്ന സംഭവങ്ങൾ നിരവധി കേൾക്കാറുണ്ട്. എന്നാൽ ഇന്ന് വാർത്താമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പല സംഭവങ്ങളിലും പ്രണയം ഒരു ദാക്ഷിണ്യവുമില്ലാത്ത കൊലപാതകിയായാണ് പ്രത്യക്ഷപ്പെടുന്നത്.   2010  മുതൽ 2014 വരെ 8% വരെ യായിരുന്ന പ്രണയകൊലപാതകങ്ങൾ 2020 ആയപ്പോഴേക്കും 11 %  ആയി വർദ്ധിച്ചു എന്നാണു പഠനങ്ങൾ പറയുന്നത്. കേരളത്തിൽ ഈ കഴിഞ്ഞ നാലുവര്ഷങ്ങളിൽ പ്രണയമരണങ്ങൾ ഏകദേശം 350 ആണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അതിൽ  340 കേസ്സുകൾ പ്രണയ നൈരാശ്യത്തിൽ സ്വയം ജീവനൊടുക്കിയതും, 10 എണ്ണം പ്രണയം നിരസിച്ചതുകൊണ്ട് കൊലചെയ്യപ്പെട്ടതുമാണെന്നാണ്   കണക്കുകൾ വ്യക്തമാക്കുന്നത്

പലപ്പോഴും പ്രണയകൊലപാതകങ്ങൾക്കും, വിവാഹേതര പീഡനങ്ങൾക്കും ഇരകളാകാറുള്ളത് പെൺകുട്ടികളാണ്. പ്രണയം തിരസ്കരിക്കുമ്പോൾ, പ്രണയത്തിൽനിന്നും വിട്ടുമാറാൻ ശ്രമിക്കുമ്പോൾ , വിവാഹത്തിനുശേഷം സ്ത്രീധനം കുറയുമ്പോൾ എല്ലായിടത്തും പെൺകുട്ടികൾ ഇരകളാകാറുണ്ട്. എന്നാൽ ഈയ്യിടെ നടക്കുന്ന പ്രണയകൊലപാതകങ്ങളിൽ സ്ത്രീപുരുഷ വ്യത്യാസമില്ല. പ്രണയം വാക്കത്തികളായി, ആസിഡ് ബോബുകളായി, വാഹനാപകടങ്ങളായി സമൂഹത്തിൽ ചുറ്റിയടിക്കുന്നു.  വിവാഹേതര പ്രണയബന്ധങ്ങൾ, ത്രികോണപ്രണയങ്ങൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രണയങ്ങൾ എന്നിവടങ്ങളിലാണ് അധികവും പ്രണയം ഒരു കൊലപാതകിയായി രൂപമെടുക്കുന്നത്. ക്യാമ്പസ്സ് പ്രണയങ്ങളും പലപ്പോഴും ഇതിന് സാഹചര്യമൊരുക്കുന്നു. 

 പ്രശസ്ത മനോരോഗ വിദഗ്ദൻ ഡോ.കെർസി ചവട പറയുന്നത് ഇങ്ങിനെയാണ്.   

"It is likely that the person  has a Pre-event psychiatric disorder…. And that he has never had it assessed. . Often a personality disorder, with ideas of control / entitlement/ “love”frustration.. all at the perpetrators behest..are catalysts which make a person react in a bizarre way .. which might actually be dangerous, either to self or another.

Conultant Psychiatrist, Hinduja  Hospital.

യഥാർത്ഥ സ്നേഹത്തിന് അല്ലെങ്കിൽ പ്രണയത്തിന് കൊലയാളിയാകാൻ കഴിയുമോ? ഒരിക്കലുമില്ല യാഥാർത്ഥപ്രണയം എന്നാൽ രണ്ടുമനസ്സുകളും പരസ്പരം ഇഴുകിച്ചേർന്ന്, സ്വഭാവങ്ങൾ പരസ്പരം  മനസ്സിലാക്കിയും   പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമ്പോഴുമാണ്. ഇതിലൂടെയാണ് രണ്ടു മനസ്സുകളിലും  യഥാർത്ഥമായ പ്രണയത്തിന്റെ സുഖം അനുഭവപ്പെടുന്നത്. ഇത്തരത്തിൽ പ്രണയബദ്ധരാകുന്നവർ  പരസ്പര സാമീപ്യം ഇഷ്ടപ്പെടുന്നു. ശാരീരിക ആവശ്യങ്ങളെ പരസ്പരം തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇവിടെ മനസ്സിലൂടെയാണ് ശാരീരിക സംതൃപ്തിയിലേക്കെത്തുന്നത്. 

പണ്ടുകാലങ്ങളിൽ പ്രണയ സാക്ഷാത്കാരം നേടുന്നത് വിവാഹത്തിലൂടെയാണ്. സ്ത്രീപുരുഷ മനസ്സുകൾ പരസ്പരം അടുക്കുമ്പോൾത്തന്നെ അവർ ആ പ്രണയ സാക്ഷാത്കാരത്തെക്കുറിച്ച് ചിന്തിക്കും. അവിടെ ശാരീരികമായ ബന്ധങ്ങളേക്കാൾ കുടുംബം, അവിടെനിന്നും കിട്ടുന്ന സന്തോഷങ്ങൾ സംതൃപ്തി എന്നിവക്കാണ് കൂടുതൽ സ്ഥാനം. 

എന്നാൽ മുൻപ് പറഞ്ഞ ക്യാമ്പസ്സ് പ്രണയങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രണയങ്ങളിലും, വിവാഹേതര ബന്ധങ്ങളിലും ഇത്തരം സങ്കല്പങ്ങൾക്കൊന്നും സ്ഥാനമില്ല. അവിടെ കമിതാക്കളെ നയിക്കുന്നത് ശാരീരിക ആവശ്യങ്ങളും സംതൃപ്തിയും മാത്രമാണ്.പ്രണയത്തിന് കണ്ണില്ല എന്ന പഴമൊഴി ഇവിടെയാണ് അർത്ഥവത്താകുന്നത്. ഒരു വ്യക്തമായ ലക്ഷ്യവുമില്ലാതെ കമിതാക്കൾ പ്രണയബദ്ധരാകുന്നു.

പല സാഹചര്യത്തിലും ഉടമസ്ഥതാബോധം, പ്രണയകൊലപാതകങ്ങൾക്ക് കാരണമാകുന്നു. ആദ്യമെല്ലാം പ്രണയത്തെ വെറുമൊരു നേരമ്പോക്കായി കാണുന്നു. പരസ്പരം ഇടപഴകുകയും, നൈമിഷികമായ ജീവിതത്തിൽ എല്ലാം അറിയുക എന്ന തത്വതജ്ഞാനത്തിൽ എല്ലാം പരസ്പരം കൈമാറുകയും ചെയ്യുമ്പോൾ ഒരു ഉടമസ്ഥതാബോധം ഉടലെടുക്കുന്നു. പ്രത്യേകിച്ചും ആൺകുട്ടികളിൽ. അവളിലുള്ള എല്ലാ അവകാശവും പിന്നീട് അവനാണെന്ന ഭാവം. പിന്നീട് ഈ ഉടമസ്ഥതാബോധം ചെന്നെത്തുന്നത് ആധിപത്യത്തിലേക്കാണ്. പെൺകുട്ടിയുടെ ഓരോ കാര്യത്തിലും അവന്റെ ഇടപെടൽ ഉണ്ടാകുന്നു. ഇതിൽനിന്നും ചിലപ്പോൾ സംശയവും ഉണ്ടായേക്കാം. നേരംപോക്ക് പ്രണയത്തിന്റെ പേരിൽ എല്ലാം സമർപ്പിച്ച പെൺകുട്ടിക്ക് ഈ ആധിപത്യം അസഹ്യമായാലും അവൾക്കതിനെ എതിർക്കാൻ കഴിയാതെവരുന്നു .  ആധിപത്യത്തിൽനിന്നും ഒരൽപം വ്യതിചലിക്കാൻ പെൺകുട്ടി ധൈര്യം കാണിച്ചാൽ ആ പ്രണയബന്ധം അവസാനിക്കുന്നത്  നിർബന്ധ ആത്മഹത്യകളിലും, ആസിഡ് ബൾബുകളിലും, കൈത്തോക്കുകളിലുമാണെന്നുള്ളതാണ് ദുഃഖസത്യം. 

ക്യാമ്പസുകളിൽ   പ്രണയമെന്നാൽ  നേരമ്പോക്കിനുവേണ്ടിയുള്ള ഒന്ന് മാത്രമാണ്. പ്രണയം എന്ന പേരിൽ എന്ത് കോപ്രായങ്ങളും അരങ്ങേറുന്നത് ക്യാമ്പസ്സുകളിലാണ്. 'തേച്ച് പോകുക' തുടങ്ങിയ പ്രത്യേക വാക്കുകളും, പ്രയോഗങ്ങളും തന്നെ ഈ നേരമ്പോക്കിനായി രൂപമെടുത്തിട്ടുണ്ട്

പ്രണയകൊലപാതകങ്ങൾ നിത്യസംഭവമായി മാറുന്ന സാഹചര്യത്തിൽ പ്രണയമെന്ന വികാരത്തെ നിരോധിക്കാൻ കഴിയുമോ? കഴിയില്ല എന്ന്  നമുക്കെല്ലാവർക്കും അറിയാം. നൈമിഷികമാണ് ജീവിതമെന്നും പറഞ്ഞു എന്തും കട്ടികൂട്ടുവാനുള്ളതല്ല മാനുഷിക മൂല്യങ്ങൾ. ഓരോ മാനുഷിക വികാരങ്ങളും മാനുഷിക ബന്ധങ്ങളുടെ മൂല്യങ്ങളിൽ അധിഷ്ഠിതമാണ്. മാനുഷിക മൂല്യങ്ങൾക്ക് വിലകല്പിക്കാതിരുന്നാൽ മനുഷ്യൻ മൃഗതുല്യനാകും. സമൂഹ മാധ്യമങ്ങളിൽ കാണുന്ന നിറപ്പകിട്ടാർന്ന ലോകമല്ല യഥാർത്ഥ ജീവിതം. സമൂഹമാധ്യമങ്ങളിലൂടെ സമ്പാദിക്കാൻ കഴിയുന്ന സൗഹൃദങ്ങളെപ്പോലെ വളരെ എളുപ്പമായ ഒന്നല്ല യഥാർത്ഥ ലോകം. അവിടെ മാനുഷിക മൂല്യങ്ങളുണ്ട്, നമ്മുടെ തനതായ സംസ്കാരമുണ്ട്, ആചാരാനുഷ്ഠാനങ്ങളുണ്ട്. അവയെ സംരക്ഷിക്കുന്നതായിരിക്കിണം നമ്മുടെ കർമ്മങ്ങൾ. സാങ്കേതിക ശാസ്ത്രം വളർന്നുകൊണ്ടേയിരിക്കും, കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും, പുരോഗമനങ്ങൾ നമ്മെ തേടിവന്നുകൊണ്ടേയിരിക്കും. അവയെല്ലാം അനുഭവിക്കുമ്പോഴും മനുഷ്യജന്മം അമൂല്യമാണെന്ന് വിസ്മരിച്ചുകൂടാ.   നേരം പോക്കിനും, ശാരീരിക സംതൃപ്തിക്കും വേണ്ടി അരങ്ങേറുന്ന പ്രണയ ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടിട്ടുള്ളതെന്നു മനസ്സിലാക്കാം. 

# article for ezhuthapurangal by Jyothylakshmy Nambiar

Das 2022-11-17 11:47:08
Great insight; apt for the growing concern in the emerging scenario ! Let health, happiness, contentment & fulfillness prvail amongst society at large ...
Sudhir Panikkaveetil 2022-11-17 13:56:20
നമ്മുടെ വിശ്വമഹാകവി പറഞ്ഞത് ഓർക്കുന്നു. "കവിയും, കാമുകനും ഉന്മാദിയും ഒരേ പോലെ ഭാവന ചെയ്യുന്നു. നരകത്തിൽ ഉൾകൊള്ളാൻ കഴിയുന്നതിലപ്പുറം അവർ ചെകുത്താന്മാരെ കാണുന്നു." അപ്പോൾ പിന്നെ പ്രണയിനിയെ കൊല്ലുന്നതും അവർക്ക് എളുപ്പം. ഇടപ്പിള്ളിയിലെ ഒരു കവി മരണമണി മുഴങ്ങുന്നത് കേട്ട് സ്വയം ജീവനൊടുക്കി. ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ ആനുകാലിക വിഷയങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നത് നല്ലത് തന്നെ. പ്രണയിക്കുന്നവർക്ക് ഒരു കരുതൽ കൂടി ആവശ്യമാകുന്നു. കുട്ടികൾ വേണ്ടെന്നുള്ളത് മാത്രമല്ല സ്വന്തം ജീവന്റെ സുരക്ഷാ കൂടി. ഹാ..ഹാ.
വിദ്യാധരൻ . 2022-11-17 18:47:35
എന്നാൽ മുൻപ് പറഞ്ഞ ക്യാമ്പസ്സ് പ്രണയങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രണയങ്ങളിലും, വിവാഹേതര ബന്ധങ്ങളിലും ഇത്തരം സങ്കല്പങ്ങൾക്കൊന്നും സ്ഥാനമില്ല അവിടെ കമിതാക്കളെ നയിക്കുന്നത് ശാരീരിക ആവശ്യങ്ങളും സംതൃപ്തിയുമാണ് " ഈ ലേഖനത്തിന്റെ കാതലായ ഭാഗം ഇതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. സ്ത്രീക്ക് കാമാസക്തി മാത്രമല്ല ഉള്ളത്. അവൾക്ക് ഗർഭം ധരിച്ച് ഒരമ്മയാകണം എന്നുള്ള അതിയായ മോഹവും ഉള്ളിൽ ഉണ്ട്. എനിക്ക് തോന്നുന്നത് പുരുഷന് ഈ ഭാഗം ശരിക്ക് മനസിലാക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നാണ് .എനിക്ക്, ഞാൻ ഇത് അനുഭവം കൊണ്ട് മനസ്സിലാക്കിയ ഒരാളാണ്. കുട്ടികളുടെ കാര്യത്തിൽ സ്ത്രീകളാണ് താത്‌പര്യം കൂടുതൽ കാണിക്കാറുള്ളത് .പിതൃദിനത്തിന്റെ പിന്നിലെ ചരിത്രം അന്വേഷിച്ചപ്പോളാണ് ഇത് കൂടുതൽ മനസ്സിലാക്കാൻ കഴിയും . , ഭാര്യമരിച്ചു കഴിഞ്ഞ് കുട്ടികളെ വളര്ത്താൻ വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പിതൃദിനത്തിന്റെ പിതാവായ " വില്യംസ് ജാക്സൺ സ്മാർട്ടിന്റെ " (ചരിത്രം നിങ്ങൾക്ക് വായിച്ചു മനസിലാക്കാം ) ചരിത്രം വായിച്ചാൽ ഇത് കൂടുതൽ മനസിലാക്കാം . ചെറുപ്രായത്തിൽ നമ്മളുടെ ഹോർമോൺ , പുരുഷന്റെ റെസ്റ്റിയോസ്‌ട്രോൺ , സ്ത്രീയുടെ എസ്ട്രജൻ ഇവയെല്ലാം, അതിന്റെ അത്യുച്ചകോടിയിൽ നിൽക്കുന്ന സമയമാണ് ചെറുപ്രായം. ഇവിടെ അമ്മായാകണമോ അച്ഛനാകണമോ എന്നതിലുപരി "ശാരീരിക ആവശ്യങ്ങളും സംതൃപ്തിയുമാണ്" മുന്നിൽ നിൽക്കുന്നത് . അതിന് ഭംഗം വരുമ്പോൾ. പ്രത്യേകിച്ച്. പുരുഷൻ സംഹാര രൂപിയായി മാറും" അവൻ മണ്ണെണ്ണയും, പെഡ്രോളും, കത്തിയും. തോക്കും എല്ലാം തേടും . സെക്സിനെ കുറിച്ചുള്ള പഠനം സ്‌കൂളുകളിൽ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..സ്ത്രീ എന്നു പറയുന്നത് , "ചെന്താമരാക്ഷി തവ പോർമുല പോൾക്കുടങ്ങൾ, ചന്തത്തിലുള്ള നട നീണ്ട കറുത്ത കേശം " മാത്രമല്ല. നേരേമറിച്ച്‌, "കുഞ്ഞിനു മാത്രമില്ലേകാന്തത ; കര - ഞ്ഞൊന്നു വിളിച്ചാൽ മതിയല്ലോ അപ്പോഴേ പണിയൊക്കെയവിടെയിട്ടോടിവ- നമ്മ തൻ മാറോടണയ്ക്കുന്നു " (ഏകാന്തത -സുഗതകുമാരി ) കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ, പുരുഷൻ അവന്റെ രതിക്രീഡയുടെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ. സ്ത്രീ പുരുഷനെ തള്ളി നീക്കി കുട്ടിയുടെ അടുത്തേക്ക് ഓടിയെന്നിരിക്കും . ഈ ഭാഗം പുരുഷന് മനസിലാകാൻ പ്രയാസം തന്നെ. അവൻ ചിലപ്പോൾ സ്ത്രീയുടെ തലയിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നിരിക്കും . ഇന്ത്യയിൽ കുട്ടികാലേ ദൈവം തന്നതാണെന്നുള്ള നുണയിൽ നിന്ന് സെക്സിനെ കുറിച്ച് പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . നല്ലൊരു ലേഖനത്തിന് അഭിനന്ദനം . വിദ്യാധരൻ .
Nambiar Jaydev 2022-11-18 07:57:28
പ്രണയ നൈരാശ്യം കൊലപാതകത്തിൽ കലാശിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് നാൾക്ക്നാൾ വർധിക്കുകയാണ്. പ്രണയ ബന്ധങ്ങളിൽ ഉണ്ടാകാനിടയുള്ള അകൽച്ചയെ തിരിച്ചറിഞ്ഞു മനസ്സിനെ പാകപ്പെടുത്താൻ ഇന്നത്തെ യുവതലമുറ പരാജയപ്പെടുന്നതിന്‍റെ തെളിവാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രണയിക്കുന്ന പങ്കാളി തന്‍റേതുമാത്രം ആകണമെന്ന അതിവൈകാരികതയാണ് പലപ്പോഴും ദുരന്ത കഥകളിലേക്ക് എത്തുക. ഉത്തമമായ മാനസ്സികാരോഗ്യം ചെറുപ്രായത്തിലേ നമ്മുടെ കുട്ടികൾ ആർജ്ജിക്കേണ്ടതുണ്ടെന്നതാണ് സത്യം. ആനുകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്ന ശ്രീമതി ലക്ഷ്മിക്ക് അഭിനന്ദനം .
P.R. Nair 2022-11-18 13:33:36
വൈവിധ്യമാർന്ന വിഷയങ്ങളെ ആസ്പദമാക്കി ശ്രീമതി ജ്യോതിലക്ഷ്മി ഇ മലയാളിയിൽ 96 ലേഖനങ്ങൾ എഴുതിയെന്നത് അഭിമാനകരം തന്നെ. ഒരു എഴുത്തുകാരിയുടെ അർപ്പണമനോഭാവവും പ്രതിബദ്ധതയും അതിൽ നിന്നും വ്യക്തമാണ്. നൂറും നൂറിൽ കൂടുതലും രചനകളിലൂടെ പ്രശസ്തി കൈവരിക്കുക. വിജയാശംസകൾ.
Jyothylakshmy Nambiar 2022-11-19 11:47:10
ലേഖനം വായിച്ച് അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും പ്രത്യേകം നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക