ജാതിയുടെ പേരില്‍, 'കഷായ ഗ്രീഷ്മ'-യുടെ കൊലപാതക ശ്രമത്തെ വരെ ന്യായീകരിക്കാന്‍ ഇന്നിപ്പോള്‍ ആളുകളുണ്ട്. ചന്ദ്രനിലും ചൊവ്വയിലും പോകാന്‍ രാജ്യം തയാറെടുക്കുമ്പോഴും ചില കൂട്ടര്‍ പേരിന്റ്റെ കൂടെ ജാതിവാല്‍ കൊണ്ടു നടക്കുന്നുണ്ട്. അതാരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതിനാല്‍ പറയുന്നില്ല; പറഞ്ഞിട്ടും വിശേഷമൊന്നുമില്ല. ഈ ജാതി വാലില്‍ വലിയ മഹത്ത്വമൊന്നുമില്ലെന്ന് അവരൊക്കെ സ്വയം തീരുമാനിക്കേണ്ടതാണ്. അപ്പനും അമ്മയും പേരിട്ടപ്പോള്‍ കൂടെ വന്നതാണെന്ന് ചിലര്‍ ന്യായീകരണം പറയും. പക്ഷെ ഇതെഴുതുന്നയാളുടെ കൂടെ സ്‌കൂളിലും യൂണിവേഴ്സിറ്റിയിലും ഒക്കെ പഠിച്ച ചിലര്‍ ഇപ്പോള്‍ 'സര്‍ നെയിം' ആയി നായര്‍ പേരുകള്‍ ഒക്കെ ഉപയോഗിച്ച് ഫെയിസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നു. പണ്ട് കൂടെ പഠിച്ചിരുന്നപ്പോള്‍ ആ 'സര്‍ നെയിം' ഒന്നും അവര്‍ക്ക് ഇല്ലായിരുന്നു. ഇംഗ്‌ളീഷ് ലെറ്റേഴ്‌സ് ആയിരുന്നു അന്ന് അവരുടെ ഒക്കെ 'സര്‍ നെയിം'.
ഇന്ന് ആ ഇംഗ്ലീഷ് ലെറ്റേഴ്‌സ് ഒക്കെ മാറ്റി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവര്‍ ജാതി വാല്‍ സ്വമേധയാ സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാന്‍ സാധിക്കുകയില്ല. ശരിക്ക് പറഞ്ഞാല്‍ അത്തരം ചിലരെ ഫെയിസ്ബുക്കില്‍ കണ്ടുമുട്ടിയപ്പോള്‍ ആദ്യം ഇതെഴുതുന്നയാള്‍ക്ക് മനസിലായില്ല. പിന്നെ അവരുടെ ഫോട്ടോ ഒക്കെ കണ്ടപ്പോഴാണ് കൂടെ പഠിച്ചിരുന്നവരാണല്ലോ എന്ന തിരിച്ചറിവ് വന്നത്. ഈ ജാതിവാല്‍ സ്വമേധയാ ഉപയോഗിക്കുന്ന ചിലരൊക്കെ പ്രശസ്തമായ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും, വിദേശത്ത് നല്ല നിലയില്‍ ജീവിക്കുന്നവരുമാണെന്ന് പറയുമ്പോള്‍ സുബോധമുള്ളവര്‍ക്ക് ഇവിടെ നടക്കുന്ന സാമുദായിക ധ്രുവീകരണം മനസിലാക്കാം. കൂടെ 'ബ്രാഹ്‌മിന്‍സ് അച്ചാര്‍'; 'ബ്രാമിന്‍സ് പുട്ടുപൊടി' എന്നൊക്കയുള്ള പരസ്യങ്ങളും കാണുന്നു. ഈ സാമുദായിക ധ്രുവീകരണത്തെ ചെറുക്കാന്‍ 'പറയന്‍', 'പുലയന്‍' - എന്നൊക്ക പേരിന്റ്റെ കൂടെ ചേര്‍ത്ത് വേറൊരു കൂട്ടര്‍ പ്രത്യക്ഷപ്പെടുന്നു. ചുരുക്കം പറഞ്ഞാല്‍ എല്ലാ കൂട്ടരും ഇന്ന് കണക്കാണ്. കേരളം വീണ്ടും ഭ്രാന്താലയം ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു.
ഇന്ത്യയില്‍ ജാതി ബോധത്തിനും, ജാതി രാഷ്ട്രീയത്തിനും ഏറ്റവും കുപ്രശസ്തമായ സംസ്ഥാനം എന്നും ബീഹാര്‍ ആയിരുന്നു. നളിനി സിംഗിന്റ്റെ വളരെ പ്രശസ്തമായ ബീഹാറിലെ തിരഞ്ഞെടുപ്പുകളില്‍ ബൂത്ത് പിടിക്കുന്നതിനെ കുറിച്ചുള്ള ഡോകുമെന്റ്ററിയില്‍ ബൂത്ത് പിടിക്കുന്ന ആള്‍ അതിനു കാരണമായി പറയുന്നത് 'യേ തോ ജാതിനിഷ്ഠാ കീ ബാത്ത് ഹേ' എന്നാണ് - അവരുടെ ജാതിയുടെ അഭിമാനത്തിന്റ്റെ പ്രശ്‌നമാണെന്ന്. അതിനു വേണ്ടിയാണ് ഭയങ്കര റിസ്‌ക്കുള്ള ബൂത്ത് പിടുത്തം 1980-കളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ബീഹാറില്‍ അരങ്ങേറിയിരുന്നത്. പിന്നീട് ടി.എന്‍. ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി കഴിഞ്ഞപ്പോള്‍ കഥയാകെ മാറി.
പണ്ട് ഇതെഴുതുന്നയാള്‍ ബീഹാറിലെ മധേപുരയില്‍ നിന്നുള്ള ഒരു റിക്ഷക്കാരനോട് ലാലു പ്രസാദ് യാദവിനെ കുറിച്ച് ചോദിച്ചു. അപ്പോള്‍ റിക്ഷക്കാരന്‍ ആവേശത്തോടെ പറഞ്ഞത് 'ലാലുജി ബ്രാഹ്‌മണന്റ്റേയും, ഠാക്കൂറിന്റ്റേയും, ഭൂമിഹാറിന്റ്റേയും ഭരണം അവസാനിപ്പിച്ചു' എന്നാണ്. ബീഹാറില്‍ ജാതി രാഷ്ട്രീയം എന്ന് പറയുന്നത് പത്തിരുപത് വര്‍ഷം മുമ്പ് വരെ വളരെ ശക്തമായി നിലനിന്നിരുന്ന ഒന്നാണ്. പക്ഷെ ഇന്നിപ്പോള്‍ അത് മാറി വരികയാണ്. 2020-ല്‍ തേജസ്വി യാദവ് ബീഹാറിനെ ഇളക്കിമറിച്ച ക്യാമ്പയിന്‍ തന്നെ നടത്തി.
നേരത്തേ എങ്ങനെയാണ് ബീഹാര്‍ വോട്ടു ചെയ്തിരുന്നത്? ഒരു വശത്ത് ബി.ജെ.പി. -യെ പിന്തുണക്കുന്ന ബ്രാഹ്‌മണരും, ഠാക്കൂറും, ഭൂമിഹാറും, ബനിയകളും; മറുവശത്ത് രാഷ്ട്രീയ ജനതാ ദളിനെ പിന്തുണക്കുന്ന യാദവരും മുസ്ലീങ്ങളും. അതിനപ്പുറം യാദവരല്ലാത്ത OBC- കള്‍. റാം വിലാസ് പസ്വാന്റ്റെ LJP-യെ പിന്തുണക്കാത്തവരും, മറ്റ് ദളിത് വിഭാഗങ്ങളും മഹാദളിതരായിട്ടാണ് ബീഹാറില്‍ അറിയപ്പെടുന്നത്. മദ്യ നിരോധനം പോലുള്ള നയങ്ങള്‍ മൂലം സ്ത്രീകളെ കൂടെ നിര്‍ത്തുവാന്‍ പണ്ടൊക്കെ നിതീഷ് കുമാറിന് സാധിച്ചു. 2015-ല്‍ 60.48 ശതമാനം സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ കേവലം 53.32 ശതമാനം പുരുഷന്മാര്‍ മാത്രമേ ബീഹാറില്‍ വോട്ട് ചെയ്തുള്ളൂ എന്ന് പറയുമ്പോള്‍ തന്നെ അറിയാം മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ നിതീഷ് കുമാറിന് കൊടുത്ത പിന്തുണ.
2020-ലെ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ജാതി രാഷ്ട്രീയത്തിനപ്പുറത്ത് ചില കാര്യങ്ങളൊക്കെ ഇന്ത്യന്‍ ജനതയെ കാണിച്ചു തന്നു. ജാതി രാഷ്ട്രീയത്തിലും, ഗുണ്ടായിസത്തിലും ഉറച്ചുപോയ ബീഹാറില്‍ വികസന മന്ത്രങ്ങള്‍ ഉയര്‍ത്താന്‍ സാധിച്ചു എന്നത് തേജസ്വി യാദവിന്റ്റെ വലിയ നേട്ടം തന്നെയായിരുന്നു. തേജസ്വി യാദവ് ഉയര്‍ത്തിയ 'കമായ്', 'ദവായ്', 'പഠായ്', 'സിഞ്ചായ്', 'മെഹങ്കായ്' - വരുമാനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, വിലകയറ്റം - ഇത്തരം ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നവംബര്‍ 2020-ലെ തിരഞ്ഞെടുപ്പില്‍ ജാതി രാഷ്ട്രീയത്തിനപ്പുറം തേജസ്വി യാദവിന് ഉയര്‍ത്താനായി എന്നത് വലിയ നേട്ടം തന്നെയായിരുന്നു. ഏതാണ്ട് 30 ലക്ഷത്തിലേറെ ബീഹാറി 'മൈഗ്രന്റ്റ് ലേബറേഴ്‌സ്' സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ബീഹാറിലേക്ക് മടങ്ങി എന്നായിരുന്നു കണക്കുകള്‍ പറഞ്ഞിരുന്നത്. അതില്‍ പലരും കാല്‍നടയായി ആണ് ബീഹാറില്‍ തിരിച്ചെത്തിയത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളില്‍ 90 ശതമാനവും ബീഹാര്‍, ബംഗാള്‍, ജാര്‍ക്കണ്ട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. തിരിച്ചെത്തിയപ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം അവര്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ തേജസ്വി യാദവ് ഉയര്‍ത്തിയ 'മെഹങ്കായ്' അതല്ലെങ്കില്‍ വിലകയറ്റം സാധാരണക്കാരെ ബാധിക്കുന്ന ഒരു വലിയ വിഷയം തന്നെയായിരുന്നു. തേജസ്വി യാദവിനെ കേള്‍ക്കാന്‍ ബീഹാറില്‍ വലിയ ജനക്കൂട്ടം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വരുന്നുമുണ്ടായിരുന്നു.
ഇന്ത്യയില്‍ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും, വിദ്യാഭ്യാസവും, ജലസേചനവുമൊക്കെ തിരഞ്ഞെടുപ്പുകളില്‍ അത്ര പെട്ടെന്ന് വോട്ടാകാറില്ല. കാരണം മതവും ജാതിയും ഭക്ഷിച്ചു ജീവിക്കുന്നവരാണ് നമ്മുടെ വോട്ടര്‍മാരില്‍ അധികവും. ബീഹാറിലും അതാണ് കണ്ടത്. പക്ഷെ തേജസ്വി യാദവ് നിര്‍ണായകമായ സ്വാധീനം 2020-ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ചെലുത്തി എന്നത് ഫലം നോക്കുന്ന ആര്‍ക്കും മനസിലാകും. NDA- ക്ക് 37.26 ശതമാനം വോട്ട് കിട്ടിയപ്പോള്‍, മഹാസഖ്യത്തിന് 37.23 ശതമാനം വോട്ട് കിട്ടി. മൊത്തം വോട്ടുകളില്‍ 13,000 വോട്ടുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ; കൃത്യമായി പറഞ്ഞാല്‍ കേവലം 12,768 വോട്ടുകളുടെ കുറവ്. ഈ 12,768 അധിക വോട്ടുകള്‍ മൂലമാണ് NDA-ക്ക് 15 നിയമസഭാ സാമാജികരെ അധികം കിട്ടിയതെന്ന് പറഞ്ഞാല്‍ പലരും അതിശയിക്കും. പക്ഷെ അതാണ് ഇക്കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്.
പണ്ട് ബീഹാറികളായിരുന്നു ഇന്ത്യന്‍ നഗരങ്ങളിലെ മഹാ ഭൂരിപക്ഷം റിക്ഷക്കാരും, കൂലി തൊഴിലാളികളും. ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കല്‍ക്കട്ടയിലെ റിക്ഷക്കാരെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. 'മേരേ പ്യാരെ ബീഹാറി ബഹനോം ഔര്‍ ഭായിയോം' എന്ന് വിളിച്ചാണ് ലാലു റിക്ഷക്കാരെ അഭിസംബോധന ചെയ്തതെന്ന് പറയുമ്പോള്‍ തന്നെ മഹാഭൂരിപക്ഷം റിക്ഷക്കാരും ബീഹാറികള്‍ ആണെന്നുള്ളത് വ്യക്തമാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ശിവസേനാ പ്രവര്‍ത്തകര്‍ ചില ബീഹാറികളെ ആക്രമിച്ചിരുന്നു. പാവപ്പെട്ട ബീഹാറി മൈഗ്രന്റ്റ് ലേബറേഴ്സിനെ ശിവസനാ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് തല്ലുന്നത് ടി.വി.- യിലെ വാര്‍ത്തക്കിടയില്‍ കാണിച്ചിരുന്നു. പണ്ട് ഉത്തരേന്ത്യയില്‍ 'ബീഹാറിയോം കോ മാര്‍നാ ഹേ' എന്നാണ് പറഞ്ഞിരുന്നത് - ബീഹാറിയെ കണ്ടാല്‍ തല്ലണമെന്ന്. ഹിന്ദി ഭാഷികള്‍ ഒരു പഴഞ്ചൊല്ല് കൂടി ഉണ്ടാക്കിയിട്ടുണ്ട് ഇക്കൂട്ടരെ പഴിക്കാന്‍ - 'ഏക് ബിഹാറി; സൗ ബിമാരി' എന്ന് - 'ഒരു ബീഹാറിയുണ്ടെങ്കില്‍ നൂറ് ദരിദ്രവാസികളും കൂടെ കാണും' എന്ന് അര്‍ധമാക്കുന്നു ഈ ചൊല്ല്. എന്തായാലും 'ദാരിദ്ര മുക്ത ഭാരതം സൃഷ്ടിക്കണമെങ്കില്‍ ആദ്യം ബിഹാറികളിലെ പാവപ്പെട്ടവരെ നന്നാക്കണം. ദരിദ്രര്‍ ആരായാലും ഒന്നുകില്‍ അവര്‍ ബംഗ്‌ളാദേശികളാണ് അല്ലെങ്കില്‍ ബിഹാറികളാണെന്നായിരുന്നു പണ്ടത്തെ വിചാരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബംഗ്ലാദേശ് ഒരുപാട് മാറി; ബീഹാര്‍ ഇനിയും അധികമൊന്നും മാറിയിട്ടില്ല.
നന്നായി ഇംഗ്‌ളീഷില്‍ സംസാരിക്കാന്‍ കഴിയുക എന്നത് ഇന്ത്യയിലെ അര്‍ബന്‍ എലീറ്റുകളെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ഈ 'എലീറ്റസത്തിന്' എതിരെ പൊരുതിയാണ് ലാലു പ്രസാദ് യാദവിനെ പോലുള്ളവര്‍ വലിയ നേതാക്കളായത്. ലാലു പ്രസാദ് യാദവിന്റ്റെ പ്രസംഗം കേട്ടിട്ടുള്ളവര്‍ക്ക് അത് അറിയാം. തികച്ചും ഗ്രാമീണമായ ഹിന്ദി ഉപയോഗിച്ച് തന്നെയാണ് അദ്ദേഹം ബീഹാറിലെ ജനഹൃദയങ്ങള്‍ കീഴടക്കിയത്. ലാലു പ്രസാദ് യാദവിന്റ്റെ ഗ്രാമീണമായ ഫലിത പ്രയോഗങ്ങള്‍ പോലെ തന്നെ ജാതി സ്പിരിറ്റും ബീഹാറില്‍ രാഷ്ട്രീയ ജനതാ ദള്ളിന്റ്റെ വിജയത്തില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു.
പക്ഷെ ഇന്നിപ്പോള്‍ ബീഹാര്‍ രാഷ്ട്രീയം മകന്‍ തേജസ്വി യാദവിലേക്ക് വരുമ്പോള്‍, ആ ജാതി സ്പിരിറ്റ് ഒക്കെ പഴങ്കഥ ആയി മാറുകയാണ്. ബീഹാര്‍ രാഷ്ട്രീയത്തില്‍ തേജസ്വി യാദവ് ഉയര്‍ത്തിയ 'കമായ്', 'ദവായ്', 'പഠായ്', 'സിഞ്ചായ്', 'മെഹങ്കായ്' വിഷയങ്ങള്‍ തന്നെ അത് കാണിക്കുന്നു. ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ പണ്ട് ക്രിക്കറ്റര്‍ ആയിരുന്നപ്പോള്‍, കൂടെ പഠിച്ച ക്രിസ്ത്യാനി പെണ്‍കുട്ടിയായ റേച്ചല്‍ ഗോഡിന്‍ഹോയെയാണ് പുള്ളി വിവാഹം കഴിച്ചത്. ഇന്നിപ്പോള്‍ പേര് മാറ്റി രാജശ്രീ യാദവ് എന്നാക്കിയെന്നു മാത്രം. അമ്മാവന്‍ സാധു യാദവ് തേജസ്വി യാദവ് ഒരു യാദവ് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ തേജസ്വി പുള്ളിയോട് പോകാന്‍ പറഞ്ഞു. ഇന്നത്തെ തലമുറ പഴയ പോലെ ജാതിയും മതവുമൊന്നും കല്യാണം കഴിക്കുമ്പോള്‍ നോക്കാറില്ല എന്നാണ് തേജസ്വി യാദവ് അതിനു പറഞ്ഞ ന്യായം. പക്ഷെ ബീഹാറിലെ 'ജാതി സ്പിരിറ്റ്' അത്ര പെട്ടെന്നൊന്നും പോകില്ല എന്ന് പലര്‍ക്കും നന്നായി അറിയാം.
കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള തെക്കും ഭാഗക്കാര്‍ക്ക് കമ്മ്യൂണിറ്റി സ്പിരിറ്റ് വളരെ കൂടുതലാണ്. കള്ളു കുടിക്കാനും, കല്യാണത്തിന് മുമ്പുള്ള മൈലാഞ്ചി ഇടുന്ന ചടങ്ങും, മധുരം വെയ്പ്പും ഒക്കെയായി അവര്‍ ഈ കമ്മ്യൂണിറ്റി സ്പിരിറ്റ് ആഘോഷമാക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. പണ്ട് ഒത്തിരി നടപ്പുണ്ടായിരുന്നപ്പോള്‍ ചെറിയ പ്രായത്തിലുള്ള വധുക്കളെ എടുക്കുമായിരുന്നല്ലോ. ഇന്നും ആ ഓര്‍മ നിലനിര്‍ത്താന്‍ വിവാഹ സദ്യക്ക് മുമ്പ് വധുവിനെ അമ്മാവന്മാര്‍ എടുക്കുന്ന ചടങ്ങൊക്കെ തെക്കും ഭാഗക്കാരില്‍ ഉണ്ട്. ഇത്തരത്തിലുള്ള 'ഏത്‌നിക് സ്പിരിറ്റില്‍' വലിയ പ്രശ്‌നങ്ങളൊന്നുമില്ല. മതവും ജാതീയമായ ഐഡന്റ്റിറ്റിയും ഒരു 'ഏത്‌നിക് സ്പിരിറ്റ്' രൂപത്തില്‍ ആയാല്‍ കുഴപ്പമൊന്നുമില്ല; സമൂഹത്തില്‍ ജാതിയും മതവും കണ്ടമാനം ധ്രുവീകരണം വരുത്താതിരുന്നാല്‍ മാത്രം മതി.
(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)