MediaAppUSA

 'വിരേചന' (രാജൂ മൈലപ്രാ)

Published on 18 November, 2022
 'വിരേചന' (രാജൂ മൈലപ്രാ)

വാര്‍ധക്യത്തിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്നത് അത്ര സുഖകരമായ ഒരു ഏര്‍പ്പാടല്ല. അമ്പത്തഞ്ച് വയസ് കഴിഞ്ഞാല്‍ പിന്നെ 'തന്നെ ഒന്നിനും കൊള്ളില്ല' എന്നൊലു ലേബലും കുത്തി റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് തള്ളിവിടുകയാണ് ഇന്നും കേരളത്തില്‍.

അതിനൊരു ഇളവുള്ളത് രാഷ്ട്രീയക്കാര്‍ക്കും, സിനിമാതാരങ്ങള്‍ക്കും, മതപുരോഹിതന്മാര്‍ക്കും മാത്രം.

അതിനൊരു മികച്ച ഉദാഹരണമാണ് ഈയടുത്തകാലത്ത് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജവും വീര്യവും പകരുവാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നൊരു എണ്‍പതുകാരന്‍ യുവാവിനെ അവരോധിച്ചു. കൂട്ടിനു കേരളത്തില്‍ നിന്നും എണ്‍പത്തൊന്നുകാരനായ അന്തോണിച്ചനേയും.

എഴുപത് എന്നേ കഴിഞ്ഞ മുതുമുത്തച്ഛന്മാര്‍ തങ്ങളുടെ കൊച്ചുമക്കളേക്കാള്‍ പ്രായക്കുറവുള്ള പെണ്‍കുട്ടികളുടെ നായകന്മാരായി മരംചുറ്റി പ്രേമം നടിച്ചുകൊണ്ട് വിലസുന്നു.-

സഭാ തലവന്മാരുടെ പ്രായത്തെപ്പറ്റി പരാമര്‍ശിക്കാന്‍ ഞാന്‍ പ്രാപ്തനല്ല. അവരില്‍ പലരും ക്ഷിപ്രകോപികളാണ്- അവര്‍ക്ക് അനിഷ്ടമായി എന്തെങ്കിലും പറഞ്ഞാല്‍ ഇടംവലം നോക്കാതെ ശപിച്ചുകളയും. വെറുതെ എന്തിന് ചാന്‍സ് എടുക്കുന്നു?

പ്രായം വെറും നമ്പരുകള്‍ മാത്രമാണെന്നും, മനസാണ് നമ്മുടെ പ്രായം നിശ്ചയിക്കുന്നതെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. മനസ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ല എന്നതാണ് വാസ്തവം. 'പാണ്ടന്‍നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല- എന്നുള്ളത് ഒരു നിത്യസത്യമാണ്.

ഈയടുത്ത കാലത്ത് 'പ്രായമുള്ളവരുടെ ഒരു കൂട്ടായ്മയില്‍' പങ്കെടുക്കുവാനുള്ള ഒരു ഭാഗ്യമുണ്ടായി. അതിനും വേണം ഒരു യോഗം- മീറ്റിംഗ് ആരംഭിക്കുന്നു-

'പ്രിയ സുഹൃത്തുക്കളെ! നമ്മളോടൊപ്പം കഴിഞ്ഞ മീറ്റിംഗില്‍ പങ്കെടുത്ത പലരും ഇന്നിവിടെയില്ല. അവര്‍ നമ്മെ വിട്ടുപിരിഞ്ഞു. അവരുടെ പേരുകള്‍ ഞാന്‍ വായിക്കാം. അതു കഴിയുമ്പോള്‍ കഴിവുള്ള എല്ലാവരും എഴുനേറ്റ് നിന്ന് അവരോടുള്ള ആദരവ് പ്രകടിപ്പിക്കണം. അടുത്ത മീറ്റിംഗില്‍ നമ്മളില്‍ എത്ര പേര്‍ ഇവിടെയുണ്ടാകുമെന്ന് ആര്‍ക്കറിയാം?'

ഈ പ്രസ്താവന കേട്ടപ്പോള്‍, 'കുട്ടിമാമ്മാ, ഞാന്‍ സത്യമായിട്ടും ഞെട്ടി മാമ്മ'- പ്രായത്തൊടൊപ്പം തന്നെ പലവിധ രോഗപീഢകളും കൂട്ടിനു വരും-

കൈകാല്‍ കഴപ്പ്, നടുവേദന, മുട്ടിനു വേദന...അങ്ങനെ പലതും.- 'പ്രഷര്‍, കൊളസ്‌ട്രോള്‍, ഡയബറ്റീസ്' - ഒരു പാക്കേജ് ഡീല്‍ ആണ്- ഭക്ഷണശീലങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയേ പറ്റൂ- ഗ്യാസ്, മലബന്ധം എന്നിവ ഒരു വലിയ പ്രശ്‌നമാണ്- അറുപത് കഴിഞ്ഞവരുടെ കൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ എനിക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്.

പരിപ്പുകറിയേലെങ്ങാനും നമ്മള്‍ കയറിപ്പിടിച്ചാല്‍ ഉടനെ ആരെങ്കിലും പറയും, 'പരിക്ക് അധികം കഴിക്കണ്ട- ഗ്യാസാ'.

'അച്ചായന്‍ പറഞ്ഞതു ശരിയാ- ഞങ്ങള്‍ ഇപ്പോള്‍ പരിപ്പ് ഉപയോഗിക്കാറേയില്ല. പകരം ചീരക്കറിയാണ്- അത് വയറിനു നല്ലതാ' അയാളുടെ തടിച്ചി ഭാര്യയുടെ വക ഒരു സപ്പോര്‍ട്ട്.-
'അത്താഴത്തിനു കഞ്ഞിയാ നല്ലത്. രാവിലെ വയറിനു നല്ല സുഖമമാ. തടിച്ചിയുടെ കൂട്ടുകാരി തങ്കമ്മയുടെ വക കമന്റ്.

'ഇച്ചിരി ഇറച്ചിയും, മീനും കഴിച്ചെന്നു കരുതി വലിയ കുഴപ്പമൊന്നുമില്ല. ഒരു 'കായം' ഗുളിക കഴിച്ചാല്‍ മതി.- രാവിലെ ശ്ര്‍ന്നങ്ങു പൊക്കോളും' -ഒരുത്തന്റെ അനുഭവസാക്ഷ്യം.

നല്ല വിഭവങ്ങള്‍ വിളമ്പി വച്ചിരിക്കുന്ന തീന്‍മേശയുടെ മുന്നിലിരുന്നാണ് ഈ അഭിപ്രായപ്രകടനങ്ങള്‍. - നല്ലതുപോലെ വല്ലതും കഴിക്കാമെന്നു വിചാരിച്ചതാണ്. ഭക്ഷണം വായില്‍ വയ്ക്കുമ്പോള്‍, എന്റെ മുന്നിലിരിക്കുന്ന തടിച്ചി, കക്കൂസില്‍ ഇരിക്കുന്ന രംഗമാണ് മനസില്‍ തെളിയുന്നത്.

മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ദയവായി മലബന്ധവിഷയം വിളമ്പാതിരിക്കുക- ഒരു റിക്വസ്റ്റാണ്.

അനുബന്ധം: ഡോ. എ.കെ.ബി പിള്ള പല കാര്യങ്ങളെപ്പറ്റിയും ഗവേഷണം നടത്തി, തന്റെ അനുഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. വര്‍ഷങ്ങളായി എന്തെങ്കിലും വായിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാതകര്‍മം നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഈയിടെ ഒരു ചെറിയ തടസം- അദ്ദേഹം കക്കൂസിലിരുന്നുള്ള വായന നിര്‍ത്തി. തന്റെ പ്രവര്‍ത്തിയില്‍ മാത്രം ഏകാഗ്രമായി ശ്രദ്ധിച്ചു- ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. ദിവസം രണ്ടുനേരം സംഗതി ക്ലീന്‍.

ഡോ. റോയി തോമസ് തന്റെ ഒരു 'അനുഭവകഥ' -'ചിരിയരങ്ങില്‍' പറയാറുണ്ട്. ഭാര്യ മരിച്ച ഒരു നമ്പൂരിശ്ശന്‍ ഡോക്ടറെ കാണാന്‍ വരുന്നു. പതിവ് ചോദ്യങ്ങളുടെ കൂട്ടത്തില്‍ 'മോഷന്‍' എങ്ങനെയുണ്ടെന്നു ചോദിച്ചാല്‍ നമ്പൂരിക്ക് മനസിലായില്ലെങ്കിലോ എന്നു കരുതി 'വിരേചന' എങ്ങിനെ നടക്കുന്നു എന്നു ഒരു തന്മയത്വത്തില്‍ ചോദിച്ചു. അല്പം ജാള്യതയോടെയാണ് നമ്പൂതിരി അതിനു മറുപടി പറഞ്ഞത്.

'അന്തര്‍ജനം മരിച്ചതിനുശേഷം 'വിരേചന' ഒന്നും ഒത്തുവന്നില്ല. എന്നാല്‍ ഈയിടെയായി അവരുടെ അനുജത്തി ഇടയ്ക്കിടെ വരുമ്പോള്‍ 'വിരേചന' നടത്താറുണ്ട്.'
(വിരേചനം= വയറിളക്കല്‍)

# Article by raju mylapra

 

Serious 2022-11-18 12:55:50
എങ്ങിനെ നോക്കിയാലും വയറിന്റെ കാര്യം ഒരു പ്രശ്‌നം തന്നെ. വലിയൊരു വിഷയത്തെ നിസ്സാരമായി കാണരുത്.
Kunchacko Mattathil 2022-11-18 14:04:20
Is it appropriate to discuss and publish this kind of cheap subjects in e-malayalee. Should give importance to more serious matters.
Sudhir Panikkaveetil 2022-11-18 15:19:23
ശോധന എന്ന നല്ല മലയാളത്തിൽ ചോദിച്ചാൽ മതിയായിരുന്നു. പിന്നെ ഡോക്ടർക്കും സംസ്കൃതം അത്രക്ക് നിശ്ചയമില്ലെന്നു നംപൂതിരിക്ക് മനസ്സിലായി കാണും, വിരേചനം എന്ന് വേണമായിരുന്നില്ലേ?. വിരേചന എന്നാൽ ഇളക്കിക്കളയുക എന്നർത്ഥം ഉണ്ട്. എന്തായാലും നമ്പൂതിരിയുടെ രസികത്വമാണ് നമ്മൾ കാണുന്നത് വിഡ്ഢിത്തമല്ല. ശ്രീ മൈലാപ്ര ഹാസ്യസാമ്രാട്ട് തന്നെ. ഇങ്ങനെ സൂക്ഷ്മമായി കാര്യങ്ങൾ കാണാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസാർഹം തന്നെ.
Doubter 2022-11-18 23:33:31
ഡോക്ടർ റോയ് തോമസ് തൻ്റെ രോഗിയോട് വിരേചന എങ്ങിനെയുണ്ടെന്ന് ചോദിച്ചു കാണില്ല. അതുപോലെ ഡോക്ടർ എ.കെ.ബി. തൻ്റെ പ്രോബ്ലം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കാണില്ല. എല്ലാം മൈലപ്രയുടെ ഭാവനാസൃഷ്ട്ടി ആകാനാണ് സാധ്യത.
Roy P Thomas 2022-11-21 20:28:47
മൈലപ്ര എഴുതിയതു ശരിയാണ് . സത്യമല്ലാത്തതു ഒന്നും മൈലപ്ര ഒരിക്കലും എഴുതിയിട്ടില്ല. Dr. Roy P Thomas
Mathew v zacharia, New yorker 2022-11-21 22:57:06
Raju myelapra: relevant matters are revealed in a humorous style. Keep it up. Moment of humorous facial muscles.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക