Image

ബൈബിളിലെ ശാസ്ത്രീയത (അദ്ധ്യായം 8: നൈനാന്‍ മാത്തുള)

Published on 19 November, 2022
ബൈബിളിലെ ശാസ്ത്രീയത (അദ്ധ്യായം 8: നൈനാന്‍ മാത്തുള)

ബൈബിൾ ശാസ്ത്രീയമായി തെറ്റാണോ, എന്ന ചോദ്യമാണ് അടുത്തതായി നിരൂപകരുടെ ചിന്താവിഷയമായി അക്ബർ ചൂണ്ടിക്കാണിക്കുന്നത്. അതിന് അനുകൂലമായും പ്രതികൂലമായും വളരെയധികം വാദപ്രതിവാദങ്ങളും എഴുത്തുകളും നടക്കുകയും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പലപ്പോഴും ബൈബിളിനു തെറ്റു പറ്റി എന്നതിനേക്കാൾ ബൈബിൾ വ്യാഖ്യാനത്തിനു തെറ്റുപറ്റി എന്നു പറയുന്നതാകും കൂടുതൽ ശരിയായിട്ടുള്ളത്. ബൈബിൾ എഴുതിയ സമയത്ത് ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു വാക്കുകൾ ഉപയോഗിച്ചിരുന്നത്. പ്രാഥമിക പാഠങ്ങൾ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കു വിഷയങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കുന്ന  വാക്കുകളായിരിക്കില്ല കോളജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കു വേണ്ടത്. പ്രവാചകന്മാർ ഭൂമിയെപ്പറ്റിയുള്ള ദർശനം കണ്ടിട്ട് ഭൂമി ഉരുണ്ടതാണെന്ന് അതുപോലെ അവർ എഴുതിയാൽ പ്രവാചകന്മാരുടെ സന്ദേശം ശ്രവിക്കുന്നതിനു പകരം അവരെ കല്ലെറിഞ്ഞു കൊല്ലാനും പരിഹാസവിഷയമാക്കാനും സാദ്ധ്യതയുണ്ടായിരുന്നു.
ഗലീലിയോ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞപ്പോൾ അതുൾക്കൊള്ളാൻ ഭൂരിപക്ഷം ആളുകൾക്കും കഴിഞ്ഞില്ല. സത്യം പറഞ്ഞ ഗലീലിയോയെയും മറ്റു ശാസ്ത്രജ്ഞന്മാരെയും ഒരു കാലത്തു പീഢിപ്പിച്ചിരുന്നു എന്നതും ശരിതന്നെ. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ള പീഢനം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സത്യദൈവത്തിൽ വിശ്വസിക്കുന്നവർക്കും സത്യം പ്രചരിപ്പിക്കുന്നവർക്കും എതിരെ ഉണ്ടാകുന്നു എന്നുള്ളത് ഒരു പരമാർത്ഥം മാത്രമാണ്. യേശു ക്രിസ്തു പറഞ്ഞു ''ഇടർച്ചയുണ്ടാകേണ്ടിയത് ആവശ്യം തന്നെ എങ്കിലും ഇടർച്ച ഉണ്ടാക്കുന്ന മനുഷ്യന് അയ്യോ കഷ്ടം'' ഇടർച്ചയുണ്ടാക്കാനും ഒരു കൂട്ടം ആളുകൾ ഉണ്ടാവണമല്ലോ. കുശവന് ഒരു പാത്രം മാനത്തിനും മറ്റൊന്ന് അപമാനത്തിനും സൃഷ്ടിക്കാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ എന്നാണ് അപ്പൊസ്‌തോലനായ പൗലോസ് ചോദിക്കുന്നത് (റോമർ 9:20,21). സത്യം പ്രചരിപ്പിക്കുന്നതിന് ഇടർച്ച സൃഷ്ടിക്കുന്നതിന് ഒരു കാലത്ത് കത്തോലിക്കാ സഭയും കൂട്ടുനിന്നു എന്നത് ഗലീലിയോയുടെ വിഷയത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അറിഞ്ഞോ അറിയാതയോ നാമോരുത്തരും പലർക്കും ഇടർച്ചയാകാറുണ്ട് എന്നതും പരമാർത്ഥമാണ്.
ബൈബിൾ ഒരിക്കലും ശാസ്ത്ര തത്വങ്ങൾക്ക് എതിരല്ലായിരുന്നു. മനുഷ്യനെ ശാസ്ത്രതത്വങ്ങൾ പഠിപ്പിക്കാനല്ല ജീവിതം എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്നതിനെപ്പറ്റി ദൈവത്തിൽ നിന്നുള്ള സന്ദേശം ജനങ്ങൾക്കു മനസ്സിലാകുന്ന ഭാഷയിൽ എത്തിക്കുകയാണ് ബൈബിളിൽ കൂടി ദൈവം ചെയ്യുന്നത്. എങ്കിൽപോലും ബൈബിളിൽ ശാസ്ത്രത്തിന് നിരക്കാത്തതായ കാര്യങ്ങൾ ഇല്ല. ബൈബിൾ വ്യാഖ്യാനങ്ങളാണ് തെറ്റിയിട്ടുള്ളത്. (സങ്കീർത്തനം 104:5) ''അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതെവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു'' എന്നത് ശാസ്ത്രീയമായി തെറ്റല്ല. മനുഷ്യന്റെ ദൃഷ്ടിയിൽ ഭൂമി കാണപ്പെടുന്നത് അത് ഇളകാത്തതായാണ്. ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും അതു ഇളകുന്നതായി അനുഭവപ്പെടുന്നില്ല. അത് അന്തരീക്ഷത്തിൽ തൂക്കിയിട്ടിരിക്കുകയാണെങ്കിലും അതിന്റെ ഭ്രമണപഥത്തിന് ദൈവം കല്പിച്ചാക്കിയ കിറുകൃത്യമായ നിയമങ്ങൾ അനുസരിച്ചാണ് അത് കറങ്ങിക്കൊണ്ടിരിക്കുന്നത്. ഭ്രമണപഥം വിട്ട് അതിന് എങ്ങും പോകാൻ സാധിക്കുകയില്ല. ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറി പോലെ മനുഷ്യന് കാര്യങ്ങൾ അനുഭവപ്പെടുന്നത് ദൃഷ്ടിഗോചരമായ അവസ്ഥയിലാണല്ലോ? ഈ അർത്ഥത്തിൽ മാത്രമാണ് ഭൂമി അതൊരിക്കലും ഇളകുകയില്ല എന്ന് എഴുത്തുകാരൻ എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കിയാൽ ശാസ്ത്രത്തിലെ തത്വങ്ങളോട് ബൈബിളിൽ വിരുദ്ധത ഒന്നും ഇല്ല എന്നു ഗ്രഹിക്കാം. അതല്ല ദോഷയ്കദൃക്കുകൾക്ക് മറിച്ചാണ് സ്ഥാപിക്കാനാഗ്രഹമെങ്കിൽ അവർ പലതും പറകയും എഴുതുകയും ചെയ്യും. ഇയ്യോബ് ഭൂമിയെ ശൂന്യതയിൽ തൂക്കിയിട്ടിരിക്കുന്നതായാണ് പറയുന്നത് (ഇയ്യോബ് 26:7) പ്രവാചകൻ ഭൂമിയെ വൃത്തമായാണ് കാണുന്നത് ( യെശയ്യാവ് 40 : 22)
യോശുവയുടെ പ്രാർത്ഥനയും ശ്രദ്ധിച്ചാൽ വിരുദ്ധത ഒന്നും ഇല്ല എന്നു പറയാം. ''യോശുവാ യഹോവയോടു പ്രാർത്ഥിച്ചു. അനന്തരം അവർ കേൾക്കെ പറഞ്ഞു. ''സൂര്യാ നീ ഗിബെയോനിൽ നിശ്ചലമായി നിൽക്ക ചന്ദ്രാ നീ അയ്യാലോൻ താഴ്‌വരയിലും നിൽക്കുക അവർ ശത്രുക്കളോടു പ്രതികാരം ചെയ്യുന്നതുവരെ സൂര്യൻ നിശ്ചലമായി നിന്നു ചന്ദ്രൻ അനങ്ങിയതുമില്ല. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ'' (യോശുവ 10:12,13) ഇവിടെയും സൂര്യൻ ഒരു ദിവസം ആകാശമദ്ധ്യേ അസ്തമിക്കാതെ നിൽക്കുന്നതായി ജനങ്ങൾക്ക് അനുഭവപ്പെട്ടു. ദൈവത്തിന്റെ അത്ഭുതകരം ചലിക്കുമ്പോഴുള്ള ഫലം ജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് എഴുത്തുകാരൻ ഉദ്ദേശിച്ചത്. സൂര്യനെയും ചന്ദ്രനെയും മനുഷ്യൻ നോക്കുമ്പോൾ അവ ചലിക്കുന്നതായാണ് അനുഭവപ്പെടുന്നത്. അങ്ങനെയല്ല മറിച്ചാണെന്ന് ശാസ്ത്ര സാങ്കേതിക വിദ്യകൾ വിരളമായിരുന്ന കാലത്ത് ജനങ്ങളെ പറഞ്ഞുമനസ്സിലാക്കുക എന്നുള്ളത് ദുഷ്‌കരമാണ്. ഭൂമി ഇളകുന്നതായി ജനങ്ങൾക്ക് നിത്യജീവിതത്തിൽ അനുഭവപ്പെടാത്ത സ്ഥിതിക്ക് സൂര്യൻ അനങ്ങാതെ നിന്നു എന്നു തന്നെ പറയുന്നതല്ലേ കൂടുതൽ ശരി. ഇവിടെ വേദപുസ്തക വാക്യങ്ങളുടെ വ്യാഖ്യാനത്തിനാണ് തെറ്റുപറ്റിയത്.
ബൈബിളിലെ ശാസ്ത്ര അബദ്ധങ്ങൾ
ബൈബിളിൽ ശാസ്ത്ര അബദ്ധങ്ങൾ ഉണ്ട് എന്നു പറയുന്നവർക്കും അങ്ങനെ സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്കും അവരുടെ ഇടുങ്ങിയ വീക്ഷണകോണിൽ അബദ്ധങ്ങൾ കാണാൻ കണ്ണുതുറന്നുകിട്ടിയതുകൊണ്ട് അബദ്ധങ്ങൾ ഉണ്ട് എന്നും ബൈബിളിൽ ശാസ്ത്രഅബദ്ധങ്ങൾ കാണാത്തവർക്ക് അവരുടെ വിശാലമായ വീക്ഷണകോണിൽ ബൈബിളിൽ അബദ്ധങ്ങൾ ഇല്ല എന്നും പറഞ്ഞാൽ പ്രശ്‌നം തീരുമല്ലോ. ഈ അബദ്ധങ്ങളെന്നു പറയുന്നതൊക്കെ ഒന്നു വിശകലനം ചെയ്തു ചിന്തിക്കാം.
1. സൂര്യനുണ്ടാകുന്നതിനു മുമ്പ് ഭൂമി ഉണ്ടായോ?
ഉൽപത്തി തുടങ്ങുന്നത് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ടാണ്. അതിൽ എല്ലാം വ്യക്തമായിരിക്കുന്നു. എന്നാൽ സൂര്യനെ സൃഷ്ടിച്ചത് നാലാം ദിവസമാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു. കുറ്റം കണ്ടുപിടിക്കാൻ നോക്കിയാൽ കാണുന്നതെല്ലാം കുറ്റം തന്നെ. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന ഒരു പ്രസ്താവന ചെയ്തിട്ട് അതിന്റെ വിശദവിവരങ്ങളിലേക്ക് പിന്നീടു കടക്കുകയാണ്. ആകാശം എന്നു പറയുമ്പോൾ അതു കാണപ്പെടുന്നു എന്നല്ലാതെ ആകാശം എന്ന ഒരു വസ്തു ഇല്ല എന്ന് എല്ലാവക്കും അറിയാം. ഇവിടെ ജനങ്ങൾ കാണുന്നതായ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഉൾപ്പെട്ട ആകാശമണ്ഡലം ദൈവം ആദിയിൽ സൃഷ്ടിച്ച വിഷയത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്നത് അടുത്ത വാക്യം മുതലാണ്. ഒരു കാര്യം പറയുമ്പോൾ പലകാര്യം പറയുക സാദ്ധ്യമല്ല. ജനങ്ങൾക്ക് ഏറ്റവും അടുത്തനുഭവപ്പെടുന്ന ഭൂമിയുടെ സൃഷ്ടി പറഞ്ഞിട്ട് സൂര്യന്റെ വിഷയം പറഞ്ഞു എന്നേയുളളൂ. 
2. സൂര്യനും നക്ഷത്രങ്ങളും ഉണ്ടാകുന്നതിനു മുമ്പ് പ്രകാശം ഉണ്ടോ?
സൂര്യനും നക്ഷത്രങ്ങളും സൃഷ്ടിക്കപ്പെടുന്നത് നാലാം ദിവസമാണെങ്കിൽ ഉൽപത്തി 1:35 വരെ പറയുന്നതുപോലെ എങ്ങനെയാണ് പ്രകാശം സൃഷ്ടിക്കപ്പെടുന്നത് എന്നാണ് അടുത്ത ചോദ്യം. ഇതും കാര്യങ്ങളെ തലനാരിഴ കീറി അക്ഷരാർത്ഥത്തിൽ എടുക്കുന്നതുകൊണ്ടാണ്. ദൈവത്തിലും ബൈബിളിലും വിശ്വാസമില്ലാത്തവർക്കു മാത്രമെ ഇതൊക്കെ തലവേദനയായി തോന്നുകയുള്ളൂ. ശ്രദ്ധിച്ചു വായിച്ചാൽ ഇതിൽ ഒരു പൊരുത്തക്കേടും കാണാനില്ല.  ''ആഴത്തിന്മേൽ ഇരുൾ ഉണ്ടായിരുന്നു ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു. വെളിച്ചം ഉണ്ടായി'' (ഉൽപത്തി 1: 1-3) ഇവിടെ ഇരുളായിരുന്ന സ്ഥലത്തേക്ക് ഒരു മറനീക്കി പ്രകാശം വരുന്നതുപോലെ ഇരുൾമാറി പ്രകാശം ഉണ്ടായി എന്നു ചിന്തിച്ചാൽ മതി. ഈ പ്രകാശം എവിടെ നിന്നു വന്നു എന്നുചോദിക്കുമായിരിക്കും. വേദപുസ്തകം പറയുന്നത് ദൈവം അടുത്തു കൂടാത്ത പ്രകാശത്തിൽ വസിക്കുന്നു എന്നാണ് മറ്റൊരിടത്ത് ദൈവത്തിന്റെ നിറം പ്രകാശമാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ വില്ല് ഏഴുവർണ്ണങ്ങളാൽ തീർത്ത മഴവില്ലാണ്. ഏഴുവർണ്ണങ്ങളും ചേർന്നാൽ പ്രകാശമായി. ദൈവം പ്രത്യക്ഷപ്പെട്ടാൽ ഇരുൾ നീങ്ങി പ്രകാശം വരില്ലേ? പ്രകാശവും ശബ്ദവും എല്ലാ ചരാചര വസ്തുക്കളും ഒരു തരത്തിലുള്ള എനർജ്ജി അഥവാ ഊർജ്ജം ആണ്. ദൈവമാണ് എല്ലാത്തിന്റെയും ശ്രോതസ്സായ Supreme Energy. കൂടാതെ വെളിപ്പാട് 22:5 ശ്രദ്ധിക്കുക ''ഇനി രാത്രി ഉണ്ടാകയില്ല. ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ട് വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്ക് ആവശ്യമില്ല. സത്യ വെളിച്ചമായ കർത്താവു പ്രത്യക്ഷപ്പെടുന്നതു കൊണ്ട് വെളിച്ചത്തിനായി സൂര്യന്റെ ആവശ്യം ഇല്ലാത്ത സ്ഥിതി ഇനിയും വരാൻ പോകുന്നു'' (വെളിപ്പാട് 21 :22)
3. സൂര്യനില്ലാതെ രാപ്പകലുകൾ ഉണ്ടാകുമോ? 
ഇവിടെ പ്രകാശത്തെ ദൈവം സൃഷ്ടിക്കയല്ലായിരുന്നു. മറ നീക്കുമ്പോൾ പ്രകാശം ഓടിയെത്തുന്നതു പോലെ പ്രകാശം പ്രത്യക്ഷമാവുകയായിരുന്നു എന്നുപറയാം. അപ്പോൾ രാത്രിയും പകലും സന്ധ്യയും ഉഷസ്സുമൊക്കെ ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമായെങ്കിലും ദോഷൈകദൃക്കുകൾക്ക് ഇതൊന്നും മതിയാകില്ല.
4. സൂര്യനില്ലാതെ ഹരിത സസ്യങ്ങൾ ഉണ്ടാകുമോ?
ഇവിടെ അവകാശപ്പെടുന്നത് ഹരിതസസ്യങ്ങൾ സൃഷ്ടിക്കപ്പെട്ടത് മൂന്നാം ദിവസമാണ് സൂര്യനെ സൃഷ്ടിച്ചത് നാലാം ദിവസമാണ്. ഹരിത സസ്യങ്ങൾ നിലനിൽക്കാൻ സൂര്യൻ അനിവാര്യമാണെന്നാണ് വാദം. അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനായ ദൈവം സസ്യങ്ങളുടെ മേൽ പ്രകാശിച്ചാൽ പിന്നെ സൂര്യന്റെ ആവശ്യം എന്തിനാണ്?
5. ആറു ദിവസം കൊണ്ട് പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചോ?്
നമ്മുടെ കൂരിക്കാ (ചെറിയ തേങ്ങ) വലിപ്പമുള്ള തലച്ചോറുകൊണ്ട് ചിന്തിച്ചാൽ ദൈവത്തെയോ ദൈവത്തിന്റെ പ്രവർത്തികളെയോ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതിന് ദൈവീകകൃപയാണ് ആവശ്യം. വെറുതെ ചിന്തിച്ചു തലവേദന വരുത്തി വയ്ക്കുന്നതെന്തിനാണ്. അക്ഷരാർത്ഥത്തിൽ ഒരു ദിവസം ആയിരിക്കാം അല്ലായിരിക്കാം ദൈവത്തിന് Energy യെ matter ആയി മാറ്റുന്നതിന് ഒരു ദിവസം ആവശ്യമില്ല. ദൈവം തന്നെ Supreme energy യുടെ ശ്രോതസ്സാണ്. ദൈവത്തിന് ഒരു ദിവസം ആയിരം വർഷം പോലെയും ആയിരം വർഷം ഒരു ദിവസം പോലെയുമെന്നാണ് ബൈബിളിൽ പറയുന്നത്.ആധുനിക ശാസ്ത്രത്തിന്റെ കോടിക്കണക്കിനായുള്ള പഴക്കമെന്ന് അവകാശപ്പെടുന്നതിലെ അശാസ്ത്രീയത മുമ്പ് വിവരിച്ചിട്ടുള്ളതാണല്ലോ. പരിണാമസിദ്ധാന്തം പോലെ അത് ഒരു തിയറി മാത്രമാണ്. ഒന്നും തെളിയിച്ചിട്ടില്ല. ഈ കാലനിർണ്ണയമൊക്കെ ശാസ്ത്രജ്ഞന്മാർ എന്ന് അവകാശപ്പെടുന്ന ചിലരുടെ ഭാവന മാത്രമാണ്.
ഭൂമിക്ക് ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ വർഷത്തെ പഴക്കം ഉണ്ടെന്ന് ചിന്തിക്കുന്നതിൽ ബൈബിൾ എതിരല്ല.ബൈബിൾ തുടങ്ങുന്നത് ഇങ്ങനെയാണ് '' ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും കിടന്നു'' എത്രകാലം ഇങ്ങനെ പാഴായും ശൂന്യമായും ഭൂമി കിടന്നു എന്നു ആർക്കും വ്യക്തമല്ല. ആയി രക്കണക്കിന് വർഷങ്ങളായിരിക്കാം പതിനായിരക്കണക്കിന് വർഷങ്ങളായിരിക്കാം. പരീക്ഷിച്ച് തെളിയിക്കാനും തർക്കിച്ചു സ്ഥാപിക്കാനും കഴിയാത്ത കാര്യങ്ങളിലുള്ള നിശ്ചയമാണല്ലോ വിശ്വാസം എന്നത്.
6.) സൃഷ്ടിച്ച ജന്തുക്കളെല്ലാം സസ്യഭുക്കുകളായിരുന്നോ? 
ചരിക്കുന്ന എല്ലാ ജന്തുക്കൾക്കും ജീവനുള്ള സകലത്തിനും ആഹാരമായി പച്ചസസ്യമൊക്കെയും കൊടുത്തിരിക്കുന്നു എന്നു പറയുമ്പോൾ അതിന്റെ അർത്ഥം മാംസഭുക്കുകൾ ഇല്ല എന്നല്ല മനുഷ്യരുൾപ്പെടെയുള്ള എല്ലാ ചരിക്കുന്ന ജീവികൾക്കും ഉള്ള ആഹാരം പച്ച സസ്യത്തിൽ നിന്നാണ് തുടങ്ങുന്നത.് സൂര്യന്റെ പ്രകാശകിരണങ്ങൾ സസ്യങ്ങളിലെ ഹരിതനിറം കൊടുക്കുന്നതായ ക്ലോറോഫിൽ ആഗീരണം ചെയ്ത അന്തരീക്ഷത്തിലുള്ള കാർബൺഡയോക്‌സൈഡിന്റെ സഹായത്താൽ പ്രകാശത്തിലുള്ള ഊർജ്ജത്തെ (Energy) മനുഷ്യനും മൃഗങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള ഊർജ്ജം അടങ്ങുന്ന ഭക്ഷണം പാകം ചെയ്യുന്ന ജോലിയാണ് ഹരിതനിറമുള്ള സസ്യങ്ങൾക്കുള്ളത്. ഈ പ്രക്രിയയിൽ പുറത്തുവരുന്ന താണ് നാം ശ്വസിക്കുന്ന ഓക്‌സിജൻ. ഭക്ഷണം കഴിച്ചുകഴിയുമ്പോൾ പ്രവൃത്തി ചെയ്യുന്നതിനാവശ്യമായ ഊർജ്ജം വായുവിലെ ഓക്‌സിജനുമായി ചേർന്ന് ശരീരത്തിനുലഭിക്കുന്നു. അങ്ങനെ സകല ജീവികൾക്കുമുള്ള ആഹാരം പാകം ചെയ്യുന്നത് സസ്യങ്ങളാണ്. ആഹാരശൃംഖലയിലെ അടുത്ത പടിയാണ് മാംസഭുക്ക് എന്നത്. സസ്യഭുക്കുകൾ ഇല്ലെങ്കിൽ മാംസഭുക്കുകൾക്ക് എവിടെ നിന്നാണ് ആഹാരം ലഭിക്കുന്നത്.
7). വിഷസസ്യങ്ങളെല്ലാം ദൈവം ആഹാരമാക്കാൻ അനുവദിച്ചോ?
ഉഗ്രവിഷമുള്ള സസ്യങ്ങൾ ഭൂമുഖത്ത് ഉള്ളതുകാരണം എല്ലാ ചെടികളും മനുഷ്യനുള്ള ഭക്ഷണമാണ് എന്ന പ്രസ്താവന ശാസ്ത്രീയമായി തെറ്റാണെന്നാണ് വാദം. ദൈവിക കൃപയുടെ അഭാവമാണ് അങ്ങനെയൊക്കെ കാര്യങ്ങളെ മനസ്സിലാക്കുന്നത,് പഠിപ്പിക്കുന്നത്, പ്രചരിപ്പിക്കുന്നത്. കേട്ടത് അതുപോലെ വിഴുങ്ങുകയാണ്, ചിന്തിക്കുന്നില്ല. ദൈവത്തോട് കൃപക്കായി, ജ്ഞാനത്തിനായി അപേക്ഷിക്കുന്നില്ല. അറിഞ്ഞിരിക്കുന്നതിൽ കൂടുതലായി ഒന്നും അറിയാനില്ല എന്ന അഹങ്കാരവും കൂടപ്പിറപ്പായിരിക്കും. ദൈവം ഈ വാക്കുകൾ അരുളിച്ചെയ്യുന്നത് മനുഷ്യന് - പാമ്പിന്റെ ചതിയിൽപ്പെട്ട് സംഭവിച്ച അനുസരണക്കേടിനു മുമ്പാണ്. അതുകൊണ്ട് അതിനുമുമ്പ് വിഷ സസ്യങ്ങൾ ഇല്ലായിരുന്നിരിക്കാം എന്നു ചിന്തിക്കാം. കാരണം ശാപവാക്കുകളായി ദൈവം അരുളിച്ചെയ്യുന്നത് ''നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു നിന്റെ ആയുഷ്‌കാലമൊക്കെയും കഷ്ടതയോടെ നീ അതിൽ നിന്ന് അഹോവൃത്തി കഴിക്കും മുള്ളും പറക്കാരയും നിനക്കതിൽ മുളയ്ക്കും'' (ഉല്പത്തി 3:17) അതുകൊണ്ട് ശപിക്കപ്പെടുന്നതിനു മുമ്പ് മുള്ളും പറക്കാരയും ഇല്ലായിരുന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. മ്യൂട്ടേഷൻ എന്ന  പ്രകിയമൂലം സസ്യങ്ങൾക്കും ജന്തുക്കൾക്കും മാറ്റം വരാം. കൂടാതെ Cross Polination മൂലം പുതിയ ഇനം സസ്യങ്ങൾ ഉടലെടുക്കുകയും അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം സസ്യങ്ങൾക്കും ജന്തുക്കൾക്കും മാറ്റങ്ങളും ഉണ്ടാകാം. വളരെ നാളുകൾ മഴ ലഭിക്കാതിരിക്കുമ്പോൾ ചില സസ്യങ്ങൾ ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി ഇലകളെ മുള്ളുകളായി മാറ്റുന്നു എന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് ശാപത്തിനു ശേഷമാണ് വിഷസസ്യങ്ങൾ ഉണ്ടായതെന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല.
8). ജീവിതകാലം മുഴുവനും നീ പൊടി തിന്നും എന്നു പറയുന്നതുകൊണ്ട് സർപ്പം പൊടിതിന്നുമോ?
ഭൂമിയോട് ചേർന്ന് ഉരഗങ്ങളായി സഞ്ചരിക്കുമ്പോൾ നിലത്തെ പൊടി ശ്വാസത്തിൽക്കൂടിയും വായിൽക്കൂടിയും അകത്തു ചെല്ലും എന്നതിനു സംശയമില്ല പൊടിമാത്രം തിന്നുകയുള്ളൂ എന്നു പറഞ്ഞിട്ടില്ലല്ലോ. കൂടാതെ ഇതൊരു അലങ്കാരിക ഭാഷയായി ചിന്തിച്ചാൽ പ്രശ്‌നം തീരുമല്ലോ?
9). മഴവില്ല് കാണുന്നത് നോഹക്ക് ശേഷമോ മുൻപോ?
നോഹയുടെ കാലത്തെ ജലപ്രളയത്തിനു മുമ്പ് ഭൂമിയിൽ മഴപെയ്തിരുന്നതായി ബൈബിളിൽ കാണുന്നില്ല. അതുകൊണ്ടുതന്നെ മഴയുണ്ടാകും, വെള്ളം കൊണ്ടു നശിപ്പിക്കും എന്ന് നോഹ പ്രസംഗിച്ചപ്പോൾ ആരും വിശ്വസിച്ചില്ല. നോഹയുടെ കാലത്തുണ്ടായ ജലപ്രളയത്തോടു കൂടിയാണ് മഴ ആരംഭിക്കുന്നത്. അതിനുമുമ്പ് സമുദ്രം ഉണ്ടായിരുന്നിരിക്കാം. വെള്ളം ഉണ്ടായിരുന്നു, എന്നാൽ നദികൾ ഇന്നത്തെ നിലയിൽ ഉണ്ടായിരുന്നോ എന്നു സംശയമാണ്. ചെറിയ നീർച്ചാലുകൾ ഉണ്ടായിരുന്നിരിക്കാം. ബൈബിൾ പറയുന്നത് യഹോവയായ ദൈവം ഭൂമിയിൽ മഴപെയ്യിച്ചിരുന്നില്ല. നിലത്തു വേലചെയ്യാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽ നിന്നും മഞ്ഞുപൊങ്ങി നിലമൊക്കെയും നനച്ചുപോന്നു (ഉല്പത്തി 2:6) അന്തരീക്ഷത്തിലെ ജല കണങ്ങളിൽ കൂടി സൂര്യപ്രകാശംകൊണ്ട് റിഫ്രാക്ഷൻ (refraction) സംഭവിച്ച് പ്രകാശം അതിന്റെ ഏഴുവർണ്ണങ്ങളായി പിരിയുന്നതാണ് മഴവില്ല്. മഴ പെയ്തില്ല എങ്കിൽ അന്തരീക്ഷത്തിൽ ജലകണങ്ങൾ കാണാൻ സാദ്ധ്യതയില്ല അതുകൊണ്ട് മഴവില്ലും കാണാനുള്ള സാദ്ധ്യതയില്ല.
10). മുയൽ അയവിറക്കുന്ന ജീവി എന്നു പറഞ്ഞിരിക്കുന്നതു ശരിയാണോ? 
ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ഗൗരവമായി ചോദിക്കുമ്പോൾ രാവും പകലും ബൈബിളിലെ തെറ്റുകൾ കണ്ടുപിടിക്കാനാണ് ശ്രമം എന്നു തോന്നും. മുയലും കുഴിമുയലും എന്നത് മുയിലും കുഴിമുയിലും ആകാമല്ലോ? എഴുത്തുകാരൻ കണ്ട മുയൽ നാം അറിയുന്ന മുയൽ തന്നെയാകണമെന്നില്ല. മുയൽ അതിന്റെ ഭാഗീകമായ ദഹിച്ച ആഹാരം വീണ്ടും തിന്നിട്ട് ഒന്നുകൂടെ ദഹിപ്പിക്കുന്നു എന്നതാണ് സത്യം. ആനയും കുഴിയാനയും തമ്മിൽ താരതമ്മ്യം ചെയ്യാനാവാത്ത വ്യത്യാസമുണ്ട്. 3500 വർഷം മുമ്പുള്ള ഒരു എഴുത്തുകാരൻ കണ്ട ഒരു ജീവി ഇന്നും നാം മനസ്സിലാക്കിയിരിക്കുന്ന ജീവിതന്നെയാണെന്ന് എങ്ങനെ പറയാൻ സാധിക്കും. ഒരു കുനിപ്പുമാറിയാൽ അർത്ഥത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാം. പരിഭാഷ പലപ്പോഴും പദാനുപദം ആയിരിക്കണമെന്നില്ല. മലയാളം വേദപുസ്തകത്തിലുള്ള ഒരു വാക്കാണ് ''പൂവ്വത്തിൻ കനലും'' (സങ്കീർത്തനം 120:4) ആദ്യ കയ്യെഴുത്തു പ്രതികളിലോ മറ്റു വിവർത്തനങ്ങളിലോ ആ വാക്കില്ല. നല്ല കനലുള്ള ഒരു വൃക്ഷത്തിന്റെ പേര് അന്വേഷിച്ചപ്പോൾ പൂവ്വമാണ് ഏറ്റവും നല്ല കനൽ ഉള്ളതെന്നു മനസ്സിലാക്കി അങ്ങനെ വിവർത്തനം ചെയ്തു എന്നേയുള്ളൂ. ഇങ്ങനെയുള്ള ബാലിശമായ വാദഗതികൾ ദൈവകൃപയുടെ ബാലപാഠമെങ്കിലും ഗ്രഹിച്ചിട്ടുള്ളവർക്ക് മനസ്സിൽ പൊന്തിവരുകയില്ല. സ്വന്ത അറിവിലുള്ള ആശ്രയമാണെങ്കിൽ കാണുന്നതെല്ലാം പൊരുത്തക്കേടുകളാണ്.
11). വവ്വാൽ ഒരു പക്ഷി ആണോ?
മുയലിനെപ്പറ്റിയുള്ള സംശയം പോലുള്ള ഒരു സംശയമാണ് ഇതും. പറക്കുന്ന എന്തിനെയും പക്ഷികളാണെന്നു മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമേ അന്നു ജീവിച്ചിരുന്ന ജനങ്ങൾക്കുണ്ടായിരുന്നുള്ളൂ. ഒരു മാമൽ (Mammal) ആയതുകൊണ്ട് അതിന്റെ മാംസം തിന്നണമെന്നില്ല. കുതിരയുടെ മാംസം തിന്നുക പതിവില്ല അതുപോലെ ആനയുടെ മാംസവും തിന്നാറില്ല. രണ്ടും സസ്തനി ആണല്ലോ. വവ്വാലുമായി കളിക്കാതിരിക്കുന്നതാണ് നല്ലത്. പേ വിഷബാധ (Rabbies) വവ്വാലിൽ കൂടുതലായി കണ്ടുവരുന്നു. 
12). രാപ്പകൽ സൃഷ്ടിക്കുന്നത് ചന്ദ്രന്റെയും ഭൂമിയുടെയും ചലനം കൊണ്ടാണോ?
ഇതു മുകളിൽ ചർച്ച ചെയ്ത വിഷയമാണല്ലോ? ആവർത്തന വിരസത ഒഴിവാക്കാൻ ചർച്ചചെയ്യുന്നില്ല.
13). ഭൂമിക്കു തൂൺ
ഭൂമി തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന ധാരണയാണ് ബൈബിൾ വായിച്ചാൽ ഉണ്ടാകുന്നതെന്നാണ് മറ്റൊരു വാദം. ഇതിനെയൊരു അലങ്കാരിക പ്രയോഗമായി കരുതിയാൽ മതി. ജനങ്ങൾക്കു മനസ്സിലാകുന്ന ഭാഷയാണല്ലോ എഴുത്തുകാരൻ ഉപയോഗിക്കുന്നത്.
14). ഭൂമിക്കു ചലനമില്ല.
ചലനമില്ല എന്നല്ല ബൈബിൾ പറഞ്ഞിരിക്കുന്നത്. ഭൂമി ഇളകുകയില്ല, ഇളകിപ്പോവുകയില്ല എന്നാണ.് ഇതും ഒരു അലങ്കാരിക ഭാഷയാണെന്നു ചിന്തിച്ചാൽ മതി. 
15). ആകാശത്തിന്റെ തൂണുകൾ
ഇതും ജനങ്ങൾക്കു മനസ്സിലാക്കാൻ ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കാൻ ഉപയോഗിക്കുന്ന അലങ്കാര പ്രയോഗങ്ങളാണ് എന്നു കരുതിയാൽ കൂടുതൽ ചിന്തിച്ചു മനസ്സു പുണ്ണാക്കേണ്ടിയ ആവശ്യം വരില്ല.
16). സൂര്യൻ ആകാശത്തിലൂടെ പര്യടനം നടത്തുന്നു.
സങ്കീർത്തനം 19:5,6 ന്റെ അടിസ്ഥാനത്തിലാണ് ഇതിലെ വാദം. ഇതു ശാസ്ത്രത്തിനു നിരക്കുന്നതല്ല എന്ന് സ്‌കൂൾ കൂട്ടികൾക്കുപോലും അറിയാമത്രെ. പിന്നെ ദൈവത്തിന്റെ പ്രവാചകന്മാർ എങ്ങനെ ഇതറിയാതെ പോയി എന്നാണ് അക്ബറിന്റെ ചോദ്യം. അലങ്കാരിക ഭാഷ ഉപയോഗിക്കാത്ത സംസാരവും എഴുത്തും എത്ര ബോറായിരിക്കുമെന്നു ചിന്തിച്ചാൽ മതി. പ്രത്യേകിച്ച് കവിത എഴുതുമ്പോൾ ആലങ്കാരിക ഭാഷ അത്യന്താപേക്ഷിതമാണ്.
    മന്നവേന്ദ്ര വിളങ്ങുന്ന
    ചന്ദ്രനെപ്പോൽ നിൻ മുഖം
എത്ര ആസ്വാദ്യകരമാണ് വായിക്കാനും ഗ്രഹിക്കുവാനും.
17). ഭൂമിക്കു നാലു മൂലകൾ 
സ്‌കൂൾ കുട്ടികൾക്കു പോലും മനസ്സിലാകും ഇത് അലങ്കാരിക പ്രയോഗമായി ഉപയോഗിച്ചിരിക്കുകയാണ് എന്നത്.
18). പരന്ന ഭൂമി. 
അടുത്തതു ഭൂമി പരന്നിരിക്കുന്നതിലാണ് പരാതി. ഉരുണ്ട ഭൂമിയുടെ വിശദീകരണം തന്നെ പരന്ന ഭൂമിക്കും ശരിയായിവരും. ഇവിടെ കൂടുതൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നു സമർത്ഥിക്കാൻ പരത്തി എഴുതിയിരിക്കയാണെന്നു മാത്രം. ഭൂമി ഉരുണ്ടതായി അതു മനസ്സിലാക്കാൻ കഴിവില്ലാത്ത ജനങ്ങളോടു പറഞ്ഞാൽ ഉണ്ടാകാവുന്ന ഭവിക്ഷ്യത്തുകൾ മുമ്പ് വിവരിച്ചിട്ടുള്ളതാണല്ലോ? എന്നാൽ ഇയ്യോബ് ബൈബിളിൽ ഭൂമിയെ ശൂന്യതയിൽ തൂക്കിയിട്ടിരിക്കുന്നതായാണ് ദർശനം കാണുന്നത് (ഇയ്യോബ് 26: 7, യെശയ്യ 40: 22) പ്രവാചകൻ ഭൂമിയെ വൃത്തമായാണ് കാണുന്നത്.
19). കടുകുമണിയാണോ ഏറ്റവും ചെറിയ വിത്ത് 
മൈക്രോസ്‌കോപ്പും, ഭൂതക്കണ്ണാടിയും കണ്ടുപിടിക്കുന്നതിനു മുമ്പ് കടുകുമണി ആയിരുന്നിരിക്കണം എല്ലാവർക്കും മനസ്സിലാകുന്ന ചെറിയ വിത്ത.് ജനങ്ങൾക്ക് അറിയാൻ വയ്യാത്ത ഒരു വിത്തിന്റെ കാര്യം എഴുതിയതുകൊണ്ട് എന്തു പ്രയോജനം. ഇപ്പോഴും പരിഭാഷയിൽ അതു മാറ്റാൻ ആരും ശ്രമിച്ചു കാണുന്നില്ല. അതിന്റെ ആവശ്യം ഉണ്ടോ എന്നു തോന്നുന്നില്ല.
20). വൃത്തത്തിന്റെ ചുറ്റളവ് ശാസ്ത്രീയമാണോ? 
വളരെ ബാലിശമായ വാദഗതിയാണ് ബൈബിളിന്റെ ദൈവികത ഇല്ലെന്നു സ്ഥാപിക്കാൻ കൊണ്ടുവന്നിരിക്കുന്നത്. എല്ലാം അറിയാമെന്നുള്ള ഭാവത്തിൽ നിന്നായിരിക്കണം ഇങ്ങനെയുള്ള ചിന്താഗതികൾ ഉടലെടുക്കുന്നത്. ബൈബിളിൽ കൊടുത്തിരിക്കുന്നത് വൃത്താകൃതിയിലുള്ള ആ പ്രത്യേക കടലിന്റെ അളവ് ആയിരിക്കണം അല്ലാതെ തിയറിറ്റിക്കൽ മെഷർമെന്റ് അല്ല. വൃത്താകൃതി എന്നു പറഞ്ഞതുകൊണ്ട് പൂർണ്ണവൃത്തമാകണമെന്നില്ല. അളവ് എടുത്ത് ഒന്ന് അകത്തെ അളവും മറ്റേത് പുറത്തെ അളവും ആയിരിക്കാം. അല്ലെങ്കിൽ അളവിനെ Roundup ചെയ്തിരിക്കാം.
21). പരിശുദ്ധാത്മാവിന്റെ അജ്ഞത!
മുകളിൽ പ്രസ്താവിച്ച വാദങ്ങളെല്ലാം നിരത്തിവെച്ചുകൊണ്ട് ബൈബിൾ ദൈവനിവേശിതമല്ല എന്നു സ്ഥാപിക്കുവാൻ ശ്രമിക്കുകയാണ് എം.എം. അക്ബർ. അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാക്കിയാൽ, ഈ വാദഗതികളെല്ലാം ഒരു ചീട്ടു  കൊട്ടാരം പോലെ നിലംപരിചാകും.
ചിലരുടെ വാദഗതികൾ ശ്രദ്ധിച്ചാൽ സകലവും സൃഷ്ടിച്ചവനായ ദൈവത്തിന്റെ അധികാര പരിധിക്കു പുറത്താണ് ശാസ്ത്രം എന്നു തോന്നും. അതു ദൈവവുമായി ബന്ധമൊന്നുമില്ലാത്ത ഒരു സ്വതന്ത്ര സ്ഥാപനമാണെന്ന ചിന്തയാണ് ജനിപ്പിക്കുന്നത്. എത്ര മൗഢ്യമായ ചിന്താഗതിയാണിത്. അല്പജ്ഞാനം അപകടം തന്നെ.
ശാസ്ത്ര തത്വങ്ങൾ കണ്ടുപിടിക്കുന്നതു ചിന്തിക്കുകയും പഠിക്കുകയും ചെയ്താൽ ദൈവം അതതുകാലങ്ങളിൽ പ്രവാചകന്മാരെ തിരഞ്ഞെടുത്തതിനു സമാനമാണ്. അതതു കാലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ചില പ്രവാചകന്മാരിൽ കൂടി ദൈവം ജീവിതം ക്രമീകരിക്കേണ്ടതിനാവശ്യമായ നിർദ്ദേശങ്ങൾ ജനങ്ങൾക്കു കൊടുത്തിരുന്നതുപോലെ അതതു കാലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളിൽ കൂടി ശാസ്ത്രസത്യങ്ങൾ ജനങ്ങൾക്ക് കൊടുത്തുകൊണ്ടിരിക്കുന്നു.വളരെ എളിയവരും താഴ്മയും വിനയുമുള്ളവരും ഭക്തരുമായ മനുഷ്യരെയോ അല്ലെങ്കിൽ അവരുടെ മക്കളെയോ ആണ് ദൈവം ഇതിനുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്; ദൈവത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുന്നതിന് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ദൈവത്തിൽ വിശ്വാസമില്ലാത്ത അഹങ്കാരം കൈമുതലുള്ള ശാസ്ത്രജ്ഞന്മാർ എന്ന് അവകാശപ്പെടുന്ന ചിലർ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ലാത്ത ചിലർ, ദൈവം ഒരു രഹസ്യവും വെളിപ്പെടുത്തുന്നതിന് ഉപയോഗിച്ചിട്ടില്ലാത്തവർ,പലതും കാണാതെ പഠിച്ചിട്ട് മറ്റുള്ളവരുടെ കണ്ടുപിടുത്തങ്ങളുടെയെല്ലാം മഹത്വം സ്വയമായി അവകാശപ്പെടുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. അവർക്ക് ഒന്നും തന്നെ കണ്ടുപിടിക്കുവാൻ, വെളിപ്പെടുത്തുവാൻ കഴിയുന്നില്ല. കാരണം തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ദൈവം അവരെ വിളിക്കുന്നില്ല എന്നതു തന്നെ. അതിനുപകരം അവർ പരിണാമ സിദ്ധാന്തം അല്ലെങ്കിൽ ദിനോസോർ തിയറി, Million years of theory മുതലായവ മുൻപോട്ടു വയ്ക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ വികസനത്തിന് ജനിതക (Genetic) ഘടകങ്ങളടങ്ങിയ പാരമ്പര്യവും (heredity) അവൻ വളർന്നു വരുന്ന സാഹചര്യവും (Environment) തുല്യസ്വാധീനം ചെലുത്തുന്നുണ്ട്. ഒരു ചിന്തകൻ അതിനെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത് ഒരു സമചതുരത്തിന്റെ രണ്ടുവശങ്ങൾ പോലെയാണവയെന്നാണ്. നീളവും വീതിയും രണ്ടുമില്ലാതെ ഒരു സമചതുരം ആകുന്നില്ല.  
ഒരു മാവിന്റെ വിത്തിൽ അതു വളർന്നു വലുതാകാനുള്ള എല്ലാ പാരമ്പര്യ ഘടകങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അനുകൂലമായ സാഹചര്യങ്ങൾക്കുവേണ്ടി  വെള്ളവും വെളിച്ചവും ചൂടും ലഭിക്കാൻ വേണ്ടി അതു കാത്തിരിക്കുകയാണ.് എത്രയോ മാവിന്റെ വിത്തുകളാണ് അനുകൂല സാഹചര്യങ്ങൾ ലഭിക്കാതെ നശിച്ചുപോകുന്നത്. മുളയ്ക്കാനാവശ്യമായ അനുകൂല സാഹചര്യങ്ങൾ ലഭിച്ചാൽ തന്നെയും വളരുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ ലഭിച്ചാൽ മാത്രമേ വളർന്നു ഫലം പുറപ്പെടുവിക്കാൻ കഴിയുകയുള്ളൂ. രണ്ടടി ഉയരത്തിൽ വളരാൻ വേണ്ടതായ ഘടകങ്ങൾ ഉള്ളതായ ഒരു നെൽച്ചെടി എത്ര അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായാലും നാലടി ഉയരത്തിൽ വളരാൻ സാധിയ്ക്കുകയില്ല.
മനുഷ്യന്റെ കാര്യവും ഏകേദശം ഇതുപോലെയാണ്. മനുഷ്യന്റെ കോശങ്ങളിൽ അവന്റെ ബുദ്ധിയുടെയും കഴിവിന്റെയും നിദാനമായ പാരമ്പര്യഘടകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. അനുകൂലമായ സാഹചര്യം ലഭിച്ചാൽ മാത്രമേ അതു വളർന്ന് വികസിച്ച് പൂർണ്ണവളർച്ചയിലെത്തുകയോ ഫലം പുറപ്പെടുവിക്കയോ ചെയ്യുകയുള്ളൂ.
നമ്മുടെ നാട്ടിലുള്ള ഒരു ആദിവാസിയുടെ കഥയെടുക്കാം. തലമുറ തലമുറയായി ഒരു പ്രത്യേക സ്ഥലത്ത് ജനിച്ച് കുട്ടിക്കാലവും കൗമാരവും കഴിഞ്ഞ് യുവാവായി, അല്ലെങ്കിൽ യുവതിയായി വിവാഹിതരായി അച്ഛനായി അമ്മയായി വല്ല്യച്ഛനായി വല്ല്യമ്മയായി അവിടെ തന്നെ മരിച്ചു മൺമറഞ്ഞവരാണ്. ഭൂരിപക്ഷവും സാമാന്യവിദ്യാഭ്യാസമോ മറ്റു കഴിവുകളോ ഒന്നും തന്നെ ഇല്ലാതെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മുരടിച്ചു പോയവരാണ്.
ആദ്യകാലത്തു ജീവിച്ചിരുന്നവരിൽ ഭൂരിപക്ഷവും ഇത്തരത്തിലുള്ളവരായിരുന്നു. എന്നാൽ ബുദ്ധിയുടെ കാര്യത്തിൽ (കാര്യങ്ങൾ മുൻകൂട്ടിക്കാണാനുള്ള കഴിവിനാണല്ലോ ബുദ്ധി എന്നു പറയുന്നത്.) നമുക്കുണ്ടായിരുന്ന അതേ പാരമ്പര്യഘടകങ്ങൾ ഉണ്ടായിരുന്നതു കാരണം ഒട്ടും തന്നെ മോശക്കാരല്ലായിരുന്നു അവർ. ക്രിസ്തുവിന് രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന അബ്രഹാം പിതാവ,് ബുദ്ധിശക്തിയിൽ നമ്മെക്കാളും മെച്ചമായിരുന്നിക്കണം. എന്നാൽ ഇന്നു കാണുന്നതായ ജീവിത സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത വളരെ പ്രിമിറ്റീവ് (Primitive)ആയുള്ള ഒരു ജീവിത ശൈലിയായിരുന്നു അവരുടേത്. ഈ എഴുത്തുകാരൻ ജനിച്ചു വളർന്ന വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. മണ്ണെണ്ണ (Kerosene) വിളക്കാണ് ഉപയോഗിച്ചിരുന്നത്; ഭക്ഷണം പാകം ചെയ്യുന്നതിന് വിറകും. പുരാതന കാലത്ത് മണ്ണെണ്ണയും ലഭ്യമായിരുന്നോ എന്നു സംശയമാണ്. എന്തുകൊണ്ടാണ് ബുദ്ധിയിൽ ഒട്ടും മോശക്കാരല്ലാതിരുന്നിട്ടും നമുക്കുള്ളതുപോലെ ബുദ്ധിശക്തിക്കു നിദാനമായ പാരമ്പര്യഘടകങ്ങൾ എല്ലാം ഉൾക്കൊണ്ടിരുന്ന അവർ ഈ കണ്ടുപിടുത്തങ്ങൾ ഒന്നും നടത്തിയില്ല.
അതതു കാലങ്ങളിൽ ദൈവം തന്റെ രഹസ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ കൂടി പല ഘട്ടങ്ങളായി വെളിപ്പെടുത്തികൊടുത്തതാണ്, ഇന്നു നാം കാണുന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ. ന്യൂട്ടൺ, മെൻഡൽ, എഡിസൺ, ഐസ്റ്റീൻ, ജെയിംസ് വാട്‌സൺ, ലൂയി പാസ്ചർ ആദിയായവരെല്ലാം ഈ രീതിയിൽ ദൈവം ഉപയോഗിച്ച വ്യക്തികളാണ്. ഈ സത്യം മനസ്സിലാക്കാത്തവർ സൃഷ്ടാവായദൈവത്തിന് ഒരു മഹത്വവും കൊടുക്കാതെ ഇതെല്ലാം സ്വന്തകഴിവാണ് എന്ന് അഭിമാനിക്കുന്നു, ശാസ്ത്രജ്ഞന്മാർ എന്ന് അവകാശപ്പെടുന്നവർ. ദൈവം അവരെ ഒന്നും തന്നെ വെളിപ്പെടുത്താൻ ഉപയോഗിക്കുന്നില്ല. എന്നാൽ അവർ എല്ലാം അറിയാമെന്നുള്ള ഭാവമൊക്കെകളഞ്ഞ് സൃഷ്ടാവായ ദൈവത്തിൽ ആശ്രയിച്ച് വെളിപാടുകൾക്കുവേണ്ടി പ്രാർത്ഥിക്കുമെങ്കിൽ ദൈവം അവരെയും രക്ഷയുടെ അനുഭവത്തിലേക്ക് കൊണ്ടുവരികയും അവരിൽ കൂടി മനുഷ്യർക്കു പ്രയോജനകരമായ പല കണ്ടുപിടുത്തങ്ങളും നടത്തുന്നതിന് സഹായിക്കുകയും ചെയ്യും.

എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
ഗലീലിലോയുടെ വിഷയവും മറ്റു പല വിഷയങ്ങളും തന്റേതായ രീതിയിൽ, വികലമായ കാഴ്ചപ്പാടിൽ വ്യാഖ്യാനിച്ചിട്ട് അതിനെതിരായി പലരും വിശദീകരണങ്ങൾ നൽകിയിട്ടുള്ളതിനെ കണ്ടില്ല എന്നു നടിച്ച് ബൈബിൾ ശാസ്ത്രീയമായ തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന അക്ബർ അതേ മാനദണ്ഡം ഖുറാനെ കീറിമുറിച്ച് പരിശോധിക്കാൻ ഉപയോഗിക്കുമോ? ബൈബിളിലെ അലങ്കാരപ്രയോഗങ്ങളെ അക്ഷരാർത്ഥത്തിൽ എടുക്കാമോ?
1) സൂര്യൻ ചെളിവെള്ളമുള്ള ഒരു ജലാശയത്തിൽ മറഞ്ഞുപോകുന്നതിനെ അക്ബർ എങ്ങനെ വിശദീകരിക്കും. സുറ 18:86
2) ഭൂമിയെ ഇളകാതെ ഉറച്ചുനിർത്തുന്നത് പർവ്വതങ്ങളാണോ. സുറ 21:31
3) ആദമിന് 60 ക്യുബിറ്റ്‌സ് നീളം ഉണ്ടായിരുന്നോ? അപ്പോൾ ഹവ്വായ്ക്ക് എത്ര നീളം ഉണ്ടായിരുന്നു? (Bukhari Vl no 543) എങ്കിൽ നാം എങ്ങനെയാണ് ഈ സ്ഥിതിയിൽ എത്തിയത്? ശാസ്ത്രീയമായി ഇതു സാദ്ധ്യമാണോ?
4) പ്രവാചകൻ പട്ടികളെ വെറുത്തിരുന്നു കാരണം പട്ടികളുള്ള വീട്ടിൽ ദൈവദൂതന്മാർക്ക് പ്രവേശിക്കാൻ കഴിയില്ല. അതുകൊണ്ട് അദ്ദേഹം പട്ടികളെ കൊല്ലുന്നതിന് ആജ്ഞാപിക്കുകയും അവയുടെ ക്രയവിക്രയം നിരോധിക്കുകയും ചെയ്തിരുന്നു. (Bukhari Vol IV nos 539, 540, Muslim vol 1 nos 551, 552, Vol II no 3803, 3829) അക്ബർ ഇതിനെ ശാസ്ത്രീയമായി എങ്ങനെ വിശദീകരിക്കും.
5) സാത്താൻ മനുഷ്യന്റെ മൂക്കിൽ വാസം ചെയ്യുന്നു. വെള്ളം വലിച്ച് പുറംതള്ളുന്നതുവഴി അതിനെ പുറത്താക്കണം. (Bukhari Vol 14 no 516, Muslim Vol 4 no 462) സാത്താൻ എത്ര വലുതാണ്. എല്ലാ മനുഷ്യരുടെയും മൂക്കിൽ വാസം ചെയ്യുന്നുണ്ടോ? സർവ്വവ്യാപിയാണോ?
6) പ്രവാചകൻ ചെസ്സ് കളിക്കുന്നതിനെ നിരോധിച്ചിരുന്നു. (Muslim Vol IV no 5612) ഇത് എങ്ങനെ വിശദീകരിക്കും?
7) ഭൂമി പരന്നതാണോ?  (സുറ 78:6)
8) പർവ്വതങ്ങൾ ആണികളായാണോ നിൽക്കുന്നത് (സുറ 78:7)
9) ആളുകൾ എലിയും പന്നിയും കുരുങ്ങുമായി മാറുമോ?
 (Bukhari Vol IV no 524, 627, Muslim Vol IV no 7135)
10) അബ്രഹാമിന്റെ പിതാവ് ഒരു മൃഗമായി മാറിയോ?
 (Bukhari Vol IV no 569)
11) മുസ്ലീമിന് ഒരു കുടൽ ഉണ്ടായിരിക്കുമ്പോൾ മുസ്ലീങ്ങൾ അല്ലാത്തവർക്ക് ഏഴു കുടൽ ഉണ്ടോ? (Muslim Vol III no 5113, 5115)
12) ഈച്ചയുടെ ചിറകിൽ വിഷവും മറുചിറകിൽ അതിന് മറുമരുന്നും ഉണ്ടോ? (Bukhari Vol IV 537)
13) ഒട്ടകത്തിന്റെ മൂത്രത്തിന് മരുന്നിന്റെ ഗുണം ഉണ്ടോ? (Bukhari Vol 1 no 234)
14) പനിയുടെ ചൂട് നരകത്തിലെ ചൂടിൽ നിന്നുമാണ്. അതിനെ വെള്ളം കൊണ്ട് ശമിപ്പിക്കാം.(Bukhari Vol IV no 483, 486) ഇതിനെ എങ്ങനെ വിശദീകരിയ്ക്കും?

# Bibilinte Daivikatha- article by Nainan Mathula

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക