MediaAppUSA

വിശ്വ മഹാകവി കാളിദാസൻ : രമണി അമ്മാൾ

Published on 20 November, 2022
വിശ്വ മഹാകവി കാളിദാസൻ : രമണി അമ്മാൾ

കാളിദാസന്റെ ജീവിതകാലഘട്ടം  ക്രിസ്തുവിനുമുമ്പ് രണ്ടാം നൂറ്റാണ്ടിനും, ക്രിസ്തുവിനു പിന്‍പ് ആറാം നൂറ്റാണ്ടിനും ഇടയ്ക്കായിരിക്കാ
മെന്നും, ഇന്നത്തെ മധ്യപ്രദേശിലുള്ള ഉജ്ജയിനിയിലാണ് അദ്ദേഹം ജനിച്ചതെന്നുമാണ് 
ചരിത്രകാരന്മാർ പറയുന്നത്.
അദ്ദേേത്തിന്റെ ജനനവും,  ജീവിതവും, മരണവുമെല്ലാം ഐതീഹ്യങ്ങളെയും കേട്ടുകേള്‍വികളേയും ആസ്പദമാക്കിമാത്രമേ അനാവരണം ചെയ്യുവാനാകൂ. 

ബ്രാഹ്മണകുലത്തില്‍ ജനിച്ച കാളിദാസന്‍  വിദ്യാസമ്പന്നനായിരുന്നു. മുടങ്ങാതെ ശിവക്ഷേത്രദര്‍ശനം നടത്തിയിരുന്ന 
അദ്ദേഹം, ഒരിക്കല്‍ ക്ഷേത്രത്തിൽവച്ചുകണ്ട
ഒരു യോഗീശ്വരന്റെ സംസാരവൈകല്യത്തെ
പരിഹസിച്ചുപോലും. കുപിതനായ യോഗീശ്വരന്‍  "പഠിച്ചതെല്ലാം മറന്ന് ഒരു മൂഢനായി മാറട്ടെയെന്നു"
ശപിക്കുകയും
ചെയ്തുപോയ തെറ്റിന് മാപ്പിരന്നപ്പോൾ "ഒരുകാലത്ത് കാളിയുടെ അനുഗ്രഹം സിദ്ധിച്ച് ഇപ്പോഴുള്ള മൂഢതമാറി പൂര്‍വ്വാധികം ബുദ്ധിമാനും വിദ്വാനുമായിത്തീരും" എന്ന്‍  കാളിദാസനെ അനുഗ്രഹിക്കുകയും ചെയ്തുവത്രേ..

ശാപഗ്രസ്തനായി   അലഞ്ഞുതിരിഞ്ഞു നടക്കവേ
വിധിഹിതമെന്നോണം, കാളിദാസൻ
ഒരു പ്രഭുവിന്റെ സുന്ദരിയും വിദുഷിയുമായ മകളുടെ വരനാവുകയാണ്.
തന്റെ ഭര്‍ത്താവ് മൂഢനാണെന്നു മനസ്സിലാക്കിയ പ്രഭുകുമാരി കാളിദാസനെ പരിഹസിച്ചു  പുറത്താക്കുകയും,
അവിടം വിട്ടിറങ്ങിയ കാളിദാസന്‍ ഘോരവനാന്തരത്തിലൂടെ അലയുമ്പോൾ 
മഴയത്ത്, അവിടെക്കണ്ട  പഴയകാളീക്ഷേത്രത്തിനകത്തുകയറി വാതിലടച്ചിരിപ്പാരംഭിക്കുകയും ചെയ്തു. പുറത്തുപോയിരുന്ന കാളിദേവി മടങ്ങിയെത്തിയപ്പോള്‍ ക്ഷേത്രവാതിലുകള്‍ അടഞ്ഞുകിടക്കുന്നതു
കണ്ട് അത്ഭുതപ്പെട്ടു. 
ആരോ അകത്തുണ്ടെന്ന്‍ മനസ്സിലാക്കിയ കാളി "അകത്താര്" എന്നുചോദിക്കുകയും. 
അകത്തുനിന്ന്‍ "പുറത്താര്" എന്ന മറുചോദ്യവുമുണ്ടാവുകയും ചെയ്തു. 
പുറത്തു കാളി എന്ന ഉത്തരം കിട്ടിയപ്പോള്‍ അകത്ത് ദാസന്‍ എന്നു കാളിദാസന്‍ മറുപടി പറഞ്ഞു. 
കാളി എത്രതന്നെ
പറഞ്ഞിട്ടും ദാസന്‍ വാതില്‍തുറക്കാന്‍ തയ്യറായില്ല. തന്റെ മന്ദത മാറ്റിത്തന്നാലേ വാതില്‍തുറക്കൂ എന്ന്‍ അവന്‍ വാശിപിടിച്ചപ്പോള്‍ മറ്റുമാര്‍ഗ്ഗമില്ലാതെ കാളിദാസനോട് വാതിലിനിടയില്‍ക്കൂടി നാവു നീട്ടാന്‍ കാളി ആവശ്യപ്പെടുകയും  നാവിൻ തുമ്പിൽ തന്റെ  ശൂലാഗ്രംകൊണ്ട്  വിദ്യാമന്ത്രമെഴുതുകയും തല്‍ക്ഷണം കാളിദാസനെ ബാധിച്ചിരുന്ന ശാപം വിട്ടൊഴിയുകയും  ചെയ്തു.

ആക്ഷേപിച്ചിറക്കിവിട്ട ആള്‍ തിരിച്ചുവന്ന്
തികഞ്ഞ വാഗ്മിയെപ്പോലെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതുകണ്ട് കാളിദാാന്റെ ഭാര്യ അത്ഭുതപ്പെടുകയും അതിശയഭാവേന അവർ "അസ്തി: കശ്ചിത് വാഗർത്ഥ: എന്നൊരു വാക്യമുരുവിടുകയും ചെയ്തു. 
പില്‍ക്കാലത്ത് കാളിദാസൻ സൃഷ്ടിച്ച 
കുമാരസംഭവം, മേഘസന്ദേശം, രഘുവംശം എന്നീ മഹത്കാവ്യങ്ങൾ ആരംഭിക്കുന്നത് അവർ 
ആശ്ചര്യത്തോടെ ഉച്ചരിച്ച ഈ വാക്യത്തിന്റെ ഓരോ വാക്കുകള്‍
ഉപയോഗിച്ചായിരുന്നു..

മഹാകവി കാളിദാസൻ വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളില്‍ ഒരാളായിരുന്നുവെന്നും, 
ഈ വിക്രമാദിത്യന്‍ ഭോജരാജാവിന്റെ സദസ്സിലെ കവികുലോത്തമനായിരുന്നുവെന്ന വാദവുമുണ്ട്. 
ഭോജരാജചരിത്ര"മെന്ന ഗ്രന്ഥത്തില്‍ ഭോജരാജാവും കാളിദാസനുമായുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിയിട്ടു
ണ്ടുപോലും.

കവികളും വിദ്വാന്മാരുമെന്നുപറഞ്ഞ് ദിവസവും ധാരാളമാളുകള്‍ തന്നെവന്നുകണ്ട് ബുദ്ധിമുട്ടിക്കുന്നതില്‍ അരിശംപൂണ്ട ഭോജരാജാവ് സായണനെന്നും, മായണനെന്നും പേരുളള
രണ്ട് ദ്വാരപാലകരെ കാവലിനായി നിയോഗിക്കുകയും തന്നെക്കാണാനായി വരുന്നവരെ ചില ചോദ്യങ്ങള്‍ ചോദിച്ച് പാണ്ഡിത്യം ബോധ്യപ്പെട്ടശേഷം അകത്തേയ്ക്ക് കടത്തിവിട്ടാല്‍ മതിയെന്നു ശട്ടംകെട്ടുകയും ചെയ്തു. അക്കാലത്തൊരിക്കല്‍ കാളിദാസന്‍ ഭോജരാജ്യത്തിലേക്കു വരുകയും സായണ,മായണന്മാരുടെ ചോദ്യങ്ങള്‍ക്ക് 
ഏറ്റവും യുക്തമായ മറുപടിപറഞ്ഞ് ഭോജരാജസദസ്സിലെത്തുകയും ചെയ്തു. വളരെപ്പെട്ടന്നുതന്നെ കാളിദാസന്‍ ഭോജരാജന്റെ ആത്മമിത്രമായിത്തീര്‍ന്നു. ഇതില്‍ ശത്രുതപൂണ്ട മറ്റു വിദ്വാന്മാരും കവികളും ഏഷണിയും കുതന്ത്രങ്ങളും പ്രയോഗിച്ച് കാളിദാസനെ രാജാവുമായി
തെറ്റിച്ചപ്പോൾ,
രാജസദസ്സുവിട്ട് വിലാസവതി എന്നുപേരുള്ള ഒരു ഗണികയോടൊപ്പം കാളിദാസൻ
ഒളിച്ചുതാമസമാക്കി. 

കാളിദാസന്‍ രാജസദസ്സു വിട്ടുപോയതിൽ ദു:ഖിതനായ ഭോജരാജൻ അദ്ദേഹത്തെ കണ്ടെത്തി മടക്കിക്കൊണ്ടുവരണമെന്നു തീര്‍ച്ചയാക്കുകയും 
അതിനായി ഒരു സമസ്യയുടെ പൂര്‍വ്വാര്‍ദ്ധം ഉണ്ടാക്കുകയും, സമസ്യയുടെ ഉത്തരാര്‍ദ്ധം നേരായി പൂരിപ്പിക്കുവാന്‍ സദസ്സിലുണ്ടായിരുന്ന കവികളോട് കല്‍പ്പിക്കുകയും ചെയ്തു. 
കാളിദാസനല്ലാതെ മറ്റൊരാൾക്കും സമസ്യ പൂരിപ്പിക്കാനാവില്ലെന്നു ഭോജരാജന് ഉറപ്പായിരുന്നു. 
സമസ്യ ശരിയാംവണ്ണം പൂരിപ്പിക്കാനാവാതെ കുഴങ്ങിയ കവികള്‍ നാടുവിട്ടുപോകാനിറങ്ങിയത് കാളിദാസന്‍ ഒളിച്ചുതാമസിക്കുന്ന വീടിനടുത്തുകൂടിയായിരുന്നു. കവികളുടെ സംസാരം അവിചാരിതമായി
കേട്ട കാളിദാസന്‍ വേഷപ്രച്ഛന്നനായി അവരുടെ മുന്നില്‍വന്ന്‍ സമസ്യ ശരിയായി പൂരിപ്പിക്കേണ്ടതെങ്ങനെയെന്നു പറഞ്ഞുകൊടുത്തു. ആശ്വാസപൂര്‍വ്വം മടങ്ങിയ കവികള്‍ പിറ്റേന്ന്‍ രാജസദസ്സുകൂടിയപ്പോള്‍ ശരിയാംവണ്ണം പൂരിപ്പിച്ച സമസ്യ രാജാവിനെ കാണിച്ചു. 
കാളിദാസന്‍ പൂരിപ്പിച്ചുനല്‍കിയതാ
ണെന്നുറപ്പുണ്ടായിരുന്ന രാജാവ് 
കവികളോട് സത്യാവസ്ഥ ചോദിച്ചറിയുകയും,
പരിവാരസമേതം ചെന്ന്‍ കാളിദാസനെ രാജസദസ്സിലേക്കു കൂട്ടിക്കൊണ്ടുവരികയും ചെയ്തു.

സമസ്യാ പൂരണകഥയുമായി ബന്ധപ്പെട്ട്
കാളിദാസന്റെ മരണത്തിനു കാരണമായെന്നു  കരുതപ്പെടുന്ന 
മറ്റൊരൈദീഹ്യം  
കൂടിയുണ്ട്.

സ്ത്രീസംസർഗത്തിന് ഏറെ കുപ്രസിദ്ധനായിരുന്നു കാളിദാസനെന്ന് അദ്ദേഹത്തിന്റെ കൃതികളിലെ സ്ത്രീവർണ്ണനകളിൽ കാണുന്ന അലൗകികമായ സൗന്ദര്യബോധവും പ്രേമാവബോധവും  സാക്ഷ്യപ്പെടുത്തുന്നുണ്ട്. 
അദ്ദേഹം ഇടയ്ക്കിടയ്ക്ക് വേശ്യാസ്ത്രീകളെ സന്ദർശിക്കുമായിരുന്നു. 
ഇങ്ങനെ അജ്ഞാതനായി ശ്രീലങ്കയിൽ ഒരു സ്ത്രീയുടെ ഗൃഹത്തിൽ കഴിഞ്ഞുവരവേ "നവരത്നങ്ങളിലൊന്നായ‌ കാളിദാസനെ കണ്ടെത്താനായി വിക്രമാദിത്യമഹാരാജാവ് ഒരു സമസ്യാപൂരണം പ്രസിദ്ധപ്പെടുത്തുകയും
ഏറ്റവും മികച്ച പൂരണത്തിനു വലിയൊരു പ്രതിഫലവും പ്രഖ്യാപിക്കുകയും ചെയ്യുന്നു.."

സമസ്യയുടെ പൂർവ്വാർദ്ധം ഇങ്ങനെയായിരുന്നു.
(“കുസുമേ കുസുമോല്പത്തിഃ
ശ്രൂയതേ ന ച ദൃശ്യതേ" എന്നുവച്ചാൽ,

 (പൂവിനുളളിൽ പൂവുണ്ടാകുന്നത്  ഒരിക്കലും കേട്ടിട്ടുമില്ല, ഒരിക്കലും കണ്ടിട്ടുമില്ല.) എന്ന്.

ഈ സമസ്യാപൂരണം കേട്ടറിഞ്ഞ വേശ്യസാത്രീ ,തന്റെ ശയനമുറിയുടെ ചുവരിൽ
ഇതു കുറിച്ചിട്ടു. ഉറക്കമുണർന്ന്
കുറിമാനം കാണാനിടയായ കാളിദാസൻ 
സമസ്യയുടെ പൂർവ്വാർദ്ധം 
ഉടനടി പൂരിപ്പിച്ചു.
അതിങ്ങനെയായിരുന്നു.
“ബാലേ, തവ മുഖാംഭോജേ
നേത്രമിന്ദീവരദ്വയം?”

(താമരയിതൾ പോലെ ചുവന്നു തുടുത്ത. മുഖതാരിൽ കരിങ്കൂവളപ്പൂക്കൾ പോലെ കറുത്തു നീണ്ട കണ്ണിണകൾ എങ്ങനെയുണ്ടായി )

കാളിദാസനാണ് തന്നോടോപ്പമുളളതെന്ന് അറിഞ്ഞുകൂടാതിരുന്ന
സ്ത്രീ, സമസ്യാപൂരണത്തിന്റെ  അവകാശവാദവുമായി
ഇയാളൊരിക്കലും  രാജാവിന്നടുക്കലെത്തി
പാരിദോഷികങ്ങൾ
കൈവശമാക്കരുതെന്നു കരുതി കാളിദാസനു വിഷം കൊടുത്തു കൊന്നതാണെന്നുമാണ് ഐതിഹ്യ

ഭാര്യയും, കാശിരാജാവായ ഭീമശുക്ലന്റെ പുത്രിയുമായ വിദ്യോത്മയുടെ ശാപമാണു കാളിദാസൻ ഒരു സ്ത്രീയുടെ കൈകളാൽ മരണത്തിനു കാരണമായതെന്ന മറ്റൊരു ഐതിഹ്യമുണ്ട്..

ഇനി നമുക്ക് കാളിദാസ കൃതികളിലേക്കു കടക്കാം..

അക്ഷരങ്ങള്‍ക്ക് അഗ്നിയുടെ ശക്തിയാണുള്ളത്.
 അത് സാമ്രാജ്യങ്ങളെപ്പോലും ഭസ്മീകരിച്ചിട്ടുണ്ട്, പലപലമാറ്റങ്ങള്‍ക്കും നിദാനമായിട്ടുണ്ട്. അത്തരം സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ ഭാരതത്തിന്റെ അഹങ്കാരമെന്നുതന്നെ ഉറപ്പിച്ചുപറയാനാകുന്ന സാഹിത്യകുലപതികളിലൊരാളായിരുന്നു കാളിദാസന്‍. 

വ്യാസനും  ഭാസനും, വാല്മീകിയുമൊക്കെ പരിപോഷിപ്പിച്ച സംസ്കൃത
സാഹിത്യത്തിനു നവയൌവ്വനം പ്രദാനം ചെയ്ത സാഹിത്യ രത്നമായിരുന്നു അദ്ദേഹം.
 
വേദങ്ങളിലും, പുരാണങ്ങളിലും, ഉപനിഷത്തുകളിലും, ജ്യോതിഷത്തിലും, വൈദ്യത്തിലുമൊക്കെ അഗാധപാണ്ഡിത്യം നേടിയ കാളിദാസന്‍ സംസ്കൃതഭാഷയിലൂടെ ഭാരതീയസാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്ക്കാനില്ലാത്തതു
കൊണ്ടുതന്നെ അദ്ദേഹത്തെ വിശ്വമഹാകവി ഏന്നും
ഇന്ത്യൻ ഷേക്സ്പിയർ എന്നും വിശേഷിപ്പിക്കാറുണ്ട്.

രഘുവംശം, കുമാരസംഭവം, ഋതുസംഹാരം, 
മേഘദൂതം എന്നീ കാവൃങ്ങളും,
 മാളവികാഗ്നി മിത്രം, വിക്രമോര്‍വ്വശീയം, 
അഭിഭിജ്ഞാന ശാകുന്തളം എന്നീ നാടകങ്ങളുമാണ് കാളിദാസന്റെ പ്രധാനകൃതികൾ.

കാവ്യങ്ങളിൽ
മേഘദൂതവും,
നാടകങ്ങളിൽ മാളവികാഗ്നിമിത്രവും
കല്പിതകഥകളാണ്.
ബാക്കിയുളളവ പുരാണ കഥകളും..

കാവ്യകൃതികളെ അപേക്ഷിച്ച് കാളിദാസന്റെ നാടകങ്ങളാണ് സാമാന്യജനങ്ങളെയും പണ്ഡിതന്മാരെയും അധികമായി ആകര്‍ഷിച്ചിട്ടുള്ളത്.   ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും അഭിജ്ഞാനശാകുന്തളത്തിനാണ്.

മഹാഭാരതത്തിൽ കേവലം രണ്ടോ മൂന്നോ വരികളിൽ മാത്രം പ്രതിപാദിച്ചിട്ടുളള  ശകുന്തളയുടെ കഥയെ
അഭിജ്ഞാന ശാകുന്തളം എന്ന അനശ്വര പ്രേമകാവ്യമായി മാറ്റിയതിൽ 
കാളിദാസന്റെ പങ്ക് ചെറുതല്ല.

ഭൂമിയും സ്വർഗ്ഗവും ഒന്നിക്കുന്ന മഹാകാവ്യമായിട്ടാണ്  ശാകുന്തളത്തെ ജർമ്മൻ നിരൂപകനായ "ഗോയ്ഥേ" വിശേഷിപ്പിച്ചത്.

കാളിദാസന്റെ സര്‍ഗ്ഗവൈഭവം  ഏറ്റവും മനോഹരമായി പ്രകടമായ കൃതിയാണിത്. സത്യത്തില്‍  ദുഷ്യന്തന്റേയും ശകുന്തളയുടേയും കഥ ഇത്രമാത്രം പ്രസിദ്ധമായത് 
ഈ നാടകരചനയ്ക്കു ശേഷമാണ്.

ഭരതവംശ രാജാവായ ദുഷ്യന്തന്‍ നായാട്ടിനിടയ്ക്ക് കണ്വാശ്രമത്തിലെത്തുകയും, 
കണ്വന്റെ വളര്‍ത്തു
പുത്രിയായ ശകുന്തളയെക്കണ്ട് അനുരാഗപരവശനായി അവളെ ഗാന്ധര്‍വ്വവിവാഹം കഴിക്കുകയും, അതില്‍ ജനിച്ച കുട്ടിയേയും ശകുന്തളയേയും വിധിവൈപരീത്യം കൊണ്ട് അറിയില്ലാ എന്നുപറഞ്ഞ് ഒഴിവാക്കുന്നതും,  
പിന്നീട് സമംഗളം ഒത്തുചേരുകയും ചെയ്യുന്നതാണ് അഭിജ്ഞാന ശാകുന്തളം കഥ. ലോകത്തിലെ 
പ്രമുഖമായ ഭാഷകളിലേയ്ക്കെല്ലാം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ഈ കാളിദാസനാടകം. 
ഇംഗ്ലീഷ് ഭാഷയിലെയ്ക്ക് ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യന്‍ നാടകവും ഇതുതന്നെയാണ്.

 സംസ്കൃതത്തില്‍നിന്ന്‍ മലയാളഭാഷയിലേയ്ക്ക് ഈ നാടകം വിവര്‍ത്തനം ചെയ്ത കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പില്‍ക്കാലത്ത് കേരളകാളിദാസന്‍ എന്നാണറിയപ്പെട്ടത്.

വിക്രമോര്‍വശീയം

മനുഷ്യകുലത്തിലെ പൂരുരവസ് രാജാവും ദേവ സ്ത്രീയായ ഉര്‍വ്വശിയും തമ്മിലുള്ള അനുരാഗത്തിന്റെ കഥപറയുന്ന കാളിദാസനാടകമാണ് "വിക്രമോര്‍വശീയം."

 ദേവലോകത്തിലെ അപ്സരസ്സായിരുന്ന ഉര്‍വ്വശിയെ അസുരന്മാര്‍ കടത്തിക്കൊണ്ടുപോകുന്നു,  
പൂരുരവസ് രാജാവ് അസുരന്മാരെത്തോല്‍പ്പിച്ച് ഉര്‍വ്വശിയെ രക്ഷപ്പെടുത്തുന്നു.
തന്നെ രക്ഷിച്ച പൂരുരവസ്സിനോട് ഉര്‍വ്വശിക്കു അനുരാഗമുദിക്കുന്നു.

ഒരിക്കല്‍ ദേവസഭാതലത്തില്‍ ഒരു നാടകമഭിനയിക്കുമ്പോള്‍ സംഭാഷണത്തിനിടെ പുരുഷോത്തമന്‍ എന്നു പറയേണ്ടതിനുപകരം പൂരുരവസ്സ് എന്നാണ് ഉര്‍വ്വശി പറഞ്ഞത്. നാടകാചാര്യനായിരുന്ന ഭരതമുനി ഇതുകെട്ട് കോപിഷ്ടനായി ഉര്‍വശി മനുഷ്യകുലത്തില്‍പ്പോയിക്കഴിയുകയെന്നു പറഞ്ഞു ശപിച്ചു.  

ഉര്‍വ്വശി മനസ്സിലോര്‍ത്തു
കൊണ്ടിരുന്ന ആളില്‍നിന്നും ജനിക്കുന്ന പുത്രന്റെ മുഖം, അയാള്‍ കാണുന്നതുവരെ ഭൂമിയില്‍ കഴിഞ്ഞിട്ട് സ്വര്‍ഗ്ഗത്തിലേക്കു മടങ്ങുകയെന്ന്‍, പിന്നീട് അദ്ദേഹം ശാപമോക്ഷവും നല്‍കി.

ഇപ്രകാരം ഭൂമിയിലെത്തിയ 
ഉര്‍വ്വശി പൂരുരവസ്സുമായി
കഴിയുന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം.

ഋഗ്വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ പ്രതിപാദിക്കുന്ന ഈ കഥ കാളിദാസന്‍ കുറേയധികം മാറ്റങ്ങള്‍ വരുത്തിയാണ് നാടകമായി അവതരിപ്പിച്ചത്.

മാളവികാഗ്നിമിത്രം

കാളിദാസന്‍ രചിച്ച ആദ്യനാടകമാണ് മാളവികാഗ്നിമിത്രം. സുംഗവംശ രാജാവായ പുഷ്യമിത്രന്റെ ആദ്യപുത്രനായ അഗ്നിമിത്രന്‍ തന്റെ പട്ടമഹിഷിയായ ധാരിണീദേവിയുടെ പരിചാരികയായ മാളവികയെക്കണ്ട് മോഹിതനായിത്തീരുകയും, 
അതി‍സുന്ദരിയായ മാളവികയെ ഏതുവിധേനയെങ്കിലും സ്വന്തമാക്കണമെന്ന്‍ തീരുമാനിക്കുകയും ചെയ്യുന്നു.  
അതിനായി അദ്ദേഹം നടത്തുന്ന പ്രയത്നങ്ങളും  അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ നാടകം പറയുന്നത്.

 പതിവ്രതയായ ധാരിണീദേവി തന്റെ ഭര്‍ത്താവിന്റെ ആഗ്രഹം സാധ്യമാക്കുന്നതിനായി ഒടുവില്‍ മാളവികയെ തന്റെ സപത്നിയായി അംഗീകരിക്കുവാന്‍ തയ്യാറാകുന്നതോടെ ശുഭപര്യവസായിയായി  നാടകം അവസാനിക്കുന്നു.


ഇനി കാളിദാസമഹാകവിയുടെ
കാവ്യകൃതികളേക്കുറിച്ച്..

ഋതുസംഹാരം

മഹാകവി കാളിദാസന്റെ ആദ്യകാലകൃതികളിലൊന്നായി കരുതപ്പെടുന്ന 
ഒരു ലഘു കാവ്യമാണ് ഋതുസംഹാരം.

ഋതുപരിവർത്തനവും അതിലൂടെ  മനുഷ്യരുടേയും പ്രകൃതിയുടേയും നിരീക്ഷണവുമാണ് ഇതിന്റെ ഉള്ളടക്കം.

ഈ കൃതി ലത്തീൻ, ഫ്രഞ്ച്, ജർമൻ എന്നീ വിദേശഭാഷകളിലേക്കും ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ പല ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .

ഭാരതീയ പശ്ചാത്തലത്തിലുള്ള ആറു കാലങ്ങളായ ഗ്രീഷ്മം, വർഷം, ശരത്ത്, ഹേമന്തം, ശിശിരം, വസന്തം എന്നിവകളെ കാമുകൻ കാമുകിക്ക് വർണിച്ചു കൊടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം.

ഒരോ ഋതുവിനും ഒന്ന് എന്ന കണക്കിൽ ഗ്രീഷ്മവർണ്ണനം, വർഷവർണ്ണനം, ശരദ്വർണ്ണനം, ഹേമന്തവർണ്ണനം, ശിശിരവർണ്ണനം, വസന്തവർണ്ണനം എന്നിങ്ങനെ ആറു സർഗ്ഗളുണ്ട് ഈ കാവ്യത്തിൽ.

ഋതുപരിവർത്തനം സ്ത്രീപുരുഷന്മാരുടെ ചേതോവികാരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും  കാമുകീകാമുകന്മാരുടെ സല്ലാപകേളികൾക്ക് ഏതൊക്കെ മട്ടിൽ അവസരമൊരുക്കുന്നുവെന്നും വിവരിക്കുന്ന ഈ കാവ്യം ശൃംഗാരരസപ്രാധാനമാണ്കാവ്യം.
 എന്നാല്‍ വായിച്ചു രസിക്കുക എന്നതിലുപരി, ഉള്‍ക്കൊണ്ടു വളരുക എന്ന ലക്ഷ്യംകൂടിയുണ്ട് എന്ന സത്യം ഋതുസംഹാരത്തിൽകൂടി മഹാകവി ബോധ്യപ്പെടുത്തുകയാണ്
..
മേഘസന്ദേശം  

കാവ്യത്രയങ്ങളിലെ രണ്ടാമത്തേതാണ് മേഘസന്ദേശം എന്ന കൃതി. സംസ്കൃതസാഹിത്യത്തില്‍ത്തന്നെ ആദ്യമായുണ്ടായ സന്ദേശകാവ്യമാണിതെന്ന്‍ വിശേഷിപ്പിക്കപ്പെടുന്നു.

കൃത്യവിലോപം കാണിച്ചതിനു ശിക്ഷിച്ച്, യക്ഷരാജാവായ കുബേരന്‍, തന്റെ സഹചാരിയായിരുന്ന ഒരു യക്ഷനെ ഗന്ധര്‍വ്വനഗരമായ അളകാപുരിയില്‍നിന്നു വിന്ധ്യപര്‍വ്വതത്തിലേയ്ക്ക് ഒരു കൊല്ലത്തേയ്ക്കു നാടുകടത്തി. 

ആ യക്ഷന്‍ തന്റെ ഭാര്യയെ പിരിഞ്ഞതിന്റെ സങ്കടവുമായിക്കഴിയുമ്പോഴാണ് ആഷാഢമാസനാളുകളിലൊന്നില്‍ ഒഴുകിനീങ്ങിവരുന്ന മേഘക്കൂട്ടത്തെക്കണ്ടത്. ഭാര്യാവിരഹത്താല്‍ സുബോധം നഷ്ടപ്പെട്ടവനെപ്പോലെയായിത്തീര്‍ന്ന യക്ഷന്‍ അളകാപുരിയില്‍ച്ചെന്ന്‍ തന്റെ ഭാര്യയെക്കണ്ട് തന്റെ സുഖവിവരാന്വേഷണം അവളെ അറിയിക്കണമെന്ന്‍ 
ആ വര്‍ഷമേഘത്തോട് ആവശ്യപ്പെടുന്നു.
 വിന്ധ്യാപര്‍വ്വതത്തില്‍
നിന്ന് അളകാപുരിവരെ പോകുവാനുള്ള 
വഴിയും മറ്റും കൃത്യമായി യക്ഷന്‍ മേഘത്തിനു വിവരിച്ചുകൊടുക്കുന്നു
ണ്ട്.  
യക്ഷന്റെ വിവരണത്തില്‍ പോകുന്നവഴിയുടെ മനോഹാരിതയും പ്രകൃതിഭംഗിയുമൊക്കെ അലിഞ്ഞുചേര്‍ന്നിരുന്നു.

 ഈ ഭൂമിമലയാളത്തില്‍ വിരഹദുഃഖമനുഭവിക്കുന്ന സര്‍വ്വമനുഷ്യരുടേയും സന്ദേശകാവ്യമായി മേഘസന്ദേശം വിലയിരുത്തപ്പെടുന്നു.


രഘുവംശം

കാളിദാസന്റെ പ്രതിഭയുടേയും, 
കവന കലാവൈഭവത്തിന്റേയും, അപാരമായ ലോകവിജ്ഞാനത്തിന്റേയും, 
തെളിവായി 
കാളിദാസന്റെ രണ്ടാമത്തെ കാവ്യമയ രഘുവംശം കണക്കാക്കപ്പെടുന്നു.

ദിലീപൻ മുതൽ അഗ്നിവർണ്ണൻ വരെയുള്ള ഇരുപത്തൊൻപതു സൂര്യവംശരാജാക്കന്മാരുടെ ചരിത്രമാണ് ഈ കാവ്യം. 
രഘുവംശമെന്ന പേര്, ദിലീപപുത്രനായ രഘുവിന് വംശചരിത്രത്തിലുള്ള പ്രാധാന്യം മൂലമാണ്.

രാജചരിത്രമായതുകൊണ്ട് വീരരസം നിറഞ്ഞു നിൽക്കുന്ന കാവ്യമാണിത്. 

സൂര്യവംശത്തിലെ അവസാന രാജാവായ അഗ്നിവർണ്ണൻ രാജ്യകാര്യങ്ങളിൽ ശ്രദ്ധിക്കാതെ കാമസുഖങ്ങളിൽ മുഴുകി അകാലത്തിൽ രോഗബാധിതനായി ചരമമടയുന്നു,. അദ്ദേഹത്തിന്റെ ഗർഭിണിയായ പത്നി രാജ്യഭാരമേറ്റ് മന്ത്രിമാരൊടുകൂടി രാജ്യഭരണം നടത്തി.

 ഇപ്രകാരം മഹാപ്രതാപിയായ രഘുവിന്റെ വംശം അവസാനിക്കുന്ന വിവരണത്തോടെ 
കാവ്യം സമാപിക്കുന്നു.

 വർണ്ണനകൾ അതിമനോഹരങ്ങളാണ്. പ്രകൃതിവർണ്ണനകൾ ഇത്രയധികമുള്ള മറ്റൊരു കാവ്യമില്ല.
വർണ്ണനകളിൽ കാവ്യാലങ്കാരങ്ങൾ നിറഞ്ഞുകിടക്കുന്നു. അതും കാളിദാസന്റെ പ്രസിദ്ധമായ ഉപമാലങ്കാരം.  

ഏറ്റവും പ്രസിദ്ധമായ 
ഉപമ ഈ കൃതിയിലെ ഇന്ദുമതീസ്വയംവരത്തിലെ  ‘സഞ്ചാരിണീ ദീപശിഖേവ രാത്രൌ’ എന്ന പ്രയോഗമാണ്. 
ഇതിനെ അടിസ്ഥാനമാക്കിയാണ് ‘ദീപശിഖാ കാളിദാസൻ ‘ എന്ന സ്തുതി കവിക്ക് ലഭിച്ചത്!

കുമാരസംഭവം 

സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായാണ് കാളിദാസന്റെ
കുമാരസംഭവം വിലയിരുത്തപ്പെടുന്നത്.

"ഭൂമിയ്ക്കു മാനദണ്ഡമെന്നോണം കിഴക്കും പടിഞ്ഞാറുമുള്ള മഹാസമുദ്രങ്ങളില്‍ മുങ്ങി, അങ്ങു വടക്കേദിക്കില്‍ ഹിമാലയമെന്നു പേര്‍കൊണ്ട ദേവതാത്മാവായ പര്‍വത രാജാവ് സ്ഥിതി ചെയ്യുന്നു..".  

എട്ടു സര്‍ഗ്ഗങ്ങളുള്ള കുമാരസംഭവത്തിന്റെ ഒന്നാം സര്‍ഗ്ഗം ആരംഭിക്കുന്നത്   പര്‍വ്വതരാജനായ ഹിമവാനെ വന്ദിച്ചുകൊണ്ടാണ്.

 ഹരന്റെ ആദ്യപത്നിയായിരുന്ന സതി തന്റെ പിതാവിന്റെ അധിക്ഷേപത്താല്‍ ആത്മാഹുതിചെയ്
തപ്പോള്‍, 
ദക്ഷനുള്‍പ്പെടെ, സര്‍വ്വരേയും ചാമ്പലാക്കിയ പരമശിവന്‍ കഠിനകോപത്താല്‍ തപമനുഷ്ടിക്കുന്നു. യാഗാഗ്നിയില്‍ച്ചാടി ആത്മാഹുതി ചെയ്ത സതീദേവി പര്‍വ്വതരാജനായ ഹിമവാന്റെ മകളായി പുനര്‍ജന്മമെടുക്കുന്നു.

പാര്‍വ്വതിയും പരമശിവനും ഒന്നുചേരേണ്ടത് അത്യന്താപേക്ഷിതമാ
ണെന്ന് അറിയാമായിരുന്ന ദേവഗണങ്ങള്‍ എല്ലാപേരുംകൂടി ശട്ടംകെട്ടി കാമദേവനെ ശിവന്റെ തപസ്സിളക്കുവാന്‍ നിയോഗിക്കുന്നു.

"ശിവന്റെ പുത്രൻ
മാത്രമേ തന്നെ വധിക്കാവൂ" എന്ന വരം നേടി, ലോകത്തിനുതന്നെ ഭീഷണിയായി നിലകൊള്ളുന്ന താരകാസുരനെ വധിക്കണമെങ്കില്‍ ശിവപാര്‍വ്വതീ പരിണയം നടക്കുകയും അതില്‍നിന്നു പുത്രന്‍ ജനിക്കുകയും വേണമായിരുന്നു.

എന്നാല്‍ കാമദേവന്റെ പ്രലോഭനങ്ങളില്‍  കുപിതനായ ശിവൻ, കാമദേവനെത്തന്നെ ഭസ്മമാക്കിക്കളയുന്നു.

 പിന്നീട് ദേവന്മാരുടെയെല്ലാം അഭ്യര്‍ത്ഥനപ്രകാരം ശിവന്‍ പാര്‍വ്വതിയെ വിവാഹം കഴിക്കുകയും കാമദേവനെ പുനര്‍ജനിക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്തു.

ശിവപാര്‍വ്വതിമാരുടെ ശൃംഗാരകേളികളുടെ വര്‍ണ്ണനകളോടെയാണ് കുമാരസംഭവം അവസാനിക്കുന്നത്.

ഈ കൃതിയില്‍ താരകാസുരവധത്തിനായിപ്പിറക്കുന്ന സ്കന്ദന്റെ
(സുബ്രഹ്മണ്യന്റെ) വിവരണമല്ല, മറിച്ച് തീവ്രമായ തപോനിഷ്ടയിലൂടെ ഹിമവാന്റെ പുത്രിയായ പാര്‍വ്വതി ശ്രീപരമേശ്വരനെ നേടിയെടുത്തതും, അവരുടെ പ്രണയവും, 
ജീ​‍വിതചരിതവുമാണ് പറയുന്നത്. 

കൃതിയുടെ പേരുസൂചിപ്പിക്കുന്നത് സുബ്രഹ്മണ്യജനനത്തെയാണെങ്കിലും, 
പറയുന്നത് ശിവപാര്‍വ്വതീ
ചരിതമായതുകൊണ്ടുതന്നെ ഇതൊരു അപൂര്‍ണ്ണകൃതിയാണെന്ന വാദവുമുണ്ട്.

മാനവീയതയും പ്രകൃത്യാവബോധവും ശരിയായ അനുപാതത്തിൽ ഉൾക്കൊണ്ടിരുന്ന കവിയാണ്‌ കാളിദാസൻ എന്നാണ്‌ കാളിദാസകൃതികളെ ആഴത്തിൽ പഠിച്ചവരുടെ അഭിപ്രായം.

സുന്ദരമായ എന്തിനേയും വർണ്ണിക്കുക എന്നതായിരുന്നു കാളിദാസന്റെ ശൈലി. യുവതികളെ വർണ്ണിക്കുന്നതിൽ കാളിദാസൻ അദ്വിതീയനാണ്‌. മേഘസന്ദേശം, മാളവികാഗ്നിമിത്രം, അഭിജ്ഞാനശാകുന്തളം മുതലായവയിൽ കവി തന്റെ ഈ കഴിവു പ്രകടിപ്പിച്ചിരിക്കുന്നതായി കാണാം. അലൗകിക സൗന്ദര്യത്തെ വർണ്ണിക്കാനുള്ള കാളിദാസന്റെ കഴിവിനെ നിരൂപകർ ഏറെ പ്രശംസിച്ചിട്ടുണ്ട്‌. സൗന്ദര്യസാക്ഷാത്കാരം അനുവാചകന്റെ ഹൃദയത്തിലാണ്‌ എന്നതാണത്രെ കാളിദാസന്റെ പക്ഷം.

കാളിദാസ കൃതികള്‍ കലാതിവര്‍ത്തിയാകുന്നത് അന്യാദൃശമായ കാവ്യഗുണം കൊണ്ട് മാത്രമല്ല. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന അപാരമായ ദര്‍ശനവൈവിധ്യങ്ങള്‍ കൊണ്ടുകൂടിയാണ്.

REMANY AMMAL  ARTICLE # KAALIDASA KAVI

V. George 2022-11-20 11:36:35
Keep spreading stories with superstitions. Believing in superstitions is imbedded in Malayli genes.
Ninan Mathullah 2022-11-23 13:55:14
'മഹാഭാരതത്തിൽ കേവലം രണ്ടോ മൂന്നോ വരികളിൽ മാത്രം പ്രതിപാദിച്ചിട്ടുളള ശകുന്തളയുടെ കഥയെ അഭിജ്ഞാന ശാകുന്തളം എന്ന അനശ്വര പ്രേമകാവ്യമായി മാറ്റിയതിൽ കാളിദാസന്റെ പങ്ക് ചെറുതല്ല'. Quote from the article. Likes to remind readers the origin of Sakunthala. She is the daughter of Viswamithra maharshi and the Apsasrash dancer Menaka. She is the mother of Bharathan the source of the name 'Bharatham' for India. Yes, history is sleeping in these myths or legends of Ramayana and Mahabharata. Although nothing much is known about 'Kalidasan' it is a reality that the beautiful literature is known in his name. It is not historical but we can trace history in it as history is sleeping in it. Some of the stories in his writings are about history thousands of years before him. As writing script was not available thousands of years ago, such stories were passed on to the next generation through word of mouth. It is natural that memory become vague after a few generation and exaggerations creep in descriptions. Thus we can't call it history but history is sleeping in it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക