Image

ഈ രാവിളക്കെന്നുമേ സാക്ഷി.. ( കവിത : ബാബു ദാനിയേൽ )

Published on 22 November, 2022
ഈ രാവിളക്കെന്നുമേ സാക്ഷി.. ( കവിത : ബാബു ദാനിയേൽ )

തെരുവിന്‍റെകോണില്‍
********

മഞ്ഞുപുതച്ചൊരു ഹേമന്തരാവില്‍ 
മങ്ങിത്തെളിയും വഴിവിളക്കിന്‍ ചാരേ..
ഗതകാല ചിന്തയാല്‍ നീറും മനവുമായ്
ഗദ്ഗദത്തോടെ ഞാന്‍ നില്‍ക്കുന്നു മൂകം.

തുടിതാളമേളമങ്ങുയരുന്നു രാവില്‍.
നാടോടിപ്പാട്ടുകള്‍ കേള്‍ക്കുന്നു ദൂരേ.
രാവില്‍ കോച്ചിവിറയ്ക്കും തണുപ്പേറ്റു
വിഷാദരാഗം മൂളുന്നുകൂമന്‍

തെരുവിന്‍റെ കോണില്‍ പീടികത്തിണ്ണയില്‍
തെരുവുവിളക്കിന്‍ വെളിച്ചം പുതച്ച്.
തെരുവിന്‍റെ മക്കളുറങ്ങുന്നനേരം
കരയുന്നു രാപ്പാടി മാമരച്ചില്ലയില്‍.

വഴിവിളക്കിന്‍റെ ചോട്ടില്‍ നിഴലുകള്‍
അലസമായ് നൃത്തം ചവിട്ടീടവേ,
നറുനിലാപുഞ്ചിരി ചുണ്ടിലണിഞ്ഞൊരു
തെരുവു പെണ്ണാള്‍ നില്‍ക്കുന്നു നിശ്ചലം.

തെരുവുപെണ്ണിന്‍റെ മാംസം രുചിക്കുവാന്‍
കുറുനരികള്‍ ചുറ്റും വലംവെച്ചു നില്‍ക്കേ,
പൈദാഹമോടെ തളര്‍ന്നുറങ്ങുന്നുണ്ട്
തകരത്താളുപോലൊരു പൈതലെങ്ങോ.!

രാവിന്‍ മറപറ്റി ഉന്മഥചിത്തര്‍
രക്തപ്പകയുമായ് അലയുന്ന നേരം
രാവിന്‍റെ മൗനഭാവം മുറിഞ്ഞിട്ട് രംഗം-
രൗദ്രമാകുന്നതിന്‍ രാവിളക്കെന്നുമേ സാക്ഷി

ഈ രാവിളക്കെന്നുമേസാക്ഷി...

BABU DANIEL POEM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക