Image

വൈറസ് മരുന്നുകൾക്കും ആന്റിബയോട്ടിക്കുകൾക്കും ക്ഷാമം 

Published on 24 November, 2022
വൈറസ് മരുന്നുകൾക്കും ആന്റിബയോട്ടിക്കുകൾക്കും ക്ഷാമം 



യുഎസ് ശൈത്യകാല വൈറസ് സീസണിലേക്കു പ്രവേശിച്ച നേരത്തു സുപ്രധാനമായ നാലു മരുന്നുകൾക്കു ക്ഷാമം. ഇവയെല്ലാം കുട്ടികൾക്കുള്ളതാണ്. 

അണുബാധയ്‌ക്കെതിരെ ഉപയോഗിക്കുന്ന അമോക്‌സിസിലിൻ, ഓഗ്‌മെന്റിൻ എന്നീ ആന്റിബയോട്ടിക്കുകൾ, ഫ്‌ളൂവിനു വ്യാപകമായി നൽകുന്ന  ടാമിഫ്ലൂ , ആസ്മയ്ക്കുള്ള ആൽബുട്ടറോൾ ഇൻഹേലർ ഇവയ്ക്കെല്ലാം ദൗർലഭ്യമായെന്നു അമേരിക്കൻ സൊസൈറ്റി ഓഫ് ഹെൽത്ത് സിസ്റ്റം ഫാർമസിസ്റ്സ് പറയുന്നു. 

കുട്ടികൾക്കുള്ള ടാമിഫ്ലൂ കിട്ടാനേയില്ല. മുതിർന്നവർക്കുള്ളതിനും ക്ഷാമം. ഒട്ടേറെ ആന്റിബയോട്ടിക്കുകൾ ലഭ്യമല്ല. മരുന്നു  തേടി കടകളിൽ നിന്നു കടകളിലേക്ക് ഓട്ടമാണ് അച്ഛനമ്മമാർ. 

മിനസോട്ടയിൽ ഹെനെപിൻ ഹെൽത്‌കെയറിലെ ശിശുരോഗ വിദഗ്ദൻ ഡോക്ടർ സ്റ്റസിൻ മറൊഷെക്ക് മാധ്യമങ്ങളോട് പറഞ്ഞു: "25 വർഷമായി ഞാൻ ഈ ജോലി ചെയ്യുന്നു. ഇങ്ങിനെയൊരു അവസ്ഥ ഇതിനു മുൻപ് കണ്ടിട്ടില്ല. 

"വിശ്രമമില്ലാതെ വൈറസുകൾ പിടികൂടുന്ന കുടുംബങ്ങളെ ഞാൻ കാണുന്നു. അണുബാധ മൂലം ന്യുമോണിയ വരെ ഉണ്ടാകുന്നുണ്ട്. വേണ്ടത്ര ആന്റിബയോട്ടിക്കുകൾ കിട്ടാനില്ല."

ദൗർലഭ്യത്തിനു കാരണം രോഗങ്ങൾ കൂടിയതാണ്. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങളും ഫ്ലൂവും. ആർ എസ് വിയും ഫ്ലൂവും കോവിഡും കൂടി ഒന്നിച്ചാണ് പടരുന്നത് -- ട്രൈപ്ലെഡെമിക്. 

പകുതിയിലേറെ സംസ്ഥാനങ്ങളിൽ ശക്തമോ വളരെ ശക്തമോ ആയ ശ്വാസകോശ വൈറസ് സാന്നിധ്യമുണ്ട്. അഞ്ചു പേരെ പരിശോധിച്ചാൽ ഒരാൾക്കു എന്ന നിരക്കിലാണ് രാജ്യത്തെ ആർ എസ് വി വ്യാപനം. 

ടാമിഫ്ലൂവിനു ഈ വർഷം പത്തിരട്ടി ആവശ്യക്കാരുണ്ട്. 2019 ഫ്ലൂ സീസണെക്കാൾ ആറിരട്ടിയെങ്കിലും ഇക്കുറി ടാമിഫ്ലൂവിനു ആവശ്യക്കാരുണ്ട്. 

അമോക്‌സിസിലിൻ, ഓഗ്‌മെന്റിൻ ഇവയ്ക്കു ആവശ്യം കൂടിയതു ചെവിക്കും സൈനസിനും തൊണ്ടയ്ക്കും മറ്റുമുള്ള സാധാരണ അണുബാധകൾക്കു പോലും ഉപയോഗിക്കുന്നതു കൊണ്ടാണ് എന്നാണ് നിഗമനം. ആവശ്യമില്ലാതെ പോലും ഇവ കഴിക്കുന്നു. ഉത്പാദകർ പ്രതീക്ഷിക്കാത്ത ആവശ്യമാണ് ഇവയ്ക്കു ഉണ്ടായത്. ഉത്പാദനം കൂട്ടുന്നുണ്ട്; പക്ഷെ മരുന്നുകൾ വിപണിയിലെത്താൻ സമയമെടുക്കും. 

സി ഡി സി പറയുന്നത് അലബാമ, സൗത്ത് കരളിന, ടെന്നസി, വിർജീനിയ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ഫ്ലൂ കാണുന്നതെന്നാണ്. 


Shortage reported for antiviral, antibactrerial medicines 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക