Image

ഫുട്ബോളിനെപ്പറ്റി ചോദിച്ചാൽ അന്തംവിട്ടു നിൽക്കുമോ പെണ്ണുങ്ങൾ ? ( ഉള്ളത് പറയാം : സനിത മനോഹർ )

Published on 24 November, 2022
ഫുട്ബോളിനെപ്പറ്റി ചോദിച്ചാൽ അന്തംവിട്ടു നിൽക്കുമോ പെണ്ണുങ്ങൾ ? ( ഉള്ളത് പറയാം : സനിത മനോഹർ )

ഏതോ ഒരുത്തൻ പെൺകുട്ടികളോട് ചോദിക്കുന്നു.
ലോകകപ്പിൽ ഏത് ടീം ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്?

പെൺകുട്ടികൾ : കേരള ബ്ലാസ്റ്റേഴ്സ്   

ഇങ്ങനെയൊരു ട്രോൾ വീഡിയോ കറങ്ങുന്നുണ്ട് ഗ്രൂപ്പുകളിൽ 

എന്റെ പഠനകാലത്ത് സ്ക്കൂൾ വിട്ട് വന്നാൽ ഏട്ടൻ എന്തെങ്കിലും കഴിച്ച് നേരെ ഒാടുന്നത് അപ്പുറത്തെ പറമ്പിലേക്കാണ് . ക്രിക്കറ്റോ ഫുട് ബോളോ കളിക്കാൻ ആണ് ആ ഒാട്ടം. ആ സമയത്ത് ഞാൻ മുറ്റത്ത് അമ്മ കഴുകി വിരിച്ചിട്ട  വീട്ടിലെ ആണുങ്ങളുടെ അണ്ടർവെയർ അടക്കമുള്ള തുണികൾ  മടക്കുകയായിരിക്കും.  

ഇത് എന്റെ വീട്ടിലെ മാത്രം അവസ്ഥയല്ല ഭൂരിഭാഗം വീടുകളിലും ഇതേ അവസ്ഥയാണ് . ഇന്നും സാഹചര്യങ്ങൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. പഴയതിനെ അപേക്ഷിച്ച് സ്പോർട്സ് പരിശീലന കേന്ദ്രങ്ങളിലേക്ക് പെൺകുട്ടികളെയും പരിശീലനത്തിന് അയക്കാനുള്ള ഔദാര്യം ഇപ്പോൾ കാണുന്നുണ്ട് .

ഇന്ന് എവിടെ നോക്കിയാലും ടർഫ് ഗ്രൗണ്ടുകൾ കാണാം. എവിടെയെങ്കിലും സ്ത്രീകളെ കണ്ടിട്ടുണ്ടോ?. ലോകകപ്പ് കാണാൻ പലയിടത്തും സ്ക്രീനുകൾ വച്ചിട്ടുണ്ട് . എവിടെയെങ്കിലും സ്ത്രീകളെ കണ്ടിട്ടുണ്ടോ? വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്ന ഒരുത്തനെങ്കിലും വീട്ടിലെ സ്ത്രീകളെ കളി കാണാൻ വിളിച്ചിട്ടുണ്ടാവുമോ? 

പക്ഷെ ട്രോളും . അതിനുള്ള വകതിരിവെ ഭൂരിഭാഗം ആണുങ്ങൾക്കും ഉള്ളൂ. 
അല്ല ഇനി ഏതേലും സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ഗ്രൗണ്ടിൽ ചെന്നിരുന്നാലോ കളി കാണാൻ എത്തിയ നൂറിൽ തൊണ്ണൂറു പുരുഷന്മാരും അവളെ തുറിച്ചു നോക്കിയിരിപ്പാവും . പ്രത്യേകിച്ച് കേരളത്തിൽ .

ഒരു സ്ത്രീയെ കണ്ടാൽ നോക്കാത്ത പുരുഷൻ പുരുഷൻ ആവില്ല എന്ന പ്രത്യേക സിദ്ധാന്തക്കാരാണല്ലോ കേരളീയ പുരുഷു വിഭാഗം.

സ്ക്കൂളുകളിലും കോളേജുകളിലും പഠനത്തിന്റെ ഭാഗമായി കായിക പരിശീ ലനങ്ങളും ഉൾപ്പെടുത്തിയതുകൊണ്ട് കിട്ടുന്ന അവസരമല്ലാതെ അതിലേക്ക് താല്പര്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന എന്തെങ്കിലും സാമൂഹികസാഹചര്യം സ്ത്രീകൾക്കുണ്ടായിരുന്നോ? ഉണ്ടോ? 

ക്ലബ്ബുകളിലും കവലകളിലും ചെന്നിരിക്കാനും  പറമ്പിൽ കളിക്കാനിറങ്ങാനും എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വീട്ടിലെ പെണ്ണുങ്ങൾ ഉണ്ടാക്കി വച്ചത് കഴിക്കാനും അവസരം ലഭിച്ചതുകൊണ്ടാണ് ആണുങ്ങൾക്ക് ഫുട്ബോളും ക്രിക്കറ്റും അറിയാനായതും ഹരമായതും. അങ്ങനെ അറിയാൻ അവസരം കിട്ടാത്ത പുരുഷന്മാർക്കും ഫുട്ബോളിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. 

ടെലിവിഷന്റെ വരവോടെ അറിവുകൾ വീട്ടിൽ തന്നെ എത്തിയതോടെ കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് . ചുരുങ്ങിയത് നെയ്മറും സച്ചിനും ആനന്ദും ആരൊക്കെയാണെന്ന് മനസ്സിലാക്കാനുള്ള അവസരമെങ്കിലും ലഭിക്കുന്നുണ്ട്  ടി വി  കാണാൻ സമയം കിട്ടുന്നവർക്ക് .

ഇന്നത്തെ  തലമുറയിൽ   ഫുട്ബോളിലും ക്രിക്കറ്റിലും താല്പര്യമുള്ള ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട് . മകളും അവളുടെ സുഹൃത്തുക്കളും സ്പോർട്സ് താരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട് .

ഈ മാറ്റമൊന്നും ട്രോളിറക്കിയ വിവരദോഷി അറിഞ്ഞിട്ടില്ല. അല്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കയറിയ ആണുങ്ങൾ വളരെ കുറവല്ലേ കേരളത്തിൽ .

പത്ത് പേർക്ക് ഉണ്ണാൻ എത്ര അരിവേണ്ടി വരും  എന്ന ചോദ്യത്തിന് മുന്നിൽ ആണുങ്ങൾക്ക് അന്തംവിട്ട് നിൽക്കാമെങ്കിൽ ഫുട് ബോളിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പെണ്ണുങ്ങൾക്കും അന്തം വിട്ട് നിൽക്കാം.

SANITHA MANOHAR # WORLD CUP FOOTBALL  AND WOMEN

Join WhatsApp News
നിർമ്മല 2022-11-24 19:28:54
ഈ പോസ്റ്റ് എന്തായാലും നന്നായി. മറ്റൊരാളുടെ അറിവുകേടിനെ ഘോഷിക്കുന്നത് ഒരിക്കലും തമാശയല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക