Image

സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം

Published on 24 November, 2022
സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്റെ  (59) അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. വഞ്ചിയൂരിലെ ഫ്‌ളാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി 7നു ശേഷം അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നു അടുത്ത ഫ്‌ലാറ്റിലുള്ളവര്‍ പറഞ്ഞു. ഫ്‌ളാറ്റിനു മുന്നിലിട്ട ഇട്ട പത്രം എടുത്തിരുന്നില്ല. രാത്രി മരണം സംഭവിച്ചിരിക്കാമെന്നാണു നിഗമനം. രാവിലെ മുതല്‍ സതീഷിന്റെ ഫോണില്‍ മറുപടിയില്ലാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1963 ല്‍ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് സതീഷ് ബാബു ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്റു കോളജിലും പയ്യന്നൂരിലെ കോളജിലും പഠിക്കുന്ന കാലത്തുതന്നെ എഴുത്തില്‍ സജീവമായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. കാസര്‍കോട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നക്ഷത്രക്കൂടാരം, ഓ ഫാബി എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയെങ്കിലും പിന്നീട് തിരക്കഥയെഴുത്തില്‍നിന്നു പിന്‍വലിഞ്ഞു. 2001 ല്‍ ബാങ്ക് ജോലി ഉപേക്ഷിച്ച് ദൃശ്യമാധ്യമരംഗത്തെത്തി. പനോരമ എന്ന സ്വന്തം സ്ഥാപനത്തിലൂടെ ടെലിവിഷന്‍ ഷോകള്‍ നിര്‍മിച്ച് അവതരിപ്പിച്ചു. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു.

2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (പേരമരം), കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക