ലോക കപ്പ് ഫുട്ബോൾ മൽസരങ്ങൾ നടക്കുന്ന അവസരമാണ്. കളിപ്രാന്തുകൾക്കിടയിൽ 'എടങ്ങേറ് കൂടി 'നിന്ന ക്രിക്കറ്റിന് ഇപ്പോൾ ശ്ശി ശമനമുണ്ടെന്നു തോന്നുന്നു.
ആര് തോറ്റാലും ജയിച്ചാലും കാലം മുന്നോട്ടു പോകും. അപ്രതീക്ഷിത മാറ്റങ്ങൾ കണ്ട് കൊച്ചു കുട്ടികളടക്കമുള്ള കാണിപ്രാന്തർ കരയുന്നതും ചിരിക്കുന്നതുമൊക്കെ കണ്ടു.
തുടക്കത്തിലേ പറയട്ടെ. ഈ ശ്രമം കാൽപ്പന്തുകളിയുടെ അവലോകനമേയല്ല.
ഫുട്ബോളിനെപ്പറ്റി ചോദിച്ചാൽ അന്തം വിട്ടു നിൽക്കുമോ പെണ്ണുങ്ങൾ ? എന്നും പറഞ്ഞ് സനിത മനോഹർ ഒരു കുറിപ്പെഴുതിയത് ഇ - മലയാളി പ്രസിദ്ധീകരിച്ചിരുന്നു.
ലോക കപ്പിൽ ഏത് ടീം ജയിക്കണമെന്നാണ് ആഗ്രഹം ? എന്ന് ഏതോ ഒരാൾ പെൺകുട്ടികളോട് ചോദിക്കുമ്പോൾ
കേരള ബ്ലാസ്റ്റേഴ്സ് എന്നവർ മറുപടി പറയുന്നത് ചിരിയാക്കിയ ട്രോൾ വീഡിയോ ആണ് സനിതയെ ചൊടിപ്പിച്ചത്.
ഫുട്ബോൾ കളിക്കാനും കാണാനും പെൺകുട്ടിയായതുമൂലം സാധിക്കാതിരുന്ന ബാല്യകാലത്തെയും ഇപ്പഴത്തെ സാമൂഹിക സാഹചര്യങ്ങളെയുമൊക്കെയാണ് സനിത വിലങ്ങുതടികളുടെ സ്ഥാനത്ത് വിവരിക്കുന്നത്.
'ഇന്ന് എവിടെ നോക്കിയാലും ടർഫ് ഗ്രൗണ്ടുകൾ കാണാം. എവിടെയെങ്കിലും സ്ത്രീകളെ കണ്ടിട്ടുണ്ടോ?. ലോകകപ്പ് കാണാൻ പലയിടത്തും സ്ക്രീനുകൾ വച്ചിട്ടുണ്ട് . എവിടെയെങ്കിലും സ്ത്രീകളെ കണ്ടിട്ടുണ്ടോ? വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്ന ഒരുത്തനെങ്കിലും വീട്ടിലെ സ്ത്രീകളെ കളി കാണാൻ വിളിച്ചിട്ടുണ്ടാവുമോ?
പക്ഷെ ട്രോളും . അതിനുള്ള വകതിരിവെ ഭൂരിഭാഗം ആണുങ്ങൾക്കും ഉള്ളൂ.
അല്ല ഇനി ഏതേലും സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ഗ്രൗണ്ടിൽ ചെന്നിരുന്നാലോ കളി കാണാൻ എത്തിയ നൂറിൽ തൊണ്ണൂറു പുരുഷന്മാരും അവളെ തുറിച്ചു നോക്കിയിരിപ്പാവും . പ്രത്യേകിച്ച് കേരളത്തിൽ .'
എന്നും സനിത പറയുന്നു
ഈ സാഹചര്യത്തിൽ എന്റെ ജീവിതത്തിന്റെ ബാല്യ കാലഘട്ടത്തിലേക്കൊന്നു പോയിനോക്കട്ടെ.
അന്നുമിന്നും സ്പോർട്ട്സ് ഐറ്റങ്ങളിൽ ഓട്ടവും ഫുട്ബോളുമാണ് ഞാനിഷ്ടപ്പെടുന്നത്. പെട്ടെന്ന് തീർപ്പറിയാം എന്നതാണ് ഒരാകർഷണം. പിന്നെ ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചുള്ള ആ പാച്ചിൽ ...
അത് വേറെങ്ങു കാണാൻ..!
വായനയും കളികൾ കാണലുമൊക്കെ ഓരോരോ ജന്മഗുണവും സാഹചര്യശീലവുമായിരിക്കണം. പുസ്തകം വായനക്കാർ ഒരിക്കലും ഭൂരിപക്ഷമല്ല; മഹാന്യൂനപക്ഷമാണ്. അതുപോലെ സിനിമയും പാട്ടുമൊക്കെപ്പോലെയല്ല സ്പോർട്ട്സ് ഇനങ്ങൾ.
മനുഷ്യർക്ക് പൊതുവെയെങ്കിലും പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക് ഇത്തിരി ആസ്വാദന വിലാസം കുറവായിരിക്കും ഇതിലൊക്കെ. ( ശീലമങ്ങനെ ആയതുകൊണ്ടാവും )
ഇപ്പോഴത്തെപ്പോലെ ടി.വിയും ഇന്റർനെറ്റും മൊബൈൽ ഫോണുമൊന്നുമില്ലാത്ത ഒരു ബാല്യം കഴിഞ്ഞു വന്നവർക്കറിയാം അന്നത്തെ ജീവിതം.
വെളുക്കുമ്പം മുതൽ ഇരുട്ടും വരെ കളികൾ കളിച്ച് പറമ്പ് തോറും വീട്ടുമുറ്റങ്ങൾ തോറും പാറി നടന്നൊരു ബാല്യമായിരുന്നു മിക്കവർക്കും. മതിലുകളും വേലിക്കെട്ടുകളുമില്ലാത്ത വളരെ വലിയ ലോകം.
അന്നത്തെ സ്കൂൾ ഗ്രൗണ്ടുകൾ ഗേറ്റു വച്ച് പൂട്ടിയിടാത്ത വിശാലതയായിരുന്നു. ചുറ്റുവട്ടത്തുള്ളവർക്ക് ഫുട്ബോൾ കളിക്കാനും ചാടി മറിയാനുമൊക്കെ അവകാശപ്പെട്ട ഇടം. ( ഇന്ന് പേരിന് ചതുര ഗ്രൗണ്ട് ഉണ്ടാക്കി ബാക്കിയിടമെല്ലാം കാശ് പൂക്കുന്ന കോൺക്രീറ്റ് മുറികളായി . തലയിൽ മാത്രം വെളിച്ചമുണർത്താൻ കൈകാലുകൾ ബന്ധിതമാക്കി ശരീരമനക്കാൻ സമ്മതിക്കാത്ത പഠന പ്രളയകാലം.)
പുതിയ ലോകം കീഴടക്കാൻ ആവശ്യമായിരിക്കാം ഇതൊക്കെ.
കുഞ്ഞു വീട്ടുമുറ്റത്ത് മകനെന്നോ മകളെന്നോ നോക്കാതെ ക്രിക്കറ്റും ഫുട്ബോളും, ഹോക്കി പോലും കളിക്കാൻ കൂടെ നിന്ന അപ്പനെയോർക്കുന്നു. ഭിത്തിയിൽ ബ്ലാക്ക് ബോർഡുണ്ടാക്കി കാര്യങ്ങൾ വിശദീകരിക്കാൻ അതിലെഴുതി നിൽക്കുന്ന രൂപം ഇന്നും കൃതജ്ഞതയുളവാക്കുന്നു.പരിമിതികൾക്കുള്ളിലെ ആ ദീർഘവീക്ഷണമായിരുന്നു അടിത്തറ.
കളിക്കാനും സിനിമ കാണാനും ഓടുന്നതിനിടയിൽ, കൂട്ടുകാരുമായി ചേർന്ന് ചർച്ചകൾ നടത്തുന്നതിനരികിൽ, ചേർത്തിരുത്തിയ സഹോദരനും നന്ദി.
ഫുട്ബോൾ കളിക്കുമ്പോൾ സ്വന്തം ടീമിന്റെ ഗോളിയാക്കി . ആരും വരാത്ത സമയങ്ങളിൽ രണ്ടു പേരും മുഖാമുഖം ഇരുടീമുകളായി.
ആശിച്ചു മേടിച്ച ഫുട്ബോൾ , ആദ്യത്തെ തട്ടിൽ തന്നെ മുള്ളിൽ തറച്ച് അകത്തെ ചുവന്ന ബ്ലാഡർ തുളഞ്ഞ് കാറ്റു പോയത് എത്ര കഠിന നിരാശയാണ് അന്ന് പകർന്നത്.
കെട്ടുപന്ത് കോർത്തു കെട്ടി ഉണ്ടാക്കുന്ന വിദഗ്ധരുണ്ടായിരുന്നു അന്ന്. എവിടെ ചാക്കു ചരട് കണ്ടാലും പന്തു നെയ്തിരുന്ന ബാല്യം. ( ആൺപിള്ളേർ തന്നെ )
ചിലപ്പോൾ ഉള്ളിൽ നിറക്കുന്ന തുണിക്കെട്ടിന്റെ ഭാരം കൊണ്ട് നീട്ടിയടിച്ചാലും കോരിയടിച്ചാലും കുറുക്കിയടിച്ചാലും അനങ്ങാപ്പാറ പോലെ കിടക്കും കെട്ടുപന്ത്.
മൃദുവായ തുണിക്കഷ്ണങ്ങളും പഞ്ഞിപോലും നിറച്ച് പന്തു കെട്ടുന്ന മിടുക്കരും ഒരുപാടുണ്ടായിരുന്നു.
എന്തായാലും കെട്ടു പന്തിനെ തട്ടിയും ചവിട്ടിക്കൂട്ടിയുമൊക്കെ കഞ്ഞിപ്പരുവമാകും വരെ പൊടിമണ്ണിലിട്ടുരുട്ടിയ കാലം.
പ്രദേശത്ത് ഓരോ സ്ഥലത്തുമുള്ളവർ ടീമുകളുണ്ടാക്കി സ്ക്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന മൽസരങ്ങളോർക്കുന്നു. ക്ലാസ്സ് കഴിഞ്ഞാൽ വീട്ടിൽ പോകാതെ കളി കാണാൻ നിൽക്കും മിക്കവരും..
അന്നുയർന്ന പൊടി പടലങ്ങളും ആർപ്പുവിളികളും കോർണർ കിക്കുകളും പെനൽറ്റിയുമൊക്കെ എങ്ങനെ മറക്കാൻ?
ഗ്രൗണ്ട് കുമ്മായമിട്ട് വരയ്ക്കുന്നതു മുതൽ നോക്കി നിൽക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. മൈതാനത്തിന്റെ ഏതെങ്കിലുമൊരരികിൽ സഹോദരനുണ്ടാകും എന്ന ബലമായിരുന്നു ആ നിൽപ്പിനൊക്കെ ധൈര്യം പകർന്നത്. വേറെ പെൺകുട്ടികൾ ഉണ്ടോ ഇല്ലയോ എന്നൊന്നും ചിന്തിച്ചിട്ടേയില്ല.
വീട്ടിലിരുന്ന് ഞങ്ങൾ വാതോരാതെ ഫുട്ബോൾ വർത്താനം പറഞ്ഞു. ഉറക്കത്തിനിടയിൽ സഹോദരൻ കമന്ററി പറയുക പതിവായിരുന്നു.
മണിയതാ പന്തും കൊണ്ട് പായുന്നു ... ഗോളിത്തങ്കരാജ് ചാടിപ്പിടിക്കുന്നു.
അങ്ങനങ്ങനെ ' ഗോൾ.. ' എന്ന് നീട്ടിപ്പറഞ്ഞ് അവസാനിപ്പിക്കുന്ന തൽസമയ സംപ്രേഷണം.
തിളക്കമുള്ള ക്രീം തുണിയിൽ അരികുകളിൽ ചുവന്ന വെൽവെറ്റ് കഷണം പിടിപ്പിച്ച ഫുട്ബോൾ നിക്കറിട്ടാണ് സഹോദരൻ മൽസരത്തിന് ഗോളി കളിക്കുന്നത്. അദ്ദേഹത്തിന്റെ ആക്ഷനുകൾ മറഡോണയ്ക്കു പോലും വശമില്ലാത്ത വിധം.
അതു കണ്ട് എതിർ ടീമുകാർ കളിയാക്കിയിരുന്നത് ഓർക്കുന്നു.
തോറ്റവൻ ജയിച്ചവന്റെ തോളിൽ കയ്യിട്ട് ചിരിക്കുന്നതും പരസ്പരം ഉടുപ്പുകൊണ്ട് വിയർപ്പു തൂക്കുന്നതും ആനന്ദങ്ങളോടെ ഗ്രൗണ്ട് വിട്ടു പോകുന്നവരോടൊപ്പം ചേർന്നു നടന്നതുമൊക്കെ തെളിഞ്ഞ ഓർമ്മ.
തീരെ ചെറുപ്രായത്തിലായിരുന്നു ഇതൊക്കെ . പിന്നീട് ഞാനായി എന്റെ പാടായി ഒതുങ്ങിനടന്നു.
എന്നാലും അപ്പനുമാങ്ങളയും തുറന്നു തന്ന സ്വതന്ത്ര ലോകത്തെ കളയാതെ ഉള്ളിലിറുക്കിപ്പിടിച്ചായിരുന്നു എന്റെ നടപ്പ്.
ലോകകപ്പ് തുടങ്ങിയാൽ പിന്നെ വീട്ടിൽ തങ്ങളുടെ സേവനം പ്രതീക്ഷിക്കണ്ട എന്ന മട്ടിൽ എതോ ഒരു സ്നേഹിത പറയുന്ന ഓഡിയോ മെസ്സേജും വാട്സ് ആപ്പിൽ കറങ്ങിക്കിട്ടി. പ്രാതലും ഉച്ചയൂണും അത്താഴവും പ്രതീക്ഷിക്കേണ്ടതില്ല വീട്ടുകാരനും മക്കളും, ഞങ്ങൾക്കും ലോക കപ്പ് കാണണം എന്നൊക്കെ പറഞ്ഞ് പണിമുടക്കിന്റെ നോട്ടീസ് വിതരണം പോലെ തോന്നി.
ഫുട്ബോൾ പ്രേമിയായ അവരുടെ ഉൽസാഹങ്ങളോട് കയ്യടിക്കുമ്പോഴും ഇത്രമാത്രം മുൻകൂർ ജാമ്യമെടുപ്പ് എന്തിനാണെന്ന് തോന്നിയത് എനിക്കു മാത്രമായിരിക്കുമോ?
ചെറിയ പെൺകുട്ടികൾക്ക് ഇങ്ങനെ ജാമ്യമെടുപ്പൊന്നും വേണ്ട. അവർക്കു വേണേൽ അവർ കാണും.
പിന്നെ കുഞ്ഞുപ് റുങ്ങിണി പിള്ളേരുള്ളവർക്ക് മുഴുവനും കാണാൻ ഒത്തെന്നു വരില്ല. മുതിർന്ന മക്കൾസൊന്നും മിക്ക വീടുകളിലും ഉണ്ടാവില്ലിപ്പോൾ. പിന്നെ പാവപ്പെട്ട ഗൃഹനാഥനോടു മാത്രമായി എന്തിനീ നിർദ്ദേശങ്ങൾ ?
നിങ്ങൾക്ക് ഇരുന്നങ്ങ് കണ്ടാൽ പോരേ..?
മറ്റ് കാര്യങ്ങളൊക്കെ മാറ്റിവച്ച് ലോകകപ്പ് കാണണം എന്ന് തീവ്രമായി അഭിലഷിച്ച് കാഴ്ച നടപ്പിൽ വരുത്തിയ സ്നേഹിതകൾക്ക് അഭിവാദ്യങ്ങൾ!
ശുഭസൂചകമാണ് അവരുടെ ഈ ഇഷ്ടം.
വാൽക്കഷണം : കോഴിക്കോട് കാപ്പാട് ബീച്ചിൽ കളിച്ചു കൊണ്ടിരുന്നവരുടെ പന്ത് അരികിലേക്ക് വന്നപ്പോൾ ഞാനും കൂടെയുള്ളവരും രണ്ട് മൂന്നു തട്ടുതട്ടി. കാൽപ്പാദം നേരേ നീട്ടി പന്തടിച്ച ഷീബ വിരലുളുക്കി വീട്ടിലിരുന്നപ്പം കാലിന്റെ ഉപ്പൂറ്റി ചരിച്ചു പിടിച്ച് ഒരടി അടിച്ച ഞാൻ ട്രിക്കിന്റെ ആശാട്ടിയായി.
ബാല്യം പകർന്ന ഫുട്ബോൾ കളിയറിവുകൾക്ക് നന്ദി.
ANCY SAJAN # FOOTBALL WORLD CUP