Image

ലോക കാല്‍പ്പന്തുകളിയുടെ വേദിയില്‍ നിന്നും ഇറാന്‍ ടീം മതതീവ്രവാദികള്‍ക്കു നല്‍കിയ സന്ദേശം. (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 26 November, 2022
ലോക കാല്‍പ്പന്തുകളിയുടെ വേദിയില്‍ നിന്നും ഇറാന്‍ ടീം മതതീവ്രവാദികള്‍ക്കു നല്‍കിയ സന്ദേശം. (ദല്‍ഹികത്ത് : പി.വി.തോമസ് )

ലോക കായിക മത്സരവേദികള്‍ പലപ്പോഴും പ്രതിഷേധത്തിന്റെ വേദികളും ആയിത്തീരാറുണ്ട്. ഒളിമ്പിക്‌സ് കാല്‍പ്പന്ത് ചാമ്പ്യന്‍ഷിപ്പ് വര്‍ഗ്ഗ-വര്‍ണ്ണ-ജാതി-മത വിദ്വേഷങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധത്തിന്റെ അരങ്ങുകള്‍ ആയിട്ടുണ്ട്. ഇപ്പോള്‍ ഖത്തറില്‍ നടക്കുന്ന ലോകകാല്‍പ്പന്തുകളിലും ഒട്ടും ഭിന്നമല്ല. ഇംഗ്ലണ്ടിനെതിരെയുള്ള ഗ്രൂപ്പ് 'ബി' യിലെ ആരംഭകളിയില്‍ ഇറാന്‍ ടീം ആ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിരുദ്ധ സമരത്തോടും അത് ക്രൂരമായി അടിച്ചമര്‍ത്തുന്ന ഭരണാധികാരികളോട് അവരുടെ ധാര്‍മ്മീക ഗുണ്ടകളോടും ഉള്ള പിന്തുണയും പ്രതിഷേധവും പ്രകടിപ്പിച്ചത് തങ്ങളുടെ ദേശീയ ഗാനം സ്റ്റേഡിയത്തില്‍ മുഴങ്ങി കേട്ടപ്പോള്‍ അത് ഏറ്റുപാടാതെ കനത്ത നിശബ്ദത പാലിച്ച് ചുണ്ടുകള്‍ അനക്കുവാന്‍ പോലും വിസമ്മതം പ്രകടിപ്പിച്ചത് കൊണ്ടാണ്. ശിരസ് ഉയര്‍ത്തിപ്പിടിച്ച് കണ്ണുകള്‍ ദൃഢനിശ്ചയത്തോടെ അന്തരീക്ഷത്തില്‍ തറപ്പിച്ചു ചുണ്ടുകള്‍ ചലപ്പിക്കാതെ നിശ്ചലമായി ശിലകളെപ്പോലെയാണ് ആ കായികതാരങ്ങള്‍ നിലകൊണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ഒരു കായിക വേദിയില്‍ അവര്‍ പ്രകടിപ്പിച്ചത് അസാധാരണമായ പ്രതിഷേധം ആണ്. ഇതിന് അപൂര്‍വ്വമായ ധൈര്യം വേണം. കാരണം ഇറാന്‍ ഭരിക്കുന്നത് ഇസ്ലാമിക് തീവ്രവാദികളാണ്. സല്‍മാന്‍ റഷ്ദിയെപ്പോലുള്ളവര്‍ക്ക് എതിരെ ഫട്ട് വ പുറപ്പെടുവിച്ച കര്‍ക്കശക്കാരായ മതഭരണാധികാരികള്‍ ആണ്.  തിരിച്ചെത്തുമ്പോള്‍ ഈ കാല്‍പ്പന്തുകളിക്കാരുടെ വിധി എന്തായിരിക്കുമെന്നറിയില്ലെങ്കിലും അവര്‍ ഖത്തറിലെയുള്ള വേദിയാക്കി മാറ്റി. ഇന്‍ഡ്യയിലും ഇറാനിലും ഹിജാബ് ഒരു തര്‍ക്ക വിഷയം ആണ്. ഇന്‍ഡ്യയില്‍ മതതീവ്രവാദികള്‍ നിര്‍ബന്ധമായി ഇത് നീക്കം ചെയ്യുവാന്‍ ശ്രമിക്കുന്നു. ഇറാനില്‍ മതതീവ്രവാദികള്‍ ഇത് നിര്‍ബ്ബന്ധമായി അടിച്ചേല്‍പിക്കുവാന്‍ മുന്നോട്ടു വരുന്നു.

ഇറാനില്‍ ഹിജാബ് വിരുദ്ധ സമരം ആരംഭിച്ചിട്ട് ഏതാനും മാസങ്ങള്‍ ആയി. ഇതിന്റെ തുടക്കം മഹസ അമിനി എന്ന 22 വയസുകാരിയുടെ മരണം ആണ്. ഈ യുവതിയുടെ തെറ്റ് അവര്‍ ഹിജാബ് നിയമം തെറ്റിച്ചു എന്നത്് ആണ്. ഇറാനില്‍ ഹിജാബ് നിയമം വളരെ കര്‍ശനം ആണ്. ഇറാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവശ്യയായ സാക്കെസ് നഗരത്തില്‍ അമിനി മരിച്ചത് മൂന്നു ദിവസം ഒരു തടങ്കല്‍ കേന്ദ്രത്തില്‍ കിടന്നതിന് ശേഷം ആണ്. അവര്‍ ധാര്‍മ്മീക ഗുണ്ടകളുടെ പിടിയില്‍ ആയിരുന്നു. അവര്‍ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന് അമീനിയെ പിടിച്ച് പീഢിപ്പിക്കുകയായിരുന്നു. ഇതിനെതിരെ സ്ത്രീകളും കുട്ടികളും ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തി. അവര്‍ ഹിജാബുകള്‍ കത്തിച്ചു പരസ്യമായി. നാനൂറിലേറെ പ്രതിഷേധക്കാരെ പോലീസും ധാര്‍മ്മിക ഗുണ്ടകളും കൊന്നു തള്ളി. ഇവരില്‍ 58 പ്രതിഷേധക്കാര്‍ കുട്ടികള്‍ ആയിരുന്നു. വളരെപ്പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റു. 17, 251 പ്രതിഷേധക്കാരെയാണ് പോലീസും ധാര്‍മ്മീക ഗുണ്ടകളും അറസ്റ്റു ചെയ്തു തടവില്‍ ആക്കിയത് ഇതുവരെ.

ഖത്തര്‍ ലോകകപ്പിനായി ദോഹയിലേക്ക് സഞ്ചരിക്കുന്നതിനുമുമ്പ് ഇറാനിയന്‍ ടീം പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ പോയികണ്ട് താണുവണങ്ങി അനുഗ്രഹാശംസകള്‍ സ്വീകരിക്കുകയുണ്ടായി. അതിനുശേഷം ആണ് ഈ മലക്കം മറിച്ചില്‍ ആദ്യകളിയില്‍. അതിനുശേഷം വെയില്‍സുമായി രണ്ടാമത് നവംബര്‍ 25-ന് നടന്ന മത്സരത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഗുരുതര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദേശീയഗാനം ആലപിച്ച സമയത്ത് ചുണ്ട് അനക്കിയെങ്കിലും സന്ദേശം ആദ്യം തന്നെ ലോകം സ്വീകരിച്ചിരുന്നു. രാഷ്ട്രപതിയെ കണ്ട് താണുവണങ്ങുന്ന ചിത്രം വൈറല്‍ ആയപ്പോള്‍ കടുത്ത പ്രതിഷേധം ആണ് ഇറാനിയന്‍  ടീമിന് ലഭിച്ചത്. ഖത്തറിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ഇറാനിയന്‍ കാണികള്‍ ആണ് ആദ്യദിന പ്രതിഷേധത്തില്‍ ഇറാന്‍ ടീമുമായി സഹകരിച്ച് ഹര്‍ഷാരവം മുഴുക്കിയത്. അത്രക്ക് എതിര്‍പ്പ് ആണ് ഇറാന്‍ ജനതക്ക് പ്രതിലോമകാരികള്‍ ആയ ഇറാനിയന്‍ ഇസ്ലാമിക്ക് ഭരണാധികാരികളോടുള്ളത്. ഇറാന്‍ കാണികള്‍ പറഞ്ഞത് ഞങ്ങളുടെ ജനങ്ങളെ കൊല്ലുന്ന ഭരണകൂടത്തിന്റെ ദേശീയഗാനം ഞങ്ങളുടേതല്ല. 1979-ലെ ഇസ്ലാമിക്ക് റവല്യൂഷനുശേഷം  ഇപ്പോഴത്തെ ഹിജാബ് വിരുദ്ധ സമരം പോലെ തീവ്രമായതും നീണ്ടുനിന്നതുമായ ഒരു സമരം ഉണ്ടായിട്ടില്ല ഇറാനില്‍. ഇറാന്‍ ടീം ലോകകാല്‍പന്ത് കപ്പില്‍ കളിക്കരുതെന്നായിരുന്നു ഹിജാബ് വിരുദ്ധ ജനതയുടെ വികാരം. ഇത് ഇറാന്റെ ടീം ഇല്ലെന്നും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ടീം ആണെന്ന് അവര്‍ ആരോപിക്കുകയുണ്ടായി. ഇറാനില്‍ നടക്കുന്നത് ഹിജാബിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്നും സമരക്കാര്‍ ആരോപിച്ചു. ഇതാണ് ആദ്യദിവസം ഇറാന്‍ ടീം ഏറ്റെടുത്ത് പ്രതിഷേധിച്ചത്.

കായിക വിനോദം എല്ലാവരെയും ഒന്നിപ്പിക്കുവാനും ഒരുമിച്ചു കളിക്കുവാനും ഒരുമിച്ച് അനീതിക്കെതിരെ പ്രതിഷേധിക്കുവാനുള്ളതാണെന്നുള്ള സന്ദേശ ഇറാനിയന്‍ ടീം നല്‍കി. മതമൗലീകവാദികളായ ഭരണകൂടങ്ങള്‍ക്ക് ഇതുപോലുള്ള താക്കീതുകള്‍ ലോകകായികവേദിയില്‍ നിന്നും പോകുമ്പോള്‍ അത് ലോകമാകെ ശ്രദ്ധിക്കപ്പെടും. ഇന്‍ഡ്യയിലെ കായികതാരങ്ങള്‍, അല്ലെങ്കില്‍ ലോകകപ്പ് കാല്‍പന്തുകളിയില്‍ കളിക്കുന്ന ഒരു ടീം, 1984-ലെ സിക്കുവിരുദ്ധ കലാപത്തെയോ 2002-ലെ ഗുജറാത്ത് മുസ്ലീം വംശഹത്യയെയോ ഇതുപോലെ പ്രതിഷേധിക്കുമായിരുന്നോ? ലോക കാല്‍പ്പന്ത് കളിയില്‍ ഇന്‍ഡ്യ വരുന്നത് തല്‍ക്കാലം അസ്ഥാനത്ത് ആയതുപോലെ ഇതിനുള്ള ഉത്തരവും അസ്ഥാനത്തുതന്നെയാണ്. ഇത് ഒരു ഉദാര ജനാധിപത്യം ആണെങ്കിലും അങ്ങനെയുള്ള പ്രതിഷേധങ്ങള്‍ ഇവിടെ ദൈവദൂഷണം ആയി കണക്കാക്കപ്പെടും. ഒട്ടേറെ ലോകകാല്‍പ്പന്ത് കിരീടപോരാട്ടങ്ങള്‍ ഇതുപോലുള്ള രാഷ്ട്രീയമനുഷ്യാവകാശ പ്രതിഷേധങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. 1974, 1978, 2014, 2019 ലോകകപ്പ് മത്സരങ്ങള്‍ വിവിധ രാഷ്ട്രീയ വിഷയങ്ങളെ തുടര്‍ന്നു പ്രതിഷേധവേദി ആയിട്ടുണ്ട്. 

ഏതായാലും 2022-ലെ ലോകകാല്‍പ്പന്ത് കിരീടപ്പോരാട്ടം മതതീവ്രവാദികള്‍ക്ക് എതിരായ ഒരു താക്കീതായി മാറ്റി ഇറാന്‍ ടീം ആദ്യമത്സരത്തിലൂടെ. ഇത് ഇന്നത്തെ അന്താരാഷ്്ട്രീയ സാഹചര്യത്തില്‍ നല്ല ഒരു സന്ദേശവും ആണ്. ഭരണാധികാരികള്‍ ജനവികാരത്തെ ചവിട്ടിമെതിക്കരുത്.

The message of the Iranian team to religious extremists from the stage of the world football game.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക