തൃശൂര്‍: കേരള സാഹിത്യ അക്കാദമി വൈലോപ്പള്ളി ഹാളില്‍ വച്ചു നവംബര്‍ ആറിനു ചേര്‍ന്ന ചടങ്ങില്‍ സാംസി കൊടുമണ്ണിന്റെ മൂന്നു പുസ്തകങ്ങള്‍ പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റുമായ വൈശാഖന്‍ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തില്‍ എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഡോ. കെ.ആര്‍ ടോണി (മോശയുടെ വഴികള്‍), സുരേന്ദ്രന്‍ മങ്ങാട് (വെനീസിലെ പെണ്‍കുട്ടി), പി.എന്‍. സുനില്‍ (ഉഷ്ണക്കാറ്റ് വിതച്ചവര്‍) എന്നിവര്‍ പുസ്തകങ്ങള്‍ യഥാക്രമം ഏറ്റുവാങ്ങി. യോഗത്തെ സ്വാഗതം ചെയ്ത് സെബാസ്റ്റ്യന്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി.
ടി.ഡി രാമകൃഷ്ണന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സാംസി കൊടുമണ്‍ പ്രവാസജീവിതത്തെ തൊട്ടറിഞ്ഞ എഴുത്തുകാരനാണെന്നും മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പാകമായ ഭാഷാശൈലിയുടെ ഉടമയാണെന്നും പറഞ്ഞു. ഉഷ്ണക്കാറ്റ് വിതച്ചവര്‍ എന്ന ചെറുനോവലിന്റെ ഇതിവൃത്തം ചിരപരിചിതമാണെങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ അതില്‍ കണ്ടെത്താന്‍ കഴിയും. കൃതഹസ്തനായ, കൈയ്യടക്കംവന്ന ഒരെഴുത്തുകാരനെ നമുക്കിവിടെ കാണാം. അത്തരത്തിലുള്ള കൃതികള്‍ മലയാള സാഹിത്യത്തിന്, മലയാള ഭാഷയ്ക്ക് ഒരു ഭാഗ്യം ആണെന്നു കരുതാമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി എഴുത്തുകാര്‍ അവരുടെ മുന്നില്‍ വലിയ ഒരു ലോകത്തെയാണ് കാണുന്നത്. ലോകത്തിന്റെ തന്റെ ചെറു പതിപ്പുകളായി നിരന്തരം ഇടപഴകുന്നവരുടെ അനുഭവലോകവും വിശാലമാകുന്നു. അതൊരു പ്രവാസിക്കുമാത്രം കിട്ടുന്ന അനുഭവ പാഠങ്ങളാണ്. പണ്ട് ഇടശേരി പറഞ്ഞു: ഞാനെന്റെ മുരിഞ്ഞച്ചോട്ടിലിരുന്ന് ലോകത്തെ കാണുന്നു എന്ന്. പക്ഷെ ഇന്ന് കാലവും വീക്ഷണവും മാറി. ആന്‍ഡ്രപീഡ എന്ന നക്ഷത്രത്തില്‍ നിന്നും ഇരുപത്തഞ്ച് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറപ്പെട്ട ഒരു രശ്മിയാണ് ഇന്ന് നമ്മളില്‍ എത്തിച്ചേരുന്നത്. ആ പ്രകാശത്തിന്റെ സഞ്ചാരപഥത്തിലുള്ള എല്ലാ അനുഭവങ്ങളും നമ്മില്‍ എത്തിച്ചേരുകയാണ്. നമ്മുടെ ലോകവും അനുഭവങ്ങളും വലുതാകുകയാണ്. അതുപോലെ തന്നെയാണ് ഒരു അമേരിക്കന്‍ പ്രവാസിക്ക് തന്റെ അനുഭവ ലോകം വലുതാക്കാന്‍ സാധിക്കുന്നത്- സാഹിത്യകാരന്‍ വൈശാഖന്‍ പറഞ്ഞു.
വെനീസിലെ പെണ്‍കുട്ടി എന്ന ചെറുകഥാ സമാഹാരത്തെ പരിചയപ്പെടുത്തിയ സനോജ് രാഘവന്‍ സമാഹാരത്തിലെ ചില കഥകള്‍ പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.
മോശയുടെ വഴികള്‍ എന്ന പുസ്തകത്തെ പരിചയപ്പെടുത്തിയത് ഡോ.എം. കൃഷ്ണന്‍ നമ്പൂതിരിയാണ്. കേരളത്തിനു പുറത്ത്, ഇന്ത്യയ്ക്ക് പുറത്ത് ഏകദേശം നാല്‍പ്പത് വര്‍ഷക്കാലം ജീവിച്ചിട്ടും മലയാള സാഹിത്യത്തിനുവേണ്ടി സാംസി എഴുതുന്നു എന്നുള്ളത് ഒരു വലിയ കാര്യംതന്നെയാണെന്നു പറഞ്ഞു. ഒരു സാസ്‌കാരിക സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ സാംസി കൊടുണ്ണിനെപ്പോലെയുള്ളവരുടെ പ്രവര്‍ത്തനം മലയാള സാഹിത്യത്തിനു നല്‍കുന്ന സംഭാവന ഒരുപക്ഷെ സാഹിത്യ അക്കാദമി പോലുള്ള സംഘടനകള്‍ നല്‍കുന്നതിനൊപ്പം നില്ക്കും എന്നു പറയാന്‍ അവിടെയുള്ള ചില സംഘടനകളുടെ പരിപാടികളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞപ്പോള്‍ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉഷ്ണക്കാറ്റ് വിതച്ചവര്‍ എന്ന നോവല്‍ സദസിന് പരിചയപ്പെടുത്തിയത് ബൈജു വര്‍ഗീസാണ്. മലയാളത്തിലെ ഏറ്റവും ചെറിയ നോവലുകള്‍ എഴുതിയിട്ടുള്ള ആള്‍ വൈക്കം മുഹമ്മദ് ബഷീറാണ്. ഇപ്പോള്‍ സാംസി കൊടുമണ്ണും ആ പട്ടികയില്‍ ഇടംപിടിച്ചു എന്നു പറയുമ്പോള്‍ അതിശയോക്തിയായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്‍ മങ്ങാട് വെനീസിലെ പെണ്‍കുട്ടി എന്ന കഥാസമാഹാരത്തിലെ രണ്ടുമൂന്നു കഥകള്‍ പരാമര്‍ശിച്ചു. വാസുദേവ് പുളിക്കല്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രവാസി എഴുത്തുകാരെ മുഖ്യധാരയില്‍ അംഗീകരിക്കാന്‍ സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ ഇനിയും മടിച്ചുനില്‍ക്കരുതെന്ന് അബ്ദുള്‍ പുന്നയൂര്‍ക്കുളം ആവശ്യപ്പെട്ടു.
സാഹിത്യത്തില്‍ പ്രവാസി സാഹിത്യം എന്നൊരു സംവരണം വേണോ എന്ന സന്ദേഹം സാംസി കൊടുമണ്‍ തന്റെ മറുമൊഴിയില്‍ ചോദിച്ചു. ലോകത്തെവിടെയും സാഹിത്യം മനുഷ്യ സംബന്ധിയായിരിക്കെ, ആഫ്രിക്കയിലേയും അമേരിക്കയിലേയും യൂറോപ്പിലേയും ഇന്ത്യയിലേയും സാഹിത്യം പറയുന്ന മനുഷ്യ മനസിന്റെ ദുഖങ്ങളും വേദനകളും ഒന്നല്ലേ...സാഹചര്യങ്ങളും, ജീവിത പരിസരങ്ങളും വേറിട്ടുനില്‍ക്കുമ്പോഴും ഇരയുടേയും വേട്ടക്കാരന്റേയും മാനസീകാവസ്ഥ ഒന്നുതന്നെ ആയിരിക്കെ ഇത്തരം വേര്‍തിരിവുകളില്ലാതെ സാഹിത്യത്തെ ഒന്നായി കാണുമ്പോള്‍ മാത്രമേ പ്രവാസി എഴുത്തുകാരനും മുഖ്യധാരയിലേക്ക് എത്തുകയുള്ളുവെന്ന് സാംസി കൊടുമണ്‍ എടുത്തു പറഞ്ഞു. അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ചടങ്ങ് ഭംഗിയാക്കാന്‍ അദ്ധ്വാനിച്ച, പുസ്തകങ്ങളുടെ പ്രസാധകന്‍കൂടിയായ പുലിസ്റ്റര്‍ ബുക്കിന്റെ ഉടമ സെബാസ്റ്റ്യനോടുള്ള നന്ദിയും അറിയിച്ചു.
#samcy kodumon book release news