Image

ഇവരാണ് യഥാർഥ കമ്മ്യൂണിസ്റ്റുകാർ! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 59)

Published on 29 November, 2022
ഇവരാണ് യഥാർഥ കമ്മ്യൂണിസ്റ്റുകാർ! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 59)

"എന്താ പിള്ളേച്ചാ ഈ പത്രമൊക്കെ കയ്യിൽ പിടിച്ചുകൊണ്ടു നടക്കുന്നത്?"
"എടോ, ഇത് തന്നെ ഒന്ന് കാണിക്കാൻ കൊടുവന്നതാ."
"അതിലെന്താ പിള്ളേച്ചാ പ്രത്യേകിച്ചുള്ളത്? വേൾഡ് കപ്പിന്റെ വിവരണമാണോ?"
"അതു ടീവിയിൽ കാണുന്നതല്ലേ, പിന്നെ എന്തു വിവരണം വായിക്കാൻ?"
"ഈ പ്രാവശ്യം ഇന്ത്യ കപ്പു നേടുമോ പിള്ളേച്ചാ?"
"കളിച്ചു ജയിക്കുന്നവർക്കു മാത്രമല്ലേ കപ്പ് കിട്ടുകയുള്ളൂ."
"130 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് 11 പേരുടെ ഒരു നല്ല ടീം ഉണ്ടാക്കാനെന്താ കഴിയാത്തത്?"
"എടോ, മറ്റുള്ള രാജ്യങ്ങളെപ്പോലെയല്ലല്ലോ ഇന്ത്യ. ഇവിടെ 11 പേരുടെ മാത്രം ഒരു ടീം ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. കാരണം അങ്ങനെ ഒരു ടീം ഉണ്ടാക്കിയാൽ അതിൽ എത്ര ഹിന്ദു, എത്ര മുസ്ലിം, എത്ര ക്രിസ്ത്യൻ, എത്ര ദളിത്, എത്ര ഗോത്ര വർഗം, എത്ര ഹിന്ദിക്കാരൻ, എത്ര മലയാളി, എത്ര തമിഴൻ എന്നൊക്കെയല്ലേ ആദ്യം ജനങ്ങൾ നോക്കുന്നത്. അതിനു പുറമേ, എത്ര ബിജെപി ക്കാരൻ, എത്ര കോൺഗ്രെസ്സ്കാരൻ, എത്ര സിപിഎം, എത്ര ലീഗുകാരൻ ഇതൊക്കെ നോക്കണ്ടേ?"
"അങ്ങനെ നോക്കിയാൽ കുറഞ്ഞത് നൂറു പേരെങ്കിലും ഒരു ടീമിൽ ഉണ്ടെങ്കിലേ ഇന്ത്യയ്ക്കു പങ്കെടുക്കാനാവൂ. അതു പോട്ടെ. പത്രത്തിൽ എന്തുണ്ടെന്നാ പിള്ളേച്ചൻ പറഞ്ഞത്?"
"അത് കാണിക്കാനല്ലേ കൊണ്ടുവന്നത്. ഇതൊരു ചെറിയ വാർത്തയായി പ്രാദേശിക പേജിൽ പത്രങ്ങൾ പ്രസിദ്ധീകരിച്ചു. പക്ഷേ നിർഭാഗ്യവശാൽ മാധ്യമങ്ങളൊന്നും അതേറ്റെടുത്തില്ല. ഏഷ്യാനെറ്റിൽ മാത്രം ന്യൂസ് അവറിൽ അവതാരകൻ അതിനെപ്പറ്റി ഒരു മിനിറ്റു സന്ദർഭവശാൽ പ്രതികരിച്ചു. അത്രതന്നെ!"
"എന്ത് വാർത്തയാ പിള്ളേച്ചാ? കാണട്ടെ."
"ഇതു നോക്കെടോ.”
"’ട്രാക്കിലെ ചൂടിൽ ഷൂസില്ലാതെ ഓടി, കാൽ പൊള്ളിയിളകി.’ ഇതെന്താ പിള്ളേച്ചാ സംഭവം?"
"എടോ, പത്തനംതിട്ടയിലെ കൊടുമൺ എന്ന സ്ഥലത്തു സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല കായിക മത്സരത്തിൽ ട്രാക്കിൽ ഓടിയ ഒരു പെൺകുട്ടിക്ക് ഷൂസ് വാങ്ങാൻ നിവൃത്തിയില്ലാഞ്ഞിട്ടു നഗ്നപാദയായി ഓടിയതാണ്. സിന്തറ്റിക് ട്രാക്കിൽ അത്രയും സ്പീഡിൽ ഓടിയപ്പോൾ നേരിട്ട ചൂടുകൊണ്ട് കാലിനടിയിലെ തൊലി പൊള്ളിയിളകിയതിന്റെ ഫോട്ടോയാണ്. മല്ലപ്പള്ളി സി എം എസ് ഹൈസ്ക്കൂളിലെ കുട്ടിയാണ്."
"നമ്മുടെ നാടിന്റെ ഒരു ഗതികേടേ! സർക്കാരിൽ സ്പോർട്സ് വകുപ്പിനൊരു മന്ത്രിയുണ്ട്. അദ്ദേഹം നടക്കുന്നത് 32 ലക്ഷം രൂപ വിലയുള്ള കാറിലാണ്. നാടിൻറെ അഭിമാനമായി വളർന്നു വരുന്ന ഒരു കലാകാരിക്ക് 800 രൂപ വിലയുള്ള ഒരു സ്പൈക്ക് ഷൂ വാങ്ങിക്കൊടുക്കാൻ പക്ഷേ സർക്കാരിനു പണമില്ല!"
"പാവപ്പെട്ട കുട്ടികൾ അവർ എത്ര നല്ല കലാ പ്രതിഭകളായാലും യാതൊരു സഹായവും സർക്കാർ നൽകുന്നില്ല. പിന്നെ എങ്ങനെ ഇന്ത്യ വേൾഡ് കപ്പിൽ കളിക്കുമെന്നാ പറയുന്നത്? സ്‌കൂളിലേക്ക് രണ്ടും മൂന്നും മൈൽ നടക്കുന്ന കുട്ടികൾക്ക് നൂറു രൂപ വിലയുള്ള ഒരു വള്ളിച്ചെരുപ്പു വാങ്ങാൻ നിവൃത്തിയില്ലാത്തപ്പോഴാണ് സ്പൈക്ക് ഷൂസ് വാങ്ങാൻ പറയുന്നത്!"
"സ്‌കൂൾ അധികൃതർ എന്താ പിള്ളേച്ചാ ഇതിൽ താത്പര്യമെടുത്തു കുട്ടികൾക്കു വേണ്ട ഉപകരണങ്ങൾ വാങ്ങി കൊടുക്കാത്തത്?"
"എടോ, കഷ്ടിച്ചു നടത്തിക്കൊണ്ടു പോകുന്ന സ്‌കൂളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം വേണ്ട ഉപകരണങ്ങൾ മുഴുവൻ വാങ്ങിക്കൊടുക്കാൻ പറ്റുമോ? അതു സർക്കാരാണ് ചെയ്യേണ്ടത്.”
“നാളെ ഈ കുട്ടി ഒരു പക്ഷേ ഒളിംപിക്‌സിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണ്ണം കൊയ്യില്ലെന്നാരു കണ്ടു!"
"അങ്ങനെ ദീർഘ വീക്ഷണമുള്ള സർക്കാരായിരുന്നെങ്കിൽ എപ്പോഴേ സ്വർണ്ണം ഇന്ത്യയിൽ എത്തിക്കഴിഞ്ഞേനെ!"
"എന്നാലും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായിട്ട് എന്താ പിള്ളേച്ചാ മാധ്യമങ്ങൾ എല്ലാം മിണ്ടാതിരുന്നത്?"
"എടോ, മാധ്യമങ്ങൾക്കു കമ്പോളവിലയുള്ള വാർത്തകളാണ് വേണ്ടത്. ഇതിനെന്തു കമ്പോള വില?"
"ഓടിയത് പിണറായിയുടെ മകളായിരുന്നെങ്കിൽ എല്ലാ മാധ്യമങ്ങളും ഫ്രണ്ട് പേജിൽ തന്നെ വാർത്ത കൊടുക്കുമായിരുന്നു."
"ഏതായാലും ആ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാനുള്ള സന്മനസ്സ് മേളയുടെ സംഘാടകർ കാണിച്ചു. അത് തന്നെ വലിയ കാര്യം."
"ആരോഗ്യപരമായ ഒരു തലമുറയെ വാർത്തെടുക്കാൻ സ്പോർട്സ് ആവശ്യമാണ്. അത് സർക്കാരിന് മാത്രം മനസ്സിലാകുന്നില്ലല്ലോ."
"മനസ്സിലാകണമെങ്കിൽ അതിനു വിവരമുള്ളവരായിരിക്കണം വകുപ്പു മന്ത്രിയായി വരുന്നവർ. അങ്ങനെയൊരു മാനദണ്ഡം ഉണ്ടാകാത്തിടത്തോളം ഇതൊക്കെ സംഭവിക്കും."
"മുഖ്യമന്ത്രി നടത്തിയെന്നു പറയപ്പെടുന്ന അഴിമതിക്കേസിന്റെയും ഗവർണറുമായുള്ള കൊഴിപ്പോരിന്റെയുമൊക്കെ നിയമസാധുത ആരായാൻ സുപ്രീംകോടതിയിലെ വക്കീലിന് ഓരോ സിറ്റിങ്ങിനും 15 ലക്ഷമാണ് സർക്കാർ നൽകിയത്. പാവപ്പെട്ട ഒരു കുട്ടിക്ക് നാടിന്റെ വാഗ്‌ദാനമായി വളരാൻ ട്രാക്കിൽ ഓടുന്നതിന് ഒരു ജോഡി ഷൂസ് വാങ്ങാൻ 800 രൂപ കൊടുക്കാൻ സർക്കാരിനു പണമില്ല."
"ഇവരാണ് യഥാർഥ കമ്മ്യൂണിസ്റ്റുകാർ!"
"പിന്നെ കാണാം പിള്ളേച്ചാ."
"അങ്ങനെയാകട്ടെടോ."
___________

 

Join WhatsApp News
Sudhir Panikkaveetil 2022-11-30 00:31:04
നാട്ടിലെ പാവപ്പെട്ട മനുഷ്യർക്ക് സഹായം ചെയ്യുന്ന അമേരിക്കൻ മലയാളികളുടെയും സംഘടനകളുടെയും നേതാക്കളുടെ പടങ്ങളും വാർത്തകളും പതിവായി പത്രങ്ങളിൽ കാണുന്നുണ്ടല്ലോ? അവരും അറിഞ്ഞില്ലേ? ഒരു പക്ഷെ അവർ ചെയ്യുന്ന സഹായങ്ങൾ ആവശ്യക്കാരിൽ എത്തുന്നുണ്ടായിരിക്കയില്ല. ശ്രീ പാറക്കൽ എഴുതിയ വലിയൊരു സത്യമാണ് ഇന്ത്യക്ക് പതിനൊന്നു സമർത്ഥരെ തിരഞ്ഞെടുക്കാൻ ജാതിമത- രാഷ്ട്രീയ സങ്കുചിത ചിന്തകളാൽ സാധ്യമല്ലെന്നു.മിടുക്കന്മാരും മിടുക്കികളും അന്യരാജ്യത്തേക്ക് കുടിയേറ്റം നടത്തുകയാണ്. ശ്രീ പാറക്കലും പിള്ളേച്ചനുമായുള്ള സല്ലാപം തുടരട്ടെ. (ഈ പിള്ളേച്ചനിലും ഒരു ജാതി ഒളിഞ്ഞിരിപ്പുണ്ടെന്നുള്ളതു ഇന്ത്യ ഉണ്ടാക്കിവച്ചിരിക്കുന്ന ഓരോരോ തമാശകളിൽ പെടുമെന്നത് രസകരമാണ്.ഹ.ഹാ. )
Just Curious ? 2022-11-30 15:14:10
Is the American team a white supremacist team ? How many Blacks, Hispanics ? How many gays ? How many Transgender ?
സി.ജി. ബാബു 2022-12-01 09:44:53
മുകളിൽ കൊടുത്ത ന്യൂസീന് ഒരു തിരുത്തുണ്ട് സഖാവേ, ആ കുട്ടി ഷൂവാങ്ങാൻ കഴിവില്ലാത്ത കുട്ടി അല്ലായിരുന്നു. അതിന് ഷൂസും ഉണ്ടായിരുന്നു. പക്ഷേ പച്ച മണ്ണിൽ ഷൂ ഇടാതെ പരിശീലിച്ച കുട്ടി സിന്തറ്റിക് ട്രാക്കിൽ ഷൂ ഇടാതെ ഓടി. കാരണം ആദ്യമായി ഷൂ ഉപയോഗിച്ചാൽ ശരിയായി ഓടാൻ പറ്റില്ലെന്ന് കുട്ടിക്ക് തോന്നി. ഇതു രണ്ടു ദിവസം കഴിഞ്ഞ് കുട്ടി തന്നെ പറഞ്ഞതാ. ആ പത്രം പിളേള ച്ചന് കിട്ടിയില്ലേ ?
Babu Parackel 2022-12-01 17:26:56
തെറ്റു പറ്റിയതിൽ ഖേദിക്കുന്നു. നവംബർ 21 തിങ്കളാഴ്ചയിലെ Asianet ന്യൂസ് അവറിൽ അവതാരകനായ വിനു വി. ജോൺ പറഞ്ഞതനുസരിച്ചു ചർച്ചയിൽ പങ്കെടുത്തവരും ഇക്കാര്യം ചർച്ച ചെയ്തു. ഷൂസ് വാങ്ങാൻ പണമില്ലായിരുന്നു എന്നാണ് പറഞ്ഞത്. എന്നാൽ ഒരു വായനക്കാരൻ എന്നെ തിരുത്തിയതനുസരിച്ചു ഞാൻ നാട്ടിൽ തിരക്കിയപ്പോൾ സ്‌കൂൾ അധികൃതരുടെ സമ്മർദത്തിനു വഴങ്ങിയാകാം കുട്ടി മാറ്റി പറഞ്ഞത് എന്നറിയിച്ചതു കൊണ്ടാണ് ലേഖനം പിൻവലിക്കാതിരുന്നത്. കാര്യം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ തിരുത്തിയതായും കണ്ടില്ല. കുട്ടി എന്തുകൊണ്ടായാലും ഷൂസ് ധരിക്കാതെ സിന്തറ്റിക് ട്രാക്കിൽ ഓടാൻ അനുവദിച്ച സംഘടകർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തതായി അറിയുന്നു. തിരുത്തിയതിനു വീണ്ടും നന്ദി അറിയിക്കുന്നു. ‘പിള്ളേച്ചൻ’ നാട്ടിൻപുറത്തിന്റെ നേർക്കാഴ്ചയായ ഒരു കഥാപാത്രമാണ്. സുധീർ സാർ പറഞ്ഞതുപോലെ അതിൽ വർഗീയത ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. പേരു കൊണ്ട് ജാതി തിരിച്ചിരിക്കുന്ന വ്യവസ്ഥിതിയുടെ ഭാഗമായിപ്പോയെന്നു മാത്രം!
Sudhir Panikkaveetil 2022-12-01 23:26:10
ഞാനും വർഗീയത ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധിക്കുക "ഇന്ത്യ ഉണ്ടാക്കിവച്ചിരിക്കുന്ന ഓരോ തമാശകളിൽ പെടും." ഇതാണ് ഞാൻ എഴുതിയത്. താങ്കളും അത് തന്നെ പറഞ്ഞല്ലോ പേര് കൊണ്ട് ജാതി തിരിച്ചിരിക്കുന്നു വ്യവസ്ഥിതി. അതിനു ഉത്തരവാദി ഞാനല്ലല്ലോ. പിന്നെന്തിനു സുധീർ പറഞ്ഞുവെന്നു ആരോപണം. നിലവിലിരിക്കുന്ന ഒരു സത്യം പറഞ്ഞതാണ്.
Babu Parackel 2022-12-02 01:16:47
സുധീർ സാറേ തെറ്റിദ്ധരിക്കരുതേ. ആരോപണമല്ല സത്യമാണ് സുധീർ സാർ പറഞ്ഞത്. ഇന്ത്യയുടെ വ്യവസ്ഥിതി അതാണെന്നാണ് ഞാനും പറഞ്ഞത്. പക്ഷെ ഞാൻ അങ്ങനെയൊരു കാര്യം ഒളിഞ്ഞിരിക്കുന്നതിനെപ്പറ്റി ശ്രദ്ധിച്ചിട്ടില്ലെന്നു മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക