"മെയ് മുതൽ നവംബർ 18 വരെ ഒഴിഞ്ഞുകിടക്കുകയായിരുന്ന തസ്തികയിൽ ഇപ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നിയമനം നടത്തണമെന്ന് എന്തുകൊണ്ടാണ് സർക്കാർ തിടുക്കംകൂട്ടുന്നത്? എടുപിടിയെന്നാണ് കാര്യങ്ങൾ നീങ്ങിയത്. നടത്തണമെന്ന് തീരുമാനിച്ചാൽ, ഏത് കാര്യത്തിനും വഴിയൊരുങ്ങും എന്ന് നമുക്കറിയാം. എങ്കിലും വിജ്ഞാപനം വന്ന അതേ ദിവസം തന്നെ അപേക്ഷ സമർപ്പിക്കുകയും അത് സ്വീകരിക്കപ്പെടുകയും, അന്നേ ദിവസം തന്നെ നിയമനം നടക്കുകയും ചെയ്തതു വച്ചുനോക്കുമ്പോൾ ആ ഫയലിന്റെ നീക്കത്തിന് 24 മണിക്കൂർ പോലും വേണ്ടിവന്നില്ലെന്നുവേണം മനസ്സിലാക്കാൻ! ഇത്തരം കാര്യങ്ങൾ മിന്നൽ വേഗതയിൽ വിലയിരുത്താനാകുമോ ?..."
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ 'നിഷ്പക്ഷവും സ്വതന്ത്രവുമായ സംവിധാനം' വേണമെന്നും രാഷ്ട്രീയ സ്വാധീനത്തിനു വശപ്പെടരുതെന്നും ചൂണ്ടിക്കാട്ടി അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് അജയ് രസ്തോഗിയുടെ നിരീക്ഷണമാണ് മുകളിൽ കുറിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയയെ ചോദ്യം ചെയ്തും നടപടിക്രമങ്ങൾ സുതാര്യമോ പക്ഷപാതപരമോ അല്ലെന്ന് വാദിച്ചും നിരവധി പൊതുതാൽപ്പര്യ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 324 (2) പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. എന്നാൽ, രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഉപദേശത്തിന് വിധേയനാണെന്നും, അധികാരത്തിലുള്ള പാർട്ടി അവർക്ക് വിശ്വസ്തനായ ഒരാളെ തിരഞ്ഞെടുക്കുമെന്നുമാണ് ഹർജിക്കാരുടെ വാദം. ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ, കൃത്രിമവും പക്ഷപാതപരവുമായിരിക്കുമെന്നും ഹർജിയിൽ പറയുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യത്തിന് അടിസ്ഥാനമാണ്.
ഈ ഫലം പ്രധാനമായും സൂചിപ്പിക്കുന്നത് ജനാധിപത്യ പ്രക്രിയയിലുള്ള പൗരത്വ പങ്കാളിത്തമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ട് രേഖപ്പെടുത്തുക എന്നുള്ളത് ഓരോ പൗരന്റെയും അവകാശവും കടമയുമാണ്. ആ പങ്കാളിത്തത്തിലൂടെ, പൊതുജനങ്ങളെ ഫലപ്രദമായി സേവിക്കാൻ കഴിയുന്ന മെച്ചപ്പെട്ട ജനാധിപത്യ സംവിധാനം കെട്ടിപ്പടുക്കാനാണ് തിരഞ്ഞെടുക്കപ്പെട്ടവർ സഹായിക്കേണ്ടത്. എന്നാൽ, തിരഞ്ഞെടുപ്പ് സമയത്തോ അതിനുമുമ്പോ പൗരന്മാരെ ഭീഷണിപ്പെടുത്തുന്നതും അഴിമതി നടത്തുന്നതും ജനാധിപത്യത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്. വോട്ടർ പട്ടികയിലോ വോട്ടിംഗ് സംവിധാനങ്ങളിലോ കൃത്രിമം കാണിക്കുന്നതും നിയമവിരുദ്ധമാണ്. പൊതുജനങ്ങളോട് അധികാരികൾ സുതാര്യത പുലർത്തണം. ഓരോ തീരുമാനങ്ങളും എന്തിന് ആർക്കുവേണ്ടി എടുത്തു എന്ന് വോട്ടർമാർ വിലയിരുത്തുകയും വേണം.
ജവഹർലാൽ നെഹ്‌റുവിന്റെയും ബി.ആർ.അംബേദ്കറിന്റെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ഏവർക്കും അവകാശപ്പെട്ട സ്വാതന്ത്ര്യവും ജനാധിപത്യവും പരിരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലേക്ക് നമ്മൾ തിരിഞ്ഞു നോക്കുകയാണെങ്കിൽ, ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും അവരുടെ പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി കാണാം. ഇന്ത്യ വിജയിക്കുകയും മറ്റു രാജ്യങ്ങൾ പരാജയപ്പെടുകയും ചെയ്തത്, കാലാതീതമായി നിലകൊള്ളുന്ന നമ്മുടെ ഭരണഘടനാ സംവിധാനംകൊണ്ട് മാത്രമാണ്.
എല്ലാ തവണയും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുകയും ജനവിധി മാനിച്ച് വിജയിക്ക് സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പുനൽകുകയും ചെയ്യുന്നതും തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് നിസ്സംശയം പറയാം.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സ്ഥാപിക്കുകയും; ആർട്ടിക്കിൾ 327 തെരഞ്ഞെടുപ്പിന്റെ എല്ലാ വശങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ പാർലമെന്റിനെ അധികാരപ്പെടുത്തുകയും, ആർട്ടിക്കിൾ 329 ഒരു സ്വതന്ത്ര ജുഡീഷ്യറിയുടെ അവലോകനത്തിലൂടെ തിരഞ്ഞെടുപ്പ് തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനം നൽകുകയും ചെയ്യുന്നു. എക്‌സിക്യൂട്ടീവിന്റെ ഇടപെടലിൽ നിന്ന് അതിനെ സംരക്ഷിച്ചുകൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണവും സ്വാതന്ത്ര്യവും ഉറപ്പാക്കാനുള്ള ഭരണഘടനാ നിർമ്മാണസഭയുടെ വ്യക്തമായ മുൻഗണന ഈ ആർട്ടിക്കിളുകളിൽ പ്രതിഫലിപ്പിക്കുന്നു (ദേവി ആൻഡ് മെൻഡിറാട്ട, 2000). ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം 17 ദേശീയ തിരഞ്ഞെടുപ്പുകളും 370 സംസ്ഥാന തിരഞ്ഞെടുപ്പുകളും സമഗ്രത ഉറപ്പാക്കിക്കൊണ്ട് നടത്തിയതുകൊണ്ടുതന്നെ, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പൊതു സ്ഥാപനങ്ങളിലൊന്നായി ഇസിഐ ഇപ്പോഴും കണക്കാക്കപ്പെടുന്നു.
കോൺഗ്രസ് ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ, ദേശീയ-സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വിജയം നേടുന്നതിന് പാർട്ടിയെ ഭാഗ്യം തുണച്ച സമയത്തൊന്നും ഇസിഐയ്ക്കുമേൽ ഭരണപക്ഷത്തുനിന്നുള്ള കടന്നുകയറ്റം ചെറിയതോതിൽ പോലും ഉണ്ടായിരുന്നില്ല. അധികാര ദുർവിനിയോഗമോ പ്രതിപക്ഷ പാർട്ടികളുടെ മേൽ സമ്മർദ്ദമോ ചെലുത്തിയിരുന്നുമില്ല. എങ്കിൽപ്പോലും, പാർട്ടിയുടെ ആധിപത്യം നഷ്ടപ്പെടുകയും നിരവധി പ്രാദേശിക പാർട്ടികൾ വെല്ലുവിളി ഉയർത്തുകയും ചെയ്തതോടെ, ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ ഇസിഐ യുടെ നിയമപരമായ നിലയെ ചോദ്യം ചെയ്തേക്കാവുന്ന ഇടപെടലുകളുടെ കഥകൾ കേട്ടുതുടങ്ങി. ഇസിഐ യ്ക്ക് ചില ഔപചാരിക സ്വയംഭരണാധികാരം ഉണ്ടായിരുന്നെങ്കിലും, എക്സിക്യൂട്ടീവാണ് ഇ.സി.യുടെ സാമ്പത്തികവും വ്യക്തിപരമായ നിയമനങ്ങളും നിയന്ത്രിച്ചിരുന്നത്. ദേശീയ അടിയന്തരാവസ്ഥയുടെ അവസാനത്തിൽ 1977-ലെ തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്തതോടെയാണ്, പൊതുജനങ്ങൾക്കിടയിൽ അതിന്റെ പ്രശസ്തി വർദ്ധിച്ചത്.
ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. അദ്ദേഹമാണ് സിഇസിയുടെ പദവി ഒരു ഹൈക്കോടതി ജഡ്ജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജിക്ക് തത്തുല്യമായി ഉയർത്തിയത്. സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഏർപ്പെടുത്തിയതും വോട്ടർ ഐ.ഡി. കാർഡുകൾ അവതരിപ്പിച്ചതും ശേഷൻ സിഇസി ആയിരുന്ന കാലയളവിലാണ്. എക്സിക്യൂട്ടീവ് നിർദ്ദേശങ്ങൾ സ്വീകരിക്കാനും അദ്ദേഹം വിസമ്മതിച്ചു. അധികം അറിയപ്പെടാതിരുന്ന ഒന്നിൽനിന്ന് നാമെല്ലാവരും ശ്രദ്ധിക്കുന്ന തലത്തിലേക്ക് ഇസിഐയെ മാറ്റിയതിന്, ടി.എൻ.ശേഷനോട് നാം എന്നും കടപ്പെട്ടിരിക്കുന്നു.
2014 മുതൽ ലോക്‌സഭയിൽ ഒറ്റകക്ഷി ഭൂരിപക്ഷം നേടിയതോടെയാണ് ബിജെപി കൂടുതൽ ഉറപ്പോടെ അധികാരം വർദ്ധിപ്പിക്കുകയും വോട്ട് വിഹിതം 38 ശതമാനമായി ഉയർത്തുകയും ചെയ്തത്. അതുകൊണ്ടുതന്നെ, തങ്ങളുടെ ചൊല്പടിക്കുനിൽക്കുന്ന കമ്മീഷണർമാരെ നിയമിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളിൽ അതിശയിക്കാനൊന്നുമില്ല.
ശ്രദ്ധേയമായ ചില വസ്തുതകൾ :
2017 ലെ ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഇസിഐ മാറ്റിവച്ചു.
ഇസിഐ യുടെ നടപടികളാണ് മാതൃകാപരമായ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് വൈകിപ്പിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിനെ പുതിയ കർമ്മപരിപാടികൾ പ്രഖ്യാപിക്കാൻ അനുവദിക്കുകയും ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിക്കുകയും ചെയ്തത്.
ഡൽഹി അസംബ്ലിയിൽ നിന്നുള്ള ബിജെപി എതിരാളിയായ എഎപിയുടെ ഇരുപത് നിയമസഭാംഗങ്ങളെ സിഇസി അയോഗ്യരാക്കി.
2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയുടെ ആവർത്തിച്ചുള്ള പെരുമാറ്റ ചട്ടലംഘനത്തോടുള്ള മൃദുവായ പ്രതികരണത്തിന്റെ പേരിലും ഇസിഐ വിമർശിക്കപ്പെട്ടു. അതേസമയം, പ്രതിപക്ഷ പാർട്ടികളിൽപ്പെട്ടവർ സമാനമായ ലംഘനങ്ങൾ നടത്തുമ്പോൾ പ്രതികരണം വളരെ വേഗത്തിലായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരം ദുർബലപ്പെടുത്തുന്നതിനെക്കുറിച്ചും തിരഞ്ഞെടുപ്പ് സമഗ്രതയുടെ കാവൽക്കാരൻ എന്ന നിലയിലുള്ള ഈ നിർണായക സ്ഥാപനത്തിന്റെ സഹിഷ്ണുതയെക്കുറിച്ചും ഈയിടെയായി ആശങ്കകൾ വർദ്ധിച്ചുവരികയാണ്. ബിജെപിയുടെ വർദ്ധിച്ചുവരുന്ന കരുത്ത്, ഇസിഐയുടെ ഭാവി സ്വാതന്ത്ര്യത്തിൽ കരിനിഴൽ വീഴ്ത്തുന്നതായി വേണം കരുതാൻ.
നിലവിലെ സുപ്രീം കോടതി വ്യവഹാരം, അതിനുള്ള തെളിവാണ്.
ഈ ആദരണീയമായ സ്ഥാപനം എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന്റെയോ മറ്റ് അധികാര ദല്ലാളന്മാരുടെയോ കൈകളിൽ പെടാതെ നിലനിർത്തുക എന്നതാണ് ഇന്ന് സുപ്രീം കോടതിയുടെ മുന്നിലുള്ള വെല്ലുവിളി.
(ഐക്യരാഷ്ട്രസഭയുടെ മുൻ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(യുഎസ്എ) വൈസ് ചെയർമാനുമാണ് ലേഖകൻ)
# Election Commition of India article