Image

അമേരിക്കയുടെ ഹൃദയം ((പസന്നകുമാര്‍ , അടുത്തില)

(പസന്നകുമാര്‍ ,അടുത്തില Published on 03 December, 2022
അമേരിക്കയുടെ ഹൃദയം ((പസന്നകുമാര്‍ , അടുത്തില)

1971.ഞാനന്ന് നാലാം ക്ലാസില്‍ പഠിക്കുകയാണ്. അടുത്തിലയിലെ ആകെയുള്ള സ്‌ക്കൂളായ ഇ.സി.എല്‍.പി. സ്‌ക്കൂളില്‍ ക്ലാസ് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഏറ്റവുമടുത്ത ഹൈസ്‌ക്കൂളായ മാടായി ഗവര്‍മെന്റ് ഹൈസ്‌ക്കൂളില്‍ നിന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമരം വിളിച്ചു കൊണ്ട് ഞങ്ങളുടെ സ്‌ക്കൂളിന്റെ വാതില്‍ക്കലെത്തി. ചെറിയ സ്‌ക്കൂളെന്നോ വലിയ സ്‌ക്കൂളെന്നോ കോളേജെന്നോ വകഭേദമില്ലാതെ കേരളത്തിലെ വിദ്യാഭ്യാസ രംഗം സ്തംഭിപ്പിക്കലായിരുന്നു അവരുടെ സംഘടനയുടെ അന്നത്തെ ലക്ഷ്യം.

ഹൈസ്‌ക്കൂളിലെ കുട്ടികളുടെ അക്രമം ഭയന്ന് ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ശ്രീ. കുഞ്ഞി നാരായണന്‍ മാസ്റ്റര്‍ മണിമുഴക്കി സ്‌ക്കൂള്‍ വിടുന്നതായറിയിച്ചു. സമരക്കാരെ നോക്കി ആവേശം കൊണ്ടു നിന്ന എന്റെ സുഹൃത്ത് അരവിന്ദനോട് ഞാന്‍ ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

'ഇവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാന്‍ വയ്യേ? ഹെഡ്മാഷ് എന്തിനാണിവരെ പേടിക്കുന്നത്?'
'നീയെന്തറിഞ്ഞു'. എന്റെ ചോദ്യത്തെ കളിയാക്കുന്ന ഒരു ചിരിയോടെ അവന്റെ മറുപടി. 'പോലീസൊക്കെ അവര്‍ക്ക് പുല്ലാണ് പ്രസന്നാ.' കൃത്യമായ ഓര്‍മ്മയാണ്  ഈ ഡയലോഗ്.

സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തൊട്ടടുത്ത പപ്പേട്ടന്റെ ചായക്കടയിലിരുന്ന ഒരാള്‍ എഴുന്നേറ്റ് പുറത്തുവന്ന് ഒരു ഹൈസ്‌ക്കൂള്‍ സമരക്കാരെ അടുത്ത് വിളിച്ച് ചോദിക്കുന്നതു കേട്ടു: 'ഇന്നെന്തിനാ മോനേ സമരം?'
'അറിഞ്ഞില്ലേ, അമേരിക്ക-'


ആ കുട്ടി അമേരിക്ക ലോകത്തെവിടെയോ ചെയ്ത എന്തോ കാര്യത്തെക്കുറിച്ച് വലിയൊരു പ്രസംഗം തന്നെ നടത്തി.
അന്നത്തെ ദിവസം മുതല്‍ ലോകത്ത് കുഴപ്പങ്ങളുണ്ടാക്കാനായിറങ്ങിയ ഒരു ശല്യക്കാരനായി അമേരിക്ക എന്ന രാജ്യം എന്റെ ഇളം മനസ്സില്‍ കുടിയേറി അവര്‍ കാരണമല്ലെ ഇന്നെനിക്ക് ഒരു ദിവസത്തെ സ്‌ക്കൂള്‍ പഠനം നഷ്ടപ്പെട്ടത്. അന്ന് ക്ലാസ്സില്‍  എന്റെ ടീച്ചര്‍ പുതിയതെന്തോ പഠിപ്പിക്കാന്‍ തുടരുകയാണെന്ന്് കഴിഞ്ഞ ദിവസം  പറഞ്ഞതിന്റെ ഉല്‍സാഹത്തിലായിരുന്നു ഞാനുറങ്ങിയെഴുന്നേറ്റതും സ്‌ക്കൂളിലെത്തിയതും.


പിന്നെ വളര്‍ന്നു വരുമ്പോഴേക്കും വായിച്ചറിഞ്ഞ പല പല സംഭവങ്ങളിലൂടെ അമേരിക്കയും അമേരിക്കക്കാരും ഭീകരരൂപിയായ ഒരു രാക്ഷസനെപോലെ എല്ലാവരും ഭയക്കുകയും അകന്നു നില്‍ക്കാനാഗ്രഹിക്കുകയും ചെയ്യുന്ന അദൃശ്യരൂപമായി മാറി. നാട്ടില്‍ എന്തു കുഴപ്പം  നടന്നാലും പറഞ്ഞുകേട്ടത് അത് അമേരിക്കകാരമമെന്ന്. ലോകത്ത് എവിടെ പ്രശ്‌നമുണ്ടായാലും വായിച്ചറിയുന്നത് അതില്‍ അമേരിക്കയുടെ അദൃസ്യകരങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നും.

അങ്ങിനെയൊരു ഭീകരപ്പെട്ടയിടത്തേക്ക് പോകണമെന്ന് അശേഷം ആഗ്രഹിച്ചതല്ല. ഗള്‍ഫില്‍ പോകണം, പണമുണ്ടാക്കണം എന്നൊക്കെ രഹസ്യമായൊരു ആഗ്രഹമുണ്ടായിരുന്നു. ഒടുവില്‍ തിരുവനന്തപുരത്ത് കേരള സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവും തുടര്‍ന്ന് ബാംഗ്ലൂരിലെ IISC യില്‍ സൂപ്പര്‍കമ്പ്യൂട്ടറില്‍ റിസേര്‍ച്ച് ഗവേഷണം ഒക്കെയായി മുന്നോട്ട് നീങ്ങുമ്പോഴാണ് വിപ്രോ എന്ന പ്രമുഖ സോഫ്റ്റ് വേര്‍ കമ്പനി കാമ്പസ് റിക്രൂട്ട്‌മെന്റിന് വരുന്നതും സോഫ്റ്റ് വേര്‍ എന്‍ജീനിയറായി എനിക്ക് ജോലി തരുന്നതും അമേരിക്കന്‍ മാര്‍ക്കറ്റിലേക്കുള്ള ഒരു വലിയ പ്രോജക്ടില്‍ എന്നെ ഉള്‍പ്പെടുത്തിയതും.

ഇറാക്കിന്റെ കുവൈറ്റ് അധിനിവേശം ലോകസമാധാനത്തിന് ഭീഷണിയായി മാറിയത് ഞാന്‍ ജോലി തുടങ്ങി കുറച്ചു മാസങ്ങള്‍ക്കുള്ളിലായിരുന്നു. എല്ലാവരും ഗള്‍ഫിലേക്കും അമേരിക്കയിലേക്കുമൊക്കെ യാത്ര ചെയ്യാന്‍ ഒരുപാട് പേടിച്ച സമയം. അമേരിക്കയിലേക്ക് ബിസിനസ്സിന് അനിവാര്യമായ ഒരു സന്ദര്‍ശനത്തിന് കമ്പനി എന്നെ നിയോഗിച്ചു. കൂടെ എന്റെ ടീമിലെ മൂന്നുപേരും.

കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക്.
എന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര അങ്ങിനെ അമേരിക്കയിലേക്കായി. 'Bombs rain Bagdad'.
വിമാനം കയറാനിരുന്ന ദിവസം കാലത്ത് അതായിരുന്നു പത്രങ്ങളിലെ തലക്കെട്ട്. അമേരിക്ക ഇറാക്കില്‍ ബോംബ് വര്‍ഷം തുടങ്ങി! കാലം 1990. ഗള്‍ഫ് യുദ്ധത്തിന്റെ പടപ്പുറപ്പാട്. സദാംഹുസൈന്‍ കുവൈറ്റ് കയ്യേറിയതിനെതിരെ അമേരിക്കയുടെ പടനീക്കം.
ബാഗ്ദാദ് നഗരത്തിലാകെ ബോംബ് മഴ പെയ്യുന്നത് സങ്കല്‍പ്പിച്ചപ്പോള്‍, അതില്‍ നിന്നധികം ദൂരത്തിലല്ലാതെ 37,000 അടി ഉയരത്തില്‍ വിമാനത്തില്‍ പറക്കുമ്പോള്‍ മനസ്സിനെ അലട്ടിയ നിഷ്‌കളങ്കരായ ഒരുപാട് കുട്ടികളുടെയും നിരപരാധികളായ ആയിരക്കണക്കിന് കുടുംബങ്ങളേയും കുറിച്ചുള്ള ചിന്തകള്‍. യുദ്ധവും അതിന്റെ ദുരിതങ്ങളുമൊക്കെ നിര്‍ഭാഗ്യവാന്‍മാരായ സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണല്ലോ ലോകനീതി. യുദ്ധത്തോടുള്ള കൊടും വിദ്വേഷം മനസ്സില്‍ നിറച്ച് സാന്‍ഫ്രാന്‍സിസ്‌കോയിലിറങ്ങിയ ഞാന്‍ പ്രതീക്ഷിച്ചത് അമേരിക്കയിലെല്ലാവരും യുദ്ധകൊതിയന്‍മാരായിരിക്കുമെന്നാണോ എന്നറിയില്ല. അമേരിക്കയെക്കുറിച്ച് ചെറുപ്പം മുതല്‍ കേട്ട ചിന്താഗതികള്‍ അങ്ങിനെയായിരുന്നു എന്നു മാത്രം പറയാം.
ഞാന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ പരിചയപ്പെട്ട അമേരിക്കക്കാര്‍ മുഴുവന്‍ ഞാനനുഭവിച്ച അത്രയോ അതിലധികമോ ദുഃഖവും- അമേര്‍ഷവും ഗള്‍ഫ് യുദ്ധത്തെ കുറിച്ച് പ്രകടിപ്പിക്കുന്നത് കണ്ടത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അവരൊന്നും ബേംബ് വിതയ്ക്കുന്ന നാശത്തെക്കുറിച്ച് പറഞ്ഞ് പൊട്ടിച്ചിരിക്കുകയോ കൊലവിളി നടത്തിക്കൊണ്ട് തെരുവില്‍ നൃത്തം വയ്ക്കുകയോ ചെയ്യുന്നത് ഞാന്‍ കണ്ടില്ല. യുദ്ധം വിതയ്ക്കുന്ന ദുരിതത്തിന്റെ ചിത്രങ്ങള്‍ കണ്ട് കണ്ണീരൊപ്പുന്ന സഹപ്രവര്‍ത്തകയുടെ ഹൃദയം അമേരിക്കയുടെ സമാധാനമാഗ്രഹിക്കുന്ന ജനവിഭാഗത്തിന്റെ ഹൃദയമായി ഞാന്‍ തൊട്ടറിഞ്ഞു.

'I hate innocent people getting killed like thsi'. എന്ന് പലരും പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ചെറുപ്പം മുതല്‍ വായിച്ചറിഞ്ഞ അമേരിക്കയില്‍ തന്നെയാണോ എന്ന് അത്ഭുതപ്പെട്ടു.

പണ്ട് വായിച്ച അമേരിക്കയെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ ഇങ്ങിനെ പറയുന്നുണ്ട്.
'ജയിലില്‍ നിന്നുള്ള ഈ പീഢന ചിത്രങ്ങള്‍ അമേരിക്കയുടെ ഹൃദയത്തെയാണ് വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ ജീവിതത്തില്‍ മൃഗീയതയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത അളക്കാനാവില്ല. ചെറുപ്പക്കാരായ ആണുങ്ങളുടെ മുഖ്യ വിനോദമായ കൊലചെയ്യല്‍ കളിതൊട്ട് ലഹരിയിലായ യുവാക്കളുടെ അക്രമപ്രവണത വരെ അതിന്റെ തെളിവായി എല്ലായിടത്തുമുണ്ട്. അമേരിക്കയുടെ ഹൈസ്‌ക്കൂളുകളില്‍ നവാഗതരായ വിദ്യാര്‍ത്ഥികളുടെ മേല്‍ ഏല്‍പ്പിക്കുന്ന പീഢനം തൊട്ട്-ഹിംസയെപറ്റിയുള്ള ഭാവനകളും അതിന്റെ പ്രയോഗവും വര്‍ദ്ധിച്ച തോതില്‍ നല്ല വിനോദവും തമാശയുമായി കാണുന്ന രാജ്യമായി മാറിയിരിക്കുന്നു അമേരിക്ക.'
-ഐ ബെഗ് ടു ഡിഫര്‍, യുവര്‍ ഓണര്‍!

വായനക്കാരെ കണക്കിലധികം തെറ്റിദ്ധരിപ്പിക്കുന്നതും അനാരോഗ്യകരവും വാസ്തവവിരുദ്ധമായ പരാമര്‍ശനങ്ങളാണ് ഇതെല്ലാം. അമേരിക്കയിലങ്ങോളമിങ്ങോളമായി മുപ്പത് വര്‍ഷം ജീവിച്ച ഒരാളെന്ന നിലയിലും ജീവിതത്തിന്റെ ആദ്യത്തെ ഇരുപതിലധികം വര്‍ഷങ്ങള്‍ കേരളത്തില്‍ മാത്രം ജീവിച്ചിരുന്ന ഒരാളെന്ന നിലയിലും ചില വസ്തുതകള്‍ ഇവിടെ നിരത്തി വയ്ക്കാനാഗ്രഹിക്കുകയാണ്.

ലോകത്തെല്ലായിടത്തുമുള്ള ജയിലുകളില്‍ നടക്കുന്ന നിയമവിരുദ്ധവും നിര്‍ഭാഗ്യകരവും ക്രൂരവുമായ തടവുമുറകള്‍ നമ്മളാരും അംഗീകരിക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്നില്ല. മനുഷ്യത്വം എന്നത് അതിന്റെ ഏറ്റവും പൈശാചികവും മൃഗീയവുമായ രൂപത്തിലേക്ക് അധപതിക്കുമ്പോള്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ പലയിടത്തും അരങ്ങേറുന്നതും അതില്‍ നേരിയ ഒരു ശതമാനം മാത്രം വാര്‍ത്താമാധ്യമങ്ങളിലെത്തുന്നതു.
നമ്മളറിയാത്ത ക്രൂരകൃത്യങ്ങള്‍ അറിഞ്ഞതിലുമെത്രയോ ഭീകരമായിരിക്കുമെന്ന് ഭയക്കുകയും അതേ സമയം അങ്ങിനെയൊക്കെ സംഭവിക്കരുതേയെന്ന് പ്രാര്‍ത്ഥിക്കുകയും മാത്രം ചെയ്യാന്‍ കെല്‍പ്പുള്ള നിസ്സഹായരാണ് ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ഇതുവായിക്കാനിടയില്ലാത്ത മറ്റുള്ളവരുമൊക്കെ. ഇത് ഒരു അമേരിക്കയുടെ മാത്രം കുറ്റമല്ല. പൈശാചികത്വം നടത്തിയ ഒരു പറ്റം പട്ടാളക്കാര്‍ അമേരിക്കയുടെ ഹൃദയമല്ല തീര്‍ച്ചയായും കാണിക്കുന്നത്, ഞാന്‍ മുകളിലുദ്ധരിച്ച ലേഖിക എത്ര തവണ ആവര്‍ത്തിച്ച് അങ്ങിനെ എഴുതുമെങ്കിലും.
1971 ലെ ഒരു സംഭവം പറഞ്ഞുകൊണ്ടാണല്ലോ ഞാനിത് എഴുതിത്തുടങ്ങിയത്. എഴുപതുകളിലെ അടിയന്തിരാവസ്ഥക്കാലം  പകല്‍ പോലെ എന്റെ മനസ്സിലുണ്ട്. ഞാനന്ന് പയ്യന്നൂര്‍ കോളജ് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ഓര്‍മയുണ്ടോ രാജന്‍ കൊലക്കേസ് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് എന്നെനിക്കറിയില്ല. ഒരു പറ്റം നിയമപാലകരുടെ അതിക്രൂര വിനോദങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തിലും നടമാടിയില്ലേ?
നിരപരാധികളായ യുവാക്കളെ പിടിച്ചുകൊണ്ടുപോയി ഉടുതുണിയഴിപ്പിച്ച് എ്‌തെല്ലാം വൃത്തിക്കേടുകള്‍ ചെയ്യിച്ചു? എന്റെ മനസ്സില്‍ ഇന്നും വല്ലാതെ വേദനിപ്പിക്കുകയും നടുക്കമുണര്‍ത്തുന്നതുമായ ഒരു പത്രറിപ്പോര്‍ട്ടുണ്ട്. സഹോദരങ്ങളായ യുവാവിനെയും യുവതിയെയും പൂര്‍ണ്ണ നഗ്നരാക്കി ഒന്നിച്ചു കിടത്തി നമ്മുടെ പോലീസ് കാണിച്ച ചെയ്തികള്‍.

നിരപരാധികളുടെ നഖക്കീറിലൂടെ മൊട്ടുസൂചികുത്തിക്കയറ്റിയും, തലയില്‍ മണ്ണെണ്ണയൊഴിച്ചു തീ കൊടുത്തും, വായില്‍ പോലീസുകാരന്റെ പലതും കയറ്റിയും എഴുതാന്‍ പോലുമറക്കേണ്ട ചെയ്തികള്‍. എത്രപേരാണ് നമ്മുടെ നാട്ടില്‍ ഇറാക്കിലെ തടവുകാരെപ്പോലെയോ അതിലും ക്രൂരമായോ പീഢിപ്പിക്കപ്പെട്ടത്?
നമ്മുടെ പ്രിയപ്പെട്ട കൊച്ചു കേരളത്തിന്റെ ഹൃദയമാണോ ഇത് കാണിക്കുന്നത്? ഒരിക്കലുമല്ലല്ലോ!

അടിയന്തിരാവസ്ഥക്കാലത്തെ പോലീസിന്റെ അതിക്രമം നേരിട്ടനുഭവിച്ച് ഇപ്പൊഴും അതിന്റെ പാര്‍ശ്വഫലമനുഭവിക്കുന്ന ഒരു സുഹൃത്ത് ഇവിടെ എന്റെയടുത്തായി ന്യൂജേഴ്‌സിയിലുണ്ട്. ഈയിടെയും ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ അനുഭവിച്ച അക്രമത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ശരീരത്തിന്റെ ഒരു ഭാഗം ഇപ്പോഴും തകരാറിലാണ് എന്നുമാത്രം പറയട്ടെ.

ഇതൊക്കെ താന്‍ കയറൂരിവിട്ട പോലീസ് സേന ചെയ്തപ്പോള്‍, അതിന്റെ തലപ്പത്തിരുന്നു ആഭ്യന്തരമന്ത്രിയെ പിന്നെയും വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ നമ്മള്‍ കേരളീയര്‍ അക്രമവാസനയിലാനന്ദം കണ്ടെത്തുന്ന ഒരു സമൂഹമാണെന്ന് ഈ ലേഖിക വാദിക്കുമോ?
ശ്രീമതി ഇന്ദിരാഗന്ധിയുടെ ദാരുണ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലരങ്ങേറിയ കലാപ ശ്രൃംഖലയെ ഓര്‍ക്കുക. എത്രയെത്ര നിരപരാധികളെയാണ് പച്ചജീവനോടെ റോഡുകളിലും കാറിനുള്ളിലും തീവണ്ടിയുടെ കമ്പാര്‍ട്ടുമെന്റിനുള്ളിലുമൊക്കെ ചുട്ടുകരിച്ചത് നമ്മുടെ സമൂഹത്തില്‍ തന്നെയുള്ള ഒരു പറ്റം മനുഷ്യര്‍.
നമ്മെല്ലാം ഇന്ത്യക്കാരാണ്, ഇന്ത്യക്കാരെല്ലാം എന്റെ സഹോദരീ സഹോദരന്‍മാരാണ് എന്ന് നിത്യവും കാലത്ത് സ്‌ക്കൂളില്‍ കേട്ടു പഠിച്ച് വളര്‍ന്ന നമ്മള്‍. കത്തിയെരിഞ്ഞടങ്ങിയ കാറുകളില്‍ നിന്ന് രക്ഷിക്കണമെന്ന് നിലവിളികൂട്ടിയ പിഞ്ചുകുഞ്ഞുങ്ങളെ നോക്കി ആര്‍ത്തട്ടഹസിച്ചു രസിച്ച കൊലയാളികള്‍ മഹാത്മാവ് വിഭാവനം ചെയ്ത ഇന്ത്യയുടെ ഹൃദയത്തെയാണോ കാണിക്കുന്നത്?
നിര്‍ഭാഗ്യകരമായ ഒത്തിരി സംഭവങ്ങള്‍ അങ്ങനെ നമ്മുടെ നാട്ടിലും മറ്റു പലയിടത്തും അരങ്ങേറിയിട്ടുണ്ട്. എല്ലാം ദുസ്സഹം, അപലപനീയം എന്ന്് നമ്മളൊക്കെ എത്ര പറഞ്ഞാലുമെഴുതിയാലും അക്രമത്തിനിരയാവുന്നവര്‍ക്കു അവരുടെ സ്വന്തക്കാര്‍ക്കുമൊന്നും ഇത്തിരിപോലും ആശ്വാസം കൊടുക്കുന്നില്ല അതൊന്നും. മനുഷ്യത്വം നശിച്ച് പിശാചിന്റെ രൂപം സ്വയമണിഞ്ഞ് ഇങ്ങിനെ കൂത്താടുന്ന അക്രമികള്‍ രൂപപ്പെടാതിരിക്കാന്‍ നമുക്കൊക്കെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? അക്രമവാസന എങ്ങിനെയാണ് ഉടലെടുക്കുന്നത് ?
മനുഷ്യമനസ്സുകള്‍ക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നാശമാണ് അക്രവാസനം. വിദ്യാഭ്യാസം, വളര്‍ന്നു വരുന്ന സാഹചര്യം, വ്യക്തിപരമായി നേരിടുന്ന അനുഭവങങള്‍, കുടുംബത്തില്‍ നേരിടുന്ന സാമ്പത്തികമായും വൈകാരികമായുമുള്ള പ്രശ്‌നങ്ങള്‍ അങ്ങിനെയൊരുപാടിടങ്ങളിലേക്ക് ഈ സംവാദം നീങ്ങാമെങ്കിലും, ചെയ്യുന്ന തെറ്റിന് തക്കതായ ശിക്ഷ ലഭിക്കുമെന്ന സന്ദേശം കൃത്യമായി അക്രമികളെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ചിലരെയെങ്കിലും അക്രമത്തില്‍ നിന്ന് പിന്‍തിരിയാനും കൂടെയുള്ളവരെ പിന്‍തിരിക്കാനും കഴിഞ്ഞേക്കും.

ഞാന്‍ തുടക്കത്തില്‍ പരാമര്‍ശിച്ച ലേഖനം അമേരിക്കയെ ഒന്നടങ്കം ക്രൂരന്‍മാര്‍ നിറഞ്ഞ ഒരു സമൂഹമായി ചിത്രീകരിച്ചതു കണ്ടപ്പോഴുള്ള വേദനയില്‍ നിന്നാണ് ഇത്രയൊക്കെ എഴുതാനിടയായത്. ഇത്തരം വാസ്തവ വിരുദ്ധമായ പരാമര്‍ശങ്ങള്‍ വായിക്കുന്നവരുടെ മനസ്സില്‍ അമേരിക്കയോട് വെറുപ്പുണ്ടാക്കാം എന്നതില്‍ കവിഞ്ഞ ഒരുപയോഗവും ഇല്ല. ഈ പറഞ്ഞ അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമാണ് ഞാനും എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ വംശജരും.

ഞങ്ങളൊന്നും കണ്ടിട്ടില്ല ഇത്തരമൊരു മൃഗീയ മനോഭാവം ഞങ്ങള്‍ ജീവിക്കുന്ന, ഞങ്ങളുടെ കുട്ടികള്‍ കളിച്ചു വളരുന്ന ഈ സമൂഹത്തില്‍. ഞങ്ങളുടെ അയല്‍വാസികള്‍, സഹപ്രവര്‍ത്തകര്‍, പിന്നെ പൊതുപരിപാടികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്കെ കണ്ടുമുട്ടുന്ന നല്ലവരായ ഒരുപാടുപേര്‍ എല്ലാം ചേര്‍ന്നതാണ് അമേരിക്കയുടെ ഉള്‍നാടുകള്‍.

ലേഖികയുടെ എഴുത്തിനാധാരം ഇറാക്കിലെ അബു ഗരീബ് എന്ന ജെയിലില്‍ നടന്ന ചില ക്രൂരസംഭവങ്ങളാണ്. അതിന്റെ നടുക്കുന്ന ചിത്രങ്ങള്‍ നമ്മളൊക്കെ  വാര്‍ത്താമാദ്ധ്യമങ്ങളില്‍ ഹൃദയവേദനയോടെ കണ്ടു. ലേഖിക പറയുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വേദനയും ദയനീയതയുമാണ് ആ കണ്ടത് എന്ന്. ദയനീയമായ ചിത്രങ്ങളിലൊന്ന് എന്ന് പറയുകയാവും കൂടുതല്‍ ശരി. വേള്‍ഡ് ട്രേഡ്് സെന്റര്‍ കത്തിയെരിഞ്ഞതും നൂറോളം ഇന്ത്യാക്കാരടക്കം ആയിരങ്ങള്‍, നിരപരാധികള്‍, പച്ച ജീവനോടെ എണ്‍പതാമത്തെയും നൂറാമത്തെയുമൊക്കെ നിലകളില്‍ നിന്ന് താഴേക്ക് ചാടിയതും ജറ്റ് ഫ്യൂവലില്‍ കുളിച്ച് തീയുണ്ടകളായി മാറിയതും മറക്കാനാവാത്ത ദുരന്ത ചിത്രങ്ങളല്ലേ?

'താണ്ഡവം' സിനിമയില്‍ ഒരു പറ്റം വെള്ളക്കാര്‍ വിഷമമനുഭവിക്കുന്ന ഒരു രംഗമുണ്ട്. അതില്‍ നോക്കി നായക കഥാപാത്രം(മോഹന്‍ലാല്‍) പറയുന്നു, വേള്‍ഡ് ട്രേഡ് സെന്ററിന് ഇടികിട്ടിയതില്‍ പിന്നെ ഇവരിങ്ങനാ' എന്ന്.
എന്തൊരു ക്രൂരമായ പരിഹാസം!


വേള്‍ഡ് ട്രേഡ് സെന്റിനടി കിട്ടിയത് കൊടും ഭീകരാക്രമണം. ചാമ്പലായത് വെള്ളക്കാര്‍ മാത്രമായിരുന്നില്ലതാനും. ഇത്തരം നീചമായ ഡയലോഗുകള്‍ പറയാന്‍ പറ്റില്ലെന്ന് ഒരു പുതുമുഖ നടന് പറയാന്‍ പറ്റില്ലായിരിക്കും, പക്ഷെ  മോഹന്‍ലാലിനെ പോലൊരു നടന്‍ നിരസിക്കണമായിരുന്നു. മരിച്ചവരിലും പിന്നീടുള്ള കൊടുംദുരിതങ്ങളിലും മോഹന്‍ലാലിന്റെ കടുത്ത ആരാധകരായ ചിലരുണ്ടായിരുന്നുവെന്നത് മഹാനടന്‍ ഓര്‍ക്കണം എന്നു മാത്രം പറയട്ടെ.

കേരളത്തിലെ ഒരു പത്രം അന്നെഴുതി:
'  ലോകത്ത് എന്തു നടന്നാലും വാഷിംഗ്ടണിലിരുന്ന ലാത്തിവീശുന്ന പോലീസുകാരന് ഇപ്പോഴെന്തുപറ്റി?' എന്ന്.
ലോകത്തിനു മുഴുവനായി നേരിട്ട ദുരന്താനുഭവം. അതായിരുന്നു 911.
ഒരു രാജ്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ലേഖിക ഉദ്ദേശിക്കുന്നത് ഭരണകൂടത്തിന്റെ കൃത്യവിലോപമായ നടപടികളായിരിക്കാം. അമേരിക്കയിലായാലും, ഇന്ത്യയിലായാലും, കേരളത്തിലായാലും അധികാരികളെ തിരഞ്ഞെടുത്തയച്ചു കഴിഞ്ഞാല്‍ വോട്ടുചെയ്ത ജനസമൂഹം വെറും കാഴ്ചക്കാര്‍ മാത്രമല്ലേ? സമൂഹത്തിന്റെ അനുദിനം മാറുന്ന അല്ലെങ്കില്‍ രൂപഭേദം വരുന്ന ചിന്താഗതികള്‍ പലപ്പോഴും ഭരണകൂടം ഉള്‍ക്കൊള്ളാറില്ല എന്നതല്ലേ സത്യം?
ന്യൂജേഴ്‌സിയില്‍ സ്വന്തം വീട് വാങ്ങി സ്ഥിരതാമസമാക്കും വരെ അമേരിക്കയില്‍ പലയിടത്തായി താമസിക്കുവാനും എല്ലാ തട്ടിലുമുള്ള അമേരിക്കക്കാരുമായി ഇടപഴകാനുമുള്ള സന്ദര്‍ഭം എനിക്കുണ്ടായിട്ടുണ്ട്. ജോലി സ്ഥലത്തായാലും താമസിക്കുന്ന കമ്മ്യൂണിറ്റിയിലായാലും സാംസ്‌കാരികമായും, ബു്ദ്ധിപരമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും അമേരിക്കയിലെ ശരാശരിയിലും  എത്രയോ മുകളിലാണ് ഇന്ത്യക്കാര്‍ എന്ന് ഞങ്ങളുടെ സഹജീവികളായ അമേരിക്കക്കാര്‍ക്കറിയാം. മറ്റുരാജ്യക്കാരെ ഇതുപോലെ ഇരു കൈകളും തുറന്ന് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹം ലോകത്ത് വേറെയെവിടെയാണെന്ന്  എനിക്കറിയില്ല.
സാമൂഹികമായ സഹിഷ്ണുതയുടെ പര്യായമാണ് ഈ നിലപാട്.
അതാണഅ ഞങ്ങള്‍ കാണുന്ന, ജീവിക്കുന്ന, അനുഭവിക്കുന്ന  അമേരിക്കയുടെ ഹൃദയം.

ലേഖിക പരാതിപ്പെടുന്ന പോലെ അക്രമത്തിലാനന്ദം കണ്ടെത്തുന്നു, കൊലയാളി ചിന്തമനസ്സില്‍ ചേക്കേറുന്ന ചെറുപ്പക്കാര്‍ നിറഞ്ഞ ആ മനുഷ്യസമൂഹം. അതെവിടെയാണ്? മറ്റുള്ളവരെ ബഹുമാനിക്കാനും ആശ്ലേഷിക്കാനും അവരുടെ കഷ്ടപ്പാടുകളും വിഷമതകളും ചോദിച്ചറിഞ്ഞ് മനസ്സിലാക്കാനും, സഹതപിക്കുക എന്നതിലുപരി സഹായിക്കാനുള്ള നല്ല മനസ്സ്- അതിവിടെയെങ്ങും എനിക്ക് കാണാം.
അനുഭവത്തില്‍ നിന്ന് ഒരുപാട് പറയാനുണ്ട്. ഒരു സംഭവം ഈയടുത്ത കാലത്ത് നടന്നത് എഴുതാതിരിക്കാന്‍ പറ്റില്ല എനിക്ക്. ഞങ്ങളുടെ വീടിന്റെ ബേസ്‌മെന്റില്‍ പൈപ്പിന് ചെറിയൊരു ലീക്ക് വന്നത് ഒരു കമ്പനിയെ വിളിച്ച് ശരിയാക്കി. ആ ജോലിക്കാരന്റെ കഴിവില്ലായ്മകാരണം രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങുന്ന സമയം അപ്പോഴോ പൈപ്പ് മുഴുവന്‍ തകര്‍ന്ന് വെള്ളം ബേസ്‌മെന്റില്‍ ഇടിച്ചുകയറി. രാവിലെ എഴുന്നേല്‍്ക്കുമ്പോഴാണ് സംഭവമറിയുന്നത്. ബേസ്‌മെന്റില്‍ ഒരാള്‍ ഉയരത്തില്‍ നിറയെ വെള്ളം. പോലീസും ഫയര്‍ സര്‍വീസുമൊക്കെ വന്ന് സഹായിച്ചുവെങ്കിലും ഒരുപാട് നഷ്ടം നേരിട്ടു. പൈപ്പ് ശരിയാക്കിയ കമ്പനിക്കെതിരെ കേസ് കൊടുത്തു തക്കതായ നഷ്ടപരിഹാരം എനിക്ക് വാങ്ങിത്തന്നത് എന്റെ പരിചയത്തിലുള്ള അമേരിക്കക്കാരന്‍ വക്കീലായിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും ഒരു ഡോളര്‍ പോലും ഫീസ് വാങ്ങാന്‍ അദ്ദേഹം(Chris bordner) തയ്യാറായില്ല.


Chrisന്റെ ഹൃദയമാണ് അമേരിക്കയുടെ ഹൃദയം.
നമ്മുടെ കേരളത്തില്‍ പോലും അധികമില്ലാത്തത്രയും ബൃഹത്തായ അമ്പലങ്ങളുണ്ട് ന്യൂജേഴ്‌സിയില്‍. ഒരു പാടെണ്ണം.
പിന്നെ ഞങ്ങള്‍ പയ്യന്നൂര്‍ പട്ടണം എന്ന് വിളിക്കുന്ന Oak Tree Road. ഇന്ത്യന്‍ കടകള്‍ രണ്ടു വശത്തും നിരനിരയായി തിങ്ങിനിറഞ്ഞ വൈകുന്നേരങ്ങളില്‍ ഇത് എന്റെ പഴയകാലത്തെ പയ്യന്നൂരിലൂടെയുള്ള നടത്തമാണ് ഓര്‍മയിലെത്തിക്കുക.
അമേരിക്കക്കാര്‍ക്ക് അതില്‍ പരാതിയില്ല. എങ്കില്‍ മറ്റൊരു സംഭവം താരതമ്യത്തിനായി പറയുകയാമ്. നാട്ടില്‍ ചെഴുതാഴം എന്ന നാട്. എഴുപതുകളില്‍ നടന്നത്. ഞങ്ങള്‍ അടുത്തിലയില്‍ നിന്നും. ചെറുതാഴത്തേക്ക് താമസം മാറിയത് അവിടെ ഒരു പുതിയ വീട് അപ്രതീക്ഷിതമായി വാങ്ങാന്‍ കഴിഞ്ഞപ്പോഴാണ്. ഒരുപാടുകാലം ആലോചിച്ച കാര്യമായിരുന്നെങ്കിലും. പെട്ടെന്ന് സംഭവിക്കാന്‍ കാരണം അവിടെ നാട്ടുകാര്‍ക്ക് വേറൊരു സ്ഥലത്തു നിന്നുവന്ന വേറൊരു ജനവിഭാഗത്തില്‍പെട്ട ഒരു കുടുംബം വീടുകെട്ടിയതിഷ്ടപ്പെട്ടില്ല. ആ വീടിനെതിര ആക്രമമുണ്ടായി. വീട്ടുടമയ്ക്കു വീട് താമസിക്കാനാവാതെ വില്‍ക്കേണ്ടിവന്നു. എന്റെ അച്ഛന്‍ ആ വീട് ഞങ്ങള്‍ക്കു വേണ്ടി വാങ്ങി.

മറ്റുള്ളവരോടുള്ള സഹിഷ്ണുത, അത് വേണ്ടുവോളം എനിക്ക് കാണാം ഇവിടെ. ഇതെഴുതുമ്പോള്‍ അമേരിക്കയിലുള്ള വര്‍ഗ വൈരാഗ്യങ്ങളെക്കുറിച്ച് ചോദ്യം വരാം.... അതിനെക്കുറിച്ച് വലിയൊരു ലേഖനം തന്നെ പിന്നീടെഴുതാനുണ്ടെന്ന് മാത്രം ഇപ്പോള്‍ പറയാം.

മനുഷ്യ സമൂഹത്തിന്റെ ഭാഗമായ മറ്റുള്ളവരോടുള്ള അസഹിഷ്ണുത. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട് എന്നാലും അമേരിക്കയുടെ മുഖമുദ്ര മറ്റു സമൂഹങ്ങളുടെ ജീവിതം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത തന്നെയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ജാപ്പാനീസ് കാറുകള്‍ അമേരിക്കയില്‍ നിര്‍മ്മാണവും, വിതരണവും തുടങ്ങിയപ്പോള്‍ ഇവിടെ ചില രാഷ്ട്രീയക്കാര്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. ഭാവിയില്‍ ജാപ്പനീസ്  കാറുകളുടെ വില്‍പ്പന സ്ഥലങ്ങള്‍(Showroom) അടിച്ചു വാരി വൃത്തിയാക്കുന്ന പണിയാവും അമേരിക്കക്കാര്‍ക്ക് സ്വന്തം നാട്ടിലെന്ന്. അതൊന്നും സമൂഹത്തില്‍ വിലപ്പോയില്ല.

അമേരിക്കന്‍ സമൂഹത്തിന്റെ ഒരു പ്രധാന നന്‍മയായി എനിക്ക് തോന്നിട്ടുള്ളത് അവര്‍ അവരുടെ ചിന്താശക്തി രാഷ്ട്രീയ നേതാക്കള്‍ക്ക് പണയം വെക്കാറില്ല എ്‌നതാണ്.

അവരുടെയോരുത്തരുടെയും അഭിപ്രായം അവരുടേത് മാത്രമാണ്. ചെറിയ കുട്ടികളില്‍ നിന്നു തുടങ്ങുന്നു അത്.

കുട്ടികളെക്കുറിച്ച് പറയുമ്പോള്‍, കുട്ടികളെ ദത്തെടുക്കാനുള്ള ആദരണീയമായ മനസ്. അതിന് അതിമനോഹരമായ ഒരു ഹൃദയം  തന്നെ വേണ്ടേ?

എന്റെ സഹപ്രവര്‍ത്തകനായ ബോര്‍ഡ് നര്‍ എന്നയാളാണ് മനസ്സില്‍ ആദ്യം വരുന്നത്. ക്രിസ് ബോര്‍ഡ് നര്‍ എന്നയാളെ CIGA എന്ന ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ഒരു കണ്‍സള്‍ട്ടിംഗ് ജോലിക്ക് പോയപ്പോഴാണ് പരിചയപ്പെടുന്നുത്. കണക്ടിക്കട്ട് എന്ന സ്ഥല്തതായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലെ മേശപ്പുറത്ത് ഒരു ഇന്ത്യക്കാരി പെണ്‍കുട്ടിയുടെ ചിത്രം ഉണ്ടായിരുന്നു. പരിചയപ്പെട്ടു വന്നപ്പോള്‍ അറിഞ്ഞതു പെണ്‍കുട്ടിയെ പഠിപ്പിക്കുന്നതും, പൂര്‍ണ്ണമായ എല്ലാ ചിലവുകളും ക്രിസ് ഒരു സംഘടന വഴി  ചെയ്യുകയാണെന്ന്. അത് കണ്ടപ്പോള്‍ എനിക്ക് എന്റെ നാട്ടിലെ ഒരു പാവപ്പെട്ട കുട്ടിയെ പഠിക്കാന്‍ സഹായിക്കണമെന്ന്ു മനസ്സു വന്നില്ലല്ലോ എന്നു കുറ്റബോധം ഉണ്ടായി. പക്ഷെ പിന്നീട് എനിക്കത് ചെയ്യാന്‍ ഭാഗ്യമുണ്ടായി. ക്രിസ് ഒരു പ്രചോദനമായി എന്നും പറയാം.
ക്രിസ് ഏഷ്യയില്‍ നിന്നുള്ള വേറൊരു കുട്ടിയെ സ്വന്തം മകനായി ദത്തെടുത്ത് വളര്‍ത്തുന്നുമുണ്ട്. അദ്ദേഹത്തെപ്പോലെയുള്ള വിശാലഹൃദയരായ മനുഷ്യര്‍ ഒരുപാടുണ്ട് ഞങ്ങളുടെയറിവിന്റെ ചുറ്റളവിലിവിടെ.

ചാരിറ്റിക്ക് പണം ചിലവാക്കാന്‍ ഒട്ടും മടികാണിക്കാത്ത മനസ്സാണ് അമേരിക്കന്‍ സമൂഹത്തിന്റെ ഒരു വലിയ ഭാഗം. മനുഷ്യത്വത്തിന്റെ ഉത്തമഭാവം. അവര്‍ മക്കളെ പഠിപ്പിക്കുന്നത് കിട്ടുന്ന വരുമാനത്തിന്റെ പത്ത് ശതമാനമെങ്കിലും  നീക്കിവെക്കണമെന്നാണ്. ഏത് നിലയിലുള്ളവരും. പാവപ്പെട്ടവരെന്നു കരുതാവുന്നവരും പണക്കാരെന്ന് കരുതാവുന്നവരും ഒരു പോലെ.
പാവപ്പെട്ടവരോ? അമേരിക്കയിലോ? ഉണ്ട്. ദരിദ്രര്‍ക്കും ഇവിടെ പഞ്ഞമില്ല. രോഗബാധിതരായി നരകമനുഭവിക്കുന്നവരും ഒരു നേരത്തെ ഭക്ഷണത്തിന് യാചിക്കുന്നവരും ഇവിടെയുമുണ്ട്.  കഴിഞ്ഞ ദിവസം അച്ഛനുമമ്മയു കുട്ടികളുമടങ്ങുന്ന ഒരു കുടുംബം ഒരു ഗ്രോസറി കടയുടെ മുന്നില്‍ നിരന്നു നിന്നു കൈനീട്ടുന്നതും പലരും സഹായിക്കുന്നതും കാണാനിടയായി.

എല്ലാവരുടെയും താല്‍പര്യങ്ങളും അവകാശങ്ങളും തുല്യതയോടെ സംരക്ഷിക്കാനുള്ള നിയമങ്ങളും ഭേദിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷകൊടുക്കാന്‍ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന നിയമപാലകരും എന്നതാണ് അമേരിക്കന്‍ സമൂഹജീവിതത്തിന്റെ അടിക്കല്ല് എന്ന് തോന്നിയിട്ടുണ്ട്. പണമുള്ളവന് ഒരു നീതി. പണമില്ലാത്തവന് മറ്റൊരു നീതി എന്നതാണല്ലോ പലപ്പോഴും നമ്മുടെ കേരളത്തിലെയും ഇന്ത്യയിലെയും ഒരു രീതി.
അത് പോലെ hate crime വളരെ ഗുരുതരമായ ഒരു കുറ്റമാണ്. 
എന്നാല്‍ ബാംഗ്‌ളൂരില്‍ നിന്ന് ഞാനനുഭവിച്ച ഒരു Hate Crime നെ കുറിച്ച് പറയാം.

ഞാന്‍ ബാംഗ്ലൂരില്‍ ജോലിചെയ്യുമ്പോള്‍ വിവാഹശേഷം താമസിക്കാന്‍ പറ്റിയ ഒരു വാടകവീട് നോക്കുകയായിരുന്നു. വീട്ടുടമ എന്നെയും ഭാര്യയെയും ഇന്റര്‍വ്യൂ ചെയ്തശേഷം പറഞ്ഞു ഭാര്യക്ക് ജോലിയില്ലാത്തതിനാല്‍ വീട് തരാന്‍ നിവൃത്തിയില്ല എന്ന്. കാരണം ഒരാളുടെ വരുമാനം കൊണ്ട് ജീവിക്കുന്ന താമസക്കാര്‍ കൃത്യമായി വാടക കൊടുക്കില്ലത്രേ. എനിക്ക് അന്നത്തെ വളരെ Glamarosu ആയ കമ്പനിയായിരുന്ന വിപ്രോയില്‍ ജോലിയുണ്ട്, നല്ല തരക്കേടില്ലാത്ത വരുമാനം ഉണ്ടെന്നും തെളിവും കാണിച്ചു. എന്നിട്ടും അയാള്‍ ശഠിച്ചു. പിന്നെ ഒരു വര്‍ഷത്തെ വാടക മുഴുവന്‍ തുടക്കത്തില്‍ തരാമെന്നു പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. അത് എനിക്കിഷ്ടപ്പെട്ട തരത്തിലുള്ള വീടും സ്ഥലവുമായിരുന്നു.
പിന്നീടാണ് യഥാര്‍ത്ഥ കാരണം അറിഞ്ഞത്.
അയാള്‍ക്ക് മലയാളികളെ ഇഷ്ടമല്ലത്രെ!

അമേരിക്കിയിലും അസഹിഷ്ണുതയുടേയും ഇഷ്ടക്കേടുകളുടെയും അനുഭവങ്ങള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഒത്തിരി എഴുതാനുണ്ട്. എങ്കിലും ഭരണകൂടത്തിന്റെ നടപടികളുടെ പേരില്‍ ഒരു സമൂഹത്തെയും രാജ്യത്തെയും മുഴുവന്‍ പഴിചാരുകയും കുറ്റക്കാരായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്ന് ബോധിപ്പിക്കുവാനാണ് ഒരുപാട് അനുഭവങ്ങളിലൂടെയും നേരിട്ടറിയുന്ന ഉദ്ദാഹരണങ്ങള്‍ സഹിതവും, ഇത്രയുമെഴുതിയത്. That's all your honour!.

വിദ്യാര്‍ത്ഥികളുടെ സമരത്തെകുറിച്ച് പറഞ്ഞാണല്ലോ എഴുതിത്തുടങ്ങിയത്. അമേരിക്കന്‍ വിദ്യാഭ്യാസരംഗത്തെക്കുറിച്ചും പാഠ്യപദ്ധതികളെക്കുറിച്ചും നമുക്കതില്‍ നിന്ന് എന്ത് പഠിക്കാമെന്നും ഇനിയൊരിക്കലെഴുതാമെന്നാഗ്രഹിക്കുന്നു.

Heart of America

Join WhatsApp News
Vinod Kumar 2022-12-05 06:03:13
രസകരമായി എഴുതി. പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ ഇറാഖ് യുദ്ധം പോലെയുള്ളവ എങ്ങനെ ന്യായീകരിക്കാൻ കഴിയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക