Image

റെനെ ഹിഗിറ്റ   (കഥ: സുരാഗ് രാമചന്ദ്രൻ)

Published on 05 December, 2022
റെനെ ഹിഗിറ്റ   (കഥ: സുരാഗ് രാമചന്ദ്രൻ)

"ഒരു മോന്റെ പേര് റെനെ എന്നിട്ടത് സമ്മതിച്ചു. അച്ഛന്റെ പേരായ റെഹാനും അമ്മയുടെ പേരായ നിഷയും ചേർത്ത് ഇട്ടതാണെന്നു വെക്കാം. പക്ഷേ രണ്ടാമത്തെ മകന്റെ പേരെന്തോന്നാണ്? ഇതു വരെ കേട്ടിട്ടില്ലല്ലോ?"
"അല്ല, ചേട്ടനൊരു ഫുട്ബോൾ ഫാൻ അല്ലേ?"
"എന്താ സംശയം? ഞാൻ തികഞ്ഞ പോർച്ചുഗൽ ഫാൻ ആണ്."
"അതെയോ? എന്നാൽ റൊണാൾഡോ ഒഴികെ, ഇപ്പോൾ ഉള്ള പോർച്ചുഗൽ ടീമിലെ മൂന്ന് കളിക്കാരുടെ പേര് പറഞ്ഞേ?"
"അത് പിന്നെ… ഗൂഗിൾ ചെയ്യേണ്ടി വരും."
"വേണമെന്നില്ല. ചേട്ടൻ ഒരു സീസണൽ ഫാൻ ആണ്. അതായത്, വേൾഡ് കപ്പ് സീസൺ വരുമ്പോൾ മാത്രം ഫുട്ബോൾ കാണുന്ന വ്യക്തി. അത് കൊണ്ടാണ് പഴയ കളിക്കാരെ ഓർമയില്ലാത്തത്."
“അതായത്, ഒരു പഴയ ഫുട്ബോൾ കളിക്കാരന്റെ പേരാണോ മോന് ഇട്ടത്?”
അതിനുത്തരം ഒരു ബഹുവർണ്ണ കാരിക്കേച്ചർ പോസ്റ്റർ ആയിരുന്നു. ഗോൾ കീപ്പിങ്ങിൽ സമൂലമായ പരിവര്‍ത്തനം നടത്തിയ സ്വീപ്പർ കീപ്പർ. ഗോൾ അടിക്കുന്ന ഗോളി. ഫ്രീകിക്കുകളിലും, പെനാൽറ്റികളിലും ഗോൾ അടിക്കുക മാത്രമല്ല, പെട്ടെന്നുള്ള പ്രത്യാക്രമങ്ങളിലൂടെ എതിരാളികളെ ഞെട്ടിക്കുന്ന മുൻനിര പോരാളിയായ മുൻകൊളംബിയൻ ഗോളി റെനെ ഹിഗിറ്റ യായിരുന്നു അന്തരീക്ഷത്തിൽ ഒഴുകി നടന്ന ആ കളിക്കാരൻ. 
 
പോസ്റ്ററിൽ, നീണ്ടു ചുരുണ്ട കറുത്ത മുടിയിൽ നിന്നും വർണ്ണശബളമായ ഗോൾ കീപ്പിങ്ങ് കയ്യുറ പുറത്തു വരുന്നു. പക്ഷേ പന്ത് തട്ടിയകറ്റുന്നത് കൈകൾ കൊണ്ടല്ല, "പിൻ കാലുകൾ" കൊണ്ടാണ്.  വിഖ്യാതമായ “സ്കോർപിയോൺ കിക്ക്‌” ആയിരുന്നു അത്.  
"ഇത് ഹിഗ്വിറ്റയല്ലേ?"
"ചേട്ടാ, ഹിഗ്വിറ്റ എന്നത് ഇംഗ്ലീഷിൽ ആ പേര് നേരെ മലയാളത്തിൽ വിവർത്തനം ചെയ്ത് എഴുതുന്നതാണ്. ഉച്ചാരണം ഹിഗിറ്റ എന്നാണ്."
"അതെയോ? എങ്കിലും പെലേ, മറഡോണ, റൊണാൾഡോ, മെസ്സി എന്നിവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഇയാളിൽ കണ്ടത്?"
"മുൻപൊക്കെ സമയം പോക്കാനുള്ള ഒരു ഉപാധിയായിരുന്നു, ഗോൾ കീപ്പർക്കുള്ള ബാക്ക് പാസ്. തന്റെ പെനാൽറ്റി ബോക്സ് വിട്ട് റെനെ ഹിഗിറ്റ   പുറത്തിറങ്ങിയതോടെയായിരുന്നു ഗോളികൾക്കും മുന്നേറാം എന്ന വിശ്വാസം വന്നത്. അതോടെ, കാല് കൊണ്ട് ബാക്ക് പാസ് ഗോളിക്ക് കൊടുത്താൽ അത് കൈ കൊണ്ട് ഗോളി പിടിക്കരുത്, കാല് കൊണ്ട് നിയന്ത്രിക്കണം എന്ന നിയമം വന്നു. ഹെഡ് ചെയ്‌തു കൊടുത്ത ബാക് പാസ് കൈ കൊണ്ട് പിടിക്കാം."
“എങ്ങനെയൊക്കെയാണെങ്കിലും റെനെ ഹിഗിറ്റ പെനാൽറ്റി ബോക്സിന് പുറത്തിറങ്ങി കളിച്ചത് കൊണ്ടല്ലേ അന്ന് കാമറൂണിന്റെ റോജർ മില്ലയ്‌ക്ക്‌ ഗോൾ അടിക്കാൻ അവസരം കിട്ടിയതും, കൊളംബിയ തോറ്റതും?”
"അത് തനിക്ക് പറ്റിയ ഒരു പിശകാണെന്നാണ് റെനെ ഹിഗിറ്റ പ്രതികരിച്ചത്. എങ്കിലും അതൊന്നും, അദ്ദേഹത്തിൻറെ ആത്മവിശ്വാസം ഇല്ലാതാക്കിയില്ല. അദ്ദേഹം തന്റെ സ്വതസിദ്ധമായ കളി തുടർന്നു. സ്കോർപിയോൺ കിക്ക്‌ അദ്ദേഹത്തിൽ നിന്നും പിന്നീട് വന്നതാണ്."
അവർ രണ്ടു പേരുടേയും സംഭാഷണങ്ങൾ അങ്ങനെ പുരോഗമിക്കവേ, മുറ്റത്ത് കൊച്ചു റെനെയും, ഹിഗിറ്റയും പെനാൽറ്റി അടിച്ചു കളിച്ചു തകർക്കുകയായിരുന്നു.

 

Join WhatsApp News
എൽദോ വർഗീസ് 2022-12-13 05:49:32
റൊണാൾഡോ അല്ലാതെ വേറെ ഒരു പോർട്ടുഗീസ് കളിക്കാരൻ്റെ പേര് ഗൂഗിൾ ചെയ്തു നോക്കണം....😄😄 ഇറ്റാലിയ 90 എന്നും മനസ്സിൽ ഓർത്തു വെക്കുന്ന ഒരു അനുഭവം ആണ്....👍
Surag Ramachandran 2022-12-13 14:00:49
കമന്റ്റിനു നന്ദി, ശ്രീ എൽദോ, സുരാഗ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക