Image

വാക്കും ചങ്കുറപ്പും ( കഥ : പോളി പായമ്മൽ )

Published on 05 December, 2022
വാക്കും ചങ്കുറപ്പും ( കഥ : പോളി പായമ്മൽ )

ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും
വീട്ടിൽ വന്ന് വിളിച്ചാൽ ആ നിമിഷം തന്നെ  കൂടെ ഇറങ്ങി വരാമെന്ന് അവൾ അന്ന് അവന് വാക്ക് കൊടുത്തിരുന്നു.

ഒരു ജോലിയൊക്കെ കിട്ടി സ്വന്തമായ് പത്തു രൂപ  സമ്പാദിക്കുന്നതു വരെ കാത്തിരിക്കണമെന്നും നിന്നെയല്ലാതെ വേറൊരു പെണ്ണിനെ വിവാഹം ചെയ്യില്ലായെന്നും അവൻ അവൾക്കും വാക്ക് കൊടുത്തിരുന്നു.

വർഷങ്ങൾ ഒത്തിരി കടന്നുപ്പോയ്.
ഈയിടെ യാദൃശ്ചികമായ് ഇരുവരും കണ്ടുമുട്ടി. പണ്ടത്തെ പ്രണയ നിമിഷങ്ങൾ ഓർത്തെടുത്ത് പങ്കു വയ്ക്കുന്നതിനിടയിൽ അവൻ അവളോട് പറഞ്ഞു ഇതു വരെയും വിവാഹം കഴിച്ചിട്ടില്ലായെന്ന്.

വീട്ടിൽ വന്ന് വിളിച്ചാൽ ആ നിമിഷം തന്നെ കൂടെ ഇറങ്ങി വരാമെന്ന് പണ്ട് അവൾ പറഞ്ഞ കാര്യം അവനെ ഓർമ്മപ്പെടുത്തി.

പെട്ടെന്നവൻ ചോദിച്ചു
"നിന്റെ വിവാഹം കഴിഞ്ഞില്ലെടി... ഇത്രേം നാളും നീയെനിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നോ .."

ഒട്ടും മടി കൂടാതെ അവൾ മറുപടി പറഞ്ഞു.
"കാത്തിരുന്നു കുറെ നാൾ പിന്നെ വീട്ടുക്കാർ നിർബ്ബന്ധിച്ച് കെട്ടിച്ചു.
ഇപ്പോ മക്കളും കെട്ടി.... :

അതു കേട്ടു നിന്നതല്ലാതെ ഒരക്ഷരം പോലും അവൻ മിണ്ടാതെയായപ്പോൾ
 അവൾ തുടർന്നു
"വാക്ക് പാലിക്കാനുള്ളതാണ്. എന്നെ ഇപ്പോ വിളിച്ചു നോക്കു കൂടെ ഇറങ്ങി വരോന്നറിയാമല്ലോ.."

അതിനും അവൻ മറുപടി പറഞ്ഞില്ല.

കണ്ടതിൽ സന്തോഷമുണ്ട്.
ഇനിയെന്നെങ്കിലും കാണാന്നു പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കവേ അവൾ ഇത്രേം കൂടി അവനോട് പറയാൻ മറന്നില്ല.
"അന്നും നിനക്ക് ചങ്കുറപ്പുണ്ടായില്ല , ഇന്നും . ആണായാൽ കുറച്ചൊക്കെ ചങ്കുറപ്പ് വേണം പ്രേമിച്ചാൽ മാത്രം പോരാ...!!"

- പോളി പായമ്മൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക