Image

പെൺപുഴ ആൺ മരങ്ങളോട് പറയുന്നത് (കവിത: ആദിത്ത് കൃഷ്ണ ചെമ്പത്ത്)

Published on 06 December, 2022
പെൺപുഴ ആൺ മരങ്ങളോട് പറയുന്നത് (കവിത: ആദിത്ത് കൃഷ്ണ ചെമ്പത്ത്)

രാത്രി മാത്രമാണ് 
പെൺപുഴയ്ക്ക് 
കരയാനാവുക
നടുവിലെ
പൊക്കിൾ തുരുത്തിൽ
മണലുവാരുന്ന
ആൺപിള്ളേരുടെ
കൊട്ടച്ചിരിയ്ക്ക്
പുഴവക്കത്തെ
തള്ള കാക്കയുടെ
കരച്ചിലാണ് താളം

കരഞ്ഞു തീരുമ്പോൾ
തീരത്തടിയുന്നു.
പുതുക്കൻ സാരികൾ
മങ്ങിയ കൈവള,
ഒരിക്കൽ പോലും
തുറക്കാത്ത
കൺമഷിഡപ്പി

കാട്ടു പൊന്തകളിൽ
നാട്ടു പെണ്ണുങ്ങളുടെ
തൊട്ടിൽ കവിതകളുടെ
പിള്ള ചാരം

പുഴ കരച്ചിൽ കേട്ട്
വെളുപ്പുദിക്കും
തലയിണയിലേക്ക്
വഴിയൊഴുകിയ
കണ്ണിലെ നീർച്ചാലു
വറ്റിച്ച്,
പുലർച്ചെ
മുറ്റത്ത് പെണ്ണുങ്ങൾ
ചൂരൽ വര നെയ്യും.

പകലിൽ
പുഴയൊരു
കണ്ണാടി കൂട്,
വെള്ളത്തിലൊറ്റുന്നു
പെണ്ണുങ്ങളുടെ
മെയ് ചന്തം
പീടിക മേലുള്ള
മങ്ങിച്ച കണ്ണാടി
ചീളുകൾ
അപ്പോഴാണ്
അസൂയ മൂത്ത്
പൊട്ടുന്നത്,

കടവിൽ
ആൺകുപ്പായങ്ങൾ
മാത്രം തേഞ്ഞ് മിനുങ്ങുന്നു.
വെളിച്ച കീറ് തൊടാതെ
തീണ്ടാരി തുണികൾ
പുഴയ്ക്കുള്ളിലടിഞ്ഞ്
ഒരു ചോര മരം
വളർത്തുന്നു.

ഒരിക്കൽ
കടലിൻ്റെ 
നിറമുള്ള
പെൺകുട്ടി
പുഴയരികെ,
കാട്ടുമുൾച്ചെടി -
യിടുക്കിൽ.
കടത്തുവഞ്ചിക്കാരൻ്റെ
ചൂട്ട് വെളിച്ചങ്ങൾ
പേടിച്ച്,

അവൾക്ക് ചുറ്റും
ആ രാത്രി
പുഴ കടന്നെത്തുന്ന
സൂചിപക്ഷികൾ
കൂട്ടിരുന്നു.

പെണ്ണിൻ്റെ കരച്ചിൽ വിഴുങ്ങി
പുഴ പതുങ്ങിയൊഴുകി

അന്ന് പുഴ വയറ്റാട്ടിയായി
ഒരു കടൽ പെണ്ണിൻ്റെ പേറെടുത്തു.

 കണ്ണിൽ കടലൊളിപ്പിച്ച
ഒരു മുക്കുവൻ

പുഴയുടെ 
കരളിലിരുന്ന
കടൽ പെണ്ണിൻ്റെ കണ്ണിൽ
കറുത്ത തിരയടിച്ചു.

കടലിനും
കടത്തുവഞ്ചിക്കാരനും
അറിയാത്ത
രഹസ്യങ്ങൾ
നിറയെ ഉണ്ടെന്ന്
അന്ന് പെൺ നദി
തീരത്തെ ആൺ മരങ്ങളോട് 
പറഞ്ഞു.

പുഴ വക്കത്തിരുന്ന്
ഒറ്റക്ക് കരയുന്ന
പെൺകുട്ടികൾക്ക്
മാത്രമറിയാവുന്നത്
പുഴയിൽ ചാടി
മരിച്ച
നാട്ടു പെണ്ണുങ്ങൾ
പുഴയ്ക്കുള്ളിലിരുന്ന്
പറയുന്നത്.

കടൽ പെണ്ണിൻ്റെ
മുക്കുവൻ
ആൺമരക്കാട് കയറി.

കടൽ പെണ്ണുങ്ങളെ തേടി
വഞ്ചിക്കാരൻ്റെ
ചൂട്ട് വെളിച്ചം.

പതുക്കെ പതുക്കെ
പെൺപുഴ
ആൺമരക്കാട്ടിൽ
നിന്ന് വലിഞ്ഞു.

ഒരിക്കൽ
ആൺ മരങ്ങൾ
വളർത്തിയ,
കടൽ പെണ്ണിൻ്റെ
മുക്കുവൻ
പെൺ പുഴയുടെ
വയർ പാളി
ഒന്നാകെ ചുരന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക