Image

മനുഷ്യന് വിശപ്പ് ഇല്ലായിരുന്നെങ്കിലോ? ( ആത്മഗതം : റോണിയ ഡയസ് )

Published on 08 December, 2022
മനുഷ്യന് വിശപ്പ് ഇല്ലായിരുന്നെങ്കിലോ? ( ആത്മഗതം : റോണിയ ഡയസ് )

രാവിലെ തുടങ്ങുന്നതാണ് അടുക്കളയിലെ യുദ്ധം.ഭക്ഷണം ഉണ്ടാക്കുക,കഴിക്കുക/കഴിപ്പിക്കുക,പാത്രം കഴുകുക.. വീണ്ടും ഈ പ്രക്രിയ തുടരുക.ഒന്നോ രണ്ടോ ദിവസത്തേയ്ക്ക്‌ അല്ലല്ലോ. ആജീവനാന്തം തുടരുന്ന യുദ്ധം..

യൂട്യൂബിൽ കുക്കിംഗ്‌ വീഡിയോ ഇട്ട് സബ്സ്ക്രൈബ്ഴ്സിനെ കൂട്ടാൻ നോക്കുന്നവർ ഒഴികെ ഞാൻ അടക്കം ഉള്ള യുദ്ധഭൂമിയിലെ എല്ലാ പോരാളികളും(അമ്മമാർ ആണല്ലോ മുൻ നിര പോരാളികൾ)ജീവിതത്തിൽ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാകും. "ഹോ മനുഷ്യന് വിശപ്പിലായിരുന്നെങ്കിൽ" എന്ന്.

ശെരിയാണ്.. ഞാനും ഒന്ന് സങ്കല്പിച്ചു നോക്കി വിശപ്പ് ഇല്ലാത്ത മനുഷ്യലോകം എങ്ങനെ ആയിരുന്നേനെ എന്ന്....

വീടുകളിൽ അടുക്കള ഉണ്ടാകുമായിരുന്നില്ല..
മധു കൊല്ലപ്പെടുമായിരുന്നില്ല..ഹോട്ടലുകളും തട്ടുകടകളും ബേക്കറികളും എന്തിന് കടൽത്തീരത്തു കപ്പലണ്ടി കച്ചവടക്കാർ പോലും ഉണ്ടാകുമായിരുന്നില്ല..

പോത്തിനും പന്നിക്കും കോഴിക്കും ആയുസ്എത്തി മരിക്കാമായിരുന്നു. കടലിൽ വെള്ളത്തെക്കാൾ കൂടുതൽ മീനുകൾ കണ്ടേനെ..

വിവാഹ സൽക്കരങ്ങൾക്ക്‌ ആർഭാടം കാണിക്കാൻ വേറെ വഴി കണ്ടു പിടിക്കേണ്ടി വരുമായിരുന്നു..

കമിതാകൾക് പ്രണയം കൈ മാറാൻ ഐസ് ക്രീം പാർലർ ഇല്ലാത്ത ഒരു അവസ്ഥയേ...

ഉരുളകിഴങ്ങു വറുത്തു കാറ്റ് കേറ്റി വിൽക്കുന്ന കമ്പിനി മുതലാളിമാർ ടയറിനു കാറ്റടിക്കുന്ന കമ്പിനി തുടങ്ങേണ്ടി വന്നേനെ.

അരിക്കും പച്ചക്കറിക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളി ഒന്നുകൂടി തല ഉയർത്തി പിടിച്ചേനെ..

കറിക്ക് ഉപ്പ് കൂടിയതിനു ഭാര്യയെ തല്ലുന്ന കെട്ടിയോൻ തല്ലാൻ വേറെ കാരണം കണ്ടുപിടിക്കേണ്ടി വന്നേനെ.. ഭർത്താവിനോടുള്ള പരിഭവം കാണിക്കാൻ അടുക്കളയ്ക്കു അവധി കൊടുക്കുന്ന ഭാര്യ എന്ത് ചെയ്യും...

ടെൻഷൻ കൂടുമ്പോൾ വിശപ്പ് കൂടുന്ന എന്റെ സുഹൃത്ത്‌ എന്ത് ചെയുമായിരുന്നു എന്ന് എനിക്ക് സങ്കൽപിക്കാനേ കഴിയുന്നില്ല....

അടുക്കളയിൽ പാത്രം വെക്കാൻ സ്ഥലം ബാക്കി ഇല്ലാഞ്ഞിട്ടും പാത്ര കച്ചവടക്കാരന്റെ കൈയിൽ ഇരിക്കുന്ന പാത്രങ്ങൾ കാണുമ്പോൾ ഇതുപോലൊരെണ്ണം എനിക്ക് ഇല്ലായിരുന്നു എന്നുപറഞ്ഞു പുതിയത് വാങ്ങി കൂട്ടുന്ന അമ്മ എന്ത് ചെയ്തേനെ..

ഭക്ഷണം ഉണ്ടാക്കാൻ സമയം തികയാതിരുന്ന ഭാര്യ വെറുതെ ഇരുന്നു സമയം പോകാതെ വരുമ്പോൾ വീട്ടിൽ ഉണ്ടാക്കുന്ന യുദ്ധത്തിന്റെ അത്രേം വരുമോ ആദ്യം പറഞ്ഞ യുദ്ധം...

അപ്പോൾ മനുഷ്യന് വിശപ്പ് ഉള്ളത് തന്നെ അല്ലെ നല്ലത്....

മനുഷ്യന്റെ വിശപ്പിന് അവസാനം ഇല്ലല്ലോ..അമാശയത്തിന്റെ വിശപ്പിനപ്പുറം  സ്നേഹത്തിനായി, പരിഗണനയ്ക്കായി,ആത്മീയതയ്ക്കായി, അംഗികാരത്തിനായി, അധികാരത്തിനായി,  സമ്പത്തിനായി.....

എങ്കിലും അടുക്കളയിൽ നിന്ന് ഇടയ്ക്കിടക്ക് ആ നെടുവീർപ്പ് കേട്ടുകൊണ്ടേയിരിക്കും 
"ഹോ മനുഷ്യന് വിശപ്പ് ഇല്ലായിരുന്നെങ്കിൽ "

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക