Image

ഒരു ക്രിസ്തുമസ് വിചാരം (ഡോ. ജോർജ് മരങ്ങോലി)

Published on 08 December, 2022
ഒരു ക്രിസ്തുമസ് വിചാരം (ഡോ. ജോർജ് മരങ്ങോലി)

 

 "ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം." 
            
രണ്ടായിരത്തിലധികം വർഷങ്ങൾക്കുമുമ്പ് ബത്ലെഹെമിലെ കാലിത്തൊഴുത്തിൽ നിന്നുത്ഭവിച്ചു് യുഗയുഗാന്തരങ്ങളായി ആവർത്തിക്കപ്പെടുന്ന ആ മഹത് സന്ദേശവുമായി ഒരു ക്രിസ്തുമസ്‌കൂടി സമാഗതമായിരിക്കുകയാണ്. അത്യന്താധുനിക ചിന്തകളും, സാമൂഹ്യ  മാധ്യമങ്ങളുടെ അതിപ്രസരവും സമന്വയിച്ച നിൽക്കുന്ന ഈ കാലത്ത്  സന്മനസ്സിന്റെയും പങ്കുവെയ്ക്കലിന്റെയും  ആവശ്യകതയെക്കുറിച്ചു  ചിന്തിക്കാൻ ആർക്കാണ്  സമയം?  മനുഷ്യന് തന്റെ  സഹജീവികളൊടെന്നല്ല, വീട്ടിൽ വളർത്തുന്ന മൃഗങ്ങളോടുപോലും അല്പം സ്നേഹവും  ദയയും പ്രകടിപ്പിക്കാൻ സമയമില്ലാത്ത അവസ്ഥാവിശേഷമാണ് ഇന്നുള്ളത്.    പണത്തിനും, പ്രതാപത്തിനും, സ്വന്തം നിലനിൽപ്പിനും വേണ്ടി ഏതു അക്രമങ്ങൾക്കും, കള്ളത്തരങ്ങൾക്കും  കൂട്ടുനിൽക്കുന്ന  ചില പ്രതിഭകൾ നമ്മുടെ സമൂഹത്തിലുണ്ട്!   സനേഹബന്ധങ്ങളെ   കാറ്റിൽ പറത്തിക്കൊണ്ട് സ്വന്തം   കുഞ്ഞുങ്ങളെപ്പോലും പീഡിപ്പിക്കുന്ന രക്ഷകർത്താക്കളെക്കുറിച്ചൊക്കെ നാം പത്രങ്ങളിൽ വായിക്കാറുണ്ട്!  ആർക്കും വേണ്ടാതെ, ആരും സഹായത്തിനില്ലാതെ,  ഉപേക്ഷിക്കപ്പെട്ട കുറെയേറെ വൃദ്ധരായ മാതാപിതാക്കളും നമ്മുടെ സമൂഹത്തിലുണ്ട്! !    ഹണിട്രാപ്പും, മണിട്രാപ്പും,  തട്ടിപ്പും, വെട്ടിപ്പുമായി മറ്റുള്ളവരുടെ പണം പലതരത്തിൽ അടിച്ചുമാറ്റി സുഖമായി ജീവിക്കുന്ന കുറെ  പകൽ മാന്യൻമാരുടെ നാടായിപ്പോയി നമ്മുടേത് എന്ന് പറയാതിരിക്കാൻ വയ്യ! ഇതിനെല്ലാംപുറമെ രാഷ്ട്രീയ, സാമൂഹ്യ , സാമുദായിക സംഘർഷങ്ങളും  സംഘട്ടനങ്ങളും വേറെ!   ഇത് നമ്മുടെ കൊച്ചു കേരളത്തിലെ സ്ഥിയാണെങ്കിൽ  എന്തിനു പറയണം, ലോകം മുഴുവനും ഇന്ന്  അസമാധാനത്തിന്റെ പിരിമുറുക്കത്തിലാണ്!   
           
മുപ്പതാമത്തെ അമേരിക്കൻ പ്രസിഡന്റ്    ആയിരുന്ന കാൽവിൻ കൂലിഡ്ജ് ഒരിക്കൽ പറയുകയുണ്ടായി, " ക്രിസ്തുമസ് ഒരു സമയമോ കാലമോ അല്ല, മസ്നസ്സിനെ   ഉത്തേജിപ്പിക്കുന്ന   സന്ദേശം നൽകുന്ന ഒരു മഹാ സംഭവമാണ്.!"
            
മറ്റെല്ലാ  തലത്തിലുമെന്നപോലെ മതപരമായ ഒരു ആചാരമെന്ന നിലയിൽ, നിന്ന്  വ്യത്യസ്തമായി വാണിജ്ജീകരിച്ച ഒരു മഹാ ഉത്സവമായി ക്രിസ്തുമസ് മാറിക്കഴിഞ്ഞു. പല യൂറോപ്യൻ രാജ്യങ്ങളുടെയും നികുതി വരുമാനത്തിന് ഗണ്യമായ ഒരു മാറ്റം വരുത്തുന്ന  ഒരു സമയമാണ് ക്രിസ്തുമസ് കാലം. ഇന്ന് ഉപഭോക്താക്കൾ ഏറ്റവും അധികം പണം ചിലവഴിക്കുന്ന ചെലവേറിയ  ഒരു ഉത്സവം കൂടിയാണ് ക്രിസ്തുമസ് !  ഈ പറഞ്ഞതിലൊക്കെ  വലിയൊരു കച്ചവട സാധ്യതയല്ലാതെ എവിടെയാണ് സന്മനസ്സിനും പങ്കുവയ്ക്കലിനും പ്രസക്തി? ഈ  ഗുണങ്ങൾ  കാണണമെങ്കിൽ നമുക്ക് ചുറ്റുമുള്ള ലോകം ഒന്ന് വീക്ഷിക്കണം.  നമുക്ക് ചുറ്റുമുള്ള പലരുടെയും ജീവിത രീതികളും കഷ്ടപ്പാടുകളും കാണണം! ഇന്ന് നല്ലൊരു വിഭാഗം ആൾക്കാർക്കും ക്രിസ്തുമസ് ഒരു സ്റ്റാറ്റസ് സിംബൽ ആയി മാറിക്കഴിഞ്ഞു. വിലയേറിയ സമ്മാനങ്ങൾ ഓഫിസിലും, സ്ഥാപനങ്ങളിലും,  കുടുബാങ്ങങ്ങൾക്കുമെല്ലാം  നൽകിക്കഴിയുമ്പോൾ എന്തോ വലിയ കാര്യം ചെയ്തു എന്ന മിഥ്യാബോധം പലരെയും സന്തുഷ്ടരാക്കുന്നു!   അല്പത്വമെന്നു തോന്നാമെങ്കിലും പ്രൗഢിയും പൊങ്ങച്ചവുമൊക്കെ   ഒരു പരിധിവരെ നല്ലതുതന്നെ. പക്ഷെ ആ കൂട്ടത്തിൽ നമ്മുടെ  ചുറ്റുമുള്ളവരെക്കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരു ചെറിയ കളിപ്പാട്ടത്തിനുവേണ്ടി, ഒരു ഉടുപ്പിന് വേണ്ടി, ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കൊതിക്കുന്ന അനേകരുണ്ട് നമുക്ക് ചുറ്റും. ഒരു ചെറിയ സമ്മാനം അവരിലാർക്കെങ്കിലും കൂടി വാങ്ങിക്കൊടുക്കാൻ സന്മനസ്സുണ്ടാകുമ്പോഴാണ് യഥാർത്ഥ ക്രിസ്തുമസ്സിന്റെ സന്ദേശമായ പങ്കുവെയ്ക്കലിന്  നമ്മൾ പങ്കാളികളാകുന്നത്‌.  ഈ അടുത്തുവരുന്ന ക്രിസ്തുമസ്സിനെങ്കിലും നമുക്ക് അങ്ങനെയൊന്നു ശ്രമിച്ചുകൂടേ? 
           
ജോലി സംബന്ധമായി ഞാന് ഭാര്യയും കുറേനാൾ ജപ്പാനിൽ ഉണ്ടായിരുന്നു. അമേരിക്കൻ സംസ്കാരം സ്വീകരിച്ച പൗരസ്ത്യ രാജ്യമെന്നനിലക്ക് ക്രിസ്തുമസ് സമയമാകുമ്പോഴേക്ക് ജപ്പാനിലെ തെരുവുകളൂം കടകമ്പോളങ്ങളുമെല്ലാം വർണ്ണാഭമായ ലൈറ്റുകളും അലങ്കാരങ്ങളുംകൊണ്ട് നിറഞ്ഞിരിക്കും. മിക്കവാറും വീടുകളുടെ മുമ്പിൽ ഒരു പുൽക്കൂടും നിർമ്മിച്ചിട്ടുണ്ടാകും. എന്നാൽ ആ പുൽക്കൂടുകളില്ലാംതന്നെ ഉണ്ണിയേശുവിനുപകരം സാന്താക്ലോസിനെയാണ് അവർ പ്രതിഷ്ഠിക്കാറുള്ളത്!  ബുദ്ധമത വിശ്വാസികളായ   ജപ്പാൻകാർക്ക് ഒരുപക്ഷെ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് സാന്താക്ലോസിനെ മാത്രമേ അറിവുള്ളായിരിക്കാം!   
          
നമ്മുടെയൊക്കെ ആഘോഷങ്ങളും  ജപ്പാൻകാരെപ്പോലെ ക്രിസ്തുവില്ലാത്ത, അഥവാ ക്രിസ്തുമസ്സ് സന്ദേശങ്ങളായ സന്മനസ്സും, പങ്കുവെക്കലുമില്ലാത്ത ഒരു   ക്രിസ്തുമസ്സ്  ആകാതിരിക്കാൻ നമുക്ക് ശ്രമിക്കാം.   ഏവർക്കും ക്രിസ്തുമസ്സ് നവവത്സരാശംസകൾ.    

# Christmas article by Dr. George Marangoly

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക