Image

മിന്നല്‍ മുരളിക്ക് അന്താരാഷ്ട്ര അംഗീകാരം; ബേസിലിന് മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാര്‍ഡ്

ജോബിന്‍സ് Published on 09 December, 2022
മിന്നല്‍ മുരളിക്ക് അന്താരാഷ്ട്ര അംഗീകാരം; ബേസിലിന് മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാര്‍ഡ്

അന്താരാഷ്ട്ര പുരസ്‌കാര തിളക്കത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ബേസില്‍ ജോസഫ്. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബേസില്‍. ടൊവീനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ബേസില്‍ അംഗീകാരത്തിന് അര്‍ഹനായിരിക്കുന്നത്. 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ്  മിന്നല്‍ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

''2022 ലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതില്‍ അതിലേറെ അഭിമാനമുണ്ട്.'' ബേസില്‍ ട്വിറ്ററില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ബേസില്‍ തന്നെയാണ് അംഗീകാര വാര്‍ത്ത പങ്കുവെച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രവും ഒപ്പമുണ്ട്. 

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണമുണ്ട് മിന്നല്‍ മുരളിക്ക്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന് ഇന്ത്യയൊട്ടാകെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ ചിത്രത്തെ തേടിയെത്തി. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിലും ചിത്രം തിളങ്ങിയിരുന്നു. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. സൈമ അവാര്‍ഡിലും ചിത്രം തിളങ്ങി.

basil-minnal murali

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക