Image

വെള്ളത്തിൽ മുങ്ങിയുള്ള കാഴ്ച്ചകൾ (പ്രകാശൻ കരിവെള്ളൂർ )

Published on 10 December, 2022
വെള്ളത്തിൽ മുങ്ങിയുള്ള കാഴ്ച്ചകൾ  (പ്രകാശൻ കരിവെള്ളൂർ )

പ്രേക്ഷണ -നിരീക്ഷണങ്ങളിൽ ഒരാളുടെ ആഭിമുഖ്യ - വൈമുഖ്യങ്ങൾ കലരുന്നത് സ്വാഭാവികം തന്നെ.

കലാ - കായിക - സാഹിത്യ രാഷ്ട്രീയ രംഗങ്ങളിൽ സാമാന്യമായി കണ്ടുവരുന്ന വ്യക്തിപൂജ ദൈവഭക്തി പോലെ ഒരു തരം വിശ്വാസ യുക്തിയിലധിഷ്ഠിതമാണ്. ആസ്വാദനത്തിലേക്കുള്ള ആവേശം വർധിപ്പിക്കുന്നു എന്ന അർത്ഥത്തിൽ മാത്രം ഈ താരാരാധനയെ നമുക്ക് വക വച്ചു കൊടുക്കാം. അതിനപ്പുറം ശുദ്ധ അസംബന്ധവും പ്രതിലോമപരവുമാണ് അത് സൃഷ്ടിക്കുന്ന ആഘാതപ്രത്യാഘാതങ്ങൾ .

ഉദിച്ചുയരുകയോ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്ന താരങ്ങൾ പലപ്പോഴും കെട്ടിയെഴുന്നള്ളിക്കുന്ന കോലങ്ങളായി പരിണമിക്കുകയാണ് ക്രമേണ . അവരുടെ പ്രതിഭ അവർക്ക് നിർണയിക്കാൻ കഴിയാത്ത വിധം പരാശ്രിതമായിത്തീരുന്നു.

മാധ്യമങ്ങളുടെയും മാർക്കറ്റിന്റെയും കഴുകൻകണ്ണുകൾ അവരെ ഉപയോഗിക്കുന്നതിലെ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായാണ് പലപ്പോഴും താരാരാധന പ്രവർത്തിക്കുന്നത്. ഇതിന് പിന്നിലെ ആൾക്കൂട്ട മന:ശാസ്ത്രം ഒട്ടും പുരോഗമനപരമല്ല. ബഹുസ്വരതകളുടെ ജനാധിപത്യ സാധ്യതകളെ അട്ടിമറിച്ച് ഫാസിസത്തിന് ജനതയെ കൂട്ടിക്കൊടുക്കാൻ ഇന്നത്തെ താരവൽക്കരണ പ്രക്രീയകൾ മുൻകൈ എടുക്കുന്നുണ്ട്.

താൻ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ ഊറ്റം കൊള്ളുന്ന ഏതൊരു ഭക്തനും സ്വന്തം കാഴ്ച്ചപ്പാട് സങ്കുചിതമായി സൂക്ഷിക്കുന്നതിന് ന്യായം കണ്ടെത്തുന്നവരാണ്. എതിർവാദങ്ങളെയും അപരസാന്നിധ്യങ്ങളെയും ശത്രുതാപരമായ ഇംഗീതത്തോടെ സമീപിക്കുന്നതിലേക്കാണ് ഈ മനോനില അവരെ വലിച്ചിഴക്കുക.

റിലീസിങ്ങ് സിനിമാക്കാലത്തെ മമ്മൂട്ടി - മോഹൻലാൽ ചർച്ചയും ഇലക്ഷൻ കാലത്തെ പിണറായി - മോദി ചർച്ചയും ലോക കപ്പ് കാലത്തെ ബ്രസീൽ - അർജന്റീന ചർച്ചയും ജനസാമാന്യത്തെ ഹരം കൊള്ളിക്കുന്നത് അതാത് മേഖലകളുമായി ബന്ധപ്പെട്ട ഗൗരവമുള്ള കാര്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടല്ല.

സിനിമയ്ക്കും ഫുട്ബോളിനും പാർട്ടികൾക്കുമൊക്കെ രാഷ്ട്രീയമുണ്ട്. അതിൽ ചില വ്യക്തികളേയോ രാഷ്ട്രങ്ങളെയോ തങ്ങളുടെ ദൈവങ്ങളായി പ്രഖ്യാപിച്ച് മറ്റെല്ലാം എഴുതിത്തള്ളുകയാണ് ഈ ആരാധകരോഗികൾ ചെയ്യുന്നത്.

വെള്ളത്തിൽ ആഴ്ന്ന് മുങ്ങിയിട്ട് കണ്ണ് തുറന്നാൽ വെള്ളമല്ലാതെ മറ്റെന്ത് കാണാനാണ് ?

വായനയും വിശകലനവുമൊക്കെ ശീലിച്ച് സ്വച്ഛമായ നിരീക്ഷണരീതിയും നിലപാടുമൊക്കെ പുലർത്താൻ ശേഷിയുള്ളവർ പൊതുവേ ഇത്തരം മാസ് ഹിസ്റ്റീരിയകളുടെ വക്താക്കളോ പ്രയോക്താക്കളോ ആകാറില്ല .

ഈ ആരാധനാസക്തി ഏറ്റവും കുറഞ്ഞ് കാണുന്നത് സാഹിത്യ രംഗത്താണ്. എന്തു കൊണ്ട് ? സാഹിത്യാസ്വാദകർ കുറച്ചേ ഉള്ളൂ എന്ന് മാത്രമല്ല കാരണം.

വായനാശീലം ആളുകളെ ചിന്താക്ഷമതയുള്ളവരാക്കുന്നു. ആസ്വാദനത്തിന് അവർ ആൾക്കൂട്ടത്തിൽ അഭയം പ്രാപിക്കില്ല. നാലാള് അംഗീകരിക്കുന്നത് മാത്രം ഏറ്റെടുക്കാനും കൊണ്ടു നടക്കാനും അവരെ കിട്ടില്ല.

പത്രവായനയും സമര സന്നാഹങ്ങളും സജീവമായിരുന്ന കാലത്ത് രാഷ്ട്രീയ നേതാക്കൾ താരങ്ങളായത് അവർ അധികാരത്തിൽ വിലസിയിട്ടല്ല. ബാബുരാജ് എന്ന പാട്ടുകാരൻ താരമായത് പണക്കൊഴുപ്പും ആഢംബരപ്പകിട്ടും കൊണ്ടല്ല. ക്ളാസിൽ പഠിപ്പിക്കുന്ന മാഷന്മാരും ടീച്ചർമാരും മാത്രമല്ല വേഗത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവർമാരും അവരോടിക്കുന്ന ബസ്സും വരെ ആരാധനാ പാത്രങ്ങളാവുന്ന കാലത്ത് താരനിർമ്മിതിയിൽ മാധ്യമങ്ങൾക്ക് റോളുണ്ടായിരുന്നില്ല.

ഇന്നത് മാധ്യമങ്ങളുടെ മാത്രം നിർമ്മിതിയാവുമ്പോൾ  മഹത്വത്തെ നിർണ്ണയിക്കുന്നതിൽ നിങ്ങളും ഞാനും ആരുമല്ലാതായിത്തീരുകയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ നിർദ്ദേശിക്കുന്ന, പ്രചരിപ്പിക്കുന്ന ആളുകളെയും കാര്യങ്ങളെയും ചേരിതിരിഞ്ഞ് ഏറ്റെടുക്കുന്ന കേവല ആൾക്കൂട്ടത്തിന്റെ സംസ്കാരം മികവുകൾ പക്ഷഭേദമില്ലാതെ തിളങ്ങി വിളങ്ങാനുള്ള സാധ്യതകൾ അടച്ചു കളയുകയാണ്.

സാമാന്യയുക്തികളെ സാർവത്രികമായി വാഴിച്ച് സവിശേഷ ചിന്തകളെ തമസ്കരിച്ചു കൊണ്ട് സമൂഹം തലച്ചോറില്ലാത്ത ആൾക്കൂട്ടമായി അധ:പതിക്കുന്നു. അതുകൊണ്ടാണ് ലാറ്റിനമേരിക്കയിൽ നിന്ന് ബ്രസീലും അർജന്റീനയും ഖത്തറിൽ വന്ന് കളിക്കുമ്പോൾ എറണാകുളത്തെ നെയ്മറും മെസ്സിയും തെരുവിൽ തല്ലുണ്ടാക്കി പോലീസ് സ്റ്റേഷനിലെത്തുന്നത്.

ഫ്ളക്സ് കട്ടൗട്ടറുകൾക്ക് മേൽ അഭിഷേകം ചെയ്യുന്ന പാലിനേക്കാൾ യുക്തി കല്ലിന്മേൽ പാലൊഴിക്കുന്നതാണ്. കാരണം അവിടെ കല്ല് ദൈവമാണെന്ന സങ്കൽപ്പമെങ്കിലുമുണ്ടല്ലോ...

PRAKASHAN KARIVELLOOR # STAR WORSHIP

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക