രണ്ടായിരത്തി ഇരുപത്തിയാറ് വർഷങ്ങൾക്കു മുമ്പ്, ദാവീദിന്റെ നഗരമായ ബെത്ലഹേമിനു തൊട്ടുകിഴക്കായി, വിശുദ്ധ യെരുശലേമിന് തെക്കുഭാഗത്ത്, കുന്നുകളാൽ ചുറ്റപ്പെട്ട ബെയിത് സഹൂർ എന്ന ഒരു യഹൂദിയൻ താഴ്‌വാരഗ്രാമത്തിൽ, ഒരു പെൺകുട്ടി ജീവിച്ചിരുന്നു. ഹന്നാ എന്നായിരുന്നു പതിനാറുകാരിയായ അവളുടെ പേര്. വിധവയായ അമ്മ മിറിയാമിനോടൊപ്പം ബെയ്ത് സഹൂറിന്റെ പടിഞ്ഞാറേ ഒരു കുന്നിൻചെരുവിലുള്ള വീട്ടിൽ, നാട്ടുകാരുടെ കണ്ണിലുണ്ണിയായി അവൾ വളർന്നു.
ഗ്രാമത്തിന്റെ കിഴക്കു ഭാഗത്തെ കുന്നുകളിൽ ഉണ്ടായിരുന്ന നിരവധി ഗുഹകളിലെ താമസക്കാർ കൂടുതലും ഇടയന്മാർ ആയിരുന്നു. അവരിൽ അബിയ എന്ന സ്നേഹസമ്പന്നനായ ചെറുപ്പക്കാരൻ മിറിയാമിന്റെയും ഹന്നയുടെയും സംരക്ഷകനായി ഭവിച്ചു.
താഴ്‌വരയെ വിഭാഗിച്ചു നടുവിലൂടെ ഒരു അരുവി, വെള്ളത്തിലെ വെള്ളാരം കല്ലുകളെ തഴുകിക്കൊണ്ട് ശാന്തമായി ഒഴുകി. ചുണ്ണാമ്പുകല്ലു കൊണ്ടുള്ള, പാതി ഇടിഞ്ഞ ഒരു ചെറു പാലം അരുവിയുടെ രണ്ടു വശങ്ങളെയും കൂട്ടി മുട്ടിച്ചു. കിഴക്കുള്ള ഗുഹകളിൽ താമസിച്ചിരുന്ന ഇടയന്മാർ രാവിലെ അബിയയോടൊപ്പം ആടുകളെ പാലത്തിനു കുറുകെ നടത്തി പച്ചപ്പ് കൂടുതലുള്ള പടിഞ്ഞാറൻ കുന്നുകളിൽ മേയാൻ കൊണ്ടു പോകുമായിരുന്നു. സൂര്യാസ്തമയത്തിനു മുൻപ് അവർ ആടുകളുമായി മടങ്ങുകയും ചെയ്യും.
സൂര്യൻ തെളിഞ്ഞു ശോഭിക്കുമ്പോൾ, ഉയരം കൂടിയ പടിഞ്ഞാറൻ കുന്നുകളുടെ മുകളിൽനിന്നുള്ള കാഴ്ചകൾ ചേതോഹരങ്ങളായിരുന്നു. താഴ്‌വരയ്ക്ക് ചുറ്റുപാടും നിന്നിരുന്ന ഒലിവ്മരങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, ബെത്ലഹേമിന്റെ വെളുത്ത നിറമുള്ള കിഴക്കൻ മതിലുകൾ, അതിനും അപ്പുറം ഫലഭൂയിഷ്ടമായ വയലുകൾ ഒക്കെ കണ്ണിനു വിരുന്നാകും. താഴ്‌വരയുടെ കിഴക്കുഭാഗത്ത് ഒലിവുമരങ്ങളാലും പൈൻമരങ്ങളാലും ചുറ്റപ്പെട്ട ഒരു കുളം ഉണ്ടായിരുന്നു. 'ഇടയന്മാരുടെ കുളം' എന്ന് വിളിക്കപ്പെട്ടിരുന്ന ആ കുളത്തിൽ കടുത്ത വേനലിൽ പോലും വെള്ളം വറ്റില്ല. കാവൽക്കാരേപ്പോലെ അവിടവിടെ നിന്നിരുന്ന ഈന്തപ്പനകൾ ആയിരുന്നു താഴ്‌വരയിലെ മറ്റൊരു കാഴ്ച. യെരുശലേമിൽ നിന്ന് ബെത്ലഹേമിലേയ്ക്ക് സഞ്ചരിക്കുന്ന യാത്രക്കാർക്ക് തണലായി വർത്തിച്ച അത്തിവൃക്ഷങ്ങൾ വേറിട്ട ഒരു കാഴ്ച സമ്മാനിച്ചു. കിഴക്ക് യഹൂദിയൻ മരുപ്രദേശങ്ങൾ കണ്ണെത്താദൂരത്ത് പരന്നു കിടന്നു. തെക്കേ ചക്രവാളത്തിൽ ഒറ്റപ്പെട്ട ഒരു വലിയ പർവതം തലയുയർത്തി നിന്നു . മേഘങ്ങൾ ഇല്ലാത്ത, തെളിഞ്ഞ ദിവസങ്ങളിൽ മലമുകളിൽ പണിയപ്പെട്ടിരുന്ന ഒരു കൊട്ടാരം ദൂരെ നിന്ന് കാണാൻ ആവുമായിരുന്നു. കൊട്ടാരത്തിന്റെ പേര് 'ഹെരൊദിയം'. നിഷ്ടൂരൻ ആയിരുന്ന ഹെരൊദാ രാജാവിന്റെയും രാജ്ഞി മിരിയാമിന്റെയും വേനൽക്കാല- വസതിയായിരുന്ന പ്രസ്തുത കൊട്ടാരം, പ്രായം ചെന്ന ബെയിത് സഹൂർ നിവാസികളുടെ ഹൃദയത്തിൽ ഒരിക്കലും മായ്ക്കാനാവാത്ത, ഭീതിജനകമായ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട് നിലനിന്നിരുന്നു.
ബെയിത് സഹൂർ നിവാസികളിൽ കൂടുതലും കിഴക്കൻ കുന്നിൻചെരിവുകളിലെ, ഇഷ്ടികകൾ കൊണ്ട് തീർത്ത, ചെറുവീടുകളിൽ പാർത്തു. ഹന്നാ താമസിച്ചിരുന്ന താഴ്‌വരയുടെ പടിഞ്ഞാറേഭാഗത്ത് വീടുകൾ വിരലിൽ എണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ ഭാഗത്ത് പുല്ലുകൾ തഴച്ച് വളർന്നു. അവിടുത്തെ കാറ്റ് പഴുത്ത മാതളപ്പഴങ്ങളുടെ ഗന്ധവും ഇടയമാരുടെ ഓടക്കുഴൽ വിളിയുടെ മധുരശബ്ദവും വഹിച്ചിരുന്നു.
താഴ്‌വാരത്തിലെ ജീവിതം സുഗമമായി കൊണ്ടുപോയിരുന്ന അറിയപ്പെട്ട ഒരുകൂട്ടം അക്കാലത്ത് ബെയിത് സഹൂറിൽ ഉണ്ടായിരുന്നു.
അതേസമയം അജ്ഞാതരായ മറ്റൊരു കൂട്ടരും. പ്രമുഖരിൽ സുനഗോഗിൽ ഇരുന്ന് ആത്മീയനേതൃത്വം നല്കിയ റബ്ബി, ചുരുളുകളിൽ എഴുതുന്ന രായസക്കാരൻ, ഗ്രാമവാസികൾക്ക് വേണ്ടി മരപ്പണികൾ എല്ലാം ചെയ്യുന്ന ആശാരിമാർ, കളിമണ്‍പാത്രങ്ങൾ മെനയുന്ന കുശവന്മാർ, തദ്ദേശവാസികളായ വ്യാപാരികൾ, ദൂരെ നാടുകളിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ വിൽക്കാൻ ഇടയ്ക്ക് എത്തിക്കൊണ്ടിരുന്ന സഞ്ചാരികളായ കച്ചവടക്കാർ, പിന്നെ ഗ്രാമീണർക്ക് വേണ്ടി അദ്ധ്വാനിച്ച് വിളവുകൾ ഉണ്ടാക്കിയ കർഷകർ. പ്രമുഖരുടെ പട്ടിക അവിടെ തീർന്നു. പിന്നെ ശേഷിച്ചത് അജ്ഞാതരായ ഒരു കൂട്ടം പാവങ്ങൾ. അക്കൂട്ടത്തിൽ ശക്തരാൽ ഏറ്റവും അധികം നിന്ദയും ദ്രോഹവും പരാതി ഇല്ലാതെ ഏറ്റുവാങ്ങി ജീവിച്ച ആട്ടിടയന്മാരുടെ നേതാവായിരുന്നു അബിയാ.
ഇടയന്മാരിൽ അധികം പേരും യഹൂദിയായുടെ മറ്റു ഭാഗങ്ങളിൽ നിന്നും യെരുശലേമിൽ തൊഴിൽ അന്വേഷിച്ചു വന്നെത്തിയ പുരുഷന്മാർ ആയിരുന്നു. കുറേക്കാലം മുൻപ്, യെരുശലേംദേവാലയം പുതുക്കിപ്പണിയാൻ ഹെരോദാരാജാവ് തീരുമാനം എടുത്ത നാളുകളിൽ, വിശുദ്ധ നഗരത്തിൽ തൊഴിൽ അന്വേഷിച്ചു വന്ന അനേകരിൽ ചിലർ. ദേവാലയം പുതുക്കുന്നതിന്റെ ചുമതലക്കാരായ പുരോഹി- തന്മാരുടെ സഹായികളായി ചിലർക്ക് ജോലി ലഭിച്ചു. ഭാഗ്യഹീനരായ ശേഷിച്ച കൂട്ടർ ജോലി അന്വേഷി- ച്ചലഞ്ഞു.
ദാരിദ്യം കൂടെപ്പിറപ്പായപ്പോൾ അവരിൽ ചിലർ അടുത്തുള്ള പട്ടണങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേക്കും ജോലി തേടി യാത്രയായി. അവരിൽ ഒരു കൂട്ടർ യരുശലേമിനും യെരീഹോയ്ക്കും ഇടയ്ക്കുള്ള പാതയിലെ യാത്രക്കാരെ കവർച്ച ചെയ്യുന്ന കൊള്ളക്കാരുടെ കൂടെ കൂടി കള്ളന്മാരായി മാറി. ബെയിത് സഹൂറിൽ എത്തിയ മറ്റൊരു കൂട്ടരാകട്ടെ കവർച്ചക്കാരെക്കാളും ക്രൂരന്മായ, ആടുടമകളുടെ സഹായികളായി. ആ യജമാനന്മാർ യെരുശലേം ദേവാലയത്തിലെ പെരുന്നാളുകളിൽ കൊടുംവിലയ്ക്ക് ഊനമില്ലാത്ത ആയിരക്കണക്കിന് ആടുകളെ വിറ്റ് പണം വാരിക്കൂട്ടിയപ്പോൾ, ഇടയന്മാർക്കു ഒരു ദിവസം കൊടുത്തിരുന്ന വേതനം തുച്ഛമായ ഒരു ദ്രഖ്മ.
തുഛമായ വേതനം പറ്റിയിട്ടും ഇയ്യാർ, സിവാൻ, തമുസ്, ആബ്, ഏലുൽ എന്നീ വേനൽ മാസങ്ങളിൽ ഇടയന്മാർ പകലന്തിയോളം അദ്ധ്വാനിച്ചു. രാത്രിയിൽ ആകട്ടെ കുന്നുകളിൽ പതിയിരിക്കുന്ന കുറുക്കന്മാരിൽ നിന്നും, ചെന്നായ്ക്കളിൽ നിന്നും കള്ളന്മാരിൽ നിന്നും ആടുകളെ രക്ഷിക്കാൻ അവർ തീകാഞ്ഞു കാവലിരുന്നു.
ഇടയന്മാരിൽ ഇത്തിരി ഭാഗ്യം ഉണ്ടായിരുന്നവർക്ക് താഴ്‌വരയിലെ പാവങ്ങളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യാനായി. പട്ടിണിയിലും പരാതി ഇല്ലാതെ ചെറുകുടിലുകളിൽ അവർ ജീവിച്ചു. അവരുടെ ഭാര്യമാർ കുഞ്ഞുങ്ങളെപ്പോറ്റി. ഞാങ്ങണകൊണ്ടുള്ള കുട്ടകൾ ഉണ്ടാക്കിയും, കമ്പിളിവസ്ത്രങ്ങൾ നെയ്തും, ആടുകളെ വളർത്തിയും അവർ ഭർത്താക്കന്മാരെ സഹായിച്ചു.
കുടുംബം പുലർത്താൻ നിർവാഹമില്ലാത്ത ഇടയന്മാർക്ക് അവിവാഹിതരായി ജീവിക്കേണ്ടി വന്നു. ആടുകളെ കാക്കുന്ന യാമങ്ങൾ കഴിയുമ്പോൾ കിഴക്കുള്ള ഗുഹകളിൽ അവർ തളർന്ന് ഉറങ്ങിപ്പോന്നു. മൂടൽമഞ്ഞ് കുന്നുകളുടെ മീതെ അവളുടെ തണുത്ത പുതപ്പു വിരിക്കുന്ന രാത്രികളിൽ, ഗുഹയിൽ പാർത്തിരുന്ന ഇടയന്മാർ നിസ്സഹായതയിൽ വിറച്ചു. അങ്ങകലെയുള്ള ആകാശത്ത് തിളങ്ങിയിരുന്ന നക്ഷത്രങ്ങളെ നോക്കി അവർ നെടുവീർപ്പിട്ടു....
വേനൽക്കാലത്തിലെ ഓരോ സന്ധ്യകളിലും ജാഗ്രതയുടെ ഭവനം എന്നർത്ഥമുള്ള ബെയിത് സഹൂരിൽ, ഇടയന്മാർ കിഴക്കൻ കുന്നുകളിലെ ഗുഹകളോട് ചേർന്നുള്ള ആലകളിൽ ആടുകളെ സൂക്ഷിയ്ക്കുമായിരുന്നു. അവർക്ക് ഓരോ ആടുകളുടെയും പേർ അറിയാമായിരുന്നു. പേർ വിളിയ്ക്കുമ്പോൾ ആടുകൾ വിളികൾ തിരിച്ചറിഞ്ഞു. ഇടയന്മാരുടെ വിളികളാലും ആടുകളുടെ പ്രതികരണമായ കരച്ചിലുകളാലും ബെയിത് സഹൂരിലെ സായാഹ്നങ്ങൾ സജീവമായിരുന്നു. പിന്നെ ഊഴം വച്ചുള്ള ജാഗ്രതയുടെ യാമങ്ങൾ തുടങ്ങുകയായി. കള്ളന്മാരിൽ നിന്നും വന്യജീവികളിൽ നിന്നും ആടുകളെ രക്ഷിയ്ക്കാൻ, രണ്ടോ, മൂന്നോ, ചിലപ്പോൾ അതിലധികമോ ഇടയന്മാർ ഉറക്കമൊഴിച്ച് ഉണർന്നിരിയ്ക്കും. മറ്റുള്ളവർ അപ്പോൾ ഗുഹകളിൽ ഉറക്കത്തിലായിരിക്കും. സന്ധ്യ മുതൽ പാതിരാത്രി വരെ, പാതിരാത്രി മുതൽ കോഴി കൂകുന്ന യാമം വരെ , പ്രഭാതം വരെയുള്ള അടുത്ത യാമങ്ങളിൽ ഇടയന്മാർ മാറി മാറി ആടുകളെ കാത്തു. അവർക്ക് അവരെക്കാളും തങ്ങളെ ഏൽപ്പിച്ച ആടുകളോട് സ്നേഹമായിരുന്നു. ആടുകളായിരുന്നു അവരുടെ ലോകം.
മഴ ശക്തമായ തെബെത്, ഷെബെത് മാസങ്ങളിൽ ഇടയന്മാർ ആടുകളെ ഗുഹകളിൽ സൂക്ഷിച്ചു. അവയെ ഉണങ്ങിയ പുല്ലു കൊടുത്ത് സംരക്ഷിച്ചു. തണുത്ത ആ മഴമാസങ്ങൾ ഇടയന്മാർക്ക് മറ്റൊന്ന് സമ്മാനിച്ചു; കടുത്ത ദാരിദ്യം. ആ മാസങ്ങളിൽ അവർക്ക് വേതനം ലഭിച്ചിരുന്നില്ല. പട്ടിണിയും പരിവട്ടവുമായി അവർ എങ്ങനെയോ ജീവിച്ചു....
ആ വർഷം ഏഴാം മാസമായ ത്രിശ്രിയിൽ, രാത്രിയുടെ ഒന്നാം യാമത്തിന്റെ ഏതാണ്ട് പകുതി ആയപ്പോൾ, ഹന്നാ, ഒരു സത്രത്തിൽ ജോലി ചെയ്യാൻ ബെയിത് സഹൂരിൽ നിന്ന് ബെത്ലെഹെമിലേയ്ക്ക് ഒരു ചെറു യാത്ര ചെയ്തു. തുണയായി അബിയായും ഉണ്ടായിരുന്നു. ഇസ്രായേൽ മക്കളുടെ കൊയ്ത്തുത്സവമായ സുക്കോത്തിന്റെ പിറ്റേ രാവിലായിരുന്നു ആ യാത്ര.
(തുടരും…..)
––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––
രണ്ടായിരത്തി ഒൻപതിൽ, അമേരിക്കയിലെ റൈഡർ പബ്ലിഷിംഗ് 'Trails of The Shepherd' എന്ന പേരിൽ ആമസോൺ വഴി പ്രസിദ്ധീകരിച്ച എന്റെ കന്നിപ്പുസ്തകത്തിന്റെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളുടെ ഭാക്ഷാന്തരമായി ഉരുത്തിരിഞ്ഞതാണ് രണ്ടു ഭാഗങ്ങൾ ഉള്ള ഈ ചെറുകഥ. ഈ ക്രിസ്തുമസ്കാലത്ത് ഇക്കഥ എന്റെ വായനക്കാർക്ക് ഇഷ്ടമാവും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം,
ഐപ്പ് മാത്യൂസ്
ഒളശ്ശ
11 ഡിസംബർ, 2022
STORY ON X'MAS - IPE MATHEWS