Image

ഹന്നായുടെ ക്രിസ്തുമസ് (കഥ : ഭാഗം 2- ഐപ്പ് മാത്യൂസ് )

Published on 12 December, 2022
ഹന്നായുടെ ക്രിസ്തുമസ് (കഥ : ഭാഗം 2- ഐപ്പ് മാത്യൂസ് )

അന്ന് യഹൂദിയൻ കുന്നുകൾ ഏതോ സ്വപ്നത്തിൽ  എന്നപോലെ നിന്നിരുന്നു.  നക്ഷത്രങ്ങൾക്ക്  പതിവിലേറെ തിളക്കം ഉണ്ടെന്ന് അവർക്ക് തോന്നി.    അടുത്തുള്ള  ആലകളിൽ സൂക്ഷിച്ചിരുന്ന ആടുകളുടെ ഒറ്റപ്പെട്ട കരച്ചിലും ഇടയ്ക്ക് ചെല്ലക്കാറ്റ്  മരച്ചില്ലകളിലും പുൽത്തുമ്പുകളിലും  ഉതിർത്ത  മർമ്മരശബ്ദവും ഒഴിച്ചാൽ പ്രശാന്തതയിൽ   മുങ്ങിയ ഒരു രാത്രിയായിരുന്നു അത്.

"അബിയാ  എന്തോ അസാധാരണമായത്  ഈ രാത്രിയിൽ  സംഭവിക്കും എന്നെന്റെ  മനസ്സ്  പറയുന്നു. എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്  എന്നെനിക്ക്  അറിഞ്ഞുകൂടാ."    വർദ്ധിച്ച ഉത്സാഹത്തോടെ ഹന്നാ പറഞ്ഞു.

" എനിക്കും അങ്ങനെതന്നെ തോന്നുന്നു  ഹന്നാ. അതിന്റെ കാരണം എനിക്കും അറിഞ്ഞുകൂടാ."  അബിയാ  പ്രതിവചിച്ചു.  

ഇരുവരും പിന്നീട്  നിശബ്ദരായി നടന്നുകൊണ്ടിരുന്നപ്പോൾ  ഹന്നാ അറിയാതെ  അവളുടെ അമ്മയെ ഓർത്തു; വർഷങ്ങളായി  തളർവാതം പിടിപെട്ട്  ശയ്യാവലംബിയായ മിറിയാമിനെ.  ജീവിക്കാൻ വേണ്ടി ഹന്നായ്ക്ക്  വളരെ   അദ്ധ്വാനിക്കേണ്ടി വന്നു.  താഴ്‌വാരഗ്രാമത്തിലെ മറ്റു സ്ത്രീകളോടൊപ്പം  വസ്ത്രങ്ങളും കുട്ടകളും നെയ്യുക, ഇടയ്ക്കിടെ ബെത്ലെഹെമിലെ ഒരു സത്രത്തിൽ  സൂക്ഷിപ്പുകാരന്റെ  ഭാര്യയെ 
മദ്ധ്യവയസ്ക്കരായ കുറച്ചു സ്ത്രീകളോടും  ചെറുപ്പക്കാരികളോടും ചേർന്ന് പാചകത്തിൽ സഹായിക്കുക,  പാത്രങ്ങൾ കഴുകിക്കൊടുക്കുക,  യാത്രക്കാരുടെ മൃഗങ്ങളെ തീറ്റുക  അങ്ങനെ പല ജോലികൾ.. തലേ പകലിലും സത്രത്തിൽ ജോലി ഉണ്ടായിരുന്നു. എന്നാൽ യാത്രക്കാരുടെ തിരക്ക് വളരെയേറെ ആയിരുന്നതുകൊണ്ട് രാത്രിയിലും ജോലി തുടരാൻ സൂക്ഷിപ്പുകാരന്റെ ഭാര്യ ആവശ്യപ്പെട്ടതുകൊണ്ടാണ് ആ രാത്രിയിൽ  ഹന്നാ  വീണ്ടും തിരികെപ്പോയത്.  

പലപ്പോഴും ഹന്നായെ  സത്രത്തിൽ എത്തിയ്ക്കാൻ   തുണയായി വന്നു കൊണ്ടിരുന്ന  അബിയായ്ക്ക്  രാത്രിയിൽ ആടുകൾക്ക് കാവൽ ഇരുന്ന ഇടയരോടൊപ്പം കൂടാൻ ഉടൻ തിരികെപ്പോകേണ്ടിയിരുന്നതുകൊണ്ട് അവർ ദ്രുതഗതിയിൽ  നടന്നു.   

ബെത്ലഹേമിന്റെ  വിളക്കുകൾ   കാണാറായി.

" യഹോവ രാത്രിയാമങ്ങളിൽ നിന്നെ കരുതട്ടെ ." നടത്ത  നിർത്തി  അബിയാ  ഹന്നയോട് പറഞ്ഞു.  

" നമ്മുടെ ദൈവം അബിയായെയും  കാക്കട്ടെ"  പുഞ്ചിരിയോടെ പറഞ്ഞിട്ട്  ഹന്നാ സത്രത്തിലേയ്ക്ക് നടന്നു.  

ഹന്നാ  സത്രകവാടത്തിൽ  സുരക്ഷിതയായി എത്തി  എന്ന്  ഉറപ്പു വരുത്തിയിട്ട്   അബിയാ  മടങ്ങി.

പരിചാരകർക്ക്  നിർദേശങ്ങൾ നൽകിക്കൊണ്ട്  വാതിൽക്കൽത്തന്നെ   സത്രമുടമ   നിൽപ്പുണ്ടായിരുന്നു. 

“ ശാലോം യജമാനനേ"

ഉടമയെ വണങ്ങിക്കൊണ്ട്   ഹന്നാ പറഞ്ഞു. 

പതിവുപോലെ യജമാനൻ   പ്രത്യഭിവാദനം ചെയ്തില്ല.  അദ്ദേഹത്തിന്റെ മുരടൻ സ്വഭാവം ഹന്നായെ  നൊമ്പരപ്പെടുത്തിയെങ്കിലും  
എപ്പോഴും  പുഞ്ചിരിക്കുന്ന,  കരുണയുള്ള  സത്രഉടമസ്ഥന്റെ  ഭാര്യ ഉള്ളിൽ ഉണ്ടല്ലോ എന്ന ചിന്ത അവളെ  സമാശ്വാസപ്പെടുത്തി. 

യാത്രക്കാർ വന്നുകൊണ്ടേയിരുന്നു. അവരുടെ ഉച്ചത്തിലുള്ള സംസാരങ്ങളും, അവരെ ചുമന്ന മൃഗങ്ങളുടെ കരച്ചിലും,  ഭക്ഷണം വിളമ്പുമ്പോൾ  പാത്രങ്ങൾ കൂട്ടിമുട്ടിയുണ്ടാക്കിയ ശബ്ദങ്ങളും അന്തരീക്ഷത്തിൽ  നിറഞ്ഞു. പണക്കാരായ യാത്രക്കാർക്ക് വിശ്രമിക്കാൻ സത്രത്തിൽ കുറേ  മുറികൾ ഉണ്ടായിരുന്നു.  എന്നാൽ അവരുടെ  സേവകർക്കും,  പാവപ്പെട്ട യാത്രക്കാർക്കും  സത്രത്തിന് പുറത്തു  ഭാഗികമായി  കൂടാരം അടിച്ചിരുന്ന  സ്ഥലത്ത്   മൃഗങ്ങളോടൊപ്പം ആയിരുന്നു സ്ഥാനം. 

രാത്രിയുടെ രണ്ടാം യാമമായി. യാത്രക്കാരുടെ തിരക്ക്  അപ്പോഴും കുറഞ്ഞിരുന്നില്ല. റോമായിലെ അഗസ്റ്റസ് കൈസർ  ചക്രവർത്തിയുടെ കല്പ്പന അനുസരിച്ച്  സ്വന്തം പട്ടണമായ ബെത്ലഹേമിൽ   പേർവഴി ചാർത്തുവാൻ   വിദൂരദേശങ്ങളിൽ നിന്ന് എത്തിയവരായ യഹൂദന്മാരായിരുന്നു  അവരിൽ  അധികവും.

സത്രത്തിൽ അഭയംതേടിയെത്തിയ ഒരു യാത്രക്കാരനോട്  ഇടമില്ല എന്ന്  സത്രമുടമ  പരുഷമായി   ഉച്ചത്തിൽ പറയുന്നത്   ഹന്നാ കേട്ടു . അയാളോടൊപ്പം പൂർണഗർഭിണിയായ   ഭാര്യയും   ഉണ്ടെന്നു കണ്ടപ്പോൾ ഹന്നായ്ക്ക്  സങ്കടമായി .

"  യജമാനനെ  ഇവിടെത്തങ്ങാൻ  ദയവായി  അനുവദിക്കണേ. നോക്കൂ എന്റെ ഭാര്യയുടെ പ്രസവസമയം ആയിരിക്കുന്നു .  അവൾക്ക്  ഒരിടം ഇന്ന് രാത്രി അത്യാവശ്യം ആണ്. ഞങ്ങളെ സഹായിക്കണം."

യാത്രക്കാരൻ   സത്രമുടമയോട് കെഞ്ചിക്കൊണ്ടിരുന്നപ്പോൾ ഹന്നാ അദ്ദേഹത്തിന്റെ ഭാര്യയെ ശ്രദ്ധിച്ചു.  ചെറുപ്പക്കാരിയായ ആ ഗർഭിണി  
വേദനകൊണ്ട് പുളയുന്നുണ്ടായിരുന്നു.  രാത്രിയിലെ തണുപ്പിലും  ആ സാധ്വിയുടെ മുഖം വിയർപ്പിൽ കുളിച്ചിരുന്നു. 

" ഞാൻ നിങ്ങളോടു പറഞ്ഞത് മനസ്സിലായില്ല എന്നുണ്ടോ? സത്രത്തിലെ എല്ലാ മുറികളിലും നിറയെ യാത്രക്കാർ ഉണ്ടിപ്പോൾ. നിങ്ങൾ  മറ്റൊരിടം  അന്വേഷിക്കൂ. നിങ്ങൾക്ക്    തരാൻ  ഒഴിഞ്ഞ മുറി ഒന്നും  ഇല്ലിവിടെ."

സത്രമുടമയ്‌ക്കു ഒരു  ദാക്ഷിണ്യവും ഉണ്ടായിരുന്നില്ല. യാത്രക്കാരൻ നിസ്സഹായനായി   അവിടെ നിന്നു.  ഹന്നായുടെ കണ്ണുകൾ വീണ്ടും തന്നെപ്പോലെ പ്രായം തോന്നിച്ച   ചെറുപ്പക്കാരിയായ ആ ഗർഭിണിയിലേയ്ക്ക്  നീണ്ടു.  കഠിനവേദനയുണ്ടായിരുന്നിട്ടും കഷ്ടതയിൽ ആയിരുന്നിട്ടും, ആ യുവതി നിശബ്ദയായിരുന്നു. പ്രസവവേദനയുടെ തീവ്രതയിൽ  നിൽക്കാനോ  ഇരിക്കാനോ വയ്യാതെ സത്രത്തിന്റെ പ്രവേശനഭിത്തിയിൽ ആ രൂപം  ചാരിനിന്നിരുന്നു.   ആ പുരുഷൻ തന്റെ ഭാര്യയെ താങ്ങി നിശബ്ദനായി പുറത്തേയ്ക്കു കൊണ്ടുപോകാൻ  ശ്രമിയ്ക്കുന്ന കാഴ്ച ഹന്നായുടെ   ഹൃദയത്തെ തകർത്തു. 

ഒരു നിമിഷം  താൻ  സത്രത്തിലെ  വെറും ഒരു പരിചാരികയാണെന്ന് ഹന്നാ മറന്നു.  പെട്ടന്നുള്ള വാക്കുകൾ ഒരു പക്ഷെ തന്റെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കിയേക്കാം എന്ന കാര്യവും അവൾ മറന്നു. അവർക്കായി എന്തെങ്കിലും ഉടൻ   ചെയ്തേ പറ്റൂ എന്ന ചിന്ത മാത്രമേ ആ നിമിഷം  അവളെ ഭരിച്ചുള്ളൂ.

ഹന്നാ സത്രം ഉടമയുടെ അടുക്കലേക്കു ഓടിച്ചെന്നിട്ടു   തിടുക്കത്തിൽ പറഞ്ഞു:

" യജമാനനെ  ഇവരെ ഈ അവസ്ഥയിൽ  പറഞ്ഞു വിടരുതേ. പോയാൽ ചിലപ്പോൾ  ഈ ഗർഭിണി മരിച്ചുപോയേക്കാം. ഇവരെ ഇവിടെ താമസിക്കാൻ  അനുവദിച്ചാൽ ഇവിടെയുള്ള സ്ത്രീകളിൽ ആർക്കെങ്കിലും  ഒരു വയറ്റാട്ടിയുടെ സ്ഥാനത്തു ഇവർക്ക് ശുശ്രൂഷ കൊടുക്കാനാവും. ഇവരോട് കരുണ കാട്ടണം."

"  ഞാൻ  പറഞ്ഞതാണ്‌  സത്യം എന്ന്  നീയും  മനസ്സിലാക്കിയില്ലേ? എല്ലാ മുറികളിലും യാത്രക്കാർ ഉണ്ട്.  വേലക്കാരും മൃഗങ്ങളും വിശ്രമിക്കുന്ന സ്ഥലത്തുപോലും ഒരുതരി ഇടമില്ല.  ഇനി  ഞാൻ എന്തുവേണമെന്നാണ് നീ പറയുന്നത്?"  അയാളുടെ ശബ്ദം പാറയെക്കാൾ കഠിനമായിരുന്നു. ഉടമയുടെ ഭാര്യ, ഒരുപക്ഷെ അയാളോടുള്ള ഭയം കൊണ്ടാവണം,  ഒരക്ഷരം ശബ്ദിച്ചില്ല.   

പെട്ടന്ന്, അധികം സൗകര്യം ഒന്നും ഇല്ലെങ്കിലും അമ്മയാകാൻ പോകുന്ന ആ യുവതിക്ക്  അകലെയല്ലാതെ ഒരിടമുണ്ടെന്ന്  ഹന്നാ ഓർത്തു; സത്രമുടമ  അയാളുടെ പശുക്കളെയും, ആടുകളെയും മറ്റു മൃഗങ്ങളെയും സൂക്ഷിക്കുന്ന ഒരു ഗുഹ. ഗുഹയിലെ മൃഗങ്ങൾക്ക് പതിവായി ആഹാരവും വെള്ളവും  കൊടുത്തിരുന്നതു കൊണ്ട് ഹാന്നായ്ക്ക്   അവിടം   സുപരിചിതമായിരുന്നു. 

ധൈര്യം സംഭരിച്ചു കൊണ്ട് അവൾ സത്രം ഉടമയോടു പറഞ്ഞു:

" യജമാനനെ, കുറഞ്ഞപക്ഷം  അങ്ങേയ്ക്ക്   മൃഗങ്ങളെ സൂക്ഷിക്കുന്ന ഗുഹയിൽ  ഈ രാത്രി പാർക്കാൻ ഇവരെ അനുവദിച്ചു കൂടെ?" 

ഹന്നായുടെ  ധൈര്യം നിറഞ്ഞ വാക്കുകൾ കേട്ട് സത്രമുടമ വിശ്വാസം വരാതെ അവളെ തുറിച്ചു നോക്കി. അയാളുടെ കൺപുരികങ്ങൾ വലിഞ്ഞു മുറുകി. പിന്നെ കരുണയുടെ ഒരു നേർത്ത ഭാവം ആ മനുഷ്യന്റെ മുഖത്ത് തെളിഞ്ഞു.  അയാൾ പറഞ്ഞു:

" ശരി. ഗുഹയിൽ ഇവർ പാർക്കാൻ ഞാൻ അനുവദിക്കാം.  അവരെ സ്ഥലം കാണിച്ചിട്ട് വേഗം തിരിച്ചു വരണം. നിന്റെ ജോലി ഇനിയും തീർന്നിട്ടില്ല. പിന്നെ ഒരു കാര്യം, ഈ രാത്രിയാമങ്ങൾ കഴിഞ്ഞാൽ അവർ  ഗുഹ വിടണം. രാവിലെ കൂടുതൽ മൃഗങ്ങളെ അങ്ങോട്ട് മാറ്റാനുണ്ട്    ഇവർക്ക് കൊടുക്കാൻ ഭക്ഷണം ഒന്നും ഇവിടെ ഇരിപ്പില്ലെന്നും  അവരെ ധരിപ്പിക്കണം."  കൂടുതൽ ഒന്നും പറയാതെ സത്രം ഉടമ ഉള്ളിലേയ്ക്ക് പോയി.  

ഹന്നായ്ക്ക്  ആശ്വാസമായി.  പുറത്തോട്ടു  നടന്നു തുടങ്ങിയിരുന്ന  ആ യാത്രക്കാരുടെ പിറകെ അവൾ ഓടി.  ഇതിനകം ഗർഭിണിയായ സ്ത്രീയുടെ അവസ്ഥ  കൂടുതൽ  വഷളായിരുന്നു.  അവർ യാത്ര  ചെയ്ത കഴുതപ്പുറത്ത്   കയറാൻ  വയ്യാത്ത അവസ്ഥയിൽ ആയിരുന്നു ആ യുവതി. കഠിനവേദന കൊണ്ട് അവർക്ക്  നടക്കാനും പ്രയാസമായിരുന്നു.  ആ പുരുഷൻ  എന്തു  വേണമെന്നറിയാതെ പകച്ചു നിന്ന നിമിഷം ഹന്നാ അവരോടൊപ്പം എത്തി. 

"  ഞാൻ നിങ്ങളെ ഒരു ഗുഹയിൽ കൊണ്ടാക്കാം.  അത്ര സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് ഇന്ന് രാത്രി അവിടെ വിശ്രമിക്കാം."  

അവൾ തിടുക്കത്തിൽ പറഞ്ഞു.

" ഒരു നിമിഷം നിൽക്കണെ.  ഞാൻ ഇപ്പോൾ വരാം"   അവൾ അപ്രത്യക്ഷയായി.  താമസിയാതെ  ഒരു കയ്യിൽ  ഒലിവു വിളക്കും മറുകയ്യിൽ ഒരു കൂടയുമായി  അവൾ പാഞ്ഞെത്തി.

ഹന്നാ വിളക്കുമേന്തി അവരെ ഗുഹയിലേക്ക്  നയിച്ചു .    ഗർഭിണി ബുദ്ധിമുട്ടിയാണെങ്കിലും ഭർത്താവിന്റെ താങ്ങോടെ പിന്നാലെ നടന്നു.  അവർക്ക് പിറകിൽ കൂടെയുണ്ടായിരുന്ന കഴുതയും.  

"  എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ.  ആ പുരുഷൻ  വികാരാധീനനായി പറഞ്ഞു. 

" നന്ദി യഹോവായ്ക്ക് മാത്രം കരേറ്റിയാലും.  ഞാൻ അവിടത്തെ ഒരു ദാസി മാത്രം." ഹന്നായുടെ മറുപടി പെട്ടന്നായിരുന്നു. 


"  ഗുഹ ഇവിടെ അടുത്താണോ?   ക്ഷമിക്കണം. പേരുപോലും ഞാൻ ചോദിച്ചില്ല"  ആ പുരുഷന്റെ ആകാംഷയുടെയും, ആശങ്കയുടെയും  മുനയിൽ നിന്നുള്ള  വാക്കുകളാണ് താൻ കേൾക്കുന്നതെന്ന്  ഹാന്നായ്ക്ക്   നല്ലവണ്ണം  മനസ്സിലായി. 

" എന്റെ  പേര് ഹന്നാ. വിഷമിക്കേണ്ട യജമാനനേ  നമ്മൾ ഗുഹയ്ക്ക്  അടുത്തെത്തിക്കഴിഞ്ഞു."


ഹന്നായുടെ  വാക്കുകൾ അപരിചിതന്  കുളിർമഴയായി. 

" ഹന്നാ എന്നാൽ കൃപ  എന്നർത്ഥം.  ഹന്നായ്ക്കു  എക്കാലത്തും യഹോവയുടെ  കൃപയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.  എന്റെ പേര് യോസേഫ്.  ഇത് എന്റെ ഭാര്യ മറിയം.    ഞങ്ങൾ  നസ്രേത്തിൽ നിന്നാണ് വരുന്നത്. 

അപ്പോഴേയ്ക്കും   ഗുഹ കാണാറായി.  ആടുകളും മറ്റു മൃഗങ്ങളും   കരയുന്ന ശബ്ദം അവർ കേട്ടു.  ഗുഹയുടെ  മുൻവശത്ത്  ഒരു തടിവാതിൽ ഉണ്ടായിരുന്നു.  ഹന്നാ  വാതിൽ തുറന്നപ്പോൾ അകത്താരോ നേരത്തെ കൊളുത്തി വച്ചിരുന്ന ഒരു വിളക്കിന്റെ രശ്മികൾ പുറത്തേയ്ക്ക് അരിച്ചിറങ്ങി.  മൃഗങ്ങളുടെ സംഘഗാനത്തിന്റെ കൂടെ  മറിയം  സഞ്ചരിച്ചിരുന്ന കഴുതയും കൂടി. ഗുഹയിലെ മൃഗങ്ങൾ ആഗതരെ സ്വാഗതം ചെയ്യുകയാണെന്നും, കഴുത യജമാനത്തിയുടെ പേരിൽ തിരിച്ചു  വന്ദനം  പറയുകയാണെന്നും ഹന്നാ സങ്കൽപ്പിച്ചു. 

ഗുഹയുടെ ഒരു മൂലയിൽ  കൂട്ടിവച്ചിരുന്ന വൈക്കോൽ   ഉപയോഗിച്ച്  യോസേഫ് നൊടിയിടയിൽ  മറിയമിന്  കിടക്കാൻ  ഒരു ശയ്യ തയ്യാറാക്കി. അതിന്റെ മുകളിൽ മറിയമിന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു തുണി വിരിച്ചു. 

താൻ കൊണ്ടുവന്ന കൂട  ഹന്നാ   യോസേഫിനെ  ഏൽപ്പിച്ചു. അതിലുണ്ടായിരുന്ന വസ്തുക്കൾ യോസേഫിനെ അമ്പരപ്പിച്ചു; കുറച്ചു പഴങ്ങളും, ഒരു  വലിയ അപ്പവും, ഒരു തുരുത്തിയിൽ കുറച്ചു വീഞ്ഞും. 

"  ഇത് നിങ്ങൾക്ക്  തികയുമോ എന്നെനിക്കറിയില്ല. എനിക്കാകെ ഉണ്ടായിരുന്നത്  ഇത് മാത്രമായിരുന്നു. സത്യം പറഞ്ഞാൽ സത്രത്തിൽ നിന്ന് എനിക്ക് കിട്ടിയതാണിത്. എന്നാൽ എന്നെക്കാളും  ഇതിപ്പോൾ നിങ്ങൾക്കാണ് ഏറെ ആവശ്യം. ദയവായി സ്വീകരിച്ചാലും."  ഹന്നാ വിനയത്തോടെ പറഞ്ഞു. 

" ആയിരം തവണ ദൈവം അനുഗ്രഹിക്കട്ടെ"  യോസേഫ്  ഈ വാക്കുകൾ ഉരുവിട്ടപ്പോൾ,  ആ  കണ്ണുകളിൽ പറഞ്ഞറിയിക്കാനാവാത്ത നന്ദിയുടെ തിളക്കം ഉണ്ടായിരുന്നു. നല്ല  വിശപ്പുണ്ടായിരുന്നിട്ടും   ആ ഭക്ഷണം  മറിയാമിന് വേണ്ടി  ആ സ്നേഹനിധി മാറ്റി വച്ചു. 

"  കൂടുതൽ  സമയം ഇവിടെ നിന്ന് നിങ്ങളെ ശുശ്രൂഷിക്കണമെന്നുണ്ടെനിക്ക്. എന്നാൽ  ഞാൻ ഉടൻ സത്രത്തിൽ മടങ്ങിയെത്തുമെന്ന വ്യവസ്ഥയിലാണ്  യജമാനൻ എന്നെ നിങ്ങളുടെ കൂടെവിട്ടത്.  നിങ്ങളെ രണ്ടുപേരെയും ജനിക്കാൻ പോകുന്ന കുഞ്ഞിനേയും  സർവശക്തൻ കാക്കട്ടെ. 

ഇതിനകം  വൈക്കോൽമെത്തയിൽ കിടന്നു കഴിഞ്ഞിരുന്ന മറിയമിന്റെ നെറ്റിയിൽ മെല്ലെ  തടവിയിട്ടു ഹന്നാ സത്രത്തിലേയ്ക്ക് ധൃതിയിൽ മടങ്ങി. 

(തുടരും)

STORY IPE MATHEWS ON X'MAS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക