Image

ധാർമ്മികതയുടെ തിരയലുകൾ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

Published on 16 December, 2022
ധാർമ്മികതയുടെ തിരയലുകൾ (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

(സാംസി കൊടുമണ്ണിന്റെ "വെനീസിലെ പെൺകുട്ടി" എന്ന കഥാസമാഹാരം - നിരൂപണം)

ജീവിതത്തെ വിമർശനാത്മകമായി നോക്കി കാണുന്ന ഒരു എഴുത്തുകാരനാണ് ശ്രീ സാംസി. സാഹിത്യത്തിന്റെ യാഥാര്‍ത്ഥ്യവാദം (realism) അദ്ദേഹം കഥകളിൽ പ്രയോഗിക്കുന്നുണ്ട്. നമ്മൾ ജീവിതത്തിൽ കാണുന്ന സംഭവങ്ങളെ അദ്ദേഹം സ്വാഭാവികതയോടെ പകർത്താൻ ശ്രമിക്കുകയാണ്. വെറുതെ പകർത്തുകയല്ല വായനക്കാരന്റെ മനസ്സിൽ അതെല്ലാം ഗാഢമായി സ്പർശിക്കുന്നവിധം. അവൻ മുമ്പ് കാണുകയോ കേൾക്കുകയോ ചെയ്ത ഒരു സംഭവത്തിന്റെ വിവിധമാനങ്ങൾ ശ്രീ സാംസി തുറന്നുകാട്ടുന്നു. കാല്പനികത കൈവിടാതെ യാഥാർഥ്യങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കുന്ന രചനാതന്ത്രമാണ് ശ്രീ സാംസിയുടെ വിജയം. 
ജീവിതത്തിലെ ധാർമ്മികത നഷ്ടപ്പെടുന്നതായി അദ്ദേഹത്തിന് തോന്നുന്നു. അതിനായുള്ള തിരച്ചിൽ നടത്തുകയാണ് അദ്ദേഹം. ഒപ്പം വായനക്കാരെയും ആ ദൗത്യത്തിന്   പ്രോത്സാഹിപ്പിക്കുന്നു.എന്തുകൊണ്ടാണ് മനുഷ്യജീവിതം ദുഃഖപൂർണ്ണമാകുന്നത്. അതിനു കാരണം അവൻ ഉണ്ടാക്കിവച്ചിരിക്കുന്ന നിയമങ്ങളാണോ അതോ ആചാരങ്ങളാണോ.? എല്ലാറ്റിനെയും ചോദ്യം ചെയ്യുകയാണ് കഥാപാത്രങ്ങളുടെ ജീവിതങ്ങളിലൂടെ.  ചില ജീവിതങ്ങൾ നിയന്ത്രിക്കാനാവാത്തവിധം ഹോമിക്കപ്പെടുന്നു. അവർ നിസ്സഹായരാണ്. അവർ ആരിൽ രക്ഷ കാണും? ശ്രീ സംസിയുടെ കഥകളിലെ വില്ലനാണ് സമൂഹം. 
ഒരു പാവം നേഴ്സ് ഒരാളെ പ്രണയിക്കുന്നു. വിവാഹത്തിലെത്തുന്നതിനു മുമ്പ് അവളുടെ കാമുകൻ മരിക്കുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു പരിധിയുണ്ട്.അയാളുടെ ഓർമ്മകളുമായി ജീവിക്കാൻ സമൂഹം അവളെ അനുവദിക്കില്ല. എന്നാൽ വേറൊരാളെ വിവാഹം കഴിച്ചാൽ അയാൾ പൂർവബന്ധത്തിന്റെ പേരും പറഞ്ഞു അവരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഓരോ കഥകളും വായിക്കുമ്പോൾ നമുക്ക് പരിചിതമായി തോന്നുന്നത് സാംസിയുടെ ആവിഷ്‌ക്കാരശൈലിയുടെ ഭംഗിയും ഓരോ സംഭവങ്ങളും യാഥാർഥ്യത്തിലൂടെ അവതരിപ്പിക്കുന്നതുകൊണ്ടുമാണ്. 
ധാരാളം പ്രശ്നങ്ങൾ കഥാപാത്രങ്ങൾ അനുഭവിക്കുമ്പോഴും അതിനുള്ള പ്രതിവിധി കാണാൻ കഴിയാതെ സാംസിയുടെ ധാർമ്മികരോഷം തിളച്ചു മറിയുന്നത് കാണാം. മതത്തിന്റെ പേരിൽ രണ്ടു മുസ്‌ലിം ബാലകർ നിഷ്ക്കരുണം കൊലചെയ്യപ്പെടുന്നത് കണ്ടു സാംസി ദുഖിക്കുന്നു.  ചില കഥകളെ സമൂഹത്തോടുള്ള ചോദ്യങ്ങളായി കാണാം. ചോദ്യങ്ങൾക്ക് ഒരു ഉത്തരമില്ല. ഉത്തരങ്ങൾ അനവധിയാകുന്നുവെന്നു കഥാകൃത്ത് തിരിച്ചറിയുന്നുണ്ട്. വ്യവസ്ഥിതികൾ സത്യസന്ധമായി നില നിൽക്കുകയാണെങ്കിൽ ഉത്തരങ്ങളുടെ ബാഹുല്യം കുറയുമെന്നും അദ്ദേഹത്തിനറിയാം. അതുകൊണ്ടു സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെ  വായനക്കാർക്ക് സഹായകമാകും വിധം വ്യക്തമായ വിവരണങ്ങൾ നൽകുന്നു.
ആനുകാലിക സംഭവങ്ങൾ പ്രതിഫലിക്കുന്ന കഥകൾ വായനക്കാരെ കൂടുതൽ സ്വാധീനിക്കാൻ കഴിയുന്നു. തന്നെയുമല്ല അത്തരം കഥകൾ സമൂഹത്തിന്റെ തിന്മകൾക്കെതിരെ ശബ്‌ദിക്കുന്നതുകൊണ്ട് മാറ്റത്തിന്റെ പ്രതിധ്വനിയുണ്ടാക്കാൻ സഹായിക്കുകയും ചെയ്യും. അത് നമുക്ക് ചുറ്റും അരങ്ങേറുന്ന ജീവിതങ്ങളെക്കുറിച്ച് മനസ്സിലാക്കാനും  അതിന്റെ ഉൾക്കാഴ്ചകളിലേക്ക് എത്തിനോക്കാനും സഹായകമാകുന്നു. ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കെ അവരെല്ലാം ഓർമ്മയിൽ സൂക്ഷിക്കുന്ന ചില സംഭവങ്ങൾ അവരെ അവരറിയാതെ സ്വാധീനിച്ചുകൊണ്ടിരിക്കും.  എഴുത്തുകാരും വ്യത്യസ്തരല്ല അവരും ഓർമ്മകളുടെ, അനുഭവങ്ങളുടെ ചുമട് താങ്ങുന്നവരാണ്. അവരത് ഇറക്കി വയ്ക്കുമ്പോൾ നമുക്ക് ആ ഭാരം അനുഭവപ്പെടുന്നു.
അമേരിക്കയിൽ കഴിയുന്ന പ്രവാസി എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ സാംസി കൊടുമണ്ണിന്റെ കഥകളിലൂടെ കണ്ണോടിക്കുമ്പോൾ നമ്മൾ എത്രയോ ജീവിതങ്ങൾ കാണുന്നു. അതിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ, നഷപ്പെട്ട പ്രതീക്ഷകൾ അവരുടെ മനസിലുണ്ടാക്കുന്ന ശൂന്യത, നഷ്ടബോധം എന്നിവ നമ്മുടെ മുന്നിൽ കഥാകൃത്ത് നിരത്തുമ്പോൾ നമ്മൾ നമ്മെ തന്നെ ഒരു ആത്മപരിശോധനക്ക് വിധേയമാക്കാൻ നിർബന്ധിതരാവുന്നു.  ജീവിതത്തിന്റെ നിഗൂഢതകൾ എന്നും ഒരു സമസ്യയാണ് മനുഷ്യർക്ക്.  അവന്റെ നിഷ്ക്കളങ്കമായ ചിന്താഗതികൾക്കപ്പുറത്ത് അവനെ നീരാളി പോലെ പിടിക്കുന്ന ദുഷ്ടത ഒളിഞ്ഞിരിപ്പുണ്ട്. “മോഹനവർമ്മയുടെ അമ്മ” എന്ന കഥ അത്തരത്തിൽ ഒന്നാണ്. ചില ചതിക്കുഴികളിൽ നിന്ന് നമ്മൾ കയറിവന്നാലും ആ കുഴിക്ക് ചുറ്റും നമ്മൾ ബന്ധിതരാണെന്ന ബോധം വരുമ്പോൾ എന്ത് ചെയ്യാൻ കഴിയും. മനുഷ്യരുടെ നിസ്സഹായതയും, പരിമിതികളും, പരാജയങ്ങളും കലർപ്പില്ലാതെ പകർത്തുകയാണ് ശ്രീ സാംസി. അതെല്ലാം വായിച്ച് നമ്മൾ വിസ്മയാധീനരാകുന്നു. പലപ്പോഴും നമ്മുടെ നിഗമനങ്ങളിൽ നിന്നും വ്യത്യസ്തമായി കഥ പരിണമിക്കുന്നു.  “മോഹനവർമ്മയുടെ അമ്മ”യിലൂടെ സമൂഹമനസ്സിന്റെ വൈകൃതങ്ങൾ തുറന്നുകാട്ടുകയാണ് കഥാകൃത്ത്. ഒരു സ്ത്രീ ദുർമാർഗിയാകുന്നത് എങ്ങനെ എന്ന് അന്വേഷിക്കാൻ സമൂഹത്തിനു സമയമില്ല. അവരെ അങ്ങനെ വിളിച്ച് രസിക്കാനാണ് സമൂഹം ഇഷ്ടപ്പെടുന്നത്. അമ്മയുടെ ഉത്തരം കേട്ട് അമ്പരക്കുന്ന മകൻ എത്രയോ പേരുടെ പ്രതിനിധിയാണ്. കഥയിലൂടെ പ്രതിഫലിപ്പിക്കുന്ന സത്യത്തിന്റെ വെളിച്ചം സമൂഹം തീർത്ത പുകമറ നീക്കാൻ പര്യാപ്തമാകുമ്പോൾ കഥ വിജയിക്കുന്നു.
നമ്മൾ കാണുന്ന ലോകം തന്നെയാണ് കഥാകൃത്ത് കാണുന്നെങ്കിലും അദ്ദേഹം കാഴ്ചകളെ വിപുലപ്പെടുത്തി നമ്മൾക്ക് അതിന്റെ പൂർണ്ണരൂപം നൽകുന്നു. ഫ്യുഡലിസത്തെ തോൽപ്പിക്കാൻ കമ്യുണിസം വന്നെങ്കിലും അതിൽ ചെന്നവർ അതിന്റെ പ്രത്യയശാസ്ത്രങ്ങൾ അനുസരണയോടെ ഉൾക്കൊണ്ടപ്പോൾ പരാജയപ്പെടുകയാണ് ഉണ്ടായത്. കുടിയാന്മാർക്ക് കിടക്കാൻ ഒരു “കട്ടിലി”നു ജന്മിയോട് തന്നെ ചോദിക്കേണ്ടി വരുന്നു. പണം സ്വീകരിക്കാതെതന്നെ അയാൾ കട്ടിൽ അവർക്ക് കൊടുക്കുന്നു. സ്വന്തം മകൻ നഷ്ടപ്പെട്ട ദമ്പതികളുടെ ദുഖവും പാർട്ടിയുടെ കള്ള പ്രലോഭനങ്ങളും വായനക്കാരന്റെ മനസ്സിനെ ഉലക്കുന്നവിധം അവതരിപ്പിക്കാൻ കഥാകൃത്തിനു കഴിയുന്നുണ്ട്. ഇവിടെ നമ്മൾ കാണുന്നത് എഴുത്തുകാരന്റെ ആത്മവിശ്വാസമാണ്. അദ്ദേഹം സൃഷ്ടിക്കുന്ന ലോകം അതേപ്പടി നമ്മൾ പുറത്തുകാണുന്നത് തന്നെയാണെന്ന് നമ്മളെ ബോധിപ്പിക്കാനുള്ള ആർജ്ജവം.


ജീവിതത്തിന്റെ സങ്കീർണതകളാണ് ശ്രീ സംസിയുടെ കഥകളുടെ ഇതിവൃത്തം. സ്വദേശിയായാലും പ്രവാസിയായാലും ജീവിതം മാറുന്നില്ല. ജീവിക്കുന്ന സാഹചര്യങ്ങളിൽ ഓരോരുത്തരും ജീവിതത്തെ എങ്ങനെ സമീപിക്കുന്നവന്നു ശ്രീ സാംസി വരച്ചുകാട്ടുകയാണ്. അതേസമയം ആ ജീവിതങ്ങളിൽ സംഭവിക്കുന്ന ഘടനകളുടെ ഉത്തരവാദിത്തം ആരിൽ നിക്ഷേപിക്കണമെന്നാണ് ശ്രീ സാംസിയെ കുഴയ്ക്കുന്നത്. സ്വയം പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളിൽ മനുഷ്യരാശി അകപ്പെട്ടിരിക്കയാണ്.  പ്രളയത്തിൽ (പ്രളയം മുതൽ പ്രളയം വരെ) സഹായഹസ്തം നീട്ടിയ ഒരാൾക്ക് അതിനു പകരമായി കിട്ടുന്ന അനുഭവം ആരുടെയോ ശവവും പേറി മോർച്ചറി തോറും കയറിയിറങ്ങുക. അതേസമയം ദൈവപ്രതിനിധികൾ സംസ്കരിക്കാൻ അനുവദിക്കാത്ത മാതാവിന്റെ ജഡവും പേറി ഒരു മകൻ. ഇവരുടെയൊക്കെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയില്ലെന്നാണ് ശ്രീ സാംസി പറയുന്നത്. കാരണം മനുഷ്യർ വിശ്വാസങ്ങൾക്കും ബന്ധങ്ങൾക്കും അടിമകളാണ്. അതിൽ നിന്നും മോചനമുണ്ടാകണമെന്നു കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ട്. ഒരു അധ്യാപകൻ ബോർഡിൽ എഴുതികാണിക്കുന്നപോലെ ശ്രീ സാംസി ജീവിതങ്ങൾ വരച്ചുകാട്ടുന്നു. പണ്ടെങ്ങോ ബന്ധപ്പെട്ടു മറന്നുപോയ സ്ത്രീയെത്തേടി പോകുന്ന (ഉദകക്രിയ) കഥാപാത്രത്തിന്റെ ഉദേശ്യം എന്താണ്. വർഷങ്ങൾക്ക് ശേഷം അയാളിൽ  പശ്ചാത്താപം നിറഞ്ഞുവോ? ഏതോ വിധിവൈപരീത്യം പോലെ റോഡപകടത്തിൽ ആ സ്ത്രീ അയാളുടെ അരികിൽ ചോരയൊലിപ്പിച്ച് വീഴുന്നു. യാദൃശ്ചികമോ? കാലം കണക്കു ചോദിക്കുന്നതോ? അയാൾ അവളെ മടിയിൽ കിടത്തി ശുശ്രൂഷിക്കുന്നു.  ശ്രീ സാംസി അമ്പരന്നു നിൽക്കയാണ്. എന്താണ് മനുഷ്യജീവിതത്തിൽ സംഭവിച്ചുകൊണ്ടരിക്കുന്നത്.
ശ്രീ സംസിയുടെ കഥകളിലൂടെ കടന്നുപോകുമ്പോൾ ഒരു കഥാകൃത്ത് എന്നതിനേക്കാൾ സാംസി ഒരു ദാർശനികനായിട്ടാണ് കാണുക. അദ്ദേഹത്തിന്റെ കഥകൾ തത്വജ്ഞാനപരമാണ് (philosophical stories) പലപ്പോഴും അദ്ദേഹം സത്യാന്വേഷകനാകുന്നു. എന്താണ് മനുഷ്യജീവിതത്തിൽ സംഭവിക്കുന്നത്. കഥകളിലെ പ്രമേയങ്ങൾ പലതും മറ്റു കഥാകൃത്തുക്കൾ ഉപയോഗിച്ചിട്ടുള്ളതായി കാണാമെങ്കിലും സാംസി അവയ്ക്ക് പുതുമയും പുതിയ മാനവും നൽകുന്നു. ആ പ്രമേയങ്ങളെ സ്വന്തമായി സൃഷ്ടിക്കുന്ന ഒരു ലോകത്ത് താൻ തന്നെ വിഭാവനം ചെയ്യുന്ന കഥാപാത്രങ്ങളുമായി ശ്രീ സാംസി കഥ പറയുകയാണ്. വെറുതെ കഥ വായിച്ചുപോകുന്നവർക്ക് കഥകളിൽ നിഗൂഢമായിരിക്കുന്ന അർത്ഥതലങ്ങൾ മനസിലാക്കാൻ പ്രയാസമാകാം. പറഞ്ഞിട്ടും പറഞ്ഞിട്ടും പോരാ എന്ന് കഥാകൃത്തിനു തോന്നുന്നതുകൊണ്ടാകാം കഥകൾക്ക് നീളക്കൂടുതൽ വന്നു ചേർന്നത്.  
ശ്രീ സാംസി കൊടുമണ്ണിന്റെ "വെനീസിലെ പെൺകുട്ടി എന്ന കഥാസമാഹാരത്തിൽ പതിനേഴ് കഥകൾ ഉണ്ട്. കഥകളിലെ ഇതിവൃത്തം കലാപരമായി അവതരിപ്പിക്കാൻ വ്യത്യസ്ത ആഖ്യാനരീതി സ്വീകരിച്ചതായി കാണാമെങ്കിലും മിക്ക കഥകളിലെയും കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ ഐക്യരൂപം (uniformity) അനുഭവപ്പെടുന്നത് അവരെല്ലാം ക്ഷുഭിതവികാരങ്ങളാൽ അനിയന്ത്രിതരായതുകൊണ്ടാണ്. ജീവിതത്തിന്റെ അർഥം തേടുന്ന അവർ ആ അന്വേഷണത്തിൽ എത്തിപ്പെടുന്നത് അപരിചിത ലോകത്താണ്. പക്ഷെ വായനക്കാരന് അത് പരിചയമാണ്. അവനു അപ്പോൾ കഥാപാത്രങ്ങളോട് സഹതാപം തോന്നുന്നു. ശ്രീ സംസിയുടെ ദൈവസങ്കല്പം ഫ്രഞ്ച് എഴുത്തുകാരൻ വോൾടയറിനെപോലെ എന്ന് അനുമാനിക്കാം. വോൾട്ടയർ വിശ്വസിച്ചത് ദൈവം ഈ ലോകം സൃഷ്ടിച്ചു  പക്ഷെ ലോകകാര്യങ്ങളിൽ ഇടപെട്ടില്ലെന്നാണ്.  ഒരു പക്ഷെ ദിവ്യമായ ഇടപെടൽ ( divine intervention) ഉണ്ടായിരുന്നെങ്കിൽ ജീവിതം മെച്ചപ്പെടുമായിരുന്നു. ശ്രീ സംസിയുടെ പല കഥകളും ജനിക്കയില്ലായിരുന്നു. 
ശ്രീ സംസിക്ക് ഭാവുകങ്ങൾ നേരുന്നു.
ശുഭം

# review of Samsy's book by Sudhir Panikkaveettil

Join WhatsApp News
Abdul Punnayurkulam 2022-12-17 02:58:02
Sudheer Pankkaveetil reviewed Samcy's 'Vencile Penkutty ' thoroughly. Great. Sudheer Panikkaveettil's reviews are blessing many of American Malayali author's. Sudheer writes some of the excerpt from Samcy's book: ശ്രീ സംസിയുടെ കഥകളിലൂടെ കടന്നുപോകുമ്പോൾ ഒരു കഥാകൃത്ത് എന്നതിനേക്കാൾ സാംസി ഒരു ദാർശനികനായിട്ടാണ് കാണുക. അദ്ദേഹത്തിന്റെ കഥകൾ തത്വജ്ഞാനപരമാണ് (philosophical stories) പലപ്പോഴും അദ്ദേഹം സത്യാന്വേഷകനാകുന്നു.
Joseph Abraham 2022-12-17 10:49:09
നിരൂപണമെന്നാൽ ആഖ്യാദാവായ കഥാകൃത്തിന്റെ ചിന്തകളെ, വാക്കുകളെക്കുറിച്ചുള്ള നിരൂപിക്കൽ ആകുമ്പോൾ, കഥാകൃത്തെന്ന വ്യക്തിയെ കഥകളിലൂടെ കണ്ടെത്തുന്നത് ശരിയാണോ ? കഥാകൃത്തും ആഖ്യാതാവും ഒരാളല്ല അത് രണ്ടു വ്യക്തിത്വങ്ങൾ ആണ്, അതിനെ അങ്ങിനെയേ കാണാവൂ എന്നാണ് എന്റെ പക്ഷം. ഇവിടെ ശ്രീ മാൻ സാംസി എന്ന വ്യക്തിയല്ല സംസാരിക്കുന്നതു അദ്ദേഹത്തിലെ ആഖ്യാതാവാണ്‌ . കഥാ വായനയിൽ സാമൂഹ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഒരു കാഴ്ചപ്പാട് കഥയിൽ കഥാകൃത്തിനെ കണ്ടെത്തുക എന്നതാണ്, സ്വാനുഭവങ്ങൾ നിറയെ സാമൂഹ്യമാധ്യമങ്ങളിൽ എഴുതപ്പെടുന്നത് കൊണ്ടാകാം പലപ്പോഴും കഥകൾ വായിച്ചു ചിലർ ചോദിക്കാറുണ്ട് ഇത് താങ്കളുടെ അനുഭവമാണോ എന്നൊക്കെ ? ഇങ്ങിനെ ആളുകൾ കരുതുമെന്നു കരുതി പലരും പല വിഷയങ്ങളും പ്രഥമപുരുഷനിൽ എഴുതാറില്ല, തന്മൂലം ചിലപ്പോൾ കഥയിലെ വൈകാരികത തന്നെ ചോർന്നു പോകാറുണ്ട്. ശ്രീമാൻ സുധീർ കഥകളെ കണിശമായി വിശകലനം ചെയ്തിട്ടുണ്ട്, ഇ നിരൂപണം സാംസിയുടെ ബുക്ക് വായിക്കാൻ പ്രേരണ നൽകുന്നുവെന്നത് കഥാകൃത്തിനെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. എഴുത്ത് കാരനും നിരൂപകനും ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക