Image

ജനം തെരഞ്ഞതും അറിഞ്ഞതും (ദുർഗ മനോജ്)

Published on 18 December, 2022
ജനം തെരഞ്ഞതും അറിഞ്ഞതും (ദുർഗ മനോജ്)

പണ്ട് ഒരു കാര്യം അറിയണമെങ്കിൽ ദിനപ്പത്രങ്ങൾ, റേഡിയോ, പിന്നീട് ടെലിവിഷൻ എന്നിവയൊക്കെ ആയിരുന്നു വഴികൾ. പുസ്തകങ്ങളും വിവരശേഖരണത്തിനു കുറേയേറെ സഹായിച്ചു. ബുള്ളറ്റിനുകളും ഗസറ്റുകളും സർക്കാർ കാര്യങ്ങൾ അറിയാൻ വഴിയൊരുക്കി. എന്നാൽ ഇന്നു കാര്യങ്ങൾ അപ്പാടെ മാറിമറിഞ്ഞിരിക്കുന്നു. എന്താണ് അറിയേണ്ടത്? ഒരു മൗസ് ക്ലിക്ക് മതി, എല്ലാം കൺമുന്നിലെത്തും. എവിടേക്കും പോകണ്ട, ആരെയും കാണണ്ട, വീട്ടിലോ പാർക്കിലോ എവിടിരുന്നും സെർച്ച് ചെയ്യാം. അറിയേണ്ടതറിയാം. അങ്ങനെ ഈ 2022 ൽ ജനങ്ങൾ എന്തെല്ലാം സെർച്ചു ചെയ്തു? അതാണ് പുതിയ റിപ്പോട്ടിൽ ഉള്ളത്.


സംഭവബഹുല വർഷമായിരുന്നു 2022. റഷ്യ-യുക്രൈൻ യുദ്ധം, പ്രമുഖരുടെ വേർപാട്, ലോകശ്രദ്ധ പിടിച്ചുപറ്റിയ കോടതി കേസുകൾ തുടങ്ങിയ വാർത്തകളാൽ നിറഞ്ഞതായിരുന്നു കടന്നുപോയ ഓരോ ദിവസവും. ജനങ്ങൾ ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തൊക്കെ കാര്യങ്ങളാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ.  യുക്രൈൻ എന്ന വാക്കാണ് വാർത്തകളുടെ കാര്യത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത്. തൊട്ടുപിന്നാലെ എലിസബത്ത് രാജ്ഞിയുടെ വിയോഗം വരുന്നു. അമേരിക്കൻ മിഡ്-ടേം തെരഞ്ഞെടുപ്പാണ് മൂന്നാം സ്ഥാനത്ത്. 2.04 ബില്യൺ വാഗ്ദാനം ചെയ്യുന്ന അമേരിക്കയിലെ പവർബോൾ ലോട്ടറിയെ കുറിച്ചുള്ള വാർത്ത നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് മങ്കിപോക്‌സും ഇടംപിടിച്ചു.

ഏറ്റവും കൂടുതൽ ‘സെർച്ച്’ ചെയ്യപ്പെട്ട വ്യക്തികളുടെ കണക്കെടുത്താൽ ഒന്നാം സ്ഥാനത്ത് ജോണി ഡെപ്പാണ്. ഓസ്‌കാർ വേദിയിൽ മുഖത്തടിക്ക് പിന്നാലെ വിൽ സ്മിത്തിനെയും ആളുകൾ ഗൂഗിൾ സെർച്ചിലൂടെ ഒരുപാട് തെരഞ്ഞു. മൂന്നാം സ്ഥാനത്ത് ആംബർ ഹേർഡും, നാലാം സ്ഥാനത്ത് വ്‌ളാഡിമർ പുടിനും, അഞ്ചാം സ്ഥാനത്ത് ക്രിസ് റോക്കും ഇടംനേടി. തോർ: ലവ് ആന്റ് തണ്ടറാണ് ലോകത്ത് എറ്റവും കൂടുതൽ ഗുഗിൾ സെർച്ച് ചെയ്യപ്പെട്ട സിനിമ. പട്ടികയിൽ ബ്ലാക്ക് ആദം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് ടോപ് ഗൺ : മാവറിക്കും, നാലാം സ്ഥാനത്ത് ബാറ്റ്മാനും അഞ്ചാം സ്ഥാനത്ത് എൻകാൻഡോയും ഉണ്ട്.

ആഗോളതലത്തിൽ ഏറ്റവും ട്രെൻഡിംഗായ സെർച്ച് ‘വർഡ്‌ലി’ എന്ന വാക്കായിരുന്നു. ഇന്ത്യയിൽ ഐപിഎൽ, കോവിൻ, ഫിഫ ലോകകപ്പ് എന്നിവയാണ് ട്രെൻഡിംഗായത്. ഇതിന് പുറമെ എലിസബത്ത് രാജ്ഞിയുടെ വിയോഗം, ലതാ മംഗേഷ്‌കറുടെ വിയോഗം, സിദ്ധു മൂസെവാല, എന്നിവരെ കുറിച്ചും ഇന്ത്യൻ ജനത വ്യാപകമായി സെർച്ച് ചെയ്തു.


കാര്യം സംശയമുള്ളതെന്തും നമുക്ക് സെർച്ചു ചെയ്യാം, പക്ഷേ, പല ക്രിമിനലുകളേയും ഇന്ന് ഒറ്റിക്കൊടുക്കുന്നതും അവരുടെ സെർച്ച് ഹിസ്റ്ററിയാണെന്നു കാണാം. കഷായക്കേസിലെ പ്രതിയുടെ സെർച്ച് ഹിസ്റ്ററി ഒരു തെളിവാണ്. അതുപോലെ ശ്രദ്ധ കൊലക്കേസിലും പ്രതിയുടെ സെർച്ച് ഹിസ്റ്ററി ഒരു തെളിവായി മാറിയിരുന്നു. ജനങ്ങൾ ഇപ്പോൾ തെരഞ്ഞുകൊണ്ടേയിരിക്കുന്നു, വേണ്ടതും വേണ്ടാത്തതും എന്നു ചുരുക്കം.

# google search trends 2022

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക