Image

ദുബായി ജീവിതത്തിലെ അതിനൂതന കണ്ടുപിടുത്തങ്ങള്‍ (കരാമ ഷേയ്ഖ് കോളനി 244 - 245 ഫ്‌ളാറ്റ് നമ്പര്‍ 1 (ഭാഗം -7: മിനി വിശ്വനാഥന്‍)

Published on 20 December, 2022
 ദുബായി ജീവിതത്തിലെ അതിനൂതന കണ്ടുപിടുത്തങ്ങള്‍ (കരാമ ഷേയ്ഖ് കോളനി 244 - 245 ഫ്‌ളാറ്റ് നമ്പര്‍ 1 (ഭാഗം -7: മിനി വിശ്വനാഥന്‍)

വല്ലതും വെച്ചുണ്ടാക്കാന്‍ പഠിക്കാന്‍ അവസരങ്ങള്‍ തന്നിട്ടും അനുസരിക്കാത്തതിനാലാവണം ദൈവങ്ങള്‍ നിസ്സംഗരായി എന്റെ വിളി കേള്‍ക്കാത്ത മട്ടില്‍ കണ്ണടച്ചിരുന്നു.

അരി തിളച്ച് ചോറിന്റെ പാകമായെന്നും, ഇനിയും വെന്താല്‍ കഞ്ഞിയാവുമെന്നും, പച്ചരിക്കഞ്ഞി കുടിക്കാന്‍ പരമ ബോറാണെന്നുമുള്ള തിരിച്ചറിവില്‍ അടുപ്പ് ഓഫ് ചെയ്തു. അതിനെ ചോറ് ആക്കുക എന്നതാണ് അടുത്ത ടാസ്‌ക് . പണ്ട് തറവാട്ടില്‍ താമസിക്കുന്ന സമയത്ത് ചോറിന്റെ വേവ് നോക്കി തീയണച്ച് ചോറ് പാത്രത്തിന് മീതെ അടച്ചൂറ്റി വെച്ച് കൈക്കലത്തുണി ചുറ്റി ചേര്‍ത്ത് വെച്ച് എത്ര എളുപ്പത്തിലാണ് അമ്മയും അച്ചമ്മയുമൊക്കെ ചോറ് പാത്രം കഞ്ഞിക്കലത്തിനു മേല്‍ ചായ്ച്ച് വെച്ച് ചോറുണ്ടാക്കിയിരുന്നതെന്ന് ഓര്‍ത്തു.

രണ്ടാം കാലത്തിലും ചോറുണ്ടാക്കല്‍ വല്യ പ്രശ്‌നമായി ആരും പറഞ്ഞ് കേട്ടിരുന്നില്ല. എനിക്ക് കരച്ചില്‍ വന്നില്ല, തലയിലാകെ ഒരു പെരുപ്പ് കയറുന്നത് പോലെ !

ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കിയേ പറ്റൂ. ഞാന്‍ പഠിച്ച ലിംഗ്വിസ്റ്റിക്‌സിന്റെ സിദ്ധാന്തങ്ങളിലും കേരളപാണിനീയത്തിലെ സൂത്രവാക്യങ്ങളിലും ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ! എന്റെ പരിഭ്രമവും പരവേശവും കണ്ട് അടുക്കളക്ക് പോലുമെന്നോട് സങ്കടം തോന്നി. അവിടെ വെണ്ണഉരുള കൈയില്‍ വെച്ച് കുസൃതിച്ചിരിച്ചിരിച്ച് മുട്ടുകുത്തി നില്‍ക്കുന്ന ഉണ്ണിക്കണ്ണന്റെ മുഖത്തും നിസ്സഹായാവസ്ഥ. ഇവരുടെ ഒന്നും സഹായം കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ പ്രായോഗികമായി ചിന്തിക്കാന്‍ തുടങ്ങി.

പാത്രത്തിലെ വെള്ളം ഊറ്റിക്കളയലാണ് ടാസ്‌ക് . അരിപ്പക്കയില്‍ കൊണ്ട് കോരിയെടുത്തു നോക്കി പരാജയപ്പെട്ടു. പാത്രങ്ങള്‍ വെച്ച ഇടം നോക്കിയപ്പോള്‍ അല്പം കൂടി വലിയ ഒരു പരന്ന പാത്രം കണ്ടു. അതു കണ്ടപ്പോള്‍ ഐഡിയാ ഭഗവതി പ്രസാദിച്ചു. നാട്ടില്‍ നിന്ന് കൊണ്ടുവന്ന പുതിയ വൃത്തിയുള്ള കോട്ടണ്‍ തുണി പാത്രത്തിന്മേല്‍ ചുറ്റിക്കെട്ടിവെച്ചു. അരിപ്പക്കയില്‍ കൊണ്ട് വറ്റ് തുണിപ്പൊതിക്ക് മേല്‍ തട്ടിയിട്ടു. രണ്ടാള്‍ക്കുള്ള ചോറ് ആയതു കൊണ്ട് തന്നെ പണി വേഗം കഴിഞ്ഞു. പ്രതീക്ഷിച്ചതിലും തന്നായി ചോറ് ഉണ്ടായി എന്നതാണ് സത്യം.

ഇങ്ങനെയൊക്കെയാണ് തുടര്‍ ജീവിതമെങ്കില്‍ നാളെത്തന്നെ തിരിച്ച് നാട്ടില്‍പ്പോവുമെന്ന് മനസ്സിലുറപ്പിച്ച് കൂട്ടാന്റെ വഴികള്‍ തേടി. ഫ്രിഡ്ജില്‍ തണുത്തിരിക്കുന്ന പച്ചക്കറികളെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. അവയുടെ നേരെ കത്തിപ്രയോഗം നടത്തുന്ന ക്രൂരത ചെയ്യില്ലെന്നുറപ്പിച്ച് അല്പം പരിപ്പ് കഴുകി വെള്ളത്തിലിട്ടു. പ്രഷര്‍കുക്കറെന്ന കുന്ത്രാണ്ടം ഞാനിതുവരെ ഉപയോഗിച്ചിട്ടില്ല. പക്ഷേ പരിപ്പും കടലയും ഒക്കെ കുക്കറില്‍ വെച്ചാലേ വേവൂ എന്നും അറിയാം. വരുന്നിടത്ത് വെച്ച് കാണാം എന്ന മട്ടില്‍ പരിപ്പില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ചു. ധാന്യ വര്‍ഗ്ഗങ്ങള്‍ വേവിക്കുമ്പോള്‍ ഉപ്പ് ആദ്യം തന്നെ ഇടാന്‍ പാടില്ലെന്ന് പണ്ട് ഒന്‍പതാം ക്ലാസില്‍ സുഗുണന്‍ മാഷ് ഹാര്‍ഡ് വാട്ടറിനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ പറഞ്ഞിരുന്നത് ഓര്‍മ്മ വന്നു. പഠിച്ചതും പഠിക്കാത്തതുമൊക്കെ പ്രയോഗിക്കേണ്ടി വന്ന ഗതികേടിനെ ശപിച്ച് കൊണ്ട് പ്രഷര്‍ കുക്കര്‍ അടച്ചു. ആവി വന്നപ്പോള്‍ ചടങ്ങും പിടങ്ങും വിസില്‍ അടിച്ചു.
(ഭര്‍ത്തൃ വീട്ടില്‍ ഞാന്‍ കുക്കറിനെയും കുക്കര്‍ എന്നെയും പറ്റിച്ച ഒരു കഥയുണ്ട് , അത് വഴിയെ പറയാം.)
അടുപ്പ് ഓഫാക്കി, ഇനിയെന്ത് എന്നാലോചിക്കലായി. ഫ്രിഡ്ജില്‍ അല്പം തേങ്ങകണ്ടിരുന്നു. തേങ്ങയില്ലാതെ നമുക്കെന്ത് കറി ?!
തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയുമൊക്കെ ചതച്ച് പരിപ്പില്‍ ചേര്‍ത്ത് മമ്മി ഒരു കറി ഉണ്ടാക്കുന്നത് എനിക്ക് ഓര്‍മ്മ വന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. അല്പം മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് പരിപ്പ് ഒന്ന് തിളക്കുമ്പോഴേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിച്ചു. രുചിച്ച് നോക്കിയപ്പോള്‍ എനിക്കൊട്ടും ഇഷ്ടമായില്ല. പിന്നെയാണ് കടുക് വറുക്കുന്ന കാര്യം ഓര്‍ത്തത് കടുക് പൊട്ടുമ്പോള്‍ ചെറിയഉള്ളി നുറുക്കിയതും ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്ത് നല്ല ഒരു താളിപ്പും പാസാക്കി. രുചിക്ക് വല്യ മെച്ചമൊന്നും വന്നില്ലെങ്കിലും ഞാന്‍ പരിപാടി നിര്‍ത്തി. പപ്പടം കാച്ചിയാല്‍ നല്ലതാണെങ്കിലും എണ്ണപ്പാത്രം കഴുകുന്ന മടിയോര്‍ത്ത് അത് മെനുവില്‍ നിന്ന് കട്ട് ചെയ്തു. ചോറിനെ തുണി അരിപ്പയില്‍ നിന്ന് മോചിപ്പിച്ചു മറ്റൊരു പാത്രത്തിലേക്ക് മാറ്റി.

അപ്പഴേക്കും അടുക്കള ഒരു കോലമായിരുന്നു ! പാത്രങ്ങള്‍ കഴുകാനും അടുക്കിപ്പെറുക്കി വെക്കാനും പിന്നെയും സമയം പോയി. ഞാനിങ്ങനെ അടുക്കളയില്‍ നിന്ന് പുകയുന്നത് ഡാഡി അറിഞ്ഞാല്‍ വല്യ സങ്കടമാവുമെന്ന് ഓര്‍ത്തപ്പോള്‍ പൊട്ടിക്കരഞ്ഞു പോയി !

ഒന്ന് കുളിക്കാമെന്ന് വെച്ച് കുളിമുറിയില്‍ കയറിയപ്പോള്‍ അവിടെയും പ്രശ്‌നം. പൈപ്പ് തുറന്നപ്പോള്‍ ഷവറിലൂടെയാണ് വെള്ളം ചാടി വന്നത്. അതെങ്ങനെ മാറ്റും എന്ന് മനസ്സിലാവാതെ, കഷ്ടപ്പെട്ട് കുളിച്ചെന്ന് വരുത്തി.

ദുബായി നമ്മുക്ക് പറ്റിയ നാടല്ല എന്ന തിരിച്ചറിവില്‍, ഉച്ചക്കുണ്ണാന്‍ വരുന്ന 'ഭക്ഷണപ്രിയ'നായ ഭര്‍ത്താവിനെ കാത്തിരിക്കുമ്പോഴാണ് അഹ്മ്മദ്, അഹ്മ്മദ് എന്ന ഒരലര്‍ച്ച ശബ്ദത്തില്‍ ആ കെട്ടിടങ്ങള്‍ ആകെ ഒന്ന് കുലുങ്ങിയത് !

എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ജനല്‍വാതില്‍ക്കലേക്കോടി....

(തുടരും )

# Karama Sheikh Colony 244 - 245 Flat No. 1 (Part -7: Mini Viswanathan)

Join WhatsApp News
Sabirabi 2022-12-20 13:35:29
നല്ല രസമുള്ള എഴുത്ത്
sheeja das 2022-12-21 09:14:49
അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക