Image

ക്രിസ്തുമസ്സിന്റെ ആത്മീക ആഴങ്ങൾ പരിചിന്തിപ്പിയ്ക്കുന്ന രണ്ടു ഇംഗ്ലീഷ്  ഗാനങ്ങൾ

Published on 23 December, 2022
ക്രിസ്തുമസ്സിന്റെ ആത്മീക ആഴങ്ങൾ പരിചിന്തിപ്പിയ്ക്കുന്ന രണ്ടു ഇംഗ്ലീഷ്  ഗാനങ്ങൾ

രണ്ടായിരത്തി ഇരുപതിൽ, കോവിഡ്  ലോകമാകെ സൃഷ്‌ടിച്ച അനിശ്ചിതത്വത്തിന്റെ നടുവിലും ക്രിസ്തുമസ് എങ്ങനെ   പ്രസക്തമാവുന്നു എന്നോർമ്മിപ്പിച്ച  ' Christmas  Amid  the  Malody'   എന്ന ഗാനവും,   ക്രിസ്തുമസ് അപ്പൂപ്പന്റെ സമ്മാനങ്ങൾക്കു വേണ്ടി കുഞ്ഞുങ്ങൾ കാത്തിരിക്കുമ്പോൾ  ജീവിതത്തിൽ കഷ്ടതകളുടെ ചുഴികളിൽ അകപ്പെട്ടവർക്കുവേണ്ടി  സമയവും, സ്വത്തും, കർമ്മങ്ങളും  അർപ്പിച്ച്  സാന്റാക്ലോസിന്റെ വേഷം അണിയണം എന്ന്  ആഹ്വാനം ചെയ്യുകയും അതിലൂടെ  സമസ്തലോകത്തിനും ഏറ്റവും  വിലയേറിയ സമ്മാനമായി മാറിയ   തിരുപ്പിറവിയുടെ പൊരുൾ ഓർമ്മിപ്പിക്കുകയും  ചെയ്യുന്ന   ' Let 's  Be  Like  Santa' എന്ന പുത്തൻ ക്രിസ്തുമസ് ഗാനവും  യൂട്യൂബിലൂടെ ഇതിനകം  ക്രിസ്തീയ സംഗീത സ്നേഹികളുടെ  ശ്രദ്ധ പിടിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു.

ഗാനങ്ങൾ  ആലപിച്ചിരിക്കുന്നത്  തിരുവന്തപുരം സ്വദേശി   ശ്രീ അഖിൽ വിനയ്.  രണ്ടു ഗാനങ്ങളുടെയും രചനയും സംഗീതവും നിർവഹിച്ചത്  കോട്ടയം സ്വദേശി   ശ്രീ ഐപ്പ് മാത്യൂസ്. 

ഈ  ഗാനോപഹാരങ്ങൾ  സമർപ്പിച്ച  കലാകാരന്മാരെ  അല്പം  കൂടെ പരിചയപ്പെടാം.


അഖിൽ വിനയ്: മൂന്നാം വയസ്സിൽ  സംഗീതലോകത്തിലേയ്ക്ക് കാൽവയ്ച്ച  ഈ ഇരുപത്തിയേഴുകാരൻ   ഒൻപതാം വയസ്സിൽ അജ്ഞാതമായ ഒരു നേത്രരോഗത്തിന്റെ പിടിയിലകപ്പെട്ടു.  അന്ന് മുതൽ  അഖിലിന്റെ കാഴ്ചശക്തി കുറഞ്ഞു  തുടങ്ങി.  

പത്തൊൻപതു വയസ്സായപ്പോഴേയ്ക്കും കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. കണ്ണിന്റെ ഞരമ്പുകളെ ബാധിച്ച  രോഗം ചികിത്സയ്ക്ക്  അപ്പുറം ആയിരുന്നിട്ടും   രണ്ടായിരത്തി പതിനാറിൽ മാതാപിതാക്കളുടെയും, ഏക സഹോദരന്റെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണയോടെ  സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും  
ശാസ്ത്രീയ സംഗീതത്തിൽ ബിരുദം കരസ്ഥമാക്കി.  

പിന്നുണ്ടായ അഖിലിന്റെ വളർച്ചയുടെ പാതകളിൽ അന്ധത അന്താളിച്ചു നിന്നിരിയ്ക്കണം! 'Accoustica'എന്ന സംഗീതക്കൂട്ടായ്മയുടെ നേതാവായി മാറിയ  അഖിൽ പയ്യെപ്പയ്യെ  തിരുവനന്തപുരം സ്വദേശികൾക്ക് പരിചിതനായി മാറി. പഠിച്ചത്  കർണാടക സംഗീതമാണെങ്കിലും പാശ്ചാത്യ  സംഗീതത്തിന്റെ മാസ്മരികത ഈ ചെറുപ്പക്കാരനെ സ്വാധീനിച്ചു.  ഉപകരണങ്ങളുടെ സഹായം ഇല്ലാതെ പാടുന്ന  'A cappella' എന്ന സംഗീത സാങ്കേതികത്വത്തിൽ അഖിൽ പ്രാവീണ്യം നേടി. കുറെയേറെ നിലവിലുള്ള  മലയാള സിനിമാഗാനങ്ങൾ   ഇത്തരത്തിൽ അഖിൽ പുനർസൃഷ്ഠിച്ചത് കലാലോകം ഏറ്റുവാങ്ങി. ഗാനങ്ങളുടെ മുഖ്യഗായകനായി അഖിൽ തിളങ്ങി.  

മൂന്നു വർഷങ്ങൾക്കു  മുമ്പ് പരിപൂർണ്ണ പാശ്ചാത്യ  ശൈലിയിൽ   ' Oh! Lord'  എന്ന സംഗീതശില്പം   അഖിൽ ഒരുക്കി.  മഗ്ദലന മറിയയുടെ ചിന്തകളിലൂടെ  ക്രിസ്തുവിന്റെ   കഷ്ടാനുഭവത്തിന്റെയും ഉയർപ്പിന്റെയും   കഥ പറയുന്ന  ആ ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.  
 
കഠിനപ്രയത്നവും വിട്ടുമാറാത്ത ശുഭപ്രതീക്ഷയും അഖിലിനെ ജീവിതത്തിൽ  ഉയരങ്ങളിൽ  എത്തിച്ചു. കർണ്ണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദം ഉയർന്ന മാർക്കോടെ കരസ്ഥമാക്കിയ അഖിൽ സംഗീത അധ്യാപകനായി മാറി. രണ്ടായിരത്തി പത്തൊൻപത്തിൽ, ഏറ്റവും മികച്ച കർണാടക സംഗീതത്തിന്റെ അധ്യാപകനുള്ള സംസ്ഥാന അവാർഡ് അഖിലിനെത്തേടിയെത്തി.    

പാശ്ചാത്യ സംഗീത്തിലെ  എട്ടാം ഗ്രേഡ്,  ഗിത്താർ   വാദനത്തിന്റെ അഞ്ചാം ഗ്രേഡ് ഇവ  അഖിലിന്റെ പടിഞ്ഞാറൻ സംഗീതത്തിലേക്കുള്ള പാലങ്ങൾ ആയി മാറി. കേരള സംസ്ഥാന യുവജനോത്സവത്തിൽ ശാസ്ത്രീയ ഗിത്താർ വായന മത്സരത്തിൽ രണ്ടാം സ്ഥാനം, കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റ്, കളരിപ്പയറ്റ്, തീർന്നില്ല അടുത്തയിടെ തുടങ്ങിയ  സിനിമാ  അഭിനയം.. ഈ  സിദ്ധികളൊക്കെ അഖിലിനെ അന്ധനായിരുന്നിട്ടും വേറിട്ട ഒരു വ്യക്തിയാക്കി മാറ്റുന്നു. 
 
ഐപ്പ്  മാത്യൂസ്:  ന്യൂഡൽഹിയിൽ ജനിച്ച്,  ചെറുബാല്യം ബംഗളുരുവിൽ  ചിലവിട്ട  ഐപ്പ്,  നാലാം വയസ്സിലാണ്   കേരളത്തിലെ ഒരു കൊച്ചു ഗ്രാമമായ  ഒളശ്ശയിൽ എത്തിയത്.  ഏഴാം വയസ്സിൽ ഒളശ്ശയിലെ സെന്റ് മാർക്സ് സി എസ്സ്  ഐ  ദേവാലയത്തിൽ ഗായക സംഘത്തിൽ ചേർന്ന  ഐപ്പ്,  അംഗത്വം കിട്ടിയ വർഷം  തന്നെ ക്വയറിന്റെ മികച്ച ഗായകനുള്ള സമ്മാനം കരസ്ഥമാക്കി. പതിമൂന്നാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ഐപ്പ്  പാതി  അനാഥത്വത്തിന്റെ നാളുകളിൽ ആശ്വാസം കണ്ടെത്തിയത് സംഗീതത്തിലും, ചിത്രരചനയിലും പുസ്തകവായനയിലും ആയിരുന്നു. പതിനാലാം വയസ്സിൽ ക്വയറിനു വേണ്ടി ഒരു ഇംഗ്ളീഷ് ക്രിസ്തുമസ്  ഗാനം ആദ്യമായി  എഴുതി, സംഗീതം ചിട്ടപ്പെടുത്തി.

അതേ  വർഷം  അഖില കേരള ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനത്തിനും, സംസ്ഥാന ലളിതഗാന മത്സരത്തിൽ രണ്ടാം സ്ഥാനത്തിനും അർഹനായി. പതിനേഴാം വയസ്സിൽ കേരള ടൈലറിംഗ് അസോസിയേഷൻ നടത്തിയ സംസ്ഥാന  സംഗീത മത്സരത്തിൽ, ഉപകരണ സംഗീത വിഭാഗത്തിൽ  വയലിൻ വാദനത്തിൽ ഒന്നാമനായി. കോമേഴ്‌സ് ബിരുദം 1979-ൽ .  

ഇരുപത്തിയഞ്ചാം വയസ്സിൽ തൊഴിൽ അന്വേഷിച്ചു കുവൈറ്റിൽ എത്തിയ ഐപ്പ് വൈകാതെ, കുവൈറ്റ് മെരിഡിയൻ ഹോട്ടൽ നടത്തിയിരുന്ന  ഇംഗ്ലീഷ് കവിതാ സായാഹ്നങ്ങളിൽ സ്ഥിരമായി കവിതകൾ അവതരിപ്പിച്ചു തുടങ്ങി ആ കവിതകൾ കുവൈറ്റ് പത്രങ്ങളുടെ  സാഹിത്യ വിഭാഗത്തിൽ സ്ഥാനം പിടിച്ചു.   ജോലി കഴിഞ്ഞുള്ള നേരങ്ങളിൽ, വർഷങ്ങളോളം   ഒരു പുസ്തകത്തിന്റെ പണിപ്പുരയിൽ ഒതുങ്ങി.  

ഇരുപത്തിയാറ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് . രണ്ടായിരത്തി ഒൻപതിൽ ആദ്യത്തെ പുസ്തകമായ 'Trails  of the Shepherd'  ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകൃതമായി. കോവിഡ്  രൂക്ഷമായ രണ്ടായിരത്തി ഇരുപതിൽ,  ഇറ്റലിയിലെ മോന്റെരൂഗ എന്ന ഗ്രാമത്തിന്റെ പശ്ചാലത്തിൽ മെനഞ്ഞ 'Pandemic Liberty' എന്ന പുസ്തകവും ,  രണ്ടായിരത്തി ഇരുപത്തിയൊന്നിൽ, യുക്രൈനിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രീഡയുടെ കഥ പറയുന്ന ' Frieda -  a War Memoir' എന്ന ഗ്രന്ഥവും ആമസോണിലൂടെ ജനശ്രദ്ധ ആകർഷിച്ചു. ഐപ്പ് ഇംഗ്ലീഷിലും, മലയാളത്തിലും ഒട്ടേറെ കവിതകളും,  ക്രിസ്തീയ ഗാനങ്ങളും രചിച്ചിട്ടുണ്ട്.  

ക്രിസ്തുമസ് കാലങ്ങളിലും കഷ്ടാനഭുവ നാളുകളിലുമാണ്  ഐപ്പിന്റെ തൂലികയും ഗിറ്റാറും  കൂടുതൽ  ചലിക്കാറ്.  മൂന്ന് മലയാള ചെറുകഥകൾ എഴുതിയിട്ടുണ്ട്.  ഐപ്പിന്റെ ചിത്ര രചനകളിലൊന്ന്   ഇംഗ്ലണ്ടിലെ 'അമ്മ മഹാറാണിയുടെ  കൊട്ടാരമായ  ക്ളാറെൻസ്   ഹൌസിൽ, രണ്ടായിരാമാണ്ടിൽ സ്ഥാനം പിടിച്ചു.   രണ്ടായിരത്തി പത്തൊൻപത്തിൽ  അഖിലിന്റെ താല്പര്യപ്രകാരം  'Oh! Lord' എന്ന ഗാനത്തിന്റെ വരികൾ എഴുതി. അന്ന് ഗാന രചയിതാവായും, സംഗീത സംവിധായകനായുമുള്ള   സഹകരണം ആരംഭിച്ചത്  ഇന്നും തുടരുന്നു,  

ക്രിസ്തുമസ് ഗാനങ്ങളുടെ  യൂട്യൂബ് കണ്ണികൾ: 


 

 

സൈജുനാഥ് എ.
ബുക്സ് ഓഫ് പോളിഫണി
+91 96450 87351

ക്രിസ്തുമസ്സിന്റെ ആത്മീക ആഴങ്ങൾ പരിചിന്തിപ്പിയ്ക്കുന്ന രണ്ടു ഇംഗ്ലീഷ്  ഗാനങ്ങൾ
ക്രിസ്തുമസ്സിന്റെ ആത്മീക ആഴങ്ങൾ പരിചിന്തിപ്പിയ്ക്കുന്ന രണ്ടു ഇംഗ്ലീഷ്  ഗാനങ്ങൾ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക