Image

“മേ” കർത്താവാകുമ്പോൾ.... (വീക്ഷണം :സുധീർ പണിക്കവീട്ടിൽ)

Published on 26 December, 2022
 “മേ” കർത്താവാകുമ്പോൾ.... (വീക്ഷണം :സുധീർ പണിക്കവീട്ടിൽ)

ഭാരതം  മുഴുവൻ ഹിന്ദി സംസാരിക്കണമെന്ന മോഹവുമായി രാഷ്ട്രീയക്കാർ വട്ടമിടുന്ന വാർത്തകകൾ നമ്മൾ വായിക്കുന്നു. ഇങ്ങനെ നടക്കാത്ത കാര്യങ്ങളുടെ മനക്കോട്ടകെട്ടി പൊതുജനങ്ങളുടെ സൗഖ്യം നഷ്ടപ്പെടുത്തി അവനവന്റെ വോട്ടും കളയുന്നു ചില സ്ഥാനാർത്ഥികൾ. കേരളക്കരയിലെ ജനങ്ങൾക്ക് ഹിന്ദിയോട് എതിർപ്പില്ലെങ്കിലും ഹിന്ദി പഠിക്കണമെന്നൊക്കെ നിർബന്ധം പറയുമ്പോൾ അവർക്ക് അത് സുഖകരമായി തോന്നുന്നില്ല. കർമ്മം ചെയ്യുന്നത് ഞാനാകുമ്പോൾ (കർത്താവ്) ഹും എന്നും നിങ്ങളാകുമ്പോൾ ഹോ എന്നും അല്ലാത്തപ്പോഴൊക്കെ ഹെ എന്നൊക്കെയുള്ള നിർദേശങ്ങൾ നാട്ടിൻപുറത്തെ മലയാളികൾക്ക് രസം പകരുന്നതായിരുന്നു. പ്രാഥമിക ഹിന്ദി വ്യാകരണ പാഠങ്ങളിൽ നിന്നും ഹും, ഹോ, ഹേ എന്നൊക്കെ സ്‌കൂൾ വിദ്യാർത്ഥികൾ ഉരുവിടുമ്പോൾ മുത്തശ്ശിമാർ ചോദിച്ചിരുന്നു ഇതെന്താ മക്കളെ ആൾകാർ തമ്മിൽ തല്ലു കൂടുന്ന പോലെ ഒരു ഭാഷ.  അവർ ഹും ഹോ ഹേ എന്നൊക്കെ പറഞ്ഞു രസിച്ചു നടന്നു. 
മേ എന്ന് പറയുമ്പോൾ (ഞാൻ) അതിൽ അഹം അടങ്ങിയിരിക്കുന്നു. അതുകൊണ്ടായിരിക്കും "ഹും" എന്ന് അവസാനം ചേർക്കുന്നത്. അതേസമയം ആ പറഞ്ഞ ആൾ തന്നെ അയാളുടെ പേര് പറയുമ്പോൾ മേരാ നാം രാം ഹേ എന്നാണു പറയുന്നു. അയാൾക്ക് പക്ഷെ മേ രാം ഹും എന്നും പറയാം.ഞാൻ എന്ന വാക്ക് വളരെ ഇടുങ്ങിയ ഒന്നാണ്. സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരാൾക്ക് എന്റെ, നമ്മുടെ, ഞങ്ങളുടെ എന്നൊക്കെ പറയേണ്ടി വരും. അപ്പോഴൊന്നും "ഹും"  വേണ്ട. എത്ര രസകരമാണ് ഭാഷപോലും. അതെ ഭാഷ ഉത്ഭവിക്കുന്നത് സംസ്കാരത്തിൽ നിന്ന് തന്നെ. ഭാഷയും പ്രയോഗങ്ങളും ഓരോ ദേശത്തെ മനുഷ്യരുടെ സ്വഭാവവും സംസ്കാരവും ജീവിതരീതിയുമനുസരിച്ചായിരിക്കും. എന്തെങ്കിലും സംശയാസ്പദമായി തോന്നിയാൽ ഇംഗളീഷിൽ something fishy എന്ന് പറയുമ്പോൾ ഹിന്ദിയിൽ അത് ദാൽ മെ കാല എന്നാണു. മൽസ്യം ഭക്ഷിക്കാത്തവരുടെ മുഖ്യഭക്ഷണം ഡാൽ ആണ്. (പരിപ്പ്). അതുകൊണ്ട് അവർ എന്തെങ്കിലും കാര്യങ്ങൾ പ്രശ്നമായി തോന്നുമ്പോൾ fishy എന്നല്ല ഡാൽ മി കാല എന്നാണു പറയുക.. വാക്കുകളുടെ അർഥം പരിപ്പിൽ കറുപ്പ്. പക്ഷെ വാക്കുകളെ പദാനുപദം പരിഭാഷചെയ്താൽ ഉദ്ദേശിച്ച അർഥം ലഭിക്കില്ല. അങ്ങനെ പാടില്ലല്ലോ.  അപ്പോൾ അർത്ഥം എന്തോ കുഴപ്പമുണ്ടെന്നു തന്നെ. അതേപോലെ  ആരെയെങ്കിലും വിഡ്ഢിയാക്കുന്നതിനു “ഉള്ളു (മൂങ്ങ) ബനായ, മൂങ്ങയാക്കി എന്നു പറയുന്നു. ഭാരതീയരെ സംബന്ധിച്ചേടത്തോളം "തമസോമാ ജ്യോതിർഗമയ" എന്ന് പറയുന്നവരാണ്. അവർ പ്രകാശത്തെ വന്ദിക്കുന്നു. മൂങ്ങ പകൽ മുഴുവൻ ഉറങ്ങി രാത്രി വരുന്ന പക്ഷിയാണ്‌. അതുകൊണ്ട് അതിനെ ബുദ്ധിഹീനയായ ജീവിയായി കണക്കാക്കുന്നു. അതിനാൽ വിഡ്ഢികളെ മൂങ്ങയോട് ഉപമിക്കുന്നു.
മേ കർത്താവാകുമ്പോൾ ഹും എന്ന് പറയണമെന്ന് പഠിപ്പിക്കുന്ന ആറാം ക്ലാസ്സിലെ അധ്യാപികയോട് ഖദിജ എന്ന സുന്ദരിക്കുട്ടി പറഞ്ഞു ഇത് ഞമ്മടെ ഉപ്പുപ്പാപ്പക്ക് അറിയാം. അധ്യാപിക ചോദിച്ചു അദ്ദേഹം സ്വാതന്ത്രസമര സേനാനിയോ ജവാനോ ആയിരുന്നോ. ഉം...ഊം ഞമ്മടെ ആട് മേ എന്ന് പറയുമ്പോൾ ഉപ്പുപ്പാപ്പ  ഹും ഹും എന്ന് പറയാറുണ്ട്. ക്ലാസ്സിലെ കുട്ടികൾക്കൊപ്പം ടീച്ചറും ചിരിച്ചു. ഹിന്ദി ഭാഷ മലയാളികൾക്ക് വളരെ രസകരമായ അനുഭവങ്ങൾ നൽകിയിരുന്നു.
ഇന്നത്തെപോലെ ഇംഗളീഷ് പറയാൻ വടക്കും തെക്കുമുള്ളവർക്ക് ആദ്യകാലങ്ങളിൽ കഴിഞ്ഞിരുന്നില്ല. തെക്കുനിന്നും വരുന്ന മദ്രാസികൾ കുറെയൊക്കെ ആംഗരേസി വച്ച് കാച്ചുമെങ്കിലും അവർക്ക് ഹിന്ദി പരിജ്ഞാനം കുറവായിരുന്നു. അവർ ഹിന്ദി ദോഡ ദോഡ മാലും (മലയാളം ഉച്ചാരണമാണ്) എന്നൊക്കെ പറഞ്ഞു രക്ഷപ്പെട്ടു. വടക്കേ ഇന്ത്യക്കാരന്റെ ഇംഗളീഷ്ഭാഷ പരിജ്ഞാനകുറവ്‌ അറിയുന്ന മലയാളികൾ അവരോട് "വാട് ഈസ് അപ്പ്" എന്നൊക്കെ ചോദിക്കയും അവർ കൈകൂപ്പി നിന്ന് ഉപ്പർ തോ കുച്ച് ബി നഹി സാഹേബ് (മുകളിൽ ഒന്നുമില്ല, ) എന്ന് പറയുന്നത് കേട്ട് രസിക്കുന്നത് മലയാളിയുടെ സ്വതസിദ്ധമായ അഹങ്കാരത്തിന്റെ ഒരു ഭാഗമായിരുന്നു. അപ്പ് എന്ന വാക്കിന്റെ അർഥം മുകളിൽ എന്ന് അറിയാമെങ്കിലും  അത് ഉപയോഗിക്കുന്ന സന്ദര്ഭങ്ങളിലെ അർഥം അറിയാത്തവർ.
നമ്മുടെ പൊങ്ങച്ചക്കാരായ മലയാളി ചേട്ടന്മാരെപോലെ ചില ഗോസായിമാർ  ശുദ്ധമായ ഹിന്ദിയിലെ സംസാരിക്കു എന്ന് വാശിപിടിക്കുന്നവരായിരുന്നു. വടക്കേ ഇന്ത്യയിൽ പഠിച്ചിരുന്ന ഈ ലേഖകന്റെ ഒരു സ്നേഹിതൻ പറഞ്ഞതാണ്. അവന്റെ ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു യു പി കാരൻ എപ്പോഴും  ശുദ്ധമായ ഹിന്ദിയിൽ സംസാരിച്ചിരുന്നു.  ഒരു ദിവസം  കോളേജ് നേരത്തെ വിട്ടപ്പോൾ സ്നേഹിതനോട് അയാൾ പറഞ്ഞു. അവന്റെ വീട്ടിൽ പോകാമെന്നു. അവർ നേരത്തെ കല്യാണം കഴിക്കുന്ന സമൂഹമായതുകൊണ്ട് ചെന്നപ്പോൾ അവന്റെ ഭാര്യ വാതിൽ തുറന്നു. ഉടനെ സാരി തലയിലൂടെ ഇട്ട് ബഹുമാനം കാണിച്ചു. “നമസ്തേ ഭാഭി” എന്നു സ്നേഹിതൻ പറഞ്ഞപ്പോൾ സന്തോഷമായി. ആ സന്തോഷത്തിൽ ശുദ്ധമായ കട്ടതൈരിൽ കൽക്കണ്ടം കലക്കി "ലെസ്സി"എന്ന ശീതളപാനീയം അവർ ഉണ്ടാക്കി കൊടുത്തു. സ്നേഹിതനോട് അവൻ പറഞ്ഞു നാളെ കോളേജ് ഒഴിവാണ് നീ എന്റെ കൂടെ ജയ്‌പൂർവരെ വരണം. ഇന്ന് രാത്രി തിരിച്ചാൽ നാളെ രാവിലെ എത്തും. ഡൽഹിയിൽ നിന്നും ജയ്‌പ്പൂരിലേക്ക് അഞ്ചു മണിക്കൂർ തീവണ്ടിയാത്ര. ഇപ്പോൾ ചക്രങ്ങളിൽ ചലിക്കുന്ന രാജധാനി യാത്രക്കാരെ മഹാരാജായെപോലെ സത്കരിച്ച് കൊണ്ടുപോകുന്നു.
രാവിലെ തീവണ്ടിയിൽ നിന്നിറങ്ങി ഓട്ടോറിക്ഷക്കാരനോട് അവൻ പറഞ്ഞു "ഹമേ സചിവാലയ് ലെ ജാവോ" (ഞങ്ങളെ ഐ എ എസ് ഉദ്യോഗസ്ഥർ ഇരിക്കുന്ന കാര്യാലയത്തിലേക്ക് കൊണ്ട് പോകു)  ഓട്ടോറിക്ഷക്കാരൻ വളരെ കൂളായി പറഞ്ഞു മുജേ ആംഗ്‌റേസി ആത്ത നഹി സാഹിബ്. ( എനിക്ക് ഇംഗളീഷ് അറിഞ്ഞു കൂടാ സാർ) അത് ശുദ്ധ ഹിന്ദിയിൽ സംസാരിക്കുന്ന യു പി കാരനെ ചൊടിപ്പിച്ചു. അയാൾ മേ ഹിന്ദിമേ ബോൽ രഹാ ഹും (ഞാൻ ഹിന്ദിയിലാണ് സംസാരിക്കുന്നത്) എന്ന് കോപത്തോടെ മറുപടി  പറഞ്ഞു. പക്ഷെ ഓട്ടോറിക്ഷക്കാരനു മനസ്സിലാകുന്നില്ല. സഹികെട്ട് എന്റെ സ്നേഹിതൻ  അവനോട് പറഞ്ഞു ഹമേ  സെക്രട്ടേറിയറ്റ് ലെ ജാവോ" സചിവാലയ് എന്ന ഹിന്ദി വാക്ക് മാറ്റി അവിടെ ഇംഗളീഷ് ഉപയോഗിച്ചു. ഉടനെ ഓട്ടോറിക്ഷക്കാരൻ "ഐസ ഹിന്ദി ബോലേ സാഹിബ്" (അങ്ങനെ ഹിന്ദി പറയു) എന്നു മറുപടി. ഹിന്ദി സംസാരിക്കുന്നവർപോലെ ഇംഗളീഷ് പോലെ പല ഭാഷകളും കലർത്തുന്നുണ്ട്. മുംബൈകാരുടെ ഹിന്ദി മറാത്തിയും, ഇംഗളീഷും ചിലപ്പോൾ കൊങ്ങിണിയും കൂടി കലർന്നതാണ്.
വാസ്തവത്തിൽ ശുദ്ധ ഹിന്ദിയിൽ സംസാരിച്ചാൽ നമ്മൾ മലയാളികൾക്ക് മനസ്സിലാകും. ഈ ലേഖകൻ കണ്ട ഒരു ഹിന്ദി സിനിമയിൽ ശുദ്ധ ഹിന്ദി സംസാരിക്കുന്ന ഒരു കഥാപാത്രമുണ്ടായിരുന്നു. അയാളുടെ ഒരു സംഭാഷണം ഇങ്ങനെയായിരുന്നു. ഐസ ശുഭ അവസർ പർ  അശുഭ ശബ്ദദോം ക ഉച്ചാരൺ നിശ്ചയ് അനുചിത ഹേ.  (ഈ നല്ല അവസരത്തിൽ അശുഭമായ വാക്കുകളുടെ ഉച്ചാരണം നിശ്ചയമായും അനുചിതമാണ്.) ഹിന്ദി ഭാഷയുടെ ഉത്ഭവം സംകൃതത്തിൽ നിന്നാണ്. എന്നാൽ അതിനു അറബി, പേർസ്യൻ, ടർക്കിഷ്, എന്നീ ഭാഷകളുടെ സ്വാധീനം ഉണ്ടായി. എങ്കിലും കൂടുതൽ സംസ്കൃതത്തോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നമ്മൾ മലായാളികൾക്ക് ശുദ്ധ ഹിന്ദിയിൽ ആരെങ്കിലും സംസാരിച്ചാൽ ഒരു പരിധി വരെ മനസ്സിലാക്കാൻ കഴിയും. മലയാളത്തിൽ ധാരാളം സംകൃതപദങ്ങൾ നമ്മൾ ഉപയോഗിക്കുന്നുണ്ടല്ലോ.
ഹിന്ദി ഭാഷാപ്രചാരണം എന്ന് പറയുമ്പോൾ അത് ശുദ്ധഹിന്ദി വേണോ അതോ സംഭാഷണഭാഷ മതിയോ എന്ന ചോദ്യം വരാവുന്നതാണ്. ശുദ്ധ ഹിന്ദിയാണെങ്കിൽ ദക്ഷിണഭാരതത്തിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാൻ വഴിയില്ല. പക്ഷെ ശുദ്ധഹിന്ദി ഉപയോഗം നടപ്പിലാക്കാൻ ബുദ്ധിമുട്ടാണ്. വടക്കേ ഇന്ത്യയിൽ വീടുകളിൽ പോയാൽ അവർ ആദ്യം വെള്ളം തരുന്നത് അവരുടെ ആതിഥ്യ മര്യാദയാണ്. കുടുംബനാഥൻ "പാനി ലാന"( വെള്ളം കൊണ്ട് വരൂ) എന്ന് വിളിച്ചുപറയുന്നത് കേൾക്കാം. ശുദ്ധഹിന്ദി പറയുന്നവരാണ് പാനിക്ക് ജൽ എന്ന് പറയുന്നത്.  ഓരോരുത്തരും സംസാരിക്കുന്ന ഭാഷ സംസാരിക്കാൻ അവരെ അനുവദിക്കയാണ് ഉത്തമം. അല്ലെങ്കിൽ നമ്മളൊക്കെ ഭാഷയുടെ പേരിൽ, മതത്തിന്റെ പേരിൽ, ആചാരങ്ങളുടെ പേരിൽ, കലഹിച്ച് മനുഷ്യജന്മം വ്യർത്ഥമാക്കി കളയുകയായിരിക്കും ചെയ്യുക.  
ശുഭം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക