Image

ഇനി അന്യസംസ്ഥാനത്തിലിരുന്നും സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യാം( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 29 December, 2022
ഇനി അന്യസംസ്ഥാനത്തിലിരുന്നും സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യാം( ദുര്‍ഗ മനോജ് )

അന്യസംസ്ഥാനത്തു ജോലി ചെയ്യുന്നവര്‍ക്ക് മിക്കപ്പോഴും സ്വന്തം നിയോജക മണ്ഡലത്തിലെത്തി വോട്ട് ചെയ്തു മടങ്ങാന്‍ കഴിയാറില്ല. അതിനാല്‍ത്തന്നെ അത്തരം വോട്ടുകള്‍ രേഖപ്പെടുത്താതെ പോവുകയോ, അതുമല്ലെങ്കില്‍ കാലക്രമത്തില്‍ അവര്‍ തെരഞ്ഞെടുപ്പു പട്ടികയില്‍ നിന്നും പുറത്തു പോകുകയോ ചെയ്യും. എന്നാല്‍ ഇനി മാറ്റത്തിന്റെ കാലമാണ്.

താമസിക്കുന്ന സ്ഥലത്തിരുന്നു കൊണ്ട് സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍. റിമോട്ട് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിന്റെ പ്രോട്ടോ ടൈപ്പാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വികസിപ്പിച്ചത്.പ്രത്യേകം ക്ഷണിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കു മുന്നില്‍ ജനുവരി 26 ന് നടക്കുന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പദ്ധതി അവതരിപ്പിക്കും.

അന്യസംസ്ഥാനങ്ങളില്‍ തൊഴിലിനായിപ്പോകുന്നവര്‍ വോട്ടു ചെയ്യാനായി വീട്ടിലേക്കു വന്നു പോകാറില്ല. യാത്രാക്ലേശവും, യാത്രാക്കൂലിയും, ലീവും ഒക്കെ തടസ്സങ്ങളാണ്. എന്നാല്‍ ദൂരദേശങ്ങളില്‍ തൊഴിലെടുക്കുന്ന ബഹുഭൂരിപക്ഷം ജീവിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത് വോട്ടിങ് ശതമാനത്തെ കാര്യമായി ബാധിക്കുന്ന വിഷയമായി മാറിയിട്ടുണ്ട്. ഇതിനുള്ള പരിഹാരമായാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ നീക്കം.

ഒരു പൊതുമേഖലാ സ്ഥാപനം വികസിപ്പിച്ചെടുത്ത മള്‍ട്ടി റിമോട്ട് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ ഒരു വിദൂര പോളിംഗ് ബൂത്തില്‍ നിന്നും 72 മണ്ഡലങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയും. ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു പ്രക്രിയയോടുള്ള നിസംഗത മാറ്റാനും യുവാക്കളുടേയും നഗരവാസികളുടേയും പങ്കാളിത്തം ഉറപ്പാക്കാനും പുതിയ മെഷീന്‍ കൊണ്ടു സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രതീക്ഷ.

പ്രതീക്ഷകള്‍ നല്ലതാണ്. പക്ഷേ, അഴിമതിയും, സ്വജനപക്ഷപാതവും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും നിലനില്‍ക്കുന്ന ഒന്നാകുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വാസം നഷ്ടപ്പെടുന്നു എന്നത് ഒരു സത്യമാണ്. മാറ്റം വരട്ടെ, രാഷ്ട്രീയക്കാര്‍ക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക