Image

തിരിഞ്ഞു നോക്കുമ്പോൾ (സുധീർ പണിക്കവീട്ടിൽ)

Published on 30 December, 2022
തിരിഞ്ഞു നോക്കുമ്പോൾ (സുധീർ പണിക്കവീട്ടിൽ)

പോയ വർഷങ്ങളും പുതുവർഷങ്ങളുമായി  നമ്മൾ കാലത്തെ തിരിച്ചിരിക്കുന്നതുകൊണ്ട് പുതുവർഷപുലരി നമുക്ക് സന്തോഷം പകരുന്നുണ്ട്. പ്രതീക്ഷകളാണ് മനുഷ്യജീവിതം പ്രകാശമാനമാക്കുന്നത്. ആശയും അഭിലാഷങ്ങളും ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം. ഇതു പുതുവർഷത്തെപ്പറ്റിയുള്ള ഒരു ലേഖനമല്ല. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികൾ അവരുടെ ഭാഷയും സംസ്കാരവും ഇവിടെയും നില നിർത്താൻ സംഘടനകളും പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. അവയിൽ പലതും കാലത്തിന്റെ കൈകളിൽ ഒതുങ്ങിപോയി. ചിലത് അതിജീവിച്ചു. ഇ മലയാളി എന്ന പ്രസിദ്ധീകരണം മലയാളികളുടെ അഭിമാനമായി ഇന്നും സേവനം അനുഷ്ഠിക്കുന്നു.

ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ എത്തിയ തീർത്ഥാടകർ എന്ന കുടിയേറ്റക്കാർ ആദ്യം കുട്ടികൾക്കായുള്ള സാഹിത്യപുസ്തകങ്ങൾ തയ്യാറാക്കിയിരുന്നു. അഞ്ചുമാസകാലം മുതിർന്നവരുടെ മുഖം നോക്കി കടലിലൂടെയുള്ള യാത്രയിൽ കുട്ടികളുടെ പ്രസരിപ്പും ഉന്മേഷവും നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. അത് വീണ്ടെടുക്കുവാൻ കുട്ടികൾക്കായുള്ള സാഹിത്യം പ്രചരിപ്പിക്കയാണ് മുതിർന്നവർ ചെയ്തത്. കലയും സാഹിത്യവും എന്നും മനുഷ്യർക്ക് ഉയർച്ചയും ആനന്ദവും പ്രദാനം ചെയ്തുവന്നു. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ശ്രദ്ധിച്ചുവെന്നല്ലാതെ അവർക്കായി പുസ്തകങ്ങൾ ഒന്നും തയ്യാറാക്കിയതായി അറിവില്ല. സംഘടനകൾ വാസ്തവത്തിൽ യുവതലമുറയെ വിദ്യാഭ്യാസത്തിൽ ഉന്നതനിലവാരം പുലർത്താൻ പ്രേരിപ്പിക്കുകയും അവർ മത-രാഷ്ട്രീയ മേഖലകളിൽ സഞ്ചരിക്കുകയും ചെയ്തുവെന്നാണ് ശരി. കൂടാതെ അമേരിക്കൻ മലയാളി സമൂഹം സമ്പന്നമാക്കുന്നതിനു പകരം നാട്ടിലെ പട്ടിണി മാറ്റാൻ പോകുകയും അതിനുള്ള തിരിച്ചടികൾ അവർക്ക് യഥാസമയം കിട്ടുകയും ചെയ്തുകൊണ്ടിരുന്നു. അവർ അത് മനസ്സിലാക്കാതെ വീണ്ടും വീണ്ടും നാട്ടിലെ പ്രമാണിമാർക്ക് മുന്നിൽ വാകൈ പൊത്തിനിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടു. തന്മൂലം യുവതലമുറക്ക് അവരുടെ സംസ്കാരവും ചരിത്രവും അറിയാതെ പോയി. 

എന്നാൽ തൊണ്ണൂറുകളുടെ ആരംഭം മുതൽ ഇവിടെ എഴുത്തുകാരുടെ ഒരു തള്ളിക്കയറ്റമുണ്ടായി.  എവിടെയും എഴുത്തുകാർ. അതിനൊപ്പം പ്രസിദ്ധീകരണങ്ങളും മുളച്ചുവന്നെങ്കിലും കാശു കൊടുത്ത് പുസ്തകങ്ങളും, മാസികകളും, പത്രങ്ങളും വാങ്ങിക്കാൻ ആളില്ലാത്ത ഗതികേടിൽ മുളച്ചുപൊന്തിയപോലെ തന്നെ പ്രസിദ്ധീകരണങ്ങൾ മുരടിച്ചുപോയി.

അച്ചടി മാധ്യമങ്ങൾക്ക് മങ്ങലേറ്റുതുടങ്ങിയ കാലത്താണ് ഇന്റർനെറ്റ് വഴിയുള്ള പ്രസിദ്ധീകരണങ്ങൾ തലപൊക്കാൻ തുടങ്ങിയത്. ഏകദേശം ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഇമലയാളിയെ ഈ പുതുവത്സരാരംഭത്തിൽ ഓർക്കുകയാണ്. ഞാൻ ഇ-മലയാളിയുടെ സ്ഥിരം വായനക്കാരനും ചിലപ്പോഴെല്ലാം അതിൽ എന്റെ രചനകൾ അച്ചടിച്ചുവരുകയും ചെയ്യാറുണ്ട്. 

അമേരിക്കൻ മലയാളികളുടെ ഉറ്റമിത്രം പോലെ ഓരോ പ്രഭാതത്തിലും പ്രതിദിന വാർത്തകളും, പ്രധാനമായ സന്ദേശങ്ങളും, നിയമ വിവരങ്ങളും, സാഹിത്യരചനകളുമൊക്കെയായി ഈ പ്രസിദ്ധീകരണം നമ്മെ സമീപിക്കുന്നു. അതിന്റെ അവസാനതാളുകളിൽ എത്തുമ്പോൾ ഭൂമിയിൽ അവസാനനാളുകൾ എത്തി പിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെയും സ്നേഹിതരുടെയും ചിത്രങ്ങൾ കാണാം. പത്രം വായനകഴിഞ്ഞു മടക്കുമ്പോൾ അത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ന് ഞാൻ നാളെ നീ. സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നുള്ള രചനകൾ നമുക്ക് ഇതിൽ വായിക്കാം. ഇതിനെ ഒരു സംപൂർണ്ണ വൃത്താന്ത സാഹിത്യ ദിനപത്രം എന്ന് പേര് വിളിക്കാമോ? ശാസ്തസാങ്കേതിക വിവരങ്ങൾ അടങ്ങിയ ലേഖനങ്ങളുടെ എണ്ണം കൂട്ടിയാൽ ആ വിഷയങ്ങളിൽ അഭിരുചിയുള്ളവർക്ക് വിലപ്പെട്ടതാകും.

ഇ-മലയാളി ശ്രദ്ധിച്ച് വായിക്കുന്നവർക്ക് ഒരു കാര്യം വ്യക്തമാകും. അവർ എല്ലാ വായനക്കാരുടെയെയും അഭിരുചിക്കനുസരിച്ച് വിഭവങ്ങൾ വിളമ്പിക്കൊണ്ടിരിക്കുന്നു. പുതുവർഷപുലരി എത്തുന്നതോടെ ഇ- മലയാളിയിൽ ആഘോഷങ്ങളുടെ കൊട്ടും കുരവയും കേട്ട് തുടങ്ങുകയായി. മതപരവും സാംസ്കാരികവുമായ എല്ലാ വിശേഷങ്ങളും മലയാളിക്ക് ഉത്സവമാണ്. ചെണ്ടപ്പുറത്ത് കോൽ വയ്ക്കുന്നേടത്തോക്കെ എത്തിപ്പറ്റുന്ന മലയാളിയുടെ സ്വഭാവം അമേരിക്കൻ മലയാളിക്കുമുണ്ടു. പൂത്തിരി കത്തിച്ചും, കുന്തിരിക്കം പുകച്ചും, പൂക്കളമിട്ടും, ഓശാനപാടിയും, ഒ ലി വിലക്കൊമ്പ്‌ പിടിച്ചും, നോയമ്പ് നോറ്റും, പെരുന്നാളിന് ഉദിക്കുന്ന പിറ കണ്ടും അമേരിക്കൻ മലയാളികളെ ഉന്മേഷഭരിതരാക്കുന്നു ഇ-മലയാളി. ഓരോ വിശേഷങ്ങൾ വന്നെത്തുമ്പോഴും എത്രയോ എഴുത്തുകാരുടെ തൂലികയിൽ നിന്നും അടർന്നുവീണ അറിവിന്റെ മുത്തുകൾ ഇ-മലയാളി നമുക്കായി കാഴ്ചവയ്ക്കുന്നു.

ചോക്ക് മലയിൽ ഇരുന്നവർ ചോക്ക് തേടിപ്പോയ കഥപോലെയാണ് അമേരിക്കൻ മലയാളികളുടെ. അവർ അവരെ ഒട്ടും ബഹുമാനിക്കാത്ത നാട്ടിലെ പ്രസിദ്ധീകരണങ്ങളുടെയും  എഴുത്തുകാരുടെയും  മുന്നിൽ ഓച്ഛാനിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നതായി പുറമെ നിൽക്കുന്നവർക്ക് അനുഭവപ്പെടുന്നുണ്ട്. കയ്യിലെ  പണവും കൊടുത്ത് നാട്ടിലെ പ്രശസ്തരുടെ കൂടെ നിന്ന് പടം പിടിക്കയും പുസ്തകത്തിൽ നാല് വാക്ക് എഴുതിക്കയും ചെയ്യുന്നതിലൂടെ സായൂജ്യം നേടുന്നു എന്ന് ധരിക്കുന്നു ചിലർ. ചിലരെല്ലാം അർഹിക്കുന്ന അംഗീകാരങ്ങൾ നാട്ടിൽ നിന്നും  വാങ്ങിക്കുന്നതും നമ്മൾ കാണുന്നു. അമേരിക്കൻ മലയാള സാഹിത്യത്തിന്റെ വളര്ച്ചക്ക് വേണ്ടി ഇ മലയാളി ചെയ്യുന്ന പരിശ്രമങ്ങൾ പലരും കാണാതെ പോകുന്നത് നാട്ടിലേക്ക് കണ്ണും നട്ടിരിക്കുന്നത് കൊണ്ടാണ്. കയ്യിലുള്ളതിനെ വിട്ടു പറക്കുന്നതിനെ പിടിക്കാൻ പോകുന്നവന്റെ അവസ്ഥ എല്ലാവര്ക്കും അറിയാം.  അമേരിക്കൻ മലയാളി എഴുത്തുകാർക്ക് അവരുടെ അർഹതയുള്ള രചനകൾ വെളിച്ചം കാണാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള വേദി ഒരുക്കുന്നു ഇ-മലയാളി.

ഇ-മലയാളിയുടെ സാഹിത്യപരിശ്രമങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ കാണാവുന്ന ഒന്നാണ് പ്രതിവർഷം അവർ അവരുടെ തിരഞ്ഞെടുത്ത എഴുത്തുകാർക് നൽകിയിരുന്ന അവാർഡുകളും അതിനോടനുബന്ധിച്ച് നടത്തിയിരുന്ന സമ്മേളനങ്ങളും. കഴിഞ്ഞ രണ്ടുവർഷമായി അത് ലോകമെമ്പാടുമുള്ള എഴുത്തുകാർക്ക്വേണ്ടിയുള്ള ചെറുകഥാമത്സരമാക്കി.  ഈ വര്ഷം പതിനൊന്നോളം പേരെ അംഗീകരിക്കുവാനായി തിരഞ്ഞെടുത്തിരിക്കുന്നു. അമേരിക്കയിൽ മലയാളസാഹിത്യം വളർത്തുക എന്ന സദുദ്ദേശ്യത്തോടെ ഇ മലയാളി സംഘടിപ്പിച്ച പല പരിപാടികളിൽ ചിലത് ഇവിടെ ഓർക്കുന്നു. കവിതാതല്പരരുടെ അഭിരുചി മാനിച്ച് അക്ഷരശ്ലോകം സംഘടിപ്പിക്കുകയുണ്ടായി. പല പരിപാടികളും തുടർന്ന് നടത്താതിരുന്നത് പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ എണ്ണം കുറയുന്നുവെന്ന കാരണത്താൽ ആണെന്ന് അറിയുന്നു. കാവ്യോത്സവം എന്ന പരിപാടി വളരെ വിജയകരമായി കൊണ്ടാടി. ധാരാളം കവികളെ അതുമൂലം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകും. പക്ഷെ ഈ വർഷം പ്രതികരണം ശുഷ്കമായതിനാൽ അത് നടത്തിയില്ലെന്നു മനസ്സിലാക്കുന്നു. 

വളരെ വിപുലമായ തോതിൽ നടത്തിയ ഒന്നാണ് വായനാവാരം. ഒരു വാരം മുഴുവൻ വായിക്കുകയും വായിച്ച അറിവുകൾ മറ്റുള്ളവരുമായി പങ്കെടുക്കയും ചെയ്യുന്ന ഒരു വിശുദ്ധ കർമ്മമാണ്‌ ഇത്. ഭാഷയെ ആദരിക്കാൻ, പൂജിക്കാൻ ലഭിക്കുന്ന അവസരം. എത്ര പേര് ഈ അവസരത്തെ വിനിയോഗിച്ചുവെന്നു വായനക്കാർക്ക് അറിയാമല്ലോ.  അമേരിക്കയിൽ സാഹിത്യമില്ല എഴുത്തുകാരില്ലെന്നു മുറവിളി കൂട്ടുന്നത് കാര്യമായ വിദ്യാഭ്യാസമില്ലാത്ത ഒരു ന്യുനപക്ഷമാണ്. അവരുടെ നേതാവായി ഒരു പരദൂഷണവീരനും. അവർ അമേരിക്കൻ മലയാള ഭാഷയോട് ചെയ്യുന്ന കടുത്ത അപരാധം ഭാവി തലമുറ കണ്ടറിയുക തന്നെ ചെയ്യും.

ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നേടത്ത് എത്തുന്ന മലയാളി ഇവിടെ വന്നിട്ടും അതിൽ നിന്നും പിന്നോക്കമല്ല. ആഘോഷങ്ങളും വിശേഷങ്ങളും അവനെ ഹർഷാലോലനാക്കുന്നു. ഇ-മലയാളിയുടെ താളുകളിൽ പുതുവർഷം മുതൽ, നോയമ്പ് പെരുന്നാൾ ഈസ്റ്റർ, വിഷു, റംസാൻ, ഋതുസംക്രമങ്ങൾ, ഓണം, ദീപാവലി, കൃസ്തുമസ് അങ്ങനെ ആഘോഷങ്ങൾ എഴുത്തുകാർ അവരുടെ ഭാവനയിലൂടെ അവതരിപ്പിച്ച് വായനക്കാരെ സന്തോഷിപ്പിക്കുന്നു ചന്ദ്രോദയം കാണുന്ന റംസാൻ നൊയമ്പുകാരും, വസന്തവാടിയിലെ വർണാഭ കുസുമങ്ങൾ കൊണ്ട് അലങ്കരിക്കുന്ന പൂക്കളവും, ഈസ്റ്റർബണ്ണിയും കൊതിയൂറുന്ന മണം പരത്തികൊണ്ടു വേവുന്ന കേക്കും വിഷുപക്ഷികളും, ആഷാഢം പെയ്തൊഴിഞ്ഞു വന്നെത്തുന്ന ശ്രാവണമാസത്തിലെ പൊന്നോണവും, ദീപങ്ങൾ കൊണ്ട് അലങ്കരിക്കുന്ന തൃക്കാർത്തികകളും, മഞ്ഞു പുതച്ചുവരുന്ന കൃസ്തുമസ് അപ്പൂപ്പനും, കൃസ്തുമസ് ട്രീയ്ക് താഴെ പ്രത്യക്ഷപ്പെടുന്ന സമ്മാനങ്ങളും ഇ മലയാളിയുടെ താളുകളിലൂടെ നമ്മൾ കാണുമ്പോൾ നമ്മൾ മലയാളികൾ എല്ലാവരും ഒന്ന് എന്ന ഇഷ്ടം (affinity) ഉണ്ടാക്കുന്നു. ഇ-മലയാളി ചെയ്ത സേവനങ്ങൾ ഇനിയും അനേകമുണ്ടായിരിക്കാം. ഈ ലേഖകന്റെ അറിവിൽ നിന്നും എഴുതിയതാണിതൊക്കെ.

സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവർക്കായി സേവനം ചെയ്യാൻ ഇമലയാളി ശ്രമിക്കുന്നുവെന്നത് പ്രശംസാർഹമാണ്. അശരണരും നിർദ്ധനരയുമായവർക്കു സാമ്പത്തിക സഹായം സംഘടിപ്പിക്കാൻ നിവേദനങ്ങൾ നടത്തി പണം സ്വരൂപിച്ച് നൽകുന്ന കാരുണ്യപ്രവർത്തിയും  ഇ-മലയാളി ചെയ്യുന്നുണ്ട്. 
ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലെന്ന് പറയുന്ന ഒരു കൂട്ടരുമുണ്ട്. അവരോട് നമുക്ക് പറയാം ബാഹ്യലോകത്ത് എന്ത് നടക്കുന്നുവെന്നറിയാതെ സ്വാർത്ഥരായി സ്വന്തം വീട്ടിൽ കഴിയുമ്പോൾ നല്ല കാര്യങ്ങൾ ഒന്നും നടക്കുന്നില്ലെന്ന ദുഷ്ടത പറയാതിരിക്കാൻ ശ്രമിക്കുക. 

എല്ലാവരും സഹകരിച്ചാൽ അമേരിക്കൻ മലയാളിസമൂഹത്തിനു കൂടുതൽ നേട്ടങ്ങൾ കൊയ്യാം. തന്റെ മൂക്ക് മുറിഞ്ഞാലും എതിരാളിയുടെ ശകുനം മുടക്കണമെന്ന മലയാളിയുടെ ചിന്ത ഏഴ് കടൽ കടന്നപ്പോൾ വലിച്ചെറിയുകയാണ് വേണ്ടത്.  നന്മകൾ ആരിൽ കണ്ടാലും അത് അഭിനന്ദിക്കുക. അതിനെ പുറംചൊറിയൽ എന്ന് പറയുന്ന ചെറ്റകുടിൽ സംസ്കാരത്തിൽ നിന്നും  (കുടിലിൽ കഴിയുന്നവന് മറ്റുള്ളവരുടെ വളർച്ചയിൽ ഉണ്ടാകുന്ന അസൂയ) മോചിതരാകുക. നാലക്ഷരം പഠിച്ചാൽ അത്തരം ഹീന ചിന്തകൾ ഉണ്ടാകില്ല. പുറംചൊറിയൽ എന്ന് കടുത്ത അസൂയയോടെ പറയുന്ന ചിലർക്കെങ്കിലും ചെറ്റക്കുടിലിൽ കഴിയേണ്ടി വന്നത് ആരുടെയും കുറ്റമല്ല. എന്നാൽ ആ കുടിലുപോലെ സംസ്കാരത്തെ അധഃപതിപ്പിക്കുന്നത് ചില വ്യക്തികളിൽ മാത്രം നിക്ഷിപ്തമാണ്. ചെറ്റക്കുടിലിൽ നിന്നും എത്രയോ ഉയരങ്ങളിൽ എത്തിയവർ ഉണ്ട്. പക്ഷെ അവർക്കെല്ലാം സാംസ്കാരിക ഉയർച്ച ഉണ്ടായിരുന്നു. ആരും സാംസ്കാരിക ദരിദ്രർ ആകരുത് (cultural bankrupt). വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നു വെള്ളിത്തലമുടിയുള്ള കൂട്ടർ പറഞ്ഞു വച്ചിട്ടില്ലേ?

എല്ലാവർക്കും ഐശ്വര്യസമ്പന്നമായ ഒരു പുതുവർഷം ആശംസിക്കുന്നു.

ശുഭം

# when i look back- Sudhir Panikkaveettil article

 

Join WhatsApp News
Vayanakaaran 2022-12-30 17:11:17
മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല. ഇമലയാളി എല്ലാവരും വായിക്കുന്നെങ്കിലും അവരുടെ സേവനങ്ങൾ മനസ്സിലാക്കുന്നില്ല. സുധീർ അദ്ദേഹത്തിന്റെ അറിവ് വച്ച് എഴുതി. ഇനിയും എഴുത്തുകാരും വായനക്കാരും എഴുതണം. വല്ലവന്റെയും കൈ തലക്ക് വച്ച് കിടക്കുന്നപോലെയാണ് ഇവിടത്തെ എഴുത്തുകാർ നാട്ടിലെ പ്രസിദ്ധീകരണങ്ങളും എഴുത്തുകാരും എന്ന് പറഞ്ഞു നടക്കുന്നത്. നമുക്ക് സ്വന്തമായതെന്തോ അതിൽ അഭിമാനിക്കുക.
Thomas T Oommen 2023-01-01 16:42:15
Thank you EMALAYALEE. And Thank you Mr. Sudhir Panikkaveettil for the article.
joe 2023-01-02 18:51:02
അമേരിക്കൻ മലയാളികൾ ഒന്ന് തിരിഞ്ഞു നോക്കിയാൽ (അതികം നേരം നോക്കരുത് നോക്കിയാൽ കഴുത്തു വെട്ടും ) ഇന്നത്തെ എല്ലാ പ്രശനങ്ങളുടെയും ഉത്ഭവ സ്ഥാനം ന്യുയോർക്കാണ് . അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തെ തകിടം മറിച്ച ട്രംപ് , എന്തിനു പറയുന്നു ഫൊക്കാനയെ സ്പ്ലിറ്റ് ചെയ്യുത് ഫോമയാക്കി വിഭജിച്ചു ഇല്ലാത്ത പ്രശനങ്ങൾ എല്ലാം സൃഷ്ടിച്ചതിൽ ന്യുയോർക്ക് കാർക്ക് വലിയ ഒരു പങ്കുണ്ട്. സാഹിത്യകാരന്മാരും സൗകര്യം കിട്ടിയാൽ കൊമ്പ് കോർക്കും പണം പ്രതാപം കച്ചവടം എന്നിങ്ങനെയുള്ള വിരുദ്ധ ശക്തികൾ ഇതിന്റെ പിന്നിൽ ഉണ്ട്. പലരുടേയും വിചാരം അവരെ കഴിഞ്ഞു ആരുമില്ല എന്നാണ് . എന്ത് പറയാനാണ് . സുധീർ പണിക്കവീട്ടിൽ ഇതെല്ലം ഈ ലേഖനത്തിൽ ചേർത്തിരുന്നെങ്കിൽ കുറച്ചു കൂടി സത്യസന്ധമായിരുന്നേനെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക