Image

CC 8/AD 36 ജൂദാസ് ഇസ്‌ക്കാരിയോത്ത് (അധ്യായം -10: സലിം ജേക്കബ്‌)

Published on 04 January, 2023
CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത്  (അധ്യായം -10: സലിം ജേക്കബ്‌)

വിചാരണയുടെ രണ്ടാംദിവസം അഡ്വ. രാമന്‍ മേനോന്‍ ഉല്ലാസവാനായിരുന്നു. തലേന്നു രാത്രി തീരെ ഉറങ്ങാതെ പത്രോസിന്റെ സ്റ്റേറ്റ്‌മെന്റ് പലയാവര്‍ത്തി വായിച്ച്, കേസില്‍ സ്വീകരിക്കേണ്ട വഴികള്‍ ആലോചിച്ചതിനുശേഷമാണ് മേനോന്‍ അന്നു കോടതിയിലെത്തിയത്. 
    കോടതി മുമ്പാകെ സത്യം മാത്രമെ ബോധിപ്പിക്കുകയുള്ളൂ എന്ന പ്രതിജ്ഞയ്ക്കുശേഷം സാക്ഷിക്കൂട്ടില്‍ കയറിയ പത്രോസിനോട് അദ്ദേഹത്തിന്റെ അടുത്തുവന്ന് പ്രോസിക്യൂട്ടറിനും പത്രോസിനുമിടയില്‍ ജഡ്ജിയെ അഭിമുഖീകരിച്ച് നിന്നുകൊണ്ട് മേനോന്‍ തന്റെ ആദ്യ ചോദ്യം ഉന്നയിച്ചു.

    'ശ്രീമാന്‍ പത്രോസ്, യേശുവിനെ റോമന്‍ പട്ടാളം പിടികൂടിയപ്പോള്‍ താങ്കള്‍ ആയുധമെടുത്ത് അതു തടയാന്‍ ശ്രമിച്ചു അല്ലേ?'

    പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട പത്രോസ് സഹായത്തിനായി പ്രോസിക്യൂട്ടറെ നോക്കി. മറയായി നിന്നിരുന്ന മേനോന്‍ അങ്ങോട്ടല്ല നോക്കേണ്ടത്, ഇങ്ങോട്ട് എന്നു പറയുന്നതുപോലെ ജഡ്ജിയുടെ മുമ്പിലേക്ക് ആംഗ്യം കാട്ടി. പത്രോസ് പറഞ്ഞു: 'അതേ'. 

    'ആരെയാണ് താങ്കള്‍ ഉന്നം വച്ചത്? ഓര്‍മ്മയുണ്ടോ?' പെട്ടെന്നു തന്നെ മേനോന്‍ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടന്നു. 
'ഉണ്ട്'. ആത്മവിശ്വാസത്തോടെ പത്രോസ് പറഞ്ഞു.

    മേനോന്റെ മൂന്നാമത്തെ ചോദ്യത്തില്‍ ഒരു കൊളുത്തുണ്ടായിരുന്നു. 
'മിസ്റ്റര്‍ പത്രോസ്, കാര്യങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്നതായതുകൊണ്ട് താങ്കള്‍ക്ക് ചിലപ്പോള്‍ മുഴുവന്‍ കാര്യങ്ങളും ഓര്‍മ്മിക്കുവാന്‍ സാധിച്ചെന്നു വരില്ല അല്ലേ?' 

പ്രോസിക്യൂട്ടറുടെ നിഷേധാത്മകമായ തലയാട്ടല്‍ കണ്ട പത്രോസ് ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു. 'അല്ല, എല്ലാം ഇന്നലെ നടന്നതുപോലെ ഞാന്‍ ഓര്‍ക്കുന്നു'.

'താങ്കള്‍ വെട്ടിയ ആളിന്റെ പേരെന്തായിരുന്നു?'
'മല്ക്കാസ്'

'ആയുധാഭ്യാസത്തില്‍ താങ്കള്‍ എന്തെങ്കിലും പരിശീലനം നേടിയിട്ടുണ്ടോ? അതോ, സ്വയം പഠിച്ചതാണോ?'
പത്രോസിന് ആത്മവിശ്വാസം ഏറി വരികയായിരുന്നു. ദൃഢസ്വരത്തില്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ സ്വയം പഠിച്ചതാണ്'.

'അതിരിക്കട്ടെ, താങ്കള്‍ എന്തിനാണ് മല്ക്കാസിനെ വെട്ടി മുറിവേല്‍പ്പിച്ചത്?'
'എന്റെ ഗുരുവും നാഥനുമായ യേശുവിനെ രക്ഷിക്കാന്‍'.

പത്രോസിന്റെ ഓരോ മറുപടിക്കുശേഷവും പെട്ടെന്നുതന്നെ അഡ്വ. മേനോന്‍ തന്റെ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
'യേശുവിനെ ബന്ധിക്കാന്‍ മല്ക്കാസ് മാത്രമായിരുന്നുവോ വന്നത്?'
'അല്ല. ഒരാള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു'.

പത്രോസിന്റെ വിസ്താരം പ്രോസിക്യൂട്ടര്‍ ഉദ്ദേശിച്ചതിനുമപ്പുറത്തേക്ക് കടക്കുകയായിരുന്നു.

'പിന്നെ മല്ക്കാസിനെ മാത്രം എന്തിനുവെട്ടി?'
പത്രോസില്‍ നിന്ന് തന്റെ കക്ഷിക്കു അനുകൂലമായ എന്തെങ്കിലും ലഭിക്കുവാന്‍ മേനോന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. 

    'മല്ക്കാസിനെ വെട്ടിയപ്പോള്‍ യേശുദേവന്‍ എന്നെ തടഞ്ഞു. അതുകൊണ്ട് വാള്‍ ഞാന്‍ ഉറയിലിട്ടു'.

    'യേശു തടഞ്ഞത് വെട്ടുന്നതിനു മുമ്പോ, വെട്ടിയതിനുശേഷമോ?'
    'വെട്ടിയതിനുശേഷം'.

    'താങ്കള്‍ ഉപയോഗിച്ച വാള്‍......' മേനോന്‍ ഒരു നിമിഷം നിര്‍ത്തിയശേഷം ചോദിച്ചു 'അതിന് എന്തുമാത്രം മൂര്‍ച്ചയുണ്ടായിരുന്നു?' 
    'ഞാനതെന്നും മൂര്‍ച്ച കൂട്ടുമായിരുന്നു'. 

    'ശ്രീമാന്‍ പത്രോസ്, താങ്കള്‍ ഇതിനുമുമ്പ് വേറെയാരെയെങ്കിലും വെട്ടിയിട്ടുണ്ടോ?
അല്ലെങ്കില്‍ വാള്‍ ഉപയോഗിച്ച് പരിചയമുണ്ടോ?'
    
    പ്രോസിക്യൂട്ടറെ ഒന്നു നോക്കിയശേഷം പത്രോസ് പറഞ്ഞ മറുപടി കേട്ട് ബഹുമാനപ്പെട്ട കോടതിയടക്കം എല്ലാവരും ചിരിച്ചുപോയി. 

    'ഉണ്ട്, മീന്‍ പിടിക്കുമ്പോള്‍ മീനിനെ വെട്ടി നല്ല പരിചയമുണ്ട്'. 

    വാദത്തിന്റെ പിരിമുറുക്കത്തെ ലഘൂകരിക്കുന്ന ഈ പ്രതികരണത്തിനു ശേഷം മേനോന്‍ അറിഞ്ഞുകൊണ്ടുതന്നെ പത്രോസിനെ കുറച്ചു സമയം വെറുതെ നിര്‍ത്തി. പിന്നെ തന്റെ അടുത്ത ചോദ്യത്തിലേക്കു കടന്നു.

    'യേശുവിനെ അറസ്റ്റ് ചെയ്യാന്‍ വന്നവരെ ആക്രമിക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്ത താങ്കളെ എന്തുകൊണ്ടാണ് അവര്‍ കസ്റ്റഡിയിലെടുക്കാതിരുന്നത്?'

    'അതിനെക്കുറിച്ച് എനിക്കറിയില്ല'. പത്രോസ് പറഞ്ഞു.

    പ്രതിരോധത്തിലായ പത്രോസില്‍നിന്നും തന്റെ പ്രതിയെ സഹായിക്കാനുതകുന്ന എന്തെങ്കിലും വീണുകിട്ടുവാന്‍ മേനോന്‍ പ്രയത്‌നിക്കുകയായിരുന്നു.

    'പടയാളികളുടെ ഈ പ്രവര്‍ത്തി സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്'. ആത്മഗതമെന്നവണ്ണം മേനോന്‍ തുടര്‍ന്നു; 'അതായത് ഒരു പ്രതിയെ പിടിക്കുവാന്‍ തയ്യാറായി വന്ന പോലീസ് പാര്‍ട്ടിയിലൊരാളെ താങ്കള്‍ ആയുധമെടുത്ത് അപായപ്പെടുത്തിയിട്ട് അവര്‍ താങ്കളെ വെറുതെ വിട്ടു! ഏതൊരു കാലഘട്ടത്തിലേയും ഏതു രാജ്യത്തേയും പോലീസുകാര്‍ കയ്യോടെ തന്നെ താങ്കളെ കസ്റ്റഡിയിലെടുത്തേനേ! ബലം പ്രയോഗിച്ചുപോലും'. 

    പബ്ലിക് പ്രോസിക്യൂട്ടറെ ദയനീയമായി നോക്കിയ പത്രോസിനെ രക്ഷിക്കാനെന്നവണ്ണം പ്രോസിക്യൂട്ടര്‍ ഇടപെട്ട് പ്രതിഭാഗം വക്കീല്‍ പറയുന്ന കാര്യങ്ങളില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ കോടതിയില്‍ ഇതിനകം തന്നെ ഉന്നയിച്ചു കഴിഞ്ഞ മേനോന്‍ അടുത്ത ചോദ്യത്തിലേയ്ക്കു കടന്നു.

    'യേശുവിനെ പിടിച്ചതിനുശേഷം താങ്കള്‍ ഏറെ പിന്നില്‍ അദ്ദേഹത്തെ അനുഗമിച്ചു. ഇതു ശരിയല്ലേ?'

     'അതേ'.

    'താങ്കള്‍ ഒറ്റയ്ക്കായിരുന്നുവോ? അതോ മറ്റ് ആരെങ്കിലും കൂടെയുണ്ടായിരുന്നോ?'

    'ഉണ്ടായിരുന്നു. യോഹന്നാന്‍'.

    'യേശുവിനെ അവര്‍ എങ്ങോട്ടാണ് കൊണ്ടുപോയത്?'

    'അന്നത്തെ മഹാപുരോഹിതനായ കയ്യഫാസിന്റെ വീട്ടില്‍'.
    
    'ശരി, ശ്രീ പത്രോസ്, താങ്കള്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചുവോ?'

    'ഇല്ല, ഞാന്‍..........' പത്രോസ് തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞ ആ ദിനത്തെ ശപിച്ചുകൊണ്ട് വാക്കുകള്‍ക്കുവേണ്ടി പരതി. 

    'ഞാന്‍ ആദ്യം ഗേറ്റിനു പുറത്തു നിന്നു. യോഹന്നാന്‍ അകത്തുപോയി. കുറച്ചുകഴിഞ്ഞ് യോഹന്നാന്‍ തിരിച്ചുവന്ന് എന്നെ അകത്തേയ്ക്ക് കയറ്റി'.

    'യോഹന്നാനെ സേവകര്‍ തടഞ്ഞില്ലേ?'
    'ഇല്ല'

    മേനോന്‍ വളരെ വേഗമാണ് ചോദ്യങ്ങള്‍ ചോദിച്ചത്.
    'മിസ്റ്റര്‍ പത്രോസ്, താങ്കളുടെ ഗുരുവിനെപ്പോലെ നിങ്ങള്‍ ശിഷ്യന്മാരെയും യഹൂദര്‍ വെറുത്തിരുന്നില്ലേ? നിങ്ങള്‍ ഒളിവില്‍ കഴിയുമ്പോഴല്ലേ യേശുവിനെ അവര്‍ പിടിച്ചത്?' 
    'അതേ', പത്രോസ് പറഞ്ഞു.

    'കയ്യഫാസിന്റെ വീട്ടില്‍വച്ച് പരിചാരകര്‍ താങ്കളെ തിരിച്ചറിഞ്ഞിരുന്നോ?'
    'സേവകരില്‍ ഒരാള്‍ എന്നോട്, ഞാനും അവന്റെ ശിഷ്യന്മാരില്‍ ഒരാളല്ലേ എന്നു ചോദിച്ചു. സ്വയരക്ഷക്കുവേണ്ടി അല്ല എന്നു ഞാന്‍ ഉത്തരം പറഞ്ഞു'.

    'നിങ്ങള്‍ ഗുരുവായ യേശുവിനെ എത്ര പ്രാവശ്യം തള്ളിപ്പറഞ്ഞു?'
ശപിക്കപ്പെട്ട ആ നാളിന്റെ വേദന കടിച്ചമര്‍ത്തി പത്രോസ് മൂന്നുപ്രാവശ്യം താന്‍ ഗുരുവിനെ തള്ളിപ്പറഞ്ഞ കാര്യം കോടതിയെ ബോധിപ്പിച്ചു.

    'താങ്കള്‍ ഗുരുവിനെ തള്ളിപ്പറഞ്ഞത് സ്വയരക്ഷയ്ക്കുവേണ്ടിയാണ്. അല്ലെങ്കില്‍, യേശുവിന്റെ ശിഷ്യനാണ് താന്‍ എന്ന് അവര്‍ അറിഞ്ഞാല്‍ താങ്കളെ ഉപദ്രവിക്കും എന്നറിയാവുന്നതുകൊണ്ടാണ്'.
    'അല്ല....അതേ..' പത്രോസ് എന്തു പറയണമെന്നറിയാതെ പരുങ്ങി.

    'താങ്കള്‍ കയ്യഫാസിന്റെ വീടിനുള്ളില്‍ പ്രവേശിച്ചത് എങ്ങനെയായിരുന്നു?'
    'സേവകര്‍ എന്നെ തിരിച്ചറിഞ്ഞു ബഹളം വച്ചപ്പോള്‍ യോഹന്നാന്‍ വീടിനുള്ളില്‍ നിന്നും ഇറങ്ങിവന്ന് എന്നെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി'.

    'മിസ്റ്റര്‍ പത്രോസ്, ശ്രീ യോഹന്നാനും താങ്കളുടെ കൂടെ യേശുവിനെ പിടിച്ചപ്പോള്‍ ഉണ്ടായിരുന്നു. അല്ലേ?'
    'അതേ'

    'എന്നിട്ടും കയ്യഫാസിന്റെ സേവകര്‍ യോഹന്നാനെ തടഞ്ഞില്ല, ശരിയല്ലേ?'
    'അതേ, അവര്‍ യോഹന്നാനെ തടഞ്ഞില്ല'.

    “That is all Your Honour!”.. അഡ്വ. രാമന്‍ മേനോന്‍ തന്റെ വിസ്താരം അവസാനിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക